»   » കാട്ടുകൂതറയെന്നാൽ എന്തെന്ന് അന്വേഷിച്ച് നടക്കേണ്ടതില്ല.. അത് ലക്ഷ്മിറായിയുടെ ജൂലി-2.. ശൈലന്റെ റിവ്യൂ

കാട്ടുകൂതറയെന്നാൽ എന്തെന്ന് അന്വേഷിച്ച് നടക്കേണ്ടതില്ല.. അത് ലക്ഷ്മിറായിയുടെ ജൂലി-2.. ശൈലന്റെ റിവ്യൂ

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

തെന്നിന്ത്യൻ ഗ്ലാമർ റാണി റായി ലക്ഷ്മി എന്ന ലക്ഷ്മി റായി നായികയായി ബോളിവുഡിലെത്തിയ ചിത്രമാണ് ജൂലി 2. റായി ലക്ഷ്മിയുടെ പലവിധത്തിലുള്ള അർധനഗ്ന ചിത്രങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമോഷന് എത്തിയത്. 2004ൽ പുറത്തിറങ്ങിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ജൂലി 2 തീയറ്ററുകളിൽ എത്തിയത്.

സുവർണമയൂരം..ന്നന്ന്യല്ലേ പറഞ്ഞത്.. അക്ഷരം മാറീട്ടൊന്നൂല്ല്യാല്ലോ... കണ്ടുതീർക്കാൻ നല്ല പാടാാ.. ശൈലന്റെ റിവ്യൂ!!

ദീപക് ശിവദാസനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യഭാഗത്തിൽ നേഹ ധൂപിയയായിരുന്നു നായിക. മലയാളത്തിൽ ഗ്ലാമർ വേഷങ്ങളിലെത്തി തിളങ്ങിയ റായി ലക്ഷ്മിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജൂലി 2. വലിയ പ്രതീക്ഷകളുമായി എത്തിയ ജൂലി 2 തീയറ്ററിൽ കാണാൻ എങ്ങനെയുണ്ടായിരുന്നു? ശൈലന്റെ റിവ്യൂ വായിക്കാം...

അദ്ഭുതമല്ല, ഇത് ഷോക്ക്

ജൂലി-2വിനായി തിയേറ്ററിൽ കേറുമ്പോൾ ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ശരിക്കും അദ്ഭുതപ്പെട്ടുപോയി.. നായികയുടെ അർധനഗ്ന-മുക്കാൽ നഗ്നപോസ്റ്ററുകൾ കേരളം മുഴുവൻ നിരന്നിട്ടും ഇറോട്ടിക്കൽ ത്രില്ലർ എന്ന പേരിലുള്ള കൊട്ടിപ്പാടലുകൾ കൊല്ലങ്ങളായി കേട്ടുപഴകീട്ടും ഇതുപോലൊരു പടത്തിന് ആളുകേറുന്നില്ലെങ്കിൽ (അതും കേരളം പോലൊരു ലൈംഗിക ദാരിദ്ര്യ പ്രവിശ്യയിൽ) മലയാളികൾ ഇത്രമാത്രം പുരോഗമിച്ചോ എന്ന ചോദ്യം മനസിലിങ്ങനെ മുക്കറയിട്ടു.. അദ്ഭുതമെന്നല്ല ഷോക്ക് എന്ന് തന്നെ വേണമല്ലോ അതിനെ പറയാൻ..

വെറുതെയല്ല ആള് കേറാത്തത്

ഏതായാലും "ജനഗണമന" ചൊല്ലിത്തുടങ്ങും മുൻപായി അഞ്ചെട്ടുപേർ കൂടി വന്നു. തിയേറ്ററുകാരന്റെ കറന്റ്ചാർജ് കാത്തു.. വന്ദേമാതരം. പടം തുടങ്ങി, ഒരു പത്തിരുപത് മിനിറ്റ് കണ്ടപ്പോഴേക്ക് കാര്യങ്ങളുടെയും ആളുകേറാത്തതിന്റെയും ഒരേകദേശകിടപ്പുവശം പിടികിട്ടി.. ത്രില്ലർ, ഇറോട്ടിക്ക്, മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് ആളെ വണ്ടിയിൽ കേറ്റീട്ട് ഏഷ്യാനെറ്റ്സീരിയലിനെ വെല്ലുവിളിക്കും മട്ടിൽ സെന്റിമെന്റ്സും പായാരവുമായി നെഞ്ചത്തടിയും നെലവിളിയും കാഴ്ചവെക്കുകയാണ് സംവിധായകൻ.. അതും എൺപതുകളിലെയും തൊണ്ണൂറുകളിലെയുമൊക്കെ സിനിമാഭാഷയിൽ..!!

ആദ്യപകുതി - ക്ലീഷേകളുടെ പള്ളിപ്പെരുന്നാൾ

ഒരുമണിക്കൂർ കഴിഞ്ഞ് ഒന്നാംപാതി തീരും വരെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ഗ്ലാമർ പ്രദർശനം പോലും കാര്യമായില്ലാതെ ക്ലീഷേകളുടെ പള്ളിപ്പെരുന്നാൾ എന്നുപറയാവുന്ന ഒരേ വൈകാരികകഥനമാണ്.. ഒരു നെടുവീർപ്പിട്ട്, മൂത്രമൊഴിക്കാൻ വിടുമ്പോഴേ, സംവിധായകന് തന്റെ പേര് പോലും കാണിച്ചില്ലല്ലോ എന്ന വെളിവ് കിട്ടുന്നത്.. അവിടെ എഴുതിയിടുന്നു :- റിട്ടൺ ആന്റ് ഡിറക്റ്റഡ് ബൈ ദീപക് ശിവദാസനി!! അരേവാഹ്.. (അതുവായിച്ച് എന്റെ തൊട്ടുമുന്നിലുണ്ടായിരുന്ന ആൾ പറഞ്ഞ കമന്റ് അത്യന്തം പ്രസക്തമെങ്കിലും പ്രസിദ്ധീകരണ മര്യാദകൾക്ക് നിരക്കുന്നതല്ലാത്തതുകൊണ്ട് മാത്രം ഇവിടെ പകർത്തുന്നില്ല.. )

കാസ്റ്റിംഗ് കൗച്ച് വിവാദമാണ് പ്രമേയം

ഹോളിവുഡ് മുതൽ ഇങ്ങ് മലയാളത്തിൽ പാർവ്വതി തിരുവോത്ത് വരെ കഴിഞ്ഞ വർഷം ഉയർത്തിവിട്ട കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളുമായി ചേർത്തുവച്ച് വായിക്കാവുന്ന ഒന്നാണ് ജൂലിയുടെ പ്രമേയം എന്ന് വേണമെങ്കിൽ പറയാം.. ഒരു സാധാരണ പെൺകുട്ടി എങ്ങനെ വെള്ളിത്തിരയുടെ വർണപ്രപഞ്ചത്തിൽ താരറാണിയായി വളർന്ന് വരുന്നു എന്ന ചീഞ്ഞ ക്ലീഷേ.. അതിനുള്ളിലേക്കാണ് സിനിമ, സിനിമക്കുള്ളിലെ സിനിമ, സിനിമക്കുള്ളിലെ സിനിമക്കുള്ളിലെ സിനിമ, പൊളിറ്റിക്സ്, പ്രതികാരം, തോക്ക്, വെടി, പോലീസ് എന്നിങ്ങനെ സകല എടുക്കാചരക്കുകളും യാതൊരു യുക്തിബോധവുമില്ലാതെ വലിച്ച് കേറ്റി ജൂലി2 വെറുപ്പിച്ച് പണ്ടാരടങ്ങുന്നത്..

ജൂലി 2 - ജൂലിയുടെ സീക്വൽ

2004ൽ ഇറങ്ങിയ ജൂലിയുടെ സീക്വൽ എന്ന ലേബലിൽ ആണ് ഈ ഉരുപ്പടിയെ വിപണനം ചെയ്തിരിക്കുന്നത്.. ഏതാണ്ട് അതേകാലത്ത് തെന്നിൻഡ്യൻ ഭാഷകളിൽ ലക്ഷ്മിറായ് ആയി അരങ്ങേറി പിന്നീട് റായ് ലക്ഷ്മി ആയ് പരിവർത്തനപ്പെട്ട കർണാടകക്കാരിയെ പുതുമുഖം എന്ന കുപ്പായമിടുവിച്ചാണ് (അതോ അഴിപ്പിച്ചോ) ഈയൊരു സാഹസം എന്നോർക്കണം.. ട്രാഷ് എന്ന നിലയിൽ അല്ലാതെ ജൂലിയ്ക്കും കാര്യമായ നിലനില്പൊന്നും ഇല്ലായിരുന്നുവെങ്കിലും നേഹ ധൂപിയ എന്ന സുന്ദരിയുടെ ഉടൽ വലിയൊരു മൂലധനമായിരുന്നു.. പടത്തെ കരകേറ്റിയതും അതുതന്നെ..

ജൂലി 2 അതിലും നിരാശപ്പെടുത്തി

ജൂലി-2വിൽ അതുപോലും ഇല്ലാതെ പോയി.. സെക്കന്റ് ഹാഫ് ആയതിന് ശേഷം സംവിധായകൻ അതുവരെയുള്ള നെഞ്ചത്തടിയും നെലവിളിയും നിർത്തി നഗ്നതാപ്രദർശനത്തിനായ് തച്ചിന് പണിയുന്നുണ്ടെങ്കിലും ഒന്നുമങ്ങോട്ട് കേറി എറിയ്ക്കുന്നില്ല.. ഒന്നര പ്പതിറ്റാണ്ടോളമായി കണ്ട് പരിചിതമായ ലക്ഷ്മിയുടെ ബ്വാഡിക്ക് ആരിലും കൗതുകമുണർത്താനായില്ല എന്നതും ഒരു കാരണമാവാം..

നിർമാതാവ് പഹലജ് നിഹലാനി!

മറ്റൊന്നും എടുത്ത് പറയാനില്ലാത്ത ഈ സിനിമയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിർമ്മാതാവിന്റെ ക്രെഡിറ്റിന് കീഴെവരുന്ന പഹലജ് നിഹലാനിയുടെ പേര് ആണ്.. യെസ് അതേ നിഹലാനി തന്നെ.. കേന്ദ്ര സെൻസർ ബോർഡ് അധ്യക്ഷനായിരുന്നപ്പോൾ ആർഷഭാരതസംസ്കാരം സംരക്ഷിച്ചുനിർത്താനായി ഇന്ത്യൻ സിനിമാ സൃഷ്ടാക്കളെ കൊണ്ട് മൂക്കുകൊണ്ട് ങ്ങഞ്ഞണ്ണന്നമ്മ വരപ്പിച്ച അതേ മഹാൻ.. ജെയിംസ് ബോണ്ട് സിനിമയിൽ നിന്നുവരെ ചുംബനരംഗവും ബ്രെയ്സിയർ കൊളുത്തും അറുത്തുമാറ്റിയ സംസ്കാരസംരക്ഷകനായ വീരശൂരപരാക്രമി.. ആ കത്രികക്കസാലയിൽ നിന്നിറങ്ങിയപ്പോൾ, ആർഷഭാരതീയരെ ഉദ്ദരിക്കാനായി സാറ് സ്വന്തം പൈസ മുടക്കി നിർമ്മിച്ച് വെച്ചേക്കണ ഊഊജ്ജ്വലകലാസൃഷ്ടിയാവുന്നു ജൂലി-2.
യെവനെയൊക്ക് വച്ച് നോക്കുമ്പോ ആ കണ്ടാമൃഗമൊക്കെ യെത്ര ശിശു..

English summary
Julie 2 movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam