For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമിഴകത്ത് യോഗിബാബുവിന്റെ തേർ വാഴ്ച... ഗൂർഖയും സൂപ്പർഹിറ്റ്, ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5
  Star Cast: Yogi Babu, Anandraj, Livingston
  Director: Sam Anton

  ഗോറില്ലയുടെ മുഖംമൂടി വച്ച നാല് ചെറുപ്പക്കാർ ചേർന്ന് ബാങ്ക് കൊള്ളയടിക്കാൻ കയറി ബാങ്കിനകത്തുള്ളവരെ ബന്ദികളാക്കി വിലപേശുന്നതാണ് ഈയാഴ്ച ഇറങ്ങിയ ഗൊറില്ല എന്ന സിനിമയുടെ ഉള്ളടക്കം. ഇവരുടെ ഒപ്പം നായകൻ വീട്ടിൽ വളർത്തുന്ന ഒരു ഒറിജിനൽ ഗോറില്ലയുമുണ്ട്. ബാങ്കിനുള്ളിൽ ബന്ധിയാക്കപ്പെട്ട കസ്റ്റമേഴ്‌സിൽ ഒരാളായ യോഗി ബാബുവിന്റെ ക്യാരക്റ്ററും ഐക്യദാർഢ്യ പ്രഖ്യാപനത്തോടെ കൊള്ളസംഘത്തോടൊപ്പം ചേരും. ഒടുവിൽ ക്ളൈമാക്സിന്ന് ശേഷം നായകന്റെ സംഘം നൈസായി ഊരുമ്പോൾ പോലീസ് പിടിയിലാകുന്നത് യോഗി ബാബു മാത്രമാണ്.

  പൊലീസുകാർ റാങ്ക് വ്യത്യാസമന്യേ യോഗിയുടെ മുഖം പിടിച്ചു പറിച്ച് ഇളക്കിയെടുക്കാൻ ശ്രമിക്കുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്. ഗൊറില്ല മാസ്‌ക് മാറ്റി അവർക്ക് ഒറിജിനൽ മുഖം കാണണമത്രെ. തിയേറ്ററിനെ ഇളക്കിമറിക്കുകയാണ് ഇത്തരം ബോഡി ഷെയ്മിങ് തമാശകൾ. അതിനുമുൻപ് ഒറിജിനൽ ഗോറില്ലയും ബാബുവും തമ്മിലുള്ള കോമ്പിനേഷൻ സീനുകളുടെയും അവസ്ഥ ഇതുതന്നെയാണ്. (ഈ തമിഴന്മാരുടെ ഒരു കാര്യമേ എന്ന് പറയാൻ വരട്ടെ..)

  തന്നെ കുറിച്ചുള്ള ഏത് വൃത്തികെട്ട തമാശകൾ കേൾക്കുമ്പോഴും യോഗി ബാബു എന്ന മനുഷ്യൻ സ്‌ക്രീനിൽ പ്രസരിപ്പിക്കുന്ന ഊർജം വളരെ വലുതാണ്. അത് പ്രസൻസ് കൊണ്ടായാലും ശരി. പെര്ഫോമൻസ് കൊണ്ടായാലും ശരി. അസൂയാവാഹം!! അതുകൊണ്ടുതന്നെയാണ് ചെറിയ റോളിൽ ഉള്ള ഗോറില്ലയ്ക്കൊപ്പം യോഗി ബാബു നായകനായും ടൈറ്റിൽ റോളിലും അഭിനയിക്കുന്ന രണ്ട് സിനിമകൾ ഒരേസമയം ഇപ്പോൾ തമിഴകത്തെ തിയേറ്ററുകളിൽ ഹിറ്റായി പ്രദര്ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

  ധർമപ്രഭു റിലീസായിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും റിലീസിംഗ് സെന്ററുകളിൽ ആളൊഴിയാതിരിക്കെ ഈയാഴ്ച ഗൂര്ഖ കൂടി റിലീസായി. ഹോളിവുഡ് സിനിമയായ പോള്‍ ബ്ലാര്‍ട്ട് മാള്‍ കോപ്പ്‌ (2009)ന്റെ റീമേക്ക്‌ ആയ ഗൂർഖ ഒരു ഒന്നാംതരം എന്റര്‍ടെയ്‌നര്‍ ആണെന്നതും ഗൂർഖയായി നമ്മുടെ ഹീറോ അതിൽ തകർത്തഭിനയിച്ചിരിക്കുന്നു എന്നതുമൊന്നുമല്ല എന്നെ ആവേശഭരിതനാക്കിയത്. മറിച്ച്, ഞാൻ കണ്ട ഈറോഡ് മഹാരാജാ മൾട്ടിപ്ലെക്സിൽ 190രൂപ ടിക്കറ്റ് ചാര്ജും 50രൂപ പാർക്കിംഗ് ഫീയും ഉണ്ടായിരുന്നിട്ടും പടം ഓള്‍മോസ്റ്റ്‌
  ഫുള്ളായിരുന്നു എന്നതും അതിൽ നല്ലൊരു ശതമാനം ഫാമിലി ഓഡിയന്‍സ്‌
  ആയിരുന്നു എന്നതുമായിരുന്നു. (തമിഴനെ കുറ്റപ്പെടുത്താൻ വരട്ടെ എന്നുപറഞ്ഞത് ഇതുകൊണ്ടാണ്..)

  സാം ആന്റൺ സ്‌ക്രിപ്റ്റെഴുതി സംവിധാനം ചെയ്യുന്ന ഗൂർഖ തുടങ്ങുന്നത് തന്നെ "ഇതിൽ ലോജിക്കില്ലായ്മകൾ തെരഞ്ഞ് മല്ല്ക്കെട്ടി ചാവാൻ നിൽക്കേണ്ടതില്ല" എന്ന് ഓണ്‍ലൈന്‍ നിരൂപകരെ അഭിസംബോധന ചെയ്തുകൊണ്ടാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ബാബു ബഹാദൂർ എന്ന ഗൂര്ഖയാണ് നായകൻ. ബാബുവിന്റെ ജീവചരിത്രവും കുട്ടിക്കാലവും പറഞ്ഞുകൊണ്ട് സംവിധായകൻ നേരിട്ട് വർത്ഥമാനകാലത്തേക്ക് കടക്കുന്നു. നേപ്പാളുകാരനായ ഒറിജിനൽ ഗൂർഖ വടചെന്നൈക്കാരിയായ തമിഴത്തിയെ കല്യാണം കഴിച്ചതിൽ ഉണ്ടായ ബാബു പേരിനൊരു ഗൂര്ഖയാണെന്നെ ഉള്ളൂ. മണ്ടനെന്നതിലുപരി മടിയനും ഭക്ഷണപ്രിയനുമാണ് കക്ഷി.

  പോലീസ് റിക്രൂട്ട്‌മെന്റ് ക്യാമ്പിൽ പോയി അവിടെ നിന്ന് എല്ലാ ടെസ്റ്റുകളിലും സംപൂജ്യനായി പുറത്താവുന്ന ബാബുവിന്, അതേ മട്ടിൽ ഔട്ടാവുന്ന തന്റെ അതേ സ്വഭാവ സവിശേഷതകളുള്ള അണ്ടര്‍ടേക്കര്‍ എന്ന നായ കൂട്ടാവുന്നതാണ് പിന്നീട് കാണുന്നത്. രണ്ടുപേരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഒന്നൊന്നരയാണ്. തുടർന്ന് അമേരിക്കൻ എംബസിയിലെ ജീവനക്കാരിയായ മാർഗരറ്റുമായി ബാബു പരിചയപ്പെടുന്നതും അവളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ സാഹചര്യം തേടി ഒരു മാളിൽ സെക്യൂരിറ്റി ജീവനക്കാരൻ ആവുന്നതും അവിടെ നടക്കുന്ന ഒരു ടെററിസ്റ് അറ്റാക്കിൽ ബാബു പൊലീസിന് നിർണായക സഹായമാവുന്നതു മൊക്കെയായിട്ടാണ് ഗൂർഖയുടെ ഡെവലപ്പ്‌മെന്റ്.

  സംവിധായകൻ അത്യാവശ്യം സ്റ്റാഫുള്ളവൻ ആയതുകൊണ്ട് ബോഡി ഷെയിമിങ്ങിനെ അല്ല ഹ്യമറിനായി ആശ്രയിച്ചിരുന്നത്. മണ്ടത്തരങ്ങളെ ആണ്. അതുകൊണ്ട് തന്നെ പടം ശുദ്ധഹാസ്യവും മികച്ച എന്റർടൈനറുമാണ്. പോലീസ്, പത്രക്കാർ, രാഷ്ട്രീയക്കാർ, ചാനലുകാർ, നവമാധ്യമക്കാർ, online ഫിലിം ക്രിട്ടിക്കുകൾ, ചാനൽ നിരൂപകർ എന്നിവയെല്ലാം സിനിമ ഒട്ടും ലൗഡ് ആയല്ലാതെ തീർത്തും subtle (സട്ടിൽ) ആയി ട്രോളുന്നു. തീവ്രവാദികൾ മാൾ കയ്യടക്കുമ്പോൾ ഹാരിസ് എന്ന പോലീസുകാരന്റെ നേതൃത്വത്തിൽ വന്ന തൂത്തുക്കുടി ഫോഴ്‌സ് എന്ന മഞ്ഞ ടി ഷർട്ടിട്ട ഒരു പോലീസ് സംഘം ഡയറക്ടായി വെടിവെപ്പിനൊരുങ്ങുന്നതും അതിൽ ഒരുത്തൻ വാനിന്റെ മുകളിൽ കേറി നിന്ന് ഉന്നം പിടിക്കുന്നതുമൊക്കെ തികഞ്ഞ ആർജവത്തോടെ ഡാർക്ക് ഹ്യുമർ ആയി കാണിച്ചിരിക്കുന്നത് കണ്ടപ്പോൾ, സംവിധായകനോട് റെസ്പെക്ട് തോന്നിപ്പോയി.

  യോഗിബാബു തന്നെയാണ് പടത്തിന്റെ ജീവാത്മാവും പരമാത്മാവും. ഇതുവരെ ഒരു തമിഴ് കൊമേഡിയന്മാരിലും കാണാത്തത്രയ്ക്കും നാച്വറല്‍ ആണ് ബാബുവിന്റെ ശരീരഭാഷയും ചലനങ്ങളും. വെർബൽ കോമടിയിലും ക്വിക്ക് വിറ്റ് കൗണ്ടറുകളിലും അന്യായ ഫോമും. അണ്ടര്‍ടേക്കര്‍, മനോബാല, രവി മരിയ, ആനന്ദ് രാജ് എന്നിവരും കോമടിയിൽ ബാബുവിന് ഹെവി സപ്പോർട്ട് ആണ്. ന്യൂസിലാണ്ട് മോഡൽ ആയ എലീസാ എറാർഡ്റ്റ് ആണ് പടത്തിലെ നായിക.

  ബാബുവിനെ പോലൊരു നടനെ ടൈറ്റിൽ റോളിൽ നായകനായി സിനിമ ചെയ്യാൻ മലയാളത്തിൽ ഏതെങ്കിലും സംവിധായകൻ തയ്യാറാകുമോ എന്നതും അങ്ങനെ തയാറായാൽ ആ പടത്തിന് ഒരു പ്രൊഡ്യുസറെ കിട്ടുമോ എന്നതും പ്രൊഡ്യുസർ വന്ന് ഫസ്റ്റ് കോപ്പി ആയാൽ തന്നെ അത് തിയേറ്റർകാർ റിലീസിംഗ് ഷെഡ്യുളിൽ ഇടം നൽകുമോ എന്നതും തിയേറ്റർ ഓണർ കാണിഞ്ഞാൽ തന്നെ പ്രേക്ഷകർ അഞ്ചു പേരെങ്കിലും വന്ന് ഷോ നടക്കുമോ എന്നൊന്ന് ആലോചിച്ചു നോക്കുക.. എത്രയോ നല്ല മലയാളപടങ്ങൾക്ക് ആദ്യദിനങ്ങളിൽ തിയേറ്ററിൽ ചെന്ന് താരങ്ങൾ പോസ്റ്ററിലില്ലാത്തതിന്റെ പേരിൽ സഹാപ്രേക്ഷകരെ കിട്ടാതെ തിരിച്ചുപോരാറുള്ള എനിക്ക് സംശയമൊന്നുമില്ല ഷോ നടക്കില്ല എന്ന കാര്യത്തിൽ.. ഇനി യോഗി ബാബുവിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹത്തിന്റെ ഫിലിമൊഗ്രാഫി കോളത്തിൽ ഇനി വരാനുള്ള യോജിബാബു ചിത്രങ്ങളുടെ ലിസ്റ്റിന്റെ നീളം ഒന്ന് പരിശോധിക്കുക.. കണ്ണുതള്ളൂക.. തെന്നിന്ത്യയിൽ മാത്രമല്ല ഇൻഡ്യയിൽ തന്നെ കാണില്ല മറ്റൊരു നടന് ഇത്ര ഡിമാൻഡ്.. (തമിഴൻമാർ കൊള്ളാം അല്ലെ..)

  വെറുമൊരു ജൂനിയർ ആർട്ടിസ്റ്റ് ലെവലിൽ പോകുമായിരുന്ന ബാബുവിനെ മുഴുനീള റോൾ നൽകി ആണ്ടവൻ കട്ട ളെയിലൂടെ ലൈം ലൈറ്റിൽ നിർത്തിയ കെവി മണികണ്ഠൻ-വിജയ് സേതുപതി ടീമിനും ബോഡി ഷെയിമിങ് റോളുകളുടെ ബഹളത്തിനിടയിൽ കൊലമാവ് കോകിലായിൽ തന്റെ കാമുകവേഷവും ഡ്യുയറ്റ് ഗാനവും നൽകിയ നയൻതാരക്കും നന്ദി പറയാം. ഇല്ലെങ്കിൽ ശ്രീപെരമ്പത്തൂർ സ്വദേശിയായ ഈ മുപ്പതിനാലുകാരന്ന് ഇപ്പോൾ കിട്ടുന്ന ഈ ആക്സപ്റ്റൻസ് ഒരുപക്ഷെ ഇത്രപെട്ടെന്നു കിട്ടുമായിരുന്നില്ല.. സോ താങ്ക്സ് റ്റു ദേം..

  ഗൂർഖയും ബാബുവും മരണമാസല്ല, കൊലമാസ് ആണ്.

  English summary
  Gurkha movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X