twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാണ് ശരിക്കുള്ള വില്ലന്‍? ഈ ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം ശ്വാസം അടക്കിപ്പിടിച്ച് തന്നെ കാണണം!

    By Lekhaka
    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    3.5/5
    Star Cast: Nayanthara, Atharvaa Murali, Anurag Kashyap
    Director: R. Ajay Gnanamuthu

    തമിഴകത്ത് തരംഗമായി മാറിയ കൊലമാവ് കോകിലയ്ക്ക് ശേഷം രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കൊടുവില്‍ വീണ്ടുമൊരു നയന്‍താര ചിത്രം തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തില്‍ മാത്രം 100ലധികം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പ്രകാശ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ച ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ മാത്രമായിരുന്നു സര്‍വ്വ കോണുകളില്‍ നിന്നും ഉയര്‍ന്നുകേട്ടത്. ഇമൈക്ക നൊടികള്‍ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ പ്രേക്ഷകര്‍ പങ്കുവച്ചതും ഇതേ അഭിപ്രായം തന്നെ.

    നയന്‍താര, അഥര്‍വ്വ മുരളി, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പേരുകൂടി ചേര്‍ത്തെഴുതിയപ്പോള്‍ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും ഉയര്‍ന്നു. ഒരു ത്രില്ലര്‍ ചിത്രം എന്ന ജോണറില്‍ മനസൊരുക്കിയാണ് ചിത്രം കാണുവാനായി തിയറ്ററിലേക്ക് എത്തിയത്. 170 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ത്രില്ലര്‍ ശ്വാസം അടക്കിപ്പിടിച്ച് കാണണം എന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയായിരിക്കില്ല.
    നിസംശയം പറയാം.

    ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം!

    ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം!

    സിനിമയിലുടെ നീളം ആരെന്നു തിരിച്ചറിയാത്ത അജ്ഞാതാനായ വില്ലനെ തേടി നടക്കുന്ന നായകനും സംഘവും ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരുവനെ വില്ലനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിര്‍ത്തി ഞെട്ടിക്കുന്ന ക്ലൈമാക്‌സ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആദ്യമേ തന്നെ വില്ലനേയും നായകനേയും (നായിക) ഇട്ടുതന്നുകൊണ്ട് ആകാംഷ സമ്മാനിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു രചയിതാവും സംവിധായകനുമായ അജയ് ജ്ഞാനമുത്തു. പ്രവചനാതീതമായ കഥാഗതിയും ഹിപ്പ്‌ഹോപ്പ് തമിഴയും പശ്ചാത്തല സംഗീതവും ചേരുമ്പോള്‍ അഞ്ജലി എന്ന സിബിഐ ഓഫീസറും രുദ്ര എന്ന സീരിയല്‍ കില്ലറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിന് ത്രില്ലര്‍ സ്വഭാവം സമ്മാനിക്കുന്നു.

    ഇരുവഴിയായി ഒഴുകി ഒന്നിച്ചൊഴുകുന്ന പുഴ!

    ഇരുവഴിയായി ഒഴുകി ഒന്നിച്ചൊഴുകുന്ന പുഴ!

    രണ്ട് വഴിയായി ഒഴുകി ഒന്നിച്ചു ചേരുന്ന കഥാഗതിയാണ് ചിത്രത്തിന്റേത്. നയന്‍താര അവതരിപ്പിക്കുന്ന അഞ്ജലി എന്ന സിബിഐ ഓഫീസറും രുദ്ര എന്ന സീരിയല്‍ കില്ലറും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഒരു ട്രാക്കും അഥര്‍വ്വ മുരളി അവതരിപ്പിക്കുന്ന അഞ്ജലിയുടെ അനുജനും ഡോക്ടറുമായ അര്‍ജുനും റാഷി ഖന്നയുടെ കൃതിക എന്ന കഥാപാത്രവും തമ്മിലുള്ള പ്രണയവുമാണ് മറ്റൊരു ട്രാക്ക്. ഇടവേളയിലേക്ക് എത്തുമ്പോഴേക്കും ഇരുട്രാക്കുകളും ഒന്നായി ഒന്നിച്ച് മുന്നോട്ട് നീങ്ങുകയാണ്. ഹൈടെക്ക് ആയ വില്ലന് മുന്നില്‍ നിസഹയായി നില്‍ക്കേണ്ടി വരുന്ന നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് അഞ്ജലി കടന്നു പോകുന്നത്. കഥാഗതിയില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്.

    അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് അമ്പരിപ്പിച്ച അഭിനേതാക്കള്‍!

    അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് അമ്പരിപ്പിച്ച അഭിനേതാക്കള്‍!

    നയന്‍താരയും രുദ്ര എന്ന വില്ലനായി എത്തിയ അനുരാഗ് കശ്യപുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അഞ്ജലി എന്ന അന്വേഷണോദ്യോഗസ്ഥ നയന്‍താരയുടെ കൈയില്‍ ഭദ്രമായിരുന്നു. തമിഴകത്തേക്കുള്ള അരങ്ങേറ്റം അനുരാഗ് കശ്യപും മനോഹരമാക്കി. തനി ഒരുവനിലെ അരവിന്ദ് സ്വാമിയേപ്പോലെ അനുരാഗ് കശ്യപും തന്റെ പ്രകടനമികവുകൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. അനുരാഗ് കശ്യപിന് ശബ്ദം നല്‍കിയിരിക്കുന്നത് തമിഴ് സംവിധായകന്‍ മകിഴ് തിരുമേനിയാണ്. അഥര്‍വ്വ മുരളിയും റാഷി ഖന്നയും ദേവനും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. വിജയ് സേതുപതിയുടെ അതിഥി വേഷവും ശ്രദ്ധേയമായി. നയന്‍താരയുടെ മകളായി അഭിനയിച്ച ബാലതാരം മാനസ്വിയും തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കും. നടന്‍ കൊട്ടാച്ചിയുടെ മകളാണ് മാനസ്വി.

    പിഴവുകളില്ലാത്ത തിരക്കഥ!

    പിഴവുകളില്ലാത്ത തിരക്കഥ!

    വില്ലനും നായികയും തമ്മിലുള്ള ക്യാറ്റ് മൗസ് ഗെയിമിനെ ത്രില്ലിംഗ് സ്വഭാവം നഷ്ടപ്പെടാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് പഴുതുകളില്ലാത്ത തിരക്കഥയ്ക്ക് തന്നെയാണ്. മികച്ച തിരക്കഥ ഒരുക്കി അതിനെ കൃത്യമായി അവതരിപ്പിച്ച അജയ് ജ്ഞാനമുത്തുവിന് അഭിമാനിക്കാവുന്നതാണ് ഈ ഇമൈക്ക നൊടികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത. മികച്ച വാണിജ്യ സിനിമകള്‍ ഒരുക്കുന്ന എആര്‍ മുരുകദോസിന്റെ ശിഷ്യഗണത്തിലെ ഒരാളാണ് അജയ്. 170 മിനിറ്റുകളുടെ ദൈര്‍ഘ്യമാണ് ചിത്രത്തേക്കുറിച്ച് കേള്‍ക്കുന്ന ഏക വെല്ലുവിളി. എന്നാല്‍ സമയത്തേക്കുറിച്ച് ചിന്തിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇടനല്‍കാതെയാണ് അജയ് ഇമൈക്ക നൊടികള്‍ ഒരുക്കിയിരിക്കുന്നത്.

    ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അടിവരയിടുന്നതാകും ഇമൈക്ക നൊടികളുടെ വിജയം. ത്രില്ലര്‍ ചിത്രം പ്രതീക്ഷിച്ചു പോകുന്നവരെ ഇമൈക്ക നൊടികള്‍ നിരാശപ്പെടുത്തില്ല എന്ന് നിസംശയം പറയാം.

    ചുരുക്കം: പ്രവചനാതീതമായ കഥാഗതിയും അതിനൊത്ത പശ്ചാത്തലസംഗീതവും ചേരുന്നതാണ് ഇമൈക്ക നോടികള്‍. ത്രില്ലര്‍ ചിത്രം പ്രതീക്ഷിച്ചെത്തുന്നവരെ നിരാശപ്പെടുത്തുന്നില്ല.

    English summary
    A fine thriller that keeps you hooked with interesting twists
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X