For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  തെന്നിന്ത്യയെ അമ്പരപ്പിക്കുന്ന ഒരു നൂറുകോടി വിജയം.. (മലയാളികളും ഫ്ലാറ്റ്) ശൈലന്റെ റിവ്യൂ

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

  Rating:
  3.0/5
  Star Cast: Vijay Deverakonda, Rashmika Mandanna, Annapoorna
  Director: Parasuram

  വിജയ് ദേവരകൊണ്ടയെ നായകനാക്കി ലോബഡ്ജറ്റിൽ പരശുറാം സംവിധാനം ചെയ്ത ഗീതഗോവിന്ദം എന്ന തെലുങ്ക് ചിത്രം മൂന്നാഴ്ചകൊണ്ട് നൂറുക്ലബിൽ ഇടം പിടിച്ചുകൊണ്ട് തെന്നിന്ത്യയെ ഞെട്ടിച്ചിരിക്കയാണ്. ഗീതഗോവിന്ദത്തെക്കുറിച്ച് ശൈലൻ എഴുതിയ റിവ്യൂ താഴെ വായിക്കാം.

  സൗത്തിന്ത്യയിൽ നൂറുകോടിക്ലബ്ബിൽ ഇടം പിടിക്കുന്ന ചിത്രങ്ങൾക്ക് പൊതുവെ ചില സവിശേഷതകൾ ഉണ്ട്. അവ ബിഗ് ബഡ്ജറ്റ് ആയിരിക്കും. നായകൻ ഏതെങ്കിലും സൂപ്പർസ്റ്റാർ ആയിരിക്കും. തയ്യാറാക്കിയതോ സൂപ്പർ ഡയറക്ടർമാരിൽ ഒരാളുമായിരിക്കും. എന്നാൽ ഗീതാഗോവിന്ദത്തിന് പിറകിൽ ഇപ്പറഞ്ഞ സംഗതികൾ ഒന്നുമില്ല. താരതമ്യേന പുതുമുഖനായകൻ എന്ന് പറയാവുന്ന വിജയ് ദേവരകൊണ്ടയെ നായകനാക്കി 5കോടി ബഡ്ജറ്റിൽ പരശുറാം സംവിധാനം ചെയ്ത ഈ പടം പക്ഷെ, മൂന്നാഴ്ചകൊണ്ട് 110കോടി രൂപയാണ് കളക്റ്റ് ചെയ്തത്.

  സിനിമാ പണ്ഡിറ്റുകൾക്ക് ഷോക്ക് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ. പൊതുവെ ഇത്തരം ഹെവി ബമ്പറുകളാകുന്ന ചിത്രങ്ങൾ ആക്ഷൻ ജോണറിലുള്ളവയോ ത്രില്ലറുകളോ ആവുമെന്നതും മുൻകാല ചരിത്രമാണ്. എന്നാൽ ഗീതാഗോവിന്ദമാകട്ടെ ലൈറ്റ് മൂഡിലുള്ള ഒരു പ്രണയ ചിത്രമാണ്. പേര് സൂചിപ്പിക്കുമ്പോലെ അത് ഒരു പാവം ഗീതയുടെയും ഗോവിന്ദിന്റെയും കഥയാണ് പറയുന്നത്.

  കോളേജ് ലെക്ചറർ ആയ വിജയ് ഗോവിന്ദ് എന്ന യുവാവ് പാരമ്പര്യ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവനും ഡീസന്റായിരിക്കാൻ താല്പര്യപ്പെടുന്നവനുമാണ്. കമലഹാസന്റെ 'ഇന്ത്യൻ' സിനിമയിലെ വയസൻ സേനാപതിയ്ക്കുള്ളത് പോൽ (ഭർത്താവ് മനസിൽ കാണുന്നത് മാനത്ത് കാണുന്ന) ഒരു ഭാര്യയെ ആണ് അയാൾ സങ്കല്പത്തിൽ ആഗ്രഹിക്കുന്നത്. എന്നാൽ പെങ്ങളുടെ നിശ്ചയദാർത്തത്തിന് നാട്ടിലേക്ക് പോവാനായി എ/സി വോൾവോ നൈറ്റ് ബസിൽ കാക്കിനദയ്ക്ക് കേറുന്ന അയാളുടെ ജീവിതം ആ യാത്രയിലൂടെ കോഞ്ഞാട്ടയായി മാറുകയാണ്..

  തൊട്ടടുത്ത സീറ്റിലിരിക്കുന്ന ഗീതയെ യൗവനതുല്യമായ കൗതുകത്തോടെ (ഫോണിലുള്ള സുഹൃത്തിന്റെ പ്രേരണയാൽ) മുട്ടിനോക്കുന്നതും അവൾ ഉറങ്ങുമ്പോൾ ഉമ്മ കൊടുക്കുന്ന പോസിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതുമാണ് ഗോവിന്ദിന് പാരയാവുന്നത്. സാധാരണ സിനിമാനായികമാരെപ്പോലെ അത് ആസ്വദിക്കുന്നവളോ അങ്ങനങ്ങ് കണ്ണടയ്ക്കുന്നവളോ ആയിരുന്നില്ല ഗീത. സ്ത്രീലമ്പടനും വഷളനുമെന്ന് മുദ്രകുത്തി അവൾ കേറിയങ്ങോട്ട് മേയുകയാണ് അവന്റെ ജീവിതത്തിൽ..

  ഇത് വെറും പശ്ചാത്തലം. കഥ മുയ്മൻ പറഞ്ഞേന്നും പറഞ്ഞ് ആരും കെടന്ന് നെലോളിക്കണ്ട. പടത്തിന്റെ ഉള്ളടക്കവും ആസ്വാദ്യതയും തുടർന്നങ്ങോട്ടാണ്. യഥാർത്ഥത്തിൽ ശുദ്ധനായ ഒരു യുവാവ് തെറ്റിദ്ധരിക്കപ്പെട്ട നായികക്ക് മുന്നിൽ തന്റെ നിഷ്കളങ്കത തെളിയിക്കാൻ നടത്തുന്ന വെപ്രാളങ്ങളും അഭ്യാസങ്ങളും അതിനിടയിൽ ബന്ധത്തിൽ വരുന്ന പരിണാമങ്ങളും എന്ന് വേണമെങ്കിൽ അതിനെ സംഗ്രഹിക്കാം. കഥ പുരോഗമിക്കുന്ന റൂട്ടിലോ ക്ലൈമാക്സിലോ ഒന്നും കാര്യമായ പുതുമയൊന്നും എടുത്തുപറയാനില്ല. പറഞ്ഞിരിക്കുന്ന രീതിക്കാണ് ആകർഷണീയത. ഹ്യൂമറും സംഗീതവുമാണ് മുഖ്യ രസനീയചേരുവകൾ.

  ഒരു തെലുങ്ക് നായകനേക്കാൾ വളരെയധികം കൂൾ ആണ് വിജയ് ഗോവിന്ദ് എന്ന ക്യാരക്റ്റർ എന്നതും വിജയ് ദേവരകൊണ്ടയും രശ്മിക മന്ദന്നയും തമ്മിലുള്ള രസതന്ത്രം ആസ്വാദ്യകരമാണ് എന്നതും പടത്തിന്റെ പോസിറ്റീവുകളാണ്. പിന്നെ എന്നോ വൈറലായിക്കഴിഞ്ഞ "ഇങ്കെം ഇങ്കെം ഇങ്കെം കവലേ.." ഉൾപ്പടെയുള്ള ഗോപിസുന്ദറിന്റെ മെസ്മറൈസിംഗ് ട്യൂണുകളും.. മലയാളികളായ അനു ഇമ്മാനുവേലിനെയും നിത്യാമേനോനെയും കാമിയോ റോളിലും കൊണ്ടു വരുന്നുണ്ട്.

  പടത്തിന്റെ 100കോടി ആഘോഷിച്ചു കൊണ്ട് വിജയ് ദേവർകൊണ്ട ഇട്ടിരിക്കുന്ന ട്വീറ്റിൽ തെലുങ്ക് ക്രൗഡിനും തമിഴ് ക്രൗഡിനും കന്നഡ ക്രൗഡിനും മലയാള ക്രൗഡിനും ഒന്നുപോലെ ആ വിജയം ഡെഡിക്കേറ്റ് ചെയ്യുന്നതായി അറിയിക്കുന്നു. അർജുൻ റെഡ്ഡി എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യൻ യൂത്തുമായി ഇയാൾ ഉണ്ടാക്കിയെടുത്ത അന്തർധാര സജീവമായിരുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ മഹാവിജയത്തിന്റെ മുഖ്യകാരണം. പോസ്റ്ററും പത്രപരസ്യവും മറ്റു പബ്ലിസിറ്റികളും ഒന്നുമില്ലാതെ ആണ് കേരളത്തിലെ യുവാക്കളും തിയേറ്ററുകളിൽ ഗീതഗോവിന്ദത്തെ ഏറ്റെടുത്തത്. മലയാളത്തിലേക്കോ തമിഴിലേക്കോ മൊഴിമാറ്റപ്പെടാതെ തനിത്തെലുങ്കായി കേരളത്തിൽ ഉടനീളം റിലീസ് ചെയ്ത ആദ്യ സിനിമയും ഇത് തന്നെ.. അല്ലെങ്കിൽ തന്നെ ആസ്വാദനത്തിന് എന്ത് ഭാഷ.

  English summary
  Geetha Govindam movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more