»   » പുതുമ എന്നത് വാക്കിലല്ല.. വിസ്മയിപ്പിച്ചുകൊണ്ട് കറുത്ത ജൂതനും സലീം കുമാറും... ശൈലന്റെ റിവ്യൂ!!

പുതുമ എന്നത് വാക്കിലല്ല.. വിസ്മയിപ്പിച്ചുകൊണ്ട് കറുത്ത ജൂതനും സലീം കുമാറും... ശൈലന്റെ റിവ്യൂ!!

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.5/5
  Star Cast: Salim Kumar, Ramesh Pisharody, Babu Annur
  Director: Salim Kumar

  കറുത്ത ജൂതന്‍ എന്ന് വിളിയ്ക്കപ്പെടുന്ന അവറോണി ജൂതന്റെ കഥ പറയുന്ന സലിം കുമാർ ചിത്രം. കംപാര്‍ട്ട്‌മെന്റ് എന്ന ചിത്രത്തിന് ശേഷം സലിം കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് കറുത്ത ജൂതൻ. സംവിധാനം മാത്രമല്ല, കഥയും സലിം കുമാറിന്‍റേത് തന്നെ. മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിന് നേടിക്കൊടുത്ത കറുത്ത ജൂതനെക്കുറിച്ച് ശൈലന്‍ എഴുതുന്നു...

  ഞെട്ടൽ.. വിസ്മയം.. അമ്പരപ്പ്..

  കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ മികച്ച കഥാകൃത്തിനുള്ള അവാർഡ് സലീം കുമാറിനാണെന്ന് അറിഞ്ഞപ്പോൾ പലരും ഞെട്ടൽ, വിസ്മയം, അമ്പരപ്പ് തുടങ്ങി വിവിധങ്ങളായ വികാരങ്ങൾ പ്രകടിപ്പിച്ചിരുന്നു.. പക്ഷെ, ഇന്ന് തിയേറ്ററുകളിൽ എത്തിയ , കറുത്ത ജൂതൻ എന്ന പ്രസ്തുത അവാർഡിനർഹമായ സിനിമ കാണുമ്പോൾ അവാർഡ് പ്രഖ്യാപനവേളയിൽ അനുഭവിച്ചതിന്റെ പതിന്മടങ്ങ് ഞെട്ടലുകളും വിസ്മയങ്ങളും അമ്പരപ്പുകളും ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്..

  പുതുമ എന്നത് വാക്കിൽ അല്ല..

  ഏത് ചവറുക്ലീഷെ സിനിമകൾ ഇറങ്ങുമ്പോഴും പുതുമ എന്നും ഫ്രെഷ്നെസ്സ് എന്നും ഉള്ള വാക്കുകൾ പിന്നണിക്കാർ അവകാശവാദമായി ഉന്നയിക്കാറുണ്ട്.. എന്നാൽ കറുത്ത ജൂതനിൽ സലീംകുമാർ മുന്നോട്ടു വെക്കുന്ന പ്രമേയവും രാഷ്ട്രീയവും അക്ഷരാർത്ഥത്തിൽ തന്നെ മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ ഒന്നാണ്.. അവാർഡുകൾക്കെല്ലാം മേലെ നിൽക്കുന്ന ഒന്ന്.

  ചരിത്രത്തിലേക്ക് ഒരു അടയാളപ്പെടുത്തൽ..

  2000 വർഷം മുൻപ് ഇസ്രായേലിൽ നിന്ന് പലായനം ചെയ്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കുടിയേറിയ ജൂതന്മാരുടെ കൂട്ടത്തിൽ കേരളത്തിൽ എത്തി കേരളീയജീവിതവുമായി അത്രമേൽ ഇണങ്ങി രണ്ടായിരം കൊല്ലത്തോളം ഇവിടെ മലയാളികളായി ജീവിച്ച മലബാറിജൂതന്മാരുടെ ചരിത്രമാണ് ആരോൺ ഇല്യാഹു എന്ന കേന്ദ്രകഥാപാത്രത്തെ മുൻ നിർത്തി സലീംകുമാർ സിനിമയിൽ കാണിച്ചുതരുന്നത്.. ചരിത്രം അവഗണിക്കപ്പെട്ട ഒരു അധ്യായമാണ് മലബാറി ജൂതരുടെത് എന്നതുകൊണ്ടുതന്നെ, മലയാളികൾക്ക് അവരുടെ ജീവിതം ഒട്ടൊക്കെ അപരിചിതമാണ്.. മലയാളത്തിലെ സിനിമയും സാഹിത്യവും ചരിത്രവും എല്ലാം ജൂതന്മാർ എന്ന പേരിൽ എക്കാലത്തും അടയാളപ്പെടുത്തിയിട്ടുള്ളത് മട്ടാഞ്ചേരിയിലെ വെളുത്ത യഹൂദന്മാരുടെ ഉപരിപ്ലവത മാത്രമാണ്.. അതിനോടുള്ള പ്രതിഷേധമായി മട്ടാഞ്ചേരിയിൽ നിന്നുള്ള ഒറ്റ ഷോട്ട് പോലും സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്..

  ബ്രില്ല്യന്റ് സ്ക്രിപ്റ്റിംഗ്..

  ഒറിജിനൽ സ്റ്റോറി എന്ന നിലയിൽ മാത്രമല്ല ടോട്ടൽ സ്ക്രിപ്റ്റിന്റെ പേരിൽ തന്നെ പുരസ്കാരങ്ങളും അഭിനന്ദനങ്ങളും അർഹിക്കുന്ന തരം ബ്രില്ല്യൻസ് ആണ് കറുത്ത ജൂതന്റെ രചനയിലുട നീളം സലീം കുമാർ പ്രദർശിപ്പിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള വർഷങ്ങൾ നീളുന്ന ഗവേഷണം കൊണ്ടുമാത്രമല്ല അത്.. ഇന്റർനാഷണൽ പൊളിറ്റിക്സിലേക്കും സമകാലിക മലയാളരാഷ്ട്രീയത്തിലേക്കും വർഗീയമായ അതിന്റെ അടിയൊഴുക്കുകളിലേക്കുമെല്ലാം ലിങ്കുകൾ പടർത്തിയിടുന്ന സ്ക്രിപ്റ്റിംഗിനെ അസാമാന്യം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ..‌ മാളയിലെ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ഒരു ജൂതന്റെ വീട് ആയിരുന്നു എന്ന കേട്ടറിവിൽ നിന്നാണ് സിനിമയുടെ വിത്ത് കിട്ടിയതെന്ന് സലീം കുമാർ പറഞ്ഞിട്ടുണ്ട്. എത്ര വിശാലവും അഗാധവുമായ ഒരു എക്സ്കവേഷൻ ആണ് ആ ഒരു പോസ്റ്റ് ഓഫീസിൽ നിന്നും അദ്ദേഹം നടത്തിയിരിക്കുന്നത് എന്നത് സലീം കുമാർ എന്ന മനുഷ്യന്റെ ജീനിയസ് അടയാളപ്പെടുത്തുന്നു..

  ആരോൺ ഇല്യാഹു എന്ന ആറോണി ജൂതൻ

  മുകുന്ദപുരം താലൂക്കിലെ ഒരു സമ്പന്നജൂതകുടുംബത്തിൽ ജനിച്ച ആരോൺ ഇല്യാഹു എന്ന അവറോണിജൂതന്റെ സമ്പൂർണ ജീവചരിത്രമായാണ് കറുത്ത ജൂതൻ അവതരിപ്പിക്കപ്പെടുന്നത്.. അല്ലലില്ലാത്ത ബാല്യകൗമാരങ്ങൾക്കിടയിൽ അയാൾക്ക് അച്ഛനെ നാഷ്ടപ്പെടുന്നു.. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം വിജ്ഞാനത്വരയാൽ അമ്മയെയും സഹോദരിയെയും വീട്ടിലാക്കി ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ജൂതസംസ്കൃതിയെകുറിച്ച് ഗവേഷണം നടത്താനായി അയാൾ ദീർഘയാത്ര പുറപ്പെടുകയാണ്.. അക്കാലത്ത് ജൂതന്മാർ എങ്ങനെ ആയിരുന്നു കേരളീയസമൂഹത്തിൽ സിങ്ക് ചെയ്യപ്പെട്ട് കിടന്നിരുന്നതെന്നും അവരുടെ ജീവിതസംസ്കൃതികൾ എപ്രകാരമായിരുന്നുവെന്നുമൊക്കെ ഇത്രയും ഭാഗങ്ങളിൽ നന്നായി പറഞ്ഞുവെക്കുന്നുണ്ട്..

  ജൂതരുടെ മടക്കം..

  അറിവുതേടിയുള്ള യാത്രക്കിടയിൽ, ഉത്തരേന്ത്യയിലെവിടെയോ വച്ച് അപകടത്തിൽ പെട്ട് കോമാസ്റ്റേജിൽ അവിടെ കിടപ്പിലാവുന്നതാണ് ആരോണിന്റെ ജീവിതത്തിലെ വഴിത്തിരിവ്.. മരിച്ചുപോയിട്ടുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ച് അയാളുടെ പെട്ടി മാത്രമാണ് വീട്ടിൽ തിരിച്ചെത്തുന്നത്. അതിനിടയിൽ വാഗ്ദത്തഭൂമി സ്വന്തമായ ലോകമെമ്പാടുമുള്ള ജൂതന്മാർ സ്വന്തം രാജ്യത്തിലേക്ക് യാത്രയാവുമ്പോൾ ആരോണിന്റെ അമ്മയും പെങ്ങളും ഉൾപ്പടെയുള്ള മലബാറിജൂതന്മാരും ഇസ്രായേലിലേക്ക് കപ്പൽ കയറുന്നു.. ആരോൺ എന്നെങ്കിലും തിരിച്ചുവരികയാണെങ്കിൽ കൈമാറാനായി തങ്ങളുടെ സ്വത്തുവകകളും രേഖകളും പഞ്ചായത്ത് അധികാരികളെ ഏൽപ്പിച്ചുകൊണ്ടാണ് അവർ പോണതെങ്കിലും ദശകങ്ങൾ കൊണ്ട് അത് പലരാൽ കയ്യേറപ്പെട്ടും അന്യാധീനപ്പെട്ടും നഷ്ടപ്പെട്ടുപോകുന്നു.. വാർധക്യാവസ്ഥയിൽ ഏതോ രാത്രിയിൽ വർത്തമാനകാല- മാളയിലേക്ക് തിരിച്ചെത്തുന്ന ആറോൺ നേരിടേണ്ടി വരുന്ന അന്യവൽക്കരണവും അനാഥത്വവും അസ്തിത്വപ്രശ്നങ്ങളും മറ്റും മറ്റും ആണ് കറുത്ത ജൂതന്റെ ഹൈലൈറ്റ്..

  അപ്രതീക്ഷിത വഴികൾ..

  ഇത്രയും പറഞ്ഞ പശ്ചാത്തലം തന്നെ മലയാത്തിലെ ഒരു ഫിലിം മേക്കർക്ക് അപ്രാപ്യമായ ലെവലിലുള്ളതാണെങ്കിൽ, തുടർന്ന് സമകാലിക കേരളത്തിൽ ആറോണി ജൂതൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ സലീം കുമാർ വരച്ചിിട്ടിരിക്കുന്നത് അതിലും ഉയർന്ന റെയ്ഞ്ചിലാണ്.. നാടുനിറയെ സ്വത്ത് ഉണ്ടായിട്ടും താൻ ജൂതൻ ആണെന്നോ ആറോൺ ആണെന്നോ തെളിയിക്കാനാവാതെ അധികാരികൾ കുരുക്കുന്ന കെണിയിൽ പെട്ട് പോസ്റ്റോഫീസായി മാറിയ തന്റെ വീടിന്റെ തിണ്ണയിൽ കിടക്കാനാവാതെ ജൂതൻ തെരുവിലെ ജ്ഞാനവൃദ്ധനാവുമ്പോഴുള്ള കാഴ്ചകൾക്ക് മിഴിവ് വളരെകൂടുതലാണ്.. യഹൂദൻ എന്ന വ്യക്തിത്വം തെളിയിക്കാനാവാതെ ജീവിതകാലം മുഴുവൻ അലഞ്ഞ ആരോണിന് അതേ ഐഡന്റിറ്റിയുടെ പേരിൽ തെരുവിൽ നേരിടേണ്ടി വരുന്ന രാഷ്ട്രീയപരമോ വർഗീയമോ ആയ അപ്രതീക്ഷിത അന്ത്യമാവട്ടെ സംവിധായകന്റെ സിഗ്നേച്ചർ പതിഞ്ഞ ഒന്നാണ്.. ഒരുപക്ഷെ അതിലൊരു വിവാദസാധ്യതയും അടങ്ങിയിട്ടുണ്ട്..

  ലുക്കിലല്ല കാര്യം

  2002 ൽ ഇറങ്ങിയ മീശമാധവനിൽ സലീം കുമാറിന്റെ കഥാപാത്രം "ലുക്കിലല്ല കാര്യം" എന്നുപറയുന്നുണ്ട്.. തുടർന്നുള്ള പതിനഞ്ചുകൊല്ലത്തെ അദ്ദേഹത്തിന്റെ ജീവിതം അക്ഷരാർത്ഥത്തിൽ അത് ശരി വെക്കുന്നതായിരുന്നു.. ഇതിനു മുൻപ് ഒരുപാട് നടന്മാരും നടിമാരും മലയാളത്തിൽ ഡയറക്ടറുടെ തൊപ്പി ഇട്ട് വന്നിട്ടുണ്ട്.. പക്ഷെ, കറുത്ത ജൂതൻ പോലൊരു സൃഷ്ടി അവർക്കാർക്കും സാധ്യമായിട്ടില്ല എന്നത് ഉറപ്പാണ്.. സലീം കുമാർ എന്ന മനുഷ്യനെ മലയാളം എത്ര മാത്രമാണ് അണ്ടർ എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നതെന്ന് കറുത്ത ജൂതൻ നിങ്ങൾക്ക് കാണിച്ചുതരും.. സിനിമയുടെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചവർ എല്ലാം തന്നെ പുതുമുഖങ്ങളോ പുതുമുഖ തുല്യരോ ആണെന്നത് സലീംകുമാർ എന്ന പ്രതിഭയുടെ തിളക്കം പിന്നെയുമേറ്റുന്നു.. സംവിധായകൻ , എഴുത്തുകാരൻ എന്നീ നിലകളിൽ മാത്രമല്ല ആരോൺ ഇല്യാഹി എന്ന കറുത്ത ജൂതന്റെ വിവിധ കാലഘട്ടങ്ങളിലുള്ള ജീവിതത്തിലൂടെ ഉള്ള സലീം കുമാറിന്റെ പകർന്നാട്ടവും വിവരണാതീതം...

  ഡോണ്ട് മിസ്സ് ഇറ്റ്

  കറുത്ത ജൂതൻ ഒരു മഹത്തായ സിനിമ അല്ലായിരിക്കാം.. കുറവുകളും പരിമിതികളും കണ്ടുപിടിക്കാൻ മെനക്കെട്ടിറങ്ങിയാൽ ഒരുപാട് അക്കമിട്ടെണ്ണാം.. പക്ഷെ, ഇതൊരു ഒഴിവാക്കാനാവാത്ത ( unavoidable) സിനിമയാണ് എന്നതിൽ എനിക്ക് ഒരു സംശയവുമില്ല.‌. കാരണം ഇതിൽ തമസ്കരിക്കപ്പെട്ട ഒരു ചരിത്രം അടങ്ങിയിരിപ്പുണ്ട്.. ആ അർത്ഥത്തിൽ കറുത്ത ജൂതൻ ചരിത്രത്തിന്റെ ഒരു റഫറൻസ് പുസ്തകം കൂടി ആണ്.. സോ, ഡോണ്ട് മിസ്സ് ഇറ്റ്..

  ചുരുക്കം: വ്യത്യസ്ത കഥാപാത്ര നിര്‍മിതിയില്‍ മാത്രം ഒതുങ്ങി കൂടിയ ഒരു ചിത്രമായി തൃശ്ശിവപേരൂര്‍ ക്ലിപ്തം മാറുന്നു.

  English summary
  Karutha Joothan movie review by Shailan.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more