For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിത്തത്തോടെ നിവിൻ.. ജനപ്രിയനായ് ശ്യാമപ്രസാദ്.. ജൂഡ് ഗംഭീരം.. ഡോണ്ട് മിസ്സിറ്റ്.. ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  4.5/5
  Star Cast: Nivin Pauly, Trisha Krishnan
  Director: Shyamaprasad

  രണ്ട് വര്‍ഷത്തെ ഇടവളയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് ജൂഡ്. തമിഴ് നടി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഹേയ് ജൂഡിനുണ്ട്. സിദ്ദിഖ്, നീന കുറുപ്പ്, അജു വര്‍ഗീസ്, വിജയ് മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ലുക്കിലെത്തുന്ന സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

  അനുഷ്ക ഷെട്ടിക്ക് മാത്രം സാധ്യമായ ചിലത്.. (പ്രതീക്ഷിച്ച സംഗതികളല്ല ബാഗമതി"യിൽ) ശൈലന്റെ റിവ്യൂ!!

  ഹേയ് ജൂഡ്

  ഹേയ് ജൂഡ്

  കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിൽ ഊന്നി മാത്രം സിനിമകളെടുക്കാറുള്ള ശ്യാമപ്രസാദ് എന്ന ആർട്ട് ഹൗസ് ലേബലിംഗ് ഉള്ള സംവിധായകൻ തന്റെ ക്ലാസ് കൈവിടാതെ തന്നെ ശൈലിയിൽ നടത്തിയിരിക്കുന്ന കൃത്യമായ ഒരു വ്യതിചലനമാണ് "ഹേയ് ജൂഡ്". സങ്കീർണ്ണമായ മാനസിക നിലകളുള്ളവനും വിചിത്രമായി പെരുമാറുന്നവനുമായ ഒരു ജൂഡിന്റെ ജീവിതത്തിലേക്കാണ് ആണ് പേര് സൂചിപ്പിക്കുമ്പോലെ ഇത്തവണയും ശ്യാമപ്രസാദ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് എങ്കിലും തീർത്തും ലളിതമായി ആരെയും രസിപ്പിക്കുന്ന വിധത്തിൽ അദ്ദേഹം അത് 145 മിനുട്ടിൽ ശുദ്ധഹാസ്യമായി പകർത്തിവെച്ചിരിക്കുന്നു. ശ്യാമപ്രസാദിന്റെ സിനിമയിൽ കോമഡിയോ എന്ന് ആരും പുരികം ചുളിക്കണ്ട, ഈ അടുത്ത് കണ്ടതിൽ ഏറ്റവും മനസറിഞ്ഞ് ചിരിച്ച പടമാണ് ഹേയ് ജൂഡ് എന്ന് നിസ്സംശയം പറയാം..

  ഫോർട്ട് കൊച്ചിയിലെ തുടക്കം..

  ഫോർട്ട് കൊച്ചിയിലെ തുടക്കം..

  ശ്യാമപ്രസാദിന്റെ കരിയർ ബെസ്റ്റുകളിലൊന്നായ ഒരേകടലി"ൽ എന്നപോലെ ചില്ലുഭരണിയിലിട്ട അക്വേറിയത്തിലെ ഗോൾഡൻ ഫിഷുകളിലേക്ക് സൂം ചെയ്തുകൊണ്ടാണ് ഹേയ് ജൂഡിന്റെ ടൈറ്റിൽസും തുടങ്ങുന്നത്. പക്ഷെ അടുത്ത നിമിഷത്തിൽ തന്നെ മനസിലാവുന്നു സിനിമയുടെ പാത വേറെ ആണെന്ന്. ഫോർട്ട് കൊച്ചിയിൽ ആന്റിക് കച്ചവടം നടത്തുന്ന ഡൊമിനിക്ക്, ഭാര്യ മറിയ, മകൻ ജൂഡ്, മകൾ ആൻഡ്രിയ എന്നിവരുടെ രസകരമായ കുടുംബാന്തരീക്ഷത്തിലേക്ക് ക്യാമറ വഴിതിരിഞ്ഞുപോകുന്നു. 28വയസായ മകന്റെ ചില നേരത്തെ നിഷ്കളങ്കത ഡൊമിനിക്കിനും ബിസിനസിനും കുടുംബത്തിനും ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ പത്തുമിനിറ്റിനുള്ളിൽ തന്നെ തിയേറ്ററിനെ ചാർജാക്കിക്കളയും..

   കുട്ടിത്തം വിടാത്ത ജൂഡ്

  കുട്ടിത്തം വിടാത്ത ജൂഡ്

  പ്രായത്തിനനുയോജ്യമല്ലാത്ത മനോഘടനകളുള്ള ,വൈകാരിതകളെകുറിച്ച് കൺഫ്യൂഷനുകളുള്ള ഏറക്കുറെ കുട്ടി എന്നു തന്നെ പറയാവുന്ന ക്യാരക്റ്റർ ആണ് ജൂഡ്. എന്നാൽ അയാൾ അതേസമയം തന്നെ കണക്കിന്റെ കാര്യത്തിലും സമുദ്രവിജ്ഞാനീയത്തിന്റെ കാര്യത്തിലും മറ്റുപലതിലും ഒരു സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ തന്നെയാണ്. ഇമോഷൻസിനെക്കാൾ ഡിജിറ്റ്സ് ആണ് സത്യസന്ധം എന്ന് വിശ്വസിക്കുന്ന ജൂഡിന് ഏതൊരു വാക്ക് അല്ലെങ്കിൽ സംഖ്യ കിട്ടിയാലും ഗൂഗിളിനെപ്പോൽ വാചാലമായി (അല്ലെങ്കിൽ മെക്കാനിക്കൽ ആയി) സംസാരിക്കാനാവും. അത്യാർത്തിക്കാരനും‌ കുശാഗ്രബുദ്ധിയുമാണ് ഡൊമിനിക്ക് എന്നത് ജൂഡിന്റെ വിക്രിയകളെ കൂടുതൽ ആസ്വാദ്യമാക്കുന്നു. അപ്പനും മകനും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ രസകരമായ കെമിസ്ട്രി ആണ് പടത്തെ മുന്നോട്ട് നയിക്കുന്നത് തന്നെ.

  ഗോവയിലേക്കുള്ള ഷിഫ്റ്റ്

  ഗോവയിലേക്കുള്ള ഷിഫ്റ്റ്

  ഡോമിനിക്കിന്റെ വകയിലൊരു ആന്റി മരണപ്പെട്ടെന്ന് അറിഞ്ഞ് റോഡ്രിഗ്സ് കുടുംബം ഗോവയിലേക്ക് പോവുന്നതാണ് പിന്നീടുള്ള പോർഷൻ. മക്കളും ബന്ധുക്കളുമില്ലാത്ത ഒലീവിയ ആന്റി കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുവകകൾ വില്പത്രത്തിൽ ഡൊമിനിക്കിന്റെയും ജൂഡിന്റെയും പേരിൽ എഴുതിവച്ചിട്ടുണ്ടാവും എന്ന ഒറ്റപ്രതീക്ഷയാണ് കൊടും പിശുക്കൻ കൂടിയായിട്ടും ജൂഡിനെ അങ്ങോട്ടു നയിക്കുന്നത്. കരുതിയപോലൊക്കെ നടക്കുന്നുവെങ്കിലും പൂർണ്ണമായും കാര്യങ്ങൾ അയാളുടെ കയ്യിൽ ആവുന്നില്ല. തുടർന്ന് അവിടെയും ജൂഡ് നടത്തുന്ന അലസഗമനങ്ങളും പുതിയബന്ധങ്ങളും മറ്റുമായിട്ട് സിനിമ മുന്നോട്ട് പോകുന്നു. ഒലീവിയ ആന്റിയുടെ ഔട്ട്-ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന സെബാസ്റ്റ്യൻ എന്ന അരവട്ടൻ സൈക്യാട്രിസ്റ്റുമായി ഡൊമിനിക്കിന്റെ സംഘർഷങ്ങളും അയാളുടെ മകൾ ക്രിസ്റ്റലുമായി ഉള്ള ബന്ധത്തിലൂടെ ജൂഡിന്റെ ജീവിതത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ ഫോർട്ട് കൊച്ചിയിലെ അതേ രസച്ചരടിൽ തന്നെയാണ് കോർത്തിടുന്നത്.

   നിവിനും തൃഷയും..

  നിവിനും തൃഷയും..

  നിവിൻ പോളിയ്ക്ക് കരിയറിൽ ഇതുവരെ കിട്ടിയതിൽ വച്ച് മികച്ചതും വ്യത്യസ്തവുമായ ഒരു ക്യാരക്റ്റർ ആണ് ജൂഡ്. അയാൾ അത് തന്റേതായ രീതിയിൽ ഗംഭീരമാക്കിയിരിക്കുന്നു. കിളിപോയ ടൈപ്പ് കഥാപാത്രങ്ങളെ മിക്കവാറും എല്ലാ നായകനടന്മാരും ചെയ്തിട്ടുണ്ടെങ്കിലും അവർക്കൊന്നും കണ്ടിട്ടില്ലാത്ത ഒരു ചൈൽഡിഷ്നെസ്സും ഗ്രെയ്സും ആണ് ജൂഡിന്റെ ഹൈലൈറ്റുകൾ. പ്രേമത്തിലോ ആക്ഷൻ ഹീറോ ബിജുവിലോ കണ്ട അതേ നടൻ എന്ന തോന്നൽ ഒരിക്കലും ഉണ്ടാക്കാതെ വളർന്ന് വണ്ണം വച്ച ഒരു കുട്ടി എന്ന തോന്നൽ പടത്തിൽ ഉടനീളം ഉണ്ടാക്കുവാൻ നിവിനുകഴിയുന്നു..

  ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പർ നായിക ആയിരുന്ന തൃഷാ കൃഷ്ണൻ ആണ് ക്രിസ്റ്റൽ എന്ന ബൈപോളാർ ഡിസീസുകാരി നായിക ആവുന്നത്. സയനോരയുടെ ഡബ്ബിംഗ് കൂടി ആവുമ്പോൾ ക്രിസ് പെർഫക്റ്റാണ്. മുപ്പത്തിനാലാം വയസിൽ മുപ്പത്തിമൂന്നുകാരൻ നിവിന്റെ ഓപ്പോസിറ്റ് വരുമ്പോൾ തൃഷയ്ക്ക് തന്റെ സുവർണ്ണ കാലത്തിന്റെ പ്രതാപം നിലനിർത്താൻ കഴിയുന്നുണ്ട്. എന്നിട്ടും പോയവർഷം എന്തുകൊണ്ട് ഇവർക്ക് സിനിമയൊന്നും ഉണ്ടായില്ല എന്നുമാത്രം മനസിലാവുന്നില്ല.

  സിദ്ദിഖ്, വിജയ് മേനോൻ..

  സിദ്ദിഖ്, വിജയ് മേനോൻ..

  ഏത് പടത്തിലെ ഏത് വേഷം ചെയ്യുമ്പോഴും സിദ്ദിഖിനെയൊന്നും നന്നായി എന്നുപറഞ്ഞ് എടുത്തുപറഞ്ഞ് പുകഴ്ത്തേണ്ട ഒരു കാര്യവുമില്ല.. അദ്ദേഹം മോശമായ ഒരു പടവും മഷിയിട്ട് നോക്കിയാലും കിട്ടാനുമില്ല.. പക്ഷെ, ഇത്തവണ പെർഫോമൻസിന്റെ ലെവൽ വളരെ വളരെ ഉയരത്തിൽ ആണ്.. ത്രൂ ഔട്ട് നിറഞ്ഞാടാൻ പറ്റിയ ഒരു അവസരമായിരുന്നു സിദ്ദിഖിനെ സംബന്ധിച്ച് ജൂഡിന്റെ അപ്പൻ ഡൊമിനിക്കിന്റെ ക്യാരക്റ്റർ. അത് അദ്ദേഹം പൊളിച്ചടുക്കുകയും ചെയ്തു..

  നീനാക്കുറുപ്പ് ആണ് ജൂഡിന്റെ അമ്മ . അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല റോൾ ആയിരിക്കണം മറിയ. അരവട്ടനും ടിപ്പിക്കൽ ആംഗ്ലോ ഇൻഡ്യനുമായ സെബാസ്റ്റ്യൻ ഡോക്റ്ററെ ചെയ്ത വിജയ് മേനോന്റെ കാര്യവും അങ്ങനെത്തന്നെ.. ഗോവയിലേക്ക് പോകുന്ന കാറിൽ ലിഫ്റ്റ് ചോദിച്ചു കേറി ജൂഡിന്റെ വിജ്ഞാനഭണ്ഡാഗാരം താങ്ങാനാവാതെ പ്രാന്തായി വഴിയിലിറങ്ങി പാഞ്ഞുരക്ഷപ്പെടുന്ന ജോർജ് കുര്യനായി അജുവർഗീസും ഉണ്ട്.. പടം തീരുമ്പോൾ വീണ്ടും പ്രത്യക്ഷനാവുന്ന അജുവിനെ കണ്ട് സീറ്റിൽ നിന്നെണീറ്റ പ്രേക്ഷകൻ അവിടെ തന്നെ നിന്നുപോവുന്നു..

  സ്ക്രിപ്റ്റും മറ്റും..

  സ്ക്രിപ്റ്റും മറ്റും..

  നിർമ്മൽ മഹാദേവ്, ജോർജ് കാണാട്ട് എന്നിവർ ചേർന്നൊരുക്കിയ സ്ക്രിപ്റ്റ് ആണ് ജൂഡിനെ വിജയകരമാക്കാൻ സംവിധായകന് തുണയാകുന്നത്. പതിവ് ശ്യാം ചിത്രങ്ങളെപ്പോൽ ജൂഡും മ്യൂസിക്കൽ ആണ്. ഔസേപ്പച്ചന്റെതാണ് ബീജിയം. പാട്ടുകളിൽ എം ജയചന്ദ്രൻ, ഗോപിസുന്ദർ, രാഹുൽ രാജ് എന്നിവരും കൂട്ടിനുണ്ട്.

  ഒരുപക്ഷെ, ശ്യാമപ്രസാദ് തന്റെ കരിയറിൽ അതിനുമുമ്പ് കോമഡി ട്രാക്കിൽ ചെയ്തിട്ടുള്ളത് കേരളകഫേ ആന്തോളജിയിലെ "ഓഫ്സീസൺ" എന്ന ചെറുചിത്രം മാത്രമാണെന്ന് തോന്നുന്നു. തീയേറ്ററിൽ മുഴുനീളം ഉച്ചത്തിലുള്ള ചിരി സൃഷ്ടിക്കാൻ ഏതായാലും ജൂഡിനാവുന്നുണ്ട്. അതാവട്ടെ കേവലം ഇളി അല്ല താനും. ഇത്തരം സിനിമകളുടെയെല്ലാം സ്ഥിരം ഫോർമാറ്റായ ഒരു പെണ്ണ്/നായിക വന്ന് കിളിപോയവന്റെ ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തുന്ന സംഗതി ഇവിടെയും നേരിയ തോതിലെങ്കിലും ആവർത്തിക്കുന്നുണ്ട് എങ്കിലും സെന്റിമെന്റ്സും അനാവശ്യ പ്രണയവും ഇട്ട് വെരകിയിട്ടില്ല എന്നതാണ് ജൂഡിന്റെ പ്രത്യേകത. ക്യാരക്റ്ററുകളുടെ വൈകാരിക സംഘർഷങ്ങളെ കോമഡിയായി പുറത്തേക്ക് കൊണ്ടുവന്ന് വിജയിപ്പിക്കുക എന്നത് ഒരു ചില്ലറ കാര്യമല്ല.. അതുകൊണ്ട് തന്നെ "ഹേയ് ജൂഡിനെ" ഗംഭീരമെന്ന് വിശേഷിപ്പിക്കാതിരിക്കാനാവില്ല. ഡോണ്ട് മിസ്സിറ്റ്...

  English summary
  Hey Jude movie review by Schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X