»   » സത്യം പറയാല്ലോ.. ഉറങ്ങിപ്പോയി !!! വിശ്വരൂപമല്ലിത് വിരസരൂപം.. ശൈലന്റെ റിവ്യൂ

സത്യം പറയാല്ലോ.. ഉറങ്ങിപ്പോയി !!! വിശ്വരൂപമല്ലിത് വിരസരൂപം.. ശൈലന്റെ റിവ്യൂ

By Desk
Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  2.0/5
  Star Cast: Kamal Haasan, Rahul Bose, Pooja Kumar, Andrea Jeremiah
  Director: Kamal Haasan

  ഉലകനായകന്‍ കമല്‍ ഹാസന്‍ സംവിധാനം ചെയ്ത് 2013 ലെത്തിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച ചിത്രമാണ് വിശ്വരൂപം 2. നായകന്‍, സംവിധാനം, നിര്‍മാണം, കഥ എന്നിങ്ങനെയെല്ലാം കമല്‍ ഹാസന്‍ സ്വന്തമായിട്ടാണ് ചെയ്തിരിക്കുന്നത്. കമല്‍ ഹാസന്‍ നായകനാവുമ്പോള്‍ രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെറേമിയ, ശേഖര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  ന്യൂയോർക്ക് നഗരത്തിൽ ജീവിക്കുന്ന വിശ്വനാഥൻ എന്ന അപ്പാവിയായ കഥക് നൃത്താധ്യാപകനിൽ നിന്ന് വിസാം അഹമ്മദ് കാശ്മീരി എന്ന റോ ഏജന്റിലേക്കുള്ള കമലഹാസന്റെ അമ്പരപ്പിക്കുന്ന ട്രാൻസ്ഫോർമേഷൻ സീൻ കൊണ്ട് ശ്രദ്ധേയമായ സിനിമയായിരുന്നു 2013 ലെ വിശ്വരൂപം. നടൻ എന്നതിനൊപ്പം കമൽ ഹാസൻ എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും ബ്രില്യൻസിനുദാഹരണമായ വിശ്വരൂപത്തിന് ഇപ്പോൾ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും മുഷിച്ചിലില്ലാതെ കണ്ടിരിക്കാവുന്ന ഒരു ശില്പഘടനയുണ്ട്. എന്നാൽ ആ പ്രതീക്ഷയുമായി, അഞ്ചുകൊല്ലത്തിനിപ്പുറം പ്രദർശനത്തിനെത്തിയിരിക്കുന്ന വിശ്വരൂപം-2 കാണാനിറങ്ങിയാൽ ചെറുതായല്ലാതെ നിരാശപ്പെടേണ്ടി വരും എന്ന് മാത്രമല്ല, ചിലയിടത്തൊക്കെ ബോറടി താങ്ങാനാവാതെ ഉറങ്ങേണ്ടിയും വരും.. (പുറത്തൊക്കെ നല്ല മഴയുമാണല്ലോ)

  വിശ്വരൂപത്തിന്റെ പ്രീക്വൽ എന്നോ സീക്വൽ എന്നോ വിളിക്കാനാവാത്ത സംഭവവികാസങ്ങൾ ആണ് വിശ്വരൂപം 2 വിൽ കമൽ ഹാസൻ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കംക്വൽ ആണത്രേ. അതായത് കുറച്ച് ഭാഗങ്ങൾ ആദ്യചിത്രത്തിന് മുമ്പെ, കുറച്ച് ഭാഗങ്ങൾ അതേ സമയത്ത്, കുറച്ചു ഭാഗങ്ങൾ അതിനുശേഷം എന്നിങ്ങനെ..

  പടത്തിന്റെ നല്ലൊരു ശതമാനം ഭാഗവും ആദ്യഭാഗത്തിന്റെ ഒപ്പം ഷൂട്ട് ചെയ്തതാണ്. അല്ലെങ്കിൽ ആദ്യഭാഗത്തിന് വേണ്ടി ഷൂട്ട് ചെയ്ത ശേഷം കട്ട് ചെയ്ത് സൂക്ഷിച്ചുവച്ചത് എന്നും പറയാം. പണ്ട് ഷക്കീലാ തരംഗ കാലത്ത്, ആയമ്മയെയും അനുബന്ധ കലാകാരികളെയും ഒരു സിനിമയുടെ കാൾഷീറ്റിൽ വിളിച്ചുകൊണ്ടുപോയി രാവും പകലും ഷൂട്ട് ചെയ്ത് മൂന്നും നാലും സിനിമയായി ഇറക്കിയിരുന്ന മഹാനുഭാവന്മാരെ തിയേറ്ററിലിരുന്നപ്പോൾ ഒരു മാത്ര വെറുതെ ഓർത്തുപോയി. കമൽ വിശ്വരൂപം 2 വച്ച് ചെയ്യുന്നതും മറ്റൊന്നല്ല.

  ഒന്നാം തരമൊരു സ്പൈത്രില്ലർ ആയിരുന്നു വിശ്വരൂപം എങ്കിൽ രണ്ടാംഭാഗത്തിന് അങ്ങനെ കൃത്യമായ ഴോണർ ഒന്നുമില്ല. പടം തുടങ്ങുമ്പോൾ സർട്ടിഫിക്കറ്റ് കാണിച്ച ശേഷം നാലുമിനിറ്റ് നേരം കമലിന്റെ രാഷ്ട്രീയ കക്ഷിയായ മക്കൾ നീതി മയ്യത്തിന്റെ പരസ്യവും അദ്ദേഹം തമിഴ്നാട്ടിന്റെ പലഭാഗങ്ങളിലായി നടത്തിയ യോഗങ്ങളുടെ കൊളാഷുകളും യാതൊരു ഔചിത്യ ബോധവുമില്ലാതെ കാണിക്കുന്നതിലൂടെ തന്നെ വെറുപ്പിക്കൽ ആരംഭിക്കും. തുടർന്നുള്ള ഫസ്റ്റ് ഹാഫിന് ആദ്യസിനിമയുടെ ഒരു ടെമ്പർ ചിലയിടത്തൊക്കെ ഫീൽ ചെയ്യിപ്പിക്കാനാവുന്നുണ്ട്. പക്ഷെ, ഇന്റർവെൽ ആവുമ്പോഴെയ്ക്കും ആ പിടിയും അയയും

  യു കെ, അഫ്ഗാനിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലായിട്ടാണ് കാര്യങ്ങളുടെ പോക്ക്. അഫ്ഗാൻ സീനുകൾ മുഴുവൻ പഴയതിന്റെ വെട്ടിക്കൂട്ടൽ തന്നെ. ഇൻഡ്യൻ സീനുകളിൽ അമ്മ എപ്പിസോഡും ഫ്ലാഷ്ബാക്കും പാട്ടുമെല്ലാം ഉറക്കത്തെ ക്ഷണിച്ചു വരുത്തുന്നതാണ്. തുടക്കത്തിൽ കാണുമ്പോൾ യു കെ പോർഷൻസ് കിടുക്കുമെന്നൊരു പ്രതീതി ഉണ്ടാക്കിയെങ്കിലും കാര്യമൊന്നുമുണ്ടായതുമില്ല. ആനന്ദ് മഹാദേവനോടൊക്കെ സഹതാപം മാത്രേ തോന്നിപ്പോവുന്നുള്ളൂ.

  "എഴുതി ഇയക്കിയവർ" എന്നൊക്കെ അഭിമാനപൂർവം ടൈറ്റിലിൽ സ്വന്തം പേര് എഴുതിക്കാണിക്കുന്നുണ്ടെങ്കിലും ഒരു സിനിമ എന്നതിലുപരി ഒരു പ്രൊജക്റ്റ് ആയിട്ടാണ് കമൽ വിശ്വരൂപം 2വിനെ കൈകാര്യം ചെയ്തിരിക്കുന്നതെന്ന് വ്യക്തം. വിശ്വരൂപത്തിൽ കട്ടയ്ക്ക് കട്ട തിളങ്ങിയ വില്ലൻ ഒമർ ഖുറൈശിയെ (രാഹുൽ ബോസ്) രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ച രീതി കണ്ടാൽ പ്രസവിച്ച മമ്മി പൊറുക്കൂല്ല. ഭാര്യ നിരുപമയ്ക്കും (പൂജാ കുമാർ) സഹ ഏജന്റ് അഷ്മിതാ സുബ്രഹ്മണ്യത്തിനും (ആൻഡ്രിയ ജെർമിയ) ഒപ്പം സാൻഡ്വിച്ചഡ് ആയിട്ടാണ് ഭൂരിഭാഗം സമയവും വിസാം മുഹമ്മദിനെ കാണിക്കുന്നത്. എന്നാൽ വല്ല കാര്യവുമുണ്ടോ അതൊട്ടുമില്ല താനും. ഇവരെങ്ങാനും ത്രീസം ചെയ്യാൻ പോവ്വ്വാണോന്നൊരു കമന്റ് തിയേറ്ററിൽ നിന്ന് കേൾക്കുകയും ചെയ്തു. (റഫറൻസ്- ഹോട്ടൽ റൂം സീൻ)

  സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്തിരിക്കുന്ന സനു ജോൺ വർഗീസും ഷാംദത്ത് സൈനുദ്ദീനും മലയാളികൾ ആണെന്നത് ഒരു കൗതുകമാണ്. അതുപോലെ എഡിറ്റിംഗ് മഹേഷ് നാരായണനുമാണ്. സംഗീത വിഭാഗം ശങ്കർ എഹ്സാൻ ലോയിയിൽ നിന്നും ജിബ്രാനിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുന്നു. ഗാനരചനയിലും കൊറിയോഗ്രഫിയിലും ആലാപനത്തിലും കമലഹാസന്റെ പേര് എഴുതിക്കാണിക്കുന്നുണ്ട്. ഇതൊക്കെ ഇങ്ങനെ പറഞ്ഞുപോവാമെന്ന് മാത്രം. രാഷ്ട്രീയ പാർട്ടിയൊക്കെ രൂപീകരിച്ചശേഷം ഇജ്ജാതി തട്ടിക്കൂട്ട് ഐറ്റവുമായി ജനങ്ങൾക്ക് മുന്നിലെത്തിയാൽ അവർ എട്ടിന്റെയല്ല പതിനാറിന്റെ പണി കാത്തുവെക്കും എന്നു മാത്രം ഓർത്താൽ നന്ന്

  English summary
  Kamal Hassan starrer Vishwaroopam 2 movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more