»   » കാർഷിക ദുരന്തം അഥവാ തട്ടിക്കൂട്ടിയ സിങ്കം.. (സൂര്യക്കിതിന്റെ വല്ല കാര്യോമുണ്ടോ..!!!) ശൈലന്റെ റിവ്യൂ

കാർഷിക ദുരന്തം അഥവാ തട്ടിക്കൂട്ടിയ സിങ്കം.. (സൂര്യക്കിതിന്റെ വല്ല കാര്യോമുണ്ടോ..!!!) ശൈലന്റെ റിവ്യൂ

By Desk
Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  കടൈക്കുട്ടി സിങ്കം റിവ്യൂ | filmibeat Malayalam

  Rating:
  2.5/5
  Star Cast: Karthi, Sathyaraj, Sayyeshaa
  Director: Pandiraj

  സിങ്കം എന്ന സിനിമയിലൂടെ തകര്‍ത്തഭിനയിച്ചത് സൂര്യയാണെങ്കില്‍ ചേട്ടന്റെ പാത പിന്തുടര്‍ന്ന് മറ്റൊരു സിങ്കമായി അനിയന്‍ കാര്‍ത്തിയും എത്തിയിരിക്കുകയാണ്. കടൈക്കുട്ടി സിങ്കം എന്ന് പേരിട്ടിരിക്കുന്ന സിനിമ പാണ്ടിരാജ് ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

  സ്പൂഫിന്റെ വല്യാപ്പയായി അഖില ഉലക സൂപ്പർസ്റ്റാർ...! 2.0 റോക്ക്സ്.. ശൈലന്റെ റിവ്യൂ

  ചിന്ന ബാബു എന്ന പേരില്‍ തെലുങ്കിലും സിനിമ റിലീസിനെത്തിയിരുന്നു. കാര്‍ത്തി നായകനായി അഭിനയിക്കുമ്പോള്‍ സയേഷയാണ് നായിക. ഇവര്‍ക്കൊപ്പം സത്യരാജ്, അര്‍ത്തന ബിനു, പ്രിയ ഭാവാനി ശങ്കര്‍, സൂര്യ തുടങ്ങി വമ്പന്‍ താരനിരയാണുള്ളത്. ജൂലൈ പതിമൂന്നിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കേരളത്തിലും പ്രദര്‍ശനത്തിനെത്തിയിരുന്നു. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  പൂച്ചകൾക്ക് വേണ്ടിയുള്ള ഒരു ഇന്റർനാഷണൽ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് പണ്ട് നടന്നത് കേട്ടിട്ടുണ്ട്. ശക്തമായ മൽസരത്തിനൊടുവിൽ എല്ലാവരെയും ഞെട്ടിച്ച്, ആതിഥേയരാജ്യമായ യു എസിലെ പൂച്ചയെ തറപറ്റിച്ച് ഒരു സോമാലിയൻ പൂച്ച ചാമ്പ്യനായി. മൽസരശേഷം പത്രക്കാരുടെ കുത്തിക്കുത്തിയുള്ളിൽ പൂച്ച ആ സത്യം വെളിപ്പെടുത്തി .., താൻ പൂച്ചയല്ല, സോമാലിയയിലെ പുലിയാണ്. ദാരിദ്ര്യം കാരണം പൂച്ചയെപ്പോലെ ആയി മാറിയതാണ്..! കാർത്തി അഭിനയിച്ച കടൈക്കുട്ടി സിങ്കം എന്ന പുതിയ സിനിമ കണ്ടിറങ്ങുമ്പോൾ, പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കുറഞ്ഞ, ഈ കഥ ഓർമ്മവന്നു. ശീർഷകത്തിൽ മാത്രേ ഉള്ളൂ സിങ്കം. അനുഭവത്തിൽ പൂച്ച പോലുമില്ല.. പോക്കാനോ മരപ്പട്ടിയോ പോലെ എന്തോ ഒരു ജന്തു എന്നേ പറയാൻ പറ്റൂ ഈ സിനിമയെ.

  ചേട്ടനായ ശരവണൻ ശിവകുമാർ എന്ന സൂര്യ ഹരിയോടൊപ്പം ചേർന്ന് ഓങ്കിയടിച്ചാൽ ഒരു ക്വിന്റൽ ഹിറ്റ് എന്ന മട്ടിൽ സിങ്കം സീരീസ് പടങ്ങൾ ചെയ്യുന്നത് ചൂണ്ടിക്കാണിച്ച് കൊടുത്താകണം സംവിധായക/എഴുത്താളർ ആയ പാണ്ടിരാജ് ഈ ഗ്രാമീണ/കാർഷിക സിങ്കത്തിലേക്ക് അനിയനായ കാർത്തിക് ശിവകുമാർ എന്ന കാർത്തിയെ വീഴ്ത്തിയത്. രണ്ടു വയസ് മാത്രം സൂര്യയേക്കാൾ കുറവുള്ള ഓനും കാണുമല്ലോ സിങ്കമാകാൻ പൂതി.. പക്ഷെ, ഇതൊരുമാതിരി തട്ടിക്കൂട്ടിയതെന്ന് പറഞ്ഞാൽ പോലും ഓവർ_റേറ്റഡ് ആയിപ്പോവുന്ന തരം ഐറ്റമായി പോയി എന്ന് മാത്രം. സിങ്കം എന്ന വീക്ക്നെസ്സ് വച്ച് കാർത്തിയെ പടത്തിലേക്ക് വീഴ്ത്തിയ പാണ്ടിരാജ്, പ്രൊഡ്യൂസറായി അതിലേക്ക് സൂര്യയുടെ എന്റർടൈന്മെന്റ്സിനേയും വീഴ്ത്തി എന്നതാണ് ഇരട്ടദുരന്തം.

  കാര്യം, പാണ്ടിരാജ് എന്ന സംവിധായകൻ ഭേദപ്പെട്ട ട്രാക്ക് റെക്കോർഡ് ഉള്ള ഒരാളാണ് എന്നതു കൊണ്ടായിരുന്നു പടത്തിൽ എന്തെങ്കിലും പ്രതീക്ഷയർപ്പിച്ചിരുന്നത്.. ടിയാന്റെ ആദ്യ ചിത്രമായ 'പസങ്ക' ദേശീയ,അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ് ഒന്നായിരുന്നു. കഥകളി പോലുള്ള അസ്സൽ കൊമേഴ്സ്യൽ പടങ്ങളും പുള്ളിയുടെ ക്രെഡിറ്റിൽ ഉണ്ട്. പക്ഷെ, ഇത്തവണ കാർത്തിയുടെ ഡേറ്റും സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയെയും കിട്ടിയതോടെ ഭേദപ്പെട്ട രീതിയിൽ എഴുതിക്കൊണ്ടിരുന്ന സ്ക്രിപ്റ്റ് ആകെ മൊത്തം അലമ്പുകയും പിന്നീട് സ്ക്രിപ്റ്റേ ഇല്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

  തമിഴിൽ ആദിമ പുരാതനകാലം മുതലേ ഉള്ള റൂറൽ/അഗ്രിക്കൾച്ചറൽ ഴോണറിലാണ് പടം തയ്യാർചെയ്യപ്പെട്ടിരിക്കുന്നത്. സംഗതി ഗ്രാമവും കൃഷിയുമൊക്കെയാണെങ്കിലും പട്ടിണിയോ പായാരമോ കർഷകന്റെ ഏതെങ്കിലും അടിസ്ഥാനപ്രതിസന്ധികളോ ഒന്നുമല്ല പടത്തിന്റെ വിഷയം. സമ്പത്ത് കൊണ്ടും ആൾബലം കൊണ്ടും വീർപ്പുമുട്ടുന്നവരാണ് കഥാനായകന്റെ സിങ്കം ഫാമിലി. വായ്പ തിരിച്ചടക്കലോ വെള്ളപ്പൊക്കത്തിൽ വന്ന കൃഷിനാശമോ ഒന്നുമല്ല അവരുടെ പ്രശ്നം. മുറൈമാമനായ നായകനെ കിട്ടാൻ വേണ്ടി അടികൂടുന്ന പെണ്ണുങ്ങളും കുത്തിത്തിരുപ്പിന്റെ ഉസ്തായിച്ചിമാരായ അവരുടെ അമ്മമാരും തനിവേട്ടാവളിയന്മാരായ അച്ഛൻമാരും ഒക്കെയാണ്. 60/70കളിലോ മാക്സിമം ചെന്നാൽ 80കളിലോ ഒക്കെ കണ്ടിരുന്ന തൊലിപ്പുറമെയുള്ള ഫാമിലി മെലോഡ്രാമ അല്ലെങ്കിൽ ഇന്നത്തെ കാലത്തെ ഏഷ്യാനെറ്റ് സീരിയൽ ആയിട്ടാണ് കാര്യങ്ങളുടെ പോക്ക്..

  സമ്പന്ന കർഷകനായ റാണാസിങ്കം എന്ന സത്യരാജ് ആദ്യത്തെ ഭാര്യയിൽ ഉണ്ടായ കുട്ടികൾ നാലും പെണ്ണായതിനെത്തുടർന്ന് രണ്ടാമതൊരു കല്യാണം കഴിക്കുന്നതും അതിലും പെൺകുഞ്ഞ് പിറക്കുന്നതും മറ്റും കാണിച്ചുകൊണ്ട് ഫാസ്റ്റായിട്ടാണ് പടത്തിന്റെ തുടക്കം. തലമുറ കാക്കാനൊരുആൺകുട്ടി എന്ന വാശിപ്പുറത്ത് മൂന്നാമതൊരു കല്യാണം കൂടി കഴിക്കാൻ തയ്യാറെടുക്കുമ്പോൾ ആദ്യഭാര്യ തന്റെ വൈകിയ മധ്യവയസിൽ ഛർദിക്കാൻ തുടങ്ങുകയും പിന്നീട് പ്രസവിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന കടൈക്കുട്ടി (മീൻസ് ലാസ്റ്റ് ചൈൽഡ്) ആണ് ഗുണസിങ്കം. ഒരു നായകനെക്കാണിക്കാൻ ഇത്തറേം ഡെക്കറേഷനോ ഒന്ന് സംവിധായകൻ തന്നെ ആത്മഗതപ്പെടുന്നുണ്ട് ആ ഭാഗങ്ങളിൽ.. പക്ഷെ, പിന്നീടൊരിക്കലും ഒരു ബിൽഡപ്പും ഗുണസിങ്കത്തിനോ പടത്തിനോ നൽകാൻ പുള്ളി മെനക്കെട്ടിട്ടുമില്ല എന്നതാണ് സങ്കടം.

  ഗ്രാമീണ സിങ്കമായതിനാൽ പതിവുപോലെ കാളയോട്ട മൽസരത്തിലൂടെ ആണ് നായകന്റെ ഇൻട്രോ.. വിജയിയാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. മാലയും ഗപ്പും സമ്മാനിക്കാൻ ഗസ്റ്റ് റോളിൽ പ്രത്യക്ഷനാവുന്ന അണ്ണഗാരു സൂര്യയോട് ആ മാലകൾ കാളകൾക്കണിയിക്കൂ അവരല്ലേ ഓടിയത് എന്ന് പറയുന്നതാണ് ആദ്യ വറൈറ്റി. കണ്ടത്തിൽ പണി കഴിഞ്ഞതിന്റെ ചേറും അഴുക്കും പുരണ്ട വസ്ത്രങ്ങളോടെ കാർത്തിയെ വീട്ടിലും കാണപ്പെട്ടപ്പോഴും വീട്ടിൽ വരുന്ന ഗസ്റ്റുകൾ പോവുമ്പോൾ സത്യരാജ് വൃക്ഷത്തൈകൾ സമ്മാനിച്ചപ്പോഴും അടുത്ത വറൈറ്റികൾ ഫീൽ ചെയ്തു.. (ഇവിടെ മലയാളത്തിലെ മികച്ച കർഷകൻ ആയ മേലേടത്ത് രാമൻ നായർ പോലും അപ്പോൾ കടയിൽ നിന്നെടുത്തുകൊണ്ടുവന്ന ചുളിവ് വീഴാത്ത തൂവെള്ള ബനിയൻ ധരിച്ചുകൊണ്ടായിരുന്നല്ലോ പാടത്ത് കന്നുപൂട്ടിയിരുന്നത് എന്നോർത്തപ്പോൾ പ്രത്യേകിച്ചും....!!!) എന്നാൽ അതൊക്കെ വെറും ഉണക്കമത്തിത്തല കോർത്ത് സ്രാവിന് ചൂണ്ടലെറിയുന്ന പരിപാടി ആയിരുന്നു എന്ന് പിന്നീടുള്ള രണ്ടുമണിക്കൂറിലധികം നേരം തെളിയിച്ചു. നാലുവീടിനപ്പുറം ഏഷ്യാനെറ്റ് സീരിയൽ വച്ചതിന്റെ ഈർച്ചമിൽ സംഗീതം കേട്ടാൽ തലക്കല്ലിളകുന്ന എനിക്ക് രണ്ട് മണിക്കൂർ നേരം കെട്ടിയിട്ട് നോൺസ്റ്റോപ്പായി സീരിയൽ കാട്ടിത്തന്ന അനുഭവം സമ്മാനിച്ചു എന്ന് മാത്രം ആ രണ്ടുമണിക്കൂറിനെ ഒറ്റവാചകത്തിൽ സംഗ്രഹിക്കാം..

  ചുവന്ന ബുള്ളറ്റിൽ നമ്പർപ്ലേറ്റിന്റെ സ്ഥാനത്ത് വിവസായി (മീൻസ് ഫാർമർ) എന്നൊക്കെ എഴുതിവച്ചുള്ള ആദ്യഘട്ടത്തിലെ എൻട്രി കിടുക്കോവ്സ്കി ആയിരുന്നെങ്കിൽ പിന്നീട് ആ ബുള്ളറ്റും കാളകളും പോലും പുള്ളിക്ക് ഒരു ബാധ്യതയായി മാറുന്ന തണുപ്പൻ പ്രകടനമാണ് കാണാനായത്. ക്യാരക്റ്റർ എന്ന നിലയിലും നടൻ എന്ന നിലയിലും അമ്പേ പരാജയം. പ്രായം കൂടുന്തോറും ലുക്കും പ്രെസൻസും വർധിച്ചു വരുന്ന സത്യരാജ് മാത്രമാണ് നൂറുകണക്കിന് അഭിനേതാക്കളും ഇരുനൂറുകണക്കിന് പശു_കാളാദികളും ഉള്ള പടത്തിലെ ഏക ആശ്വാസം.. പടത്തിന്റെ തെലുങ്ക് മൊഴിമാറ്റവേർഷനായ "ചിന്നബാബു" കണ്ട് കോൾമയിർക്കൊണ്ടതായി വെങ്കയ്യനായിഡു ട്വീറ്റ് ചെയ്തത് ഓൺലൈൻ മീഡിയകൾ ആഘോഷിച്ചിരുന്നു.. വെറുതെയല്ലണ്ണാ.. ബിജെപികാരമ്മാർ ഇങ്ങളെപ്പിടിച്ച് ഉപരാഷ്ട്രപതിയാക്കിക്കളഞ്ഞത്...

  English summary
  Kadaikutty Singam movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more