»   » ആലോചിക്കാനൊന്നുമില്ല.. ഗൂഢമല്ലാതെ ചിരിക്കാം.. മോനേ ധ്യാനേ, ഉനക്കിത് തേവൈയാ! ശൈലന്റെ ഗൂഡാലോചന റിവ്യൂ!

ആലോചിക്കാനൊന്നുമില്ല.. ഗൂഢമല്ലാതെ ചിരിക്കാം.. മോനേ ധ്യാനേ, ഉനക്കിത് തേവൈയാ! ശൈലന്റെ ഗൂഡാലോചന റിവ്യൂ!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് പെരുമണ്ണ എന്നിവർ തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് ഗൂഡാലോചന. നാല് യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തോമസ് സെബാസ്റ്റ്യനാണ്. നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ.

സൗഹൃദം കുടുംബബന്ധം തകര്‍ക്കുമോ? സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് ആദ്യ പ്രതികരണം ഇതാ...

ചിത്രത്തിലെ പ്രധാനതാരങ്ങളിൽ ഒരാളായ ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗൂഡാലോചന. ശ്രീനിവാസൻ, വിനീത് എന്നിവർക്ക് പിന്നാലെ ശ്രീനിവാസൻ കുടുംബത്തിലെ ഇളമുറക്കാരനായ ധ്യാൻ കൂടി തിരക്കഥാകൃത്താകുന്നു എന്നതാണ് ഗൂഡാലോചനയുടെ പ്രത്യേകതയും. തീയറ്ററിൽ ഗൂഡാലോചന എങ്ങനെയുണ്ട് എന്ന് നോക്കാം.. ശൈലന്റെ റിവ്യൂവിലേക്ക്...

ലവകുശ മോഡലില്‍ ഒരു പടം

മൂന്നാഴ്ച മുൻപാണ് നീരജ് മാധവ് തിരക്കഥ എഴുതിയ ലവകുശ തിയേറ്ററിൽ എത്തിയത്.. അന്നെഴുതിയ അതേ അഭിപ്രായം തന്നെ പകർത്തിയാൽ മതിയാവും ഈ ആഴ്ച ഇറങ്ങിയ ധ്യാൻ ശ്രീനിവാസൻ സ്ക്രിപ്റ്റ് എഴുത്തുകാരന്റെ റോളിൽ എത്തുന്ന ഗൂഢാലോചനയുടെ കാര്യത്തിലും.. കാമ്പോ കഥയോ ഒന്നുമില്ല എന്നാൽ ഒന്നുമാലോചിക്കാതെ ചിരിക്കേണ്ടവർക്ക് ധാരാളം അതിനുള്ള അവസരങ്ങൾ നിർലോഭമായി ഉണ്ട് താനും..

ധ്യാൻ ശ്രീനിവാസന്റെ സ്ക്രിപ്റ്റ്

മായാബസാർ, ജമ്നാപ്യാരി എന്നിങ്ങനെ പ്രത്യേകിച്ച് എടുത്തുപറയാൻ ഒന്നുമില്ലാത്ത രണ്ടുസിനിമകൾ മുൻപെ സംവിധാനം ചെയ്ത തോമസ് സെബാസ്റ്റ്യന്റെ സിനിമ എന്നതായിരുന്നില്ല ഗൂഢാലോചനയ്ക്ക് കേറുമ്പോഴുള്ള കൗതുകം.. പഴയകാലപുലി ശ്രീനിവാസന്റെ മകനും ഇപ്പോഴത്തെ ഫീൽഗുഡ് ഹിറ്റ്മെയ്ക്കർ വിനീതിന്റെ സഹോദരനുമായ ധ്യാൻ എങ്ങനെ തന്റെ ആദ്യത്തെ സ്ക്രിപ്റ്റിനെ സമീപിച്ചിരിക്കുന്നു എന്നതിലുള്ള ജിജ്ഞാസയായിരുന്നു സിനിമയിലുള്ള പ്രതീക്ഷ..

ശ്രീനി കുടുംബത്തിന്റെ പേര് കളഞ്ഞു

എന്നാൽ എഴുത്തുകാരൻ എന്ന രീതിയിൽ ധ്യാൻ ആദ്യ ഉദ്യമത്തിൽ പാടെ നിരാശപ്പെടുത്തുകയും വിനീതിന്റെയും പഴയകാല ശ്രീനിയുടെയും പേര് കളഞ്ഞ് കുളിക്കുകയും ചെയ്തു എന്ന് പറയേണ്ടിവരും... പ്രത്യേകിച്ച് പൂർവ്വഭാരങ്ങൾ ഒന്നുമില്ലാത്ത നീരജിനെപ്പോലെ അല്ലല്ലോ ധ്യാൻ. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഹിറ്റ് ഫോർമുല ആയിരുന്ന തൊഴിൽ രഹിതരായ നാലു ചെറുപ്പക്കാരുടെ കഥയില്ലായ്മകളും പണമുണ്ടാക്കാനുള്ള ആക്രാന്തവും അലസതകളും തന്നെയാണ് ഗൂഢാലോചനയുടെ ഇതിവൃത്തം..

ഗൂഢാലോചനയുടെ പോസിറ്റീവ്

വരുൺ, അജാസ്, പ്രകാശൻ, ജംഷീർ എന്നിങ്ങനെ നാലു ചെറുപ്പക്കാരാണ് ഇവിടെ നായകന്മാർ.. എൺപതുകളിൽ നിന്നും തൊണ്ണൂറുകളിൽ നിന്നും വ്യത്യസ്തമായി കുറെക്കൂടി സ്മാർട്ടും ഡൗൺ റ്റു എർത്തും ആയ ധ്യാൻ, ശ്രീനാഥ് ഭാസി, അജു വർഗീസ്, ഹരീഷ് പെരുമണ്ണ എന്നീ ചുള്ളന്മാരാണ് തൊഴിൽ രഹിതരെ അവതരിപ്പിക്കുന്നത് എന്നതാണ് ഗൂഢാലോചനയുടെ പോസിറ്റീവ് വശവും എനർജിയും...

ധ്യാനിന്റെ തിരിച്ചറിവ്

സ്ക്രിപ്റ്റ് റൈറ്ററായിരിക്കുമ്പോഴും തന്റെ റോളിന് പ്രത്യേകിച്ച് എന്തെങ്കിലും മുൻതൂക്കമോ പരിഗണനയോ കൊടുക്കാൻ ധ്യാൻ ശ്രമിച്ചിട്ടൊന്നുമില്ല.. വായ തുറന്നാൽ പ്രേക്ഷകനെ ചിരിപ്പിക്കാൻ കെല്പുള്ള ഹരീഷ് കണാരന്റെ ജംഷീർ ആണ് ആദ്യ പകുതിയെ മുന്നോട്ട് കൊണ്ടുപോകുന്നത്.. ഇടവേളയ്ക്ക് ശേഷമാവട്ടെ അജു വർഗീസ് ആണ് ഏറക്കുറെ നായകൻ.. പരിമിതികൾക്കിടയിലും ഇത് ധ്യാനിന്റെ വലിയ ഒരു തിരിച്ചറിവ് ആയി പരിഗണിക്കാം..

കണാരൻ ഹരീഷ് നിറഞ്ഞാടി

കണാരൻ ഹരീഷിന് കിട്ടിയ ഏറ്റവും ലാവിഷായ ക്യാരക്റ്റർ ആണ് ജംഷീർ..
സ്വന്തം സൃഷ്ടിയുടെ മൂല്യമറിയാതെ പോവുന്ന കലാകാരനിലേക്കും തെറ്റായ ഇടങ്ങളിൽ ജനിക്കേണ്ടി വരുന്ന അയാളുടെ ദുര്യോഗത്തിലേക്കും ഒക്കെയാണ് സിനിമ ഒടുവിൽ എത്തിപ്പെടുന്നത്.. വളരെയധികം സാധ്യതകൾ ഉള്ള ഒരു സബ്ജക്റ്റിനെ ഇത്ര അലസമായി കൈകാര്യം ചെയ്തതിൽ ആദ്യ സങ്കടം.

അജുവിന്റെ ഫ്ലെക്സിബിളിറ്റി

ജയപ്രകാശ് ബത്തേരി, പ്രകാശൻ, ബോസ് എന്നൊക്കെ പേരുള്ള ആർട്ടിസ്റ്റായി അജുവർഗീസ് പൊളിച്ചടുക്കി.. ക്യാരക്റ്ററിനനുസരിച്ച് മോൾഡ് ചെയ്യപ്പെടാനുള്ള അജുവിന്റെ ശരീരത്തിന്റെ അസാധ്യ ഫ്ലെക്സിബിളിറ്റി ഒരിക്കൽക്കൂടി കാണാനാവുന്നു.. ധ്യാനും ശ്രീനാഥ് ഭാസിയും കൂടി ചേരുമ്പോൾ നാൽവർ സംഘത്തിന്റെ കെമിസ്ട്രി ഗംഭീരം.

മമതാ മോഹൻദാസും നിരഞ്ജനയും

എക്സ്റ്റന്റഡ് ക്യാമിയോ എന്ന് പറയാവുന്ന റോളിൽ വരുന്ന മമതാ മോഹൻദാസ് ആണ് നായിക.. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും മമതയുടെ എനർജി സിനിമയ്ക്ക് ഗുണകരമാകുന്നുണ്ട്.. ധ്യാനിന്റെ അച്ഛനായി വരുന്ന അലൻസിയറിന്റെതും ഒരു നല്ല ക്യാരക്റ്റർ തന്നെ.. ധ്യാനിന്റെ ജോഡിയെന്ന രീതിയിൽ അങ്ങിങ്ങായി കാണിക്കുന്ന നിരഞ്ജനയുടെ ആവശ്യമെന്തായിരുന്നെന്ന് പിടികിട്ടുന്നില്ല.. നായകന്മാർക്കൊപ്പം ഇടയ്ക്കൊക്കെ വന്ന് ചേരുന്ന മെക്സിക്കൻ അപാരത ഫെയിം വിഷ്ണു പടത്തിന് വലിയ ബാധ്യത ആവുന്നുണ്ട് താനും..

ഗൂഢാലോചന എന്ന പേര്

ഷാൻ റഹ്മാനും ഗോപിസുന്ദറും ചേർന്ന മ്യൂസിക്കൽ കോമ്പോ ഗൂഢാലോചനയിൽ സജീവ സാന്നിധ്യമായുണ്ട്.. ആവശ്യത്തിനും അനാവശ്യത്തിനും പടത്തിൽ സംഗീതം തിരുകിക്കയറ്റിയതുകൊണ്ട് ഒരു പടവും മ്യൂസിക്കൽ ആയി മാറുന്നില്ല എന്നതിന് നല്ല തെളിവ് വേറെയില്ല.. ആലോചിക്കാൻ ഒന്നുമില്ലാത്തതും ഒരു നിഗൂഢതയും ഇല്ലാത്തതുമായ ഈ സിനിമയ്ക്ക് ഗൂഢാലോചന എന്ന പേരിട്ടത് എന്തുകൊണ്ടാണെന്ന് ഒരു പിടിയും കിട്ടിയില്ല.

ധ്യാൻ പലവട്ടം ചിന്തിക്കുന്നത് നന്നാവും

പ്രേക്ഷകനെ ഊഞ്ഞാലാട്ടുക എന്ന പിന്നണിക്കാരുടെ ഗൂഢാലോചന ആണോ ഉദ്ദേശിച്ചത് എന്നറിയില്ല.. ഏതായാലും അടുത്തൊരു സ്ക്രിപ്റ്റ് എഴുതുന്നതിന് മുൻപ് ധ്യാൻ പലവട്ടം ചിന്തിക്കുന്നത് നന്നായിരിക്കും.. കാമ്പില്ലാത്ത ചിരിക്ക് തിയേറ്ററിന് പുറത്തേക്ക് ആയുസില്ല എന്ന തിരിച്ചറിവും നന്നായിരിക്കും..

English summary
Goodalochana movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam