»   » കളർഫുള്ളായ വളിപ്പുകൾ... രസിപ്പിക്കാനുള്ള പരാക്രമങ്ങൾ.. ശൈലന്റെ റിവ്യൂ!!

കളർഫുള്ളായ വളിപ്പുകൾ... രസിപ്പിക്കാനുള്ള പരാക്രമങ്ങൾ.. ശൈലന്റെ റിവ്യൂ!!

Written By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

2012 ല്‍ സുന്ദര്‍ സി തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കാലകലപ്പ്. സിനിമയുടെ വിജയത്തിന് ശേഷം കാലകലപ്പിന്റെ രണ്ടാം ഭാഗവും തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജയ്, ജീവ, ശിവ, നിക്കി ഗല്‍റാണി, കാതറിന്‍ തെരേസ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

കലകലപ്പ്-2

മാർവൽ സീരീസിൽ പെട്ട ബ്ലാക്ക്പാന്തർ കാണാൻ ചെന്ന് അവസാന നിമിഷം വരെ ലൈസൻസും പാസ് വേഡും എത്താത്തത്തിനാൽ ഷോ മുടക്കമാണെന്ന് തിയേറ്ററുകാർ അറിയിച്ചപ്പോഴാണ് സെക്കന്റ് സ്ക്രീനിലെ പോസ്റ്റർ ശ്രദ്ധിച്ചത്. കലകലപ്പ്-2. അതുകൊള്ളാല്ലോ.. 2012ൽ ഇറങ്ങി വൻ വിജയമായിരുന്ന പടമായിരുന്നു കലകലപ്പ്. സംവിധായകന്റെ പേര് നോക്കുമ്പോൾ അതേ സുന്ദർ സി തന്നെ. പോസ്റ്ററിലാണെങ്കിൽ ജീവ, ജയ് , ശിവ, നിക്കി ഗൽറാണി, കാതറിൻ തെരേസ് എന്നിങ്ങനെ പരിചയമുള്ള നടീനടന്മാരുടെ നീണ്ട നിരയും. പിന്നെന്തിന് മടിക്കണം.‌


അതേ സുന്ദർ സി ഐറ്റം തന്നെ..

അൻപേ ശിവം പോലുള്ള ക്ലാസിക്ക് ഐറ്റങ്ങളും അരുണാചലം പോലുള്ള ബ്ലോക്ക് ബസ്റ്ററുകളും എടുത്തിട്ടുള്ള സുന്ദർ സി എന്ന സംവിധായകന്റെ സൃഷ്ടികളുടെ പൊതുവിലുള്ള മുഖമുദ്ര സ്ലാപ്സ്റ്റിക് കോമഡിയും കളർഫുൾനെസ്സുമാണ്. കലകലപ്പ്-2 വിന്റെ സ്ഥിതിയും മറിച്ചല്ല. ആളുകളെ രസിപ്പിക്കാനായി ഏതറ്റം വരെയും പോവുന്ന പതിവ് ഇവിടെയും തുടരുന്നു. ആദ്യ എഡിഷൻ കലകലപ്പിന്റെ സീക്വൽ ഒന്നുമല്ലാത്ത ഈ സെക്കന്റ് എഡിഷൻ പേരിലും ഫ്ലേവറിലും മാത്രേ അതിനോട് സമാനത പുലർത്തുന്നുള്ളൂ.‌ അങ്ങനെ നോക്കുകയാണെങ്കിൽ സുന്ദറിന്റെ എല്ലാ പടങ്ങൾക്കും കലകലപ്പ് എന്ന് പേരിടാവുന്നതുമാണ്.


കാശിയുടെ വർണപ്പൊലിമ

2012 ലെ കലകലപ്പിനെക്കാൾ കളർഫുള്ളും ബജറ്റ് കൂടിയതുമാണ് രണ്ടാം ഭാഗം. കാശിയാണ് സിനിമയുടെ മുഖ്യലൊക്കേഷൻ. സെക്കന്റ് ലൊക്കേഷനാവട്ടെ കാരൈക്കുടിയും. ലാവിഷായിട്ട് തന്നെ ചിത്രീകരിച്ചെടുത്തിട്ടുണ്ട് രണ്ടിടത്തെയും സീനുകൾ മൊത്തം. പാട്ടുകൾ എണ്ണത്തിൽ വളരെയധികമുണ്ട്. സിനിമയുടെ നല്ലൊരു പങ്ക് ഗാനരംഗങ്ങൾ അപഹരിച്ചിരിക്കുന്നു. ഹിപ്പ് ഹോപ്പ് തമിഴയുടെ ആണ് മ്യൂസിക്. ഉള്ളത് പറയണമല്ലോ കേൾക്കാൻ നല്ല കലകലപ്പുണ്ട്...


താരങ്ങളുടെ ഒരു കഷ്ടം

ക്വിന്റലുകണക്കിനല്ല ടൺ കണക്കിന് കളർപൗഡർ ആണ് അവയിൽ പാട്ടുകളിൽ ചിലതിന്റെ ചിത്രീകരണത്തിനായി വാരിയെറിഞ്ഞിരിക്കുന്നത്. പൊടിയിലും കളറിലും മുങ്ങിക്കുളിച്ച ജയും ജീവയുമൊക്കെ എങ്ങനെയാവും തങ്ങളുടെ ശരീരം വൃത്തിയാക്കിയിരിക്കുകയെന്നാണ് ഞാനത് കണ്ടുകൊണ്ടിരുന്നപ്പോൾ ഓർത്തത്. കാത്റീൻ തെരേസയുടെയും നിക്കി ഗൽറാണിയുടെയും കാര്യം ഓർത്തപ്പോൾ കുറച്ചു കൂടി കോമ്പ്ലിക്കേഷൻ തോന്നി. ആനയെ ഒക്കെ കുളിപ്പിക്കും പോലെ ഒന്നിലധികം ആളുകളുടെ സഹായം അവർ തേടിയിരിക്കും. തീർച്ച.. (എക്സ്ട്രാ ആർട്ടിസ്റ്റുകൾക്ക് പിന്നെ ചോയിക്കാനും പറയാനും ആളില്ലല്ലോ..)


തല്ലിക്കൂട്ടിയ കഥ..

കോമഡി സീനുകൾ കൂട്ടിക്കെട്ടാനുള്ള ഒരു ഉപാധി എന്ന നിലയ്ക്ക് തല്ലിക്കൂട്ടിയ ഒന്നാണ് സിനിമയുടെ കഥ. അത് തയ്യാർ ചെയ്തിരിക്കുന്നത് സുന്ദർ സി തന്നെയാണ്. തിരക്കഥ എഴുതാനും സംഭാഷണം എഴുതാനും വെങ്കട്ട് രാഘവൻ_ ബദ്രി എന്നിങ്ങനെ വേറെ രണ്ടുപേരെ ആണ് പ്രത്യേകം പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അലുവയും മത്തിക്കറിയും പാൻപരാഗും എന്ന മട്ടിലാണ് ഈ മൂന്നു മേഖലയുടെയും കോമ്പിനേഷൻ...


അന്തം വിട്ട കോമഡി..

പോസ്റ്ററിൽ കാണുന്ന അഞ്ച് മുഖ്യ അഭിനേതാക്കൾക്ക് പുറമെ പത്തുപതിനഞ്ച് കോമഡി നടന്മാരും അളുകളെ തച്ചിന് ചിരിപ്പിക്കാനായി മല്ലുക്കെട്ടി ഇറങ്ങിയിരിക്കുന്ന സിനിമ സംഭവങ്ങളൊന്നുമില്ലെങ്കിലും സംഭവബഹുലമാണ്‌‌. ലോജിക്ക് മരുന്നിന് പോലുമില്ലെങ്കിലും ലാഗിംഗും ഇല്ല. പ്രേക്ഷകനെ ഒട്ടും തന്നെ വിഷമത്തിലാഴ്ത്താനും പ്രതിസന്ധിയിൽ പെടുത്താനും സുന്ദർ സിയ്ക്ക് താല്പര്യമില്ല. കഥാപാത്രങ്ങൾ എല്ലാവരും തന്നെ അസാമാന്യ മണ്ടന്മാരായതുകൊണ്ട് കാര്യങ്ങൾ എളുപ്പവുമായി. ഒന്ന് ചിന്തിച്ച് നോക്കിയാൽ വളിപ്പ് ആണെങ്കിലും കാണികൾ തലയറഞ്ഞ് ചിരിക്കുന്നത് കണ്ടു..


കൂടുതലെന്ത് പറയാൻ..

രാവിലെ എണീറ്റ് തമിഴ് ചാനലുകളിലെ ഈയാഴ്ചത്തെ ടോപ്പ് ടെൻ മൂവീസ് പ്രോഗ്രാം കാണുമ്പോൾ അതിൽ മിക്കതിലും ഒന്നോ രണ്ടോ പൊസിഷനിൽ കലകലപ്പ്-2 ഉണ്ട്. പിന്നെ സുന്ദറിനെ എന്തുപറയാൻ. ഇത് മുന്നിൽ കണ്ടുതന്നെയാവും ബഡ്ജറ്റ് കൂടുതലായിട്ടും ഭാര്യ ഖുഷ്ബുവിനെക്കൊണ്ട് തന്നെ പടം നിർമ്മിച്ചിരിക്കുന്നത്. ക്ലൈമാക്സ് സീനിൽ ഒട്ടും ലോജിക്കലല്ലാതെ ഒരു നിധി കയ്യിൽ കിട്ടി അന്തം വിട്ടു നില്ക്കുന്ന ജയ്നോട് ശിവ പറയുന്നു.. "വാ പൊളിക്കണ്ട.. ഇത് സുന്ദർ സി പടമാണ്.. ഇതിൽ ഇതും നടക്കും ഇതിലപ്പുറവും നടക്കും.."അത്രയേ ഉള്ളൂ.. നെഗറ്റീവ് റിവ്യു എഴുതാൻ തയ്യാറെടുത്ത പ്രേക്ഷകൻ ആരായി...!!!

പ്രണവിന്റെ സ്വപ്‌നം തുറന്ന് പറഞ്ഞ് കല്യാണി! കൊച്ചിന്റെ ചാട്ടം കണ്ടുപിടിച്ച് ട്രോളന്മാര്‍!!


സംവിധായകനെ കണ്ടം വഴിയല്ല 'ലുലു' മാള്‍ വഴി ഓടിച്ചെന്ന് ട്രോളന്മാര്‍! അവതാരകനും കിട്ടി ഏട്ടിന്റെ പണി


കറുമ്പന്മാരുടെ കുറുമ്പനായി രജനികാന്ത്! ആക്ഷന്‍, ഹെവി ബിജിഎമ്മുമായി കാല! ട്രോളാന്‍ പോലും തോന്നില്ല..

English summary
Kalakalappu 2 mvoie review by Schzylan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam