For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോറില്ല പരമബോറനല്ല... ജീവയ്ക്ക് ജീവവായു നൽകുന്നവൻ, ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5
  Star Cast: Jiiva, Shalini Pandey, Radha Ravi
  Director: Don Sandy

  ടൈറ്റിൽ റോളിലും പോസ്റ്ററിൽ കേന്ദ്രസ്ഥാനത്തും വരുന്ന കോംഗ് എന്ന ചിമ്പാൻസി ആണ് ജീവയുടെ പുതിയ സിനിമയായ ഗോറില്ലയുടെ മുഖ്യ ആകർഷണം. ഒരുകാലത്തു മൃഗങ്ങളെയും വന്യജീവികളെയും ഒക്കെ കേന്ദ്ര സ്ഥാനത്ത് നിർത്തി കൊണ്ടുള്ള ഇന്ത്യൻ സിനിമകൾ ധാരാളമായി ഇറങ്ങിയിരുന്നെങ്കിലും വനം വന്യജീവി സംരക്ഷണ നിയമമൊക്കെ സ്ട്രിക്ട് ആയ ശേഷം ആരും ഈ ഒരു ജോണർ സിനിമയ്ക്കായി പൊതുവെ മിനക്കെടാറില്ല. ഫ്രയിമിൽ പാറിപ്പോവുന്ന കാക്കയുടെയും കൊറ്റിയുടെയും ആരോഗ്യത്തിൽ ഉൽക്കണ്ഠപ്പെട്ടു കൊണ്ടുവരെ സെൻസർ ബോർഡ് പല സിനിമയുടെയും സെൻസറിംഗ് വൈകിച്ചതായും മുടക്കിയതായും കേട്ടിട്ടുണ്ട്. എന്നാൽ ജീവയും ഡോൺ സാൻഡി എന്ന സംവിധായകനും പുസ്‌പം പോലെയാണ് ഒരു ചിമ്പാന്സിയെ മുഴുനീള കഥാപാത്രമായിക്കൊണ്ട് സിനിമ തിയേറ്ററിൽ എത്തിച്ചിരിക്കുന്നത്. അതും ചിമ്പാൻസി സി ജി ആനിമേറ്റഡ് ആണെന്ന മുൻകൂർ ജാമ്യമൊന്നും എടുക്കാതെ തന്നെ..

  ചിമ്പാന്സിയെ ജീവയ്ക്ക് കിട്ടിയതെങ്ങനെ എന്നുള്ളൊരു ഉടായിപ്പ് ആനിമേഷൻ കഥ പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. തുടർന്നങ്ങോട്ട് ജീവയുടെയും കൂട്ടുകാർ ആയ സതീഷിന്റെയും വിവേക് പ്രസന്നയുടെയും ദൈനംദിനജീവിതത്തിൽ അഴിഞ്ഞുമേയുന്ന കോംഗ് എന്ന ചിമ്പാന്സിയെയും കൊണ്ട് സിനിമ മുന്നേറുന്നു.

  100 ശതമാനം ഫ്രോഡ് ആണ് ജീവ. കഥാപാത്രത്തിന്റെ പേരും ജീവ എന്നു തന്നെ. രാവിലെ പത്തുമണി വരെ തിരക്കുള്ള ബസുകളിൽ വിചിത്രമായ രീതിയിൽ പോക്കറ്റ് അടിക്കും. അതുകഴിഞ്ഞ് മെഡിക്കൽ ഷോപ്പിൽ സെയിൽസ് ബോയ് ആയി നിൽക്കും. ആ മുറി വിജ്ഞാനവും കൊണ്ട് വൈകുന്നേരം വേറൊരിടത്ത് പോയി ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയും ചെയ്യും.

  പെറ്റ തള്ള സയിക്കൂലാത്ത താരം പാത്രസൃഷ്ടിയാണ്. അതുകൊണ്ടുതന്നെ ആദ്യഭാഗമൊക്കെ അസഹനീയമാം വിധം ബോറുമാണ്. ജീവയെ വച്ചുനോക്കുമ്പോൾ സതീഷിന്റെയും വിവേക് പ്രസന്നയുടെയും ക്യാരക്ടറുകൾ ഇവിടെ ഭേദമാണ്. എന്നാലും നായകൻ എന്ന നിലയിൽ നാട്ടുനടപ്പ് പ്രകാരം ജാൻസി എന്നൊരു ടിപ്പിക്കൽ തമിഴ് ലൂസ്പ്പൊണ്ണ് ഈ സമയത്തു ജീവയ്ക്ക് കാമുകിയായി വരും. ഡ്യുയറ്റ് പാടും. ലവൻ മരപ്പാഴാണെന്നു ലോകത്തിൽ മറ്റാർക്കു മനസിലായാലും അവൾക്കൊട്ട് മനസിലാവുകയുമില്ല.

  പൈസ എന്ന പൊതുവായ ആവശ്യം മുൻ നിർത്തി മൂന്നുപേരും ചേർന്ന് ബാങ്ക് കവർച്ച പ്ലാൻ ചെയ്യുന്നതും ബാറിൽ അടുത്ത ടേബിളിൽ മദ്യപിച്ചു കൊണ്ടിരുന്ന സാദിഖ് എന്ന ആൾ അതുകേട്ട് വന്നു ആ ഉദ്യമത്തിൽ പങ്കാളി ആവുന്നതുമാണ് സിനിമയുടെ വഴിത്തിരിവ്. ഗ്രാമത്തിൽ കൃഷി നാശം വന്ന് ലോണടയ്ക്കാനാവാതെ കടം കയറി ടൗണിലെത്തി ഡ്രൈവർ ജോലി ചെയ്യുന്ന ആളാണ് സാദിഖ്. അയാളാണ് തുടർന്നങ്ങോട്ട് റോബറിക്ക് മുൻകൈയെടുക്കുന്നതും കരുക്കൾ നീക്കുന്നതും..

  രണ്ടാം പകുതി മുഴുവൻ കവർച്ചയ്ക്കായി ബാങ്കിൽ കയറി അകപ്പെട്ട് പുറത്ത് പോലീസ് സന്നാഹത്താൽ വളയപ്പെട്ട നായകന്റെയും സംഘത്തിന്റെയും പരാക്രമങ്ങൾ ആണ്. ശുദ്ധ വളിപ്പാണെങ്കിലും ആദ്യപാതിയെ വച്ച് നോക്കുമ്പോൾ ഫാർ ബെറ്റർ ആണ് ഇടവേള കഴിഞ്ഞുള്ള ഭാഗം. ബാങ്കിനകത്തുള്ളവരെ ബന്ദികളാക്കി വിലപേശൽ നടത്തുന്നതിനിടയിൽ സാദിക്ക് പോലീസിനും ഗവണ്മെന്റിനും മുന്നിൽ വച്ച ഒരാവശ്യമാണ് പടത്തെ പൊളിറ്റിക്കൽ ആയി മാറ്റുന്നതും തുടർന്നങ്ങോട്ട് പ്രേക്ഷകർക്ക് കൈയടിച്ച് തിമിർക്കാൻ പാകത്തിൽ കൊണ്ടു ചെന്നെത്തിക്കുന്നതും. എന്തിനുപറയുന്നു, കാട്ടുകൂതറ ആയി മുന്നോട്ട് പോവുകയായിരുന്ന ഒരു സിനിമയെ ഭേദപ്പെട്ട രീതിയിൽ ക്ളൈമാക്സിലേക്ക് ലാൻഡ് ചെയ്യുന്നു.

  ഗോറില്ലയുടെ പേരും പോസ്റ്ററും പരസ്യവും കൊണ്ടാണെന്ന് തോന്നുന്നു കുട്ടികളുൾപ്പെട്ട കുടുംബങ്ങൾ തിയേറ്ററിൽ ധാരാളം ഉണ്ടായിരുന്നു. (അഭിരാമി കോംപ്ലക്‌സ്-ഈറോഡ്) ജീവയുടെ ഒരു സിനിമയ്ക്കൊക്കെ ഇത്ര ക്രൗഡ് ആദ്യമായിട്ട് കാണുകയാണ്. വളിപ്പ്/ചളി എന്ന കാറ്റഗറിയിൽ പെട്ട കോമഡിയ്ക്കൊക്കെ കനത്ത റെസ്പോൻസ് ആയിരുന്നു. ഗോറില്ലയെ വച്ചുള്ള മാർക്കറ്റിങ് വിജയമയെന്നു സാരം.

  പക്ഷെ, ഇറങ്ങി പോരുമ്പോൾ ചിന്തിച്ചു ഈ സിനിമയിൽ കോംഗ് എന്ന ചിമ്പാൻസി ക്യാരക്റ്റർ ഇല്ലായിരുന്നെങ്കിൽ എന്താണ് കുഴപ്പം എന്ന്. ഒരു കുഴപ്പവുമില്ല. തീർത്തും ഒഴിവാക്കാവുന്ന ഒരു എലമെന്റ് അല്ലെങ്കിൽ ക്യാരക്റ്റർ ആണ് ഗറില്ലയുടേത്. എന്നിട്ടും മേൽപറഞ്ഞ കുട്ടികളെയും കുടുംബങ്ങളെയും തിയേറ്ററിലേക്ക് ആകർഷിക്കാൻ അതിനുകഴിയുന്നു.

  മറ്റ് മൃഗസിനിമകളിൽ കാണുന്ന പോലെ ചിമ്പാന്സിയെ ഒരു നന്മമരമോ രക്ഷകനോ ഒന്നുമായി അവതരിപ്പിക്കാൻ മെനക്കെട്ടിട്ടില്ല എന്നതാണ് സിനിമയുടെ ഒരു പോസിറ്റീവ് ആയി തോന്നിയത്. കോംഗ് അതിന്റെ സ്വന്തം ഇഷ്ടപ്രകാരം ഫ്രയിമുകളിൽ മേഞ്ഞുനടക്കുകയും അതിന് ഇഷ്ടമുള്ളതൊക്കെ കാട്ടിക്കൂട്ടുകയുമാണ് ചെയ്യുന്നത്. ഉപകരമെന്ന പോലെ അസ്സൽ പാരയും ചിമ്പാന്സിയുടെ ഭാഗത്തുനിന്ന് നായകനും കൂട്ടർക്കുമുണ്ടാവുന്നുണ്ട്. യോഗി ബാബുവും മൊട്ട രാജേന്ദ്രനുമാണ് സിനിമയുടെ മറ്റു രണ്ടു ഊർജപ്രഭവകേന്ദ്രങ്ങൾ. യോജിബാബുവിനെ വച്ചുള്ള സീനുകൾ മൊത്തം ബോഡി ഷെയിമിങ്ങിന്റെ ചീഞ്ഞ സാധ്യതകൾ അന്വേഷിക്കുന്നതാണ്. പക്ഷെ, അയാളുടെ പ്രസൻസും പെര്ഫോമൻസും അതിനെയെല്ലാം അട്ടിമറിയ്ക്കുന്നു.

  മൊത്തത്തിൽ പറഞ്ഞാൽ മോശമായി തുടങ്ങി മുന്നോട്ടുപോയി ഭേദപ്പെട്ട രീതിയിൽ അവസാനിപ്പിച്ച ഒരു ലോക്ളാസ് എന്റര്‍ടെയ്‌നര്‍ ആണ് ഗോറില്ല.

  English summary
  Gorilla movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X