twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട്ടുകാരേയും നാട്ടുകാരേയും പറ്റിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന ജോണി: ജോണി ജോണി യെസ് അപ്പ റിവ്യു

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    3.5/5
    Star Cast: Geetha, Sanoop Santhosh, Kunchacko Boban
    Director: Marthandan

    ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പാവാട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോണി ജോണി യെസ് അപ്പ. പാവാടയ്ക്ക് ശേഷം മാര്‍ത്താണ്ഡന്‍ എന്നതുപോലെ തന്നെ വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസിന്റെ തിരക്കഥ എന്നതും ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ എന്ന മിനിമം ഗ്യാരണ്ടി നായകനും ഭാഗ്യ നായിക എന്ന് വിശേഷിപ്പിക്കുന്ന അനു സിത്താരയും മംമ്ത മോഹന്‍ദാസിന്റെ അതിഥി വേഷവുമുള്‍പ്പെടെ ആകെ മൊത്തത്തില്‍ പ്രേക്ഷകരെ ആദ്യ ദിനം തന്നെ തിയറ്ററിലേക്ക് എത്തിക്കാനുള്ള വക മാര്‍ത്താണ്ഡനും സംഘവും ഒരുക്കിയിരുന്നു.

    <strong>ബിഗ് ബജറ്റ് ചിത്രമാണ്, മോഹന്‍ലാലിന്റെ മരക്കാര്‍ 2020 ലെ എത്തു! കാരണം വ്യക്തമാക്കി പ്രിയദര്‍ശന്‍!!</strong>ബിഗ് ബജറ്റ് ചിത്രമാണ്, മോഹന്‍ലാലിന്റെ മരക്കാര്‍ 2020 ലെ എത്തു! കാരണം വ്യക്തമാക്കി പ്രിയദര്‍ശന്‍!!

    ജോണി

    ജോണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. നല്ലൊന്താരം കുരുപ്പ്, കക്കാന്‍ മാത്രമല്ല നിക്കാനും പഠിച്ച കള്ളന്‍ ഈ വിശേഷണങ്ങളൊക്കെ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകര്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന തരത്തിലുള്ള കൈയിലിരിപ്പാണ് ജോണിയുടേത്. ജോണിയുടെ കുട്ടിക്കാലത്തെ കന്നംതിരിവുകളിലൂടെയാണ് കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജോണിയേപ്പോലെ സത്സ്വഭാവിയായ ചെറുപ്പക്കാരന്‍ ആ നാട്ടിലില്ലെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും. ഇതോടെ ജോണിയുടെ ചേട്ടനായ പീറ്ററിനും അനുജനായ ഫിലിപ്പോസിനും വീട്ടില്‍ യാതൊരു സമാധാനവുമില്ലെന്നായി. വളര്‍ന്നപ്പോഴും ജോണിയുടെ സ്വഭാവത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. നല്ല കറ തീര്‍ന്ന കള്ളനായി അവന്‍ മാറി. ഒപ്പം നാട്ടുകാര്‍ക്ക് മുന്നില്‍ തന്റെ സത്‌പ്പേരും ഇമേജും അവന്‍ കാത്തു സൂക്ഷിച്ചു.

    ജെസയും ജോണിയും

    നാട്ടിലെ ഏറ്റവും വലിയ പണക്കാരന്റെ മകളായ ജെസയും ജോണിയും തീവ്രമായ പ്രണയത്തിലാണ്. എന്നാല്‍ തന്റെ മകളെ ജോണിക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ ജെസയുടെ അപ്പനായ ജോസിന് താല്പര്യമില്ല. ഒരു രാത്രിയില്‍ ജോണി നടത്തുന്ന മോഷണത്തിലൂടെ കാര്യങ്ങള്‍ മാറി മറിയുകയാണ്. എല്ലാരേയും എല്ലാക്കാലത്തും പറ്റിക്കാനാകില്ലല്ലോ. ഒന്നാം പാതിയില്‍ ജോണിയുടെ തരികിടകളും തമാശകളുമായി രസകരമായി മുന്നോട്ട് പോകുന്ന ചിത്രത്തിന് രണ്ടാം പാതിയോടെ ഗൗരവം വര്‍ദ്ധിക്കുകയാണ്. സിനിമ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം അവിടെയാണ് തുടങ്ങുന്നത്. വെള്ളിമൂങ്ങയേയും പാവാടയേയും അനുസ്മരിപ്പിക്കുന്ന അവതരണമാണ് ചിത്രത്തിന്റെ ഒരോ പാതിക്കും.

    ജോണി ടൈറ്റില്‍

    ജോണി ടൈറ്റില്‍ കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ജോണിയുടെ സഹോദരന്മാരായ പീറ്റര്‍, ഫിലിപ്പോസ് എന്നിവരെ യഥാക്രമം ടിനി ടോം, ഷറഫുദ്ദീന്‍ എന്നിവരാണ് അവതരപ്പിക്കുന്നത്. മുഴുനീള കോമഡി കഥാപാത്രമാണ് ഷറഫുദ്ദീന്റെ ഫിലിപ്പോസ് എന്ന പീലി. ജോണിയുടെ അപ്പനായ സ്‌കറിയയായി എത്തുന്നത് വിജയരാഘവനാണ്. അമ്മയായി ഗീതയും. മികച്ച കാസ്റ്റിംഗ് ചിത്രത്തിന് ഗുണകരമായിട്ടുണ്ട്. ജെസയായി അനു സിത്താര എത്തുമ്പോള്‍ അതിഥി വേഷത്തിലാണ് മംമ്ത മോഹന്‍ദാസ് എത്തുന്നത്. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത നായിക കഥാപാത്രമാണ് അനു സിത്താരയുടേത്. അതേസമയം ചെറുതെങ്കിലും ശക്തമാണ് മംമ്തയുടേത്.

    ജോജി തോമസ്

    വെള്ളിമൂങ്ങയ്ക്ക് ജോജി തോമസ് എഴുതിയ ജോണി ജോണി യെസ് അപ്പ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു തിരക്കഥാകൃത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. തന്മത്വമുള്ള നര്‍മ്മ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ചിത്രം. മാര്‍ത്താണ്ഡന്റെ മുന്‍ചിത്രങ്ങള്‍ക്ക് ഛായഗ്രഹണം നിര്‍വ്വഹിച്ച പ്രദീപ് നായര്‍ക്ക് പകരമായി വിനോദ് ഇല്ലംപള്ളിയാണ് ജോണി ജോണി യെസ് അപ്പ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. കഥയുടെ ഒഴുക്കിന് ഭംഗം വരാത്ത മികച്ച ദൃശ്യങ്ങളാണ് വിനോദിന്റേത്. രണ്ടാം പാതിയിലെ വൈകാരിക രംഗങ്ങളിലെ ഭാവ തീവ്രത ഒട്ടും ചോര്‍ത്തിക്കളായാത്തതായിരുന്നു ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം.

    144 മിനിറ്റ്

    144 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പ്രേക്ഷകരെ ബോറടുപ്പിക്കാതെയാണ് മുന്നോട്ട് പോകുന്നത്. ആനുകാലികമായ ചില സംഭവങ്ങളെ ഹാസ്യാത്മകമായി ചിത്രത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ ഒരു കുടുംബ ചിത്രം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ ജോണി ജോണി യെസ് അപ്പ നിരാശപ്പെടുത്തില്ല.

    ചുരുക്കം: വെള്ളിമൂങ്ങയും പാവാടയും ആസ്വദിച്ച പ്രേക്ഷകരെ മാര്‍ത്താണ്ഡനും ജോജി തോമസും നിരാശരാക്കുന്നില്ല. കുടുംബമായി ആസ്വദിക്കാവുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം.

    English summary
    johny johny yes appa movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X