twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെറുമൊരു മാസ് മസാലയല്ല, കാലിക പ്രസക്തിയിൽ 100/100.. (വിശാൽ ആരാ മോൻ!) ശൈലന്റെ റിവ്യൂ

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    വിശാല്‍, അര്‍ജുന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രമാണ് ഇരുമ്പ് തിരൈ. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സാമന്ത, വിന്‍സെന്റ് അശോകന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. യുവന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം. മേയ് പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

    ഇരുമ്പു തിരൈ..

    ഇരുമ്പു തിരൈ..

    എന്റർടൈൻ ചെയ്യിക്കുകയെന്ന ലക്ഷ്യത്തിനൊപ്പമോ അതിലുപരിയായോ മാസിനെ എജ്യൂക്കേറ്റ് ചെയ്യുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ട് തയ്യാറാക്കിയിരിക്കുന്ന ഒരു രസികൻ സൈബർ ക്രൈം ത്രില്ലർ ആണ് വിശാൽ നിർമ്മിച്ച് നായകനായി അഭിനയിച്ചിരിക്കുന്ന ഇരുമ്പു തിരൈ/ iron curtain. ബിജെപിയെയും കേന്ദ്രഗവണ്മെന്റിനെയും എതിർക്കുന്ന നിലപാടുകൾ കൊണ്ട് പലവട്ടം വാർത്തകളിൽ ഇടം പിടിച്ചിരുന്ന വിശാൽ തന്റെ പൊളിറ്റിക്സിനെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാനായി മോഡിയുടെ 'ഡിജിറ്റൽ ഇന്ത്യ' ജനങ്ങൾക്ക് വരുത്തി വെക്കുന്ന ദുരിതങ്ങളിലേക്ക് (കൂടി) ഫോക്കസ് ചെയ്യുന്നു ഈ സിനിമയിലൂടെ. നവാഗത സംവിധായകൻ പിഎസ് മിത്രൻ ആകട്ടെ വിഷയത്തിന്റെ ഗാംഭീര്യം കൈവിട്ടുപോകാതെ തന്നെ തിരയെ ശരിയ്ക്കും ഇരുമ്പായി തന്നെ നിലനിർത്തുന്നതിൽ വിജയിക്കുകയും ചെയ്യുന്നു..

    ഡിജിറ്റൽ കെണികൾ

    ഡിജിറ്റൽ കെണികൾ

    ബാങ്ക് അക്കൗണ്ടുകളിൽ നിന്നും നിക്ഷേപകൻ അറിയാതെ ലക്ഷക്കണക്കിന് രൂപ ചോർന്നു പോകുന്നത് ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ പുതുമയില്ലാത്ത വാർത്തയാണ്.. ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അടിസ്ഥാന വിവരങ്ങളും താല്പര്യങ്ങളും ആപ്പുകളുപയോഗിച്ച് ചോർത്തിയെടുത്തതായും അവരിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചതായും കേംബ്രിഡ്ജ് അനാലിറ്റിക്ക സമ്മതിച്ചതിനെ തുടർന്നുള്ള ചൂടും പുകയും ഇപ്പോഴും അടങ്ങിയിട്ടില്ല. കോടിക്കണക്കിന് മൂല്യമുള്ള ഗ്രാൻഡ് ബമ്പർ പ്രൈസുകൾ അടിച്ചുവെന്നും ഇ മെയിൽ ഐഡി കൈമാറൂ എന്നുപറഞ്ഞുള്ള തട്ടിപ്പു സംഘങ്ങളുടെ സന്ദേശങ്ങൾ നമ്മൾക്ക് ഇൻബോക്സിൽ വന്നുകൊണ്ടേ ഇരിക്കുന്നു.. ആധാർ പോലുള്ള ആവശ്യങ്ങൾക്ക് പൗരന്റെ ബയോമെട്രിക് ഡാറ്റകൾ കൈമാറുന്നത് സുരക്ഷിതമോ എന്ന ആകുലത ചർച്ചകൾ മാത്രമായി ഒതുങ്ങുന്നു. ഇവയെയെല്ലാം കണക്റ്റ് ചെയ്തുകൊണ്ട്, സാധാരണക്കാരന്റെ ജീവിതത്തിൽ സൈബർ കൊള്ളസംഘങ്ങൾ കേറി മേയുന്നതിലേക്കും അതിനെ പ്രതിരോധിക്കേണ്ടുന്ന അധുകാരസ്ഥാനങ്ങളുടെ ഇരുട്ടിൽ തപ്പലിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ളതാണ് പിഎസ് മിത്രൻ ഇരുമ്പു തിരൈക്കായി ഒരുക്കിയിരിക്കുന്ന സ്ക്രിപ്റ്റ്. കാലിക പ്രസക്തിയിൽ അതിന് നൂറിൽ നൂറു മാർക്ക് തന്നെ കൊടുക്കാം..

    പട്ടാള സിനിമയായി തുടക്കം.

    പട്ടാള സിനിമയായി തുടക്കം.

    ഇന്ത്യൻ ആർമിയിൽ മേജർ ആയ കതിരവൻ എന്ന കതിർ ആയിട്ടാണ് വിശാൽ ഇരുമ്പു തിരൈയിൽ വരുന്നത്. എന്നാൽ തമിഴ്-തെലുങ്ക്-മേജർ രവി പടങ്ങളിൽ പതിവായി കാണാറുള്ള മട്ടിൽ തീവ്രവാദികളെ തനിയെ നേരിടുകയും രാജ്യത്തെ ഒറ്റയ്ക്ക് തോളിലേറ്റുകയും ദേശസ്നേഹം പൊട്ടിയൊലിച്ച് ഓർഗസപ്പെടുകയുമൊന്നും ചെയ്യുന്നില്ല അയാൾ. മൂക്കത്ത് ശുണ്ഠിയുള്ളതിനാൽ ട്രെയിനികൾക്കും ക്വാർട്ടേഴ്സ് പരിസരത്തും വരുത്തി വെക്കുന്ന പ്രശ്നങ്ങൾ കാരണം സൈക്യാട്രിസ്റ്റിന്റെ (സാമന്ത) അടുത്തേക്ക് അയക്കപ്പെടുന്ന അയാൾ, അവരുടെ നിർദേശപ്രകാരം കുടുംബത്തോടൊപ്പം കുറച്ച് ദിവസങ്ങൾ ചെലവഴിക്കാൻ പോകുന്നു. പെങ്ങളുടെ കല്യാണത്തിനായി ബാങ്കിൽ നിന്നും എടുക്കുന്ന പത്തുലക്ഷം അക്കൗണ്ടിൽ എത്തിയപാട് ഹാക്കർ അടിച്ചെടുത്തതിനെ തുടർന്നുള്ള നിസ്സഹായതയിൽ നിന്നുള്ള ഓട്ടമാണ് തുടർന്നങ്ങോട്ട്..

     ഇന്റർവെലിനുശേഷം തുടങ്ങുന്നു..

    ഇന്റർവെലിനുശേഷം തുടങ്ങുന്നു..

    രണ്ടുമണിക്കൂർ നാല്പത് മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ ഒന്നര മണിക്കൂറോളം സമയം ക്യാരക്ടർ ഫോർമേഷനും പശ്ചാത്തല വിവരണത്തിനുമായി മാറ്റിവെച്ചിരിക്കുന്നു.. കതിരവനും ജോലിയുമായും കതിരവനും അച്ഛനുമായും കതിരവനും പെങ്ങളുമായും എല്ലാമുള്ള ബന്ധങ്ങൾ വെൽ ഡിഫൈൻഡ് ആണ്. വിശാലും സാമന്തയുമായുള്ള ഡ്യുയറ്റ് ഗാനരംഗങ്ങളോ പ്രണയപരവശ ലീലകളോ പടത്തിൽ ഇല്ല എന്നതും എടുത്തു പറയേണ്ടതാണ്. പടം അതിന്റെ എല്ലാവിധ പ്രതിസന്ധികളോടെയും വലിഞ്ഞുമുറുക്കത്തോടെയും യഥാർത്ഥത്തിൽ തുടങ്ങുന്നതും രണ്ടാം പകുതിയിൽ തന്നെ. വില്ലനെ നമ്മൾ കണ്ടുമുട്ടുന്നതും അവിടെ വച്ച് തന്നെ.

    വൈറ്റ് ഡെവിൾ..

    വൈറ്റ് ഡെവിൾ..

    ഡാർക്ക് നെറ്റ് എന്ന സൈബർ അണ്ടർവേൾഡ് വച്ച് കോടിക്കണക്കിന്ന് പണം കുരുട്ടുബുദ്ധിയാൽ തന്റെ അക്കൗണ്ടിലേക്ക് ചോർത്തിക്കൊണ്ടേയിരിക്കുന്ന വൈറ്റ് ഡെവിൾ എന്ന സത്യമൂർത്തി ഒരു അസാമാന്യ വില്ലനാണ്.. ഇൻഫർമേഷൻ ഈസ് ദ വെൽത്ത് എന്നാണ് പുള്ളിയുടെ മുദ്രാവാക്യം. രാജ്യത്തിന്റെ ഡിഫൻസ് മിനിസ്റ്റർ വരെ വൈറ്റ് ഫീൽഡിന്റെ വിക്രിയകൾക്ക് മുന്നിൽ നിസ്സഹായനാണ്.. കാശ് നഷ്ടപ്പെട്ട സാധാരണക്കാരന്റെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ.. നായകനെക്കാൾ പല മടങ്ങ് വിസ്ഫോടനശേഷി കൂടുതലുള്ള വൈറ്റ് ഡെവിൾ തനി ഒരുവനിലെ സിദ്ധാർത്ഥ് അഭിമന്യുവിനെ ആണ് ഓർമ്മിപ്പിക്കുന്നത്. ഒരുപാട് സീനുകളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും പാത്രസൃഷ്ടിയുടെ മികവ് കാരണവും ആക്ഷൻ കിംഗ് അർജുന്റെ മെസ്മറൈസിംഗ് ലുക്ക് കാരണവും സിനിമയുടെ വിധി തന്നെ നിർണയിച്ച് ചരിത്രത്തിന്റെ ഭാഗമായി മാറുന്നു വൈറ്റ് ഡെവിൾ..

     വിശാലിന്റെ ചുവടുമാറ്റം..

    വിശാലിന്റെ ചുവടുമാറ്റം..

    ചുരുങ്ങിയ പ്രായം കൊണ്ട് തമിഴ്നാട്ടിലെ താരസംഘടനയുടെയും നിർമ്മാതാക്കളുടെ സംഘടനയുടെയും തലപ്പത്തെത്തിയ വിശാൽ, തന്റെ രാഷ്ട്രീയനിലപാടുകളിലെ ആർജവം സിനിമയുടെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്ക് കൂടി നീട്ടിയത് മിഷ്കിന്റെ തുപ്പറിവാളനിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുമ്പു തിരൈയിൽ അത് കൂടുതൽ പ്രകടമാവുന്നു.. പുതുമുഖ സംവിധായകൻ ആയിട്ടുപോലും ഫൈറ്റിന് വേണ്ടിയുള്ള ഫൈറ്റോ , പാട്ടിനുവേണ്ടിയുള്ള പാട്ടോ ഒന്നുമില്ലാതെ ഉള്ളടക്കത്തിനു ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു സിനിമയാണ് ഇരുമ്പു തിരൈയെന്നത് താരത്തിന്റെ ആർജവം തന്നെയാണ് മറ്റ് നടന്മാർക്ക് ഇത് കണ്ടുപഠിക്കാവുന്നതുമാണ്..

     ബോധവൽക്കരണം..

    ബോധവൽക്കരണം..

    ആർമിയിൽ മേജറായിട്ടും പെങ്ങളുടെ കല്യാണത്തിന് പണം തേടിയുള്ള നെട്ടോട്ടവും ബാങ്കുകൾ നേർവഴിയിൽ മേജർക്ക് ലോൺ കൊടുക്കാത്തതും ഒക്കെ സിനിമയിൽ ദഹിക്കാത്ത ഐറ്റങ്ങൾ ആയി എണ്ണാം. ബാങ്കിംഗ് തട്ടിപ്പിനെ കതിരവനെപ്പോലെ പ്രതിരോധിച്ച് സിനിമയ്ക്ക് വേണ്ടിയുള്ള ക്ലൈമാക്സിൽ എത്തിക്കുന്നത് സാധാരണക്കാരന് ഒരിക്കലും പ്രാപ്യമായ ഒരു മാർഗവുമല്ല.. പക്ഷെ, ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് പൊതുജനങ്ങളിലേക്കുള്ള അറിവ് നൽകൽ തന്നെയാണ്. ഡിജിറ്റൽ ഇന്ത്യയിൽ ആരുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും തട്ടിപ്പുചുഴികളിൽ പെട്ടുപോകാം കടക്കെണിയിലാണ്ടുമുങ്ങി ഒടുങ്ങിയേക്കാം എന്നൊരു കനത്ത ജാഗ്രതാനിർദ്ദേശം.. അഭിനന്ദിക്കാതെ തരമില്ല..

    മമ്മൂക്ക മീശ പിരിക്കില്ലെന്നാണ് അവകാശവാദം! ഇത് തന്നെയല്ലേ മുന്‍പും പറഞ്ഞതെന്ന് ട്രോളന്മാര്‍!മമ്മൂക്ക മീശ പിരിക്കില്ലെന്നാണ് അവകാശവാദം! ഇത് തന്നെയല്ലേ മുന്‍പും പറഞ്ഞതെന്ന് ട്രോളന്മാര്‍!

    English summary
    Irumbu Thirai movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X