»   » ചരിത്രത്തിന്റെ പകര്‍പ്പല്ല, ഇത് മുത്തശ്ശി കഥകളിലെ ഇതിഹാസ നായകനായ കൊച്ചുണ്ണി! റിവ്യു

ചരിത്രത്തിന്റെ പകര്‍പ്പല്ല, ഇത് മുത്തശ്ശി കഥകളിലെ ഇതിഹാസ നായകനായ കൊച്ചുണ്ണി! റിവ്യു

Subscribe to Filmibeat Malayalam

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  4.0/5
  Star Cast: Nivin Pauly, Mohanlal, Sunny Wayne
  Director: Roshan Andrews

  രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന റിസേര്‍ച്ചിന് ശേഷമാണ് കായകുളം കൊച്ചുണ്ണി എന്ന സിനിമ ജനിക്കുന്നത്. ആ റിസേര്‍ച്ചാകട്ടെ തിരക്കഥ ഒരുക്കുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, 1800കളിലെ കേരളത്തെ അതിന്റെ സ്വാഭാവികത ചോരാതെ അവതരിപ്പിക്കാന്‍ അത് ആവശ്യമായിരുന്നു എന്നതുകൊണ്ടാണ്. ഏറെ പ്രതീക്ഷയോടെ തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരോട് സംവിധായകന്‍ റോഷന്‍ ആഡ്രൂസ് നല്‍കിയ സൂചന, ഒരു അമര്‍ ചിത്രകഥ പോലെ വേണം സിനിമയെ സമീപിക്കാന്‍ എന്നായിരുന്നു. ഇത് മനസിലിട്ടുകൊണ്ടായിരുന്നു തിയറ്ററിനുള്ളിലേക്ക് പ്രവേശിച്ചത്.

  ഏട്ടന് ബ്ലോക്ക് ബസ്റ്ററുമായി അച്ചായന്‍! റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍

  കായംകുളം കൊച്ചുണ്ണിയുടെ റിവ്യൂ | filmibeat Malayalam

  ഐതീഹ്യമാലയില്‍ നിന്നും എടുത്ത കായംകുളം കൊച്ചുണ്ണി എന്ന മലയാളത്തിന്റെ റോബിന്‍ഹുഡിനെ സിനിമയാക്കിയപ്പോള്‍ ഐതീഹ്യമാലയ്ക്കുമപ്പുറം ഫിക്ഷനേയും ചേരുംപടി ചേര്‍ത്താണ് ബോബി സഞ്ജയ് ടീം ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 171 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ആരംഭിക്കുന്നത് കൊടുംകവര്‍ച്ചക്കാരനായ കായംകുളം കൊച്ചുണ്ണിയെ തൂക്കിലേറ്റുന്നതിന് നാളും നാഴികയും കുറിച്ചുകൊണ്ടുള്ള ദിവാന്റെ വാറോല വായനയോടെയാണ്. അവിടെ നിന്നും ഏറെ ദൂരം പിന്നിലേക്ക് സഞ്ചരിച്ച് കുട്ടിക്കാലത്ത് നിന്നും കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ച് തുടങ്ങുകയാണ്.

  പട്ടിണിയാണ് ബാപ്പൂട്ടിയെ കള്ളനാക്കി മാറ്റുന്നത്. പിടിക്കപ്പെട്ട ബാപ്പൂട്ടിയെ നാട്ടുകാര്‍ തല്ലി അവശനാക്കി ഉടുമുണ്ടുരിഞ്ഞ് മരത്തില്‍ കെട്ടിയിടുന്നു. മായാത്ത മുറിവായ് കിടക്കുന്ന ആ കാഴ്ചയാണ് കള്ളന്‍ ബാപ്പൂട്ടിയുടെ മകനായ കൊച്ചുണ്ണിയേക്കൊണ്ട് താന്‍ മോഷ്ടിക്കില്ല എന്ന തീരുമാനം എടുപ്പിക്കുന്നത്. ദുരാഗ്രഹികളായ സവര്‍ണ മേലാളന്മാര്‍ തങ്ങളുടെ കൊള്ള മറയ്ക്കുവാന്‍ കൊച്ചുണ്ണിയെ ഇരയാക്കി മാറ്റുകയാണ്. ചാട്ടവാറടിയും മര്‍ദ്ദനങ്ങളുമേറ്റ കൊച്ചുണ്ണിയെ മൂന്നുനാള്‍ തലകീഴായി കെട്ടിത്തൂക്കിയിടാനായിരുന്നു അവരുടെ തീരുമാനം. ദൂരെ നിന്നും ഒരു കുതിരക്കുളമ്പടി നാദം. കൊച്ചുണ്ണിയുടെ രക്ഷകനായി ഇത്തിക്കര പക്കി എത്തുകയാണ്.

  കൊച്ചുണ്ണിയുടെ ബാല്യവും യൗവ്വനവും പ്രണയവും അഭ്യാസവുമായി പതിഞ്ഞ താളത്തില്‍ മുന്നോട്ട് നീങ്ങിയ സിനിമയ്ക്ക് പുതിയ താള നല്‍കുന്നതായിരുന്നു ഇത്തിക്കര പക്കിയുടെ രംഗപ്രവേശം. ഒന്നാം പകുതിയെ ഉദ്വേഗത്തോടെ അവസാനിപ്പിക്കുകയാണവിടെ. 'ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു കഴിഞ്ഞു, ഇനിയാ തെറ്റങ്ങ് ചെയ്ത് കാണിക്ക്' എന്ന ഇത്തിക്കര പക്കിയുടെ വാക്കുകള്‍ കൊച്ചുണ്ണിയ്ക്കും സിനിമയ്ക്കും പുതിയൊരു താളം നല്‍കുകയാണ്. ഉശിരുള്ളവരോടേ താന്‍ പേര് പറഞ്ഞ് പരിചയപ്പെടുത്താറുള്ളു എന്ന് പറഞ്ഞാണ് ഇത്തിക്കര പക്കി തന്നെ കൊച്ചുണ്ണിയ്ക്ക് പരിചയപ്പെടുത്തുന്നത്. തങ്ങള്‍ ഗുരുക്കളില്‍ നിന്നും കളരി അടവ് പഠിച്ച കൊച്ചുണ്ണി ഇത്തിക്കര പക്കിക്ക് കീഴില്‍ ഒരു പോരാളിയ്ക്ക് വേണ്ട കരുത്താര്‍ജിക്കുകയാണ്.

  പാവപ്പെട്ടവരുടെ ആശ്രയവും സവര്‍ണ മേല്‍ക്കോയ്മയില്‍ മതിമറക്കുന്ന സമ്പന്നരുടെ പേടി സ്വപ്‌നവുമായി കൊച്ചുണ്ണി മാറുന്നു. എല്ലാ ദിവസവും നിസ്‌കരിക്കുമ്പോള്‍ കൊച്ചുണ്ണിയുടെ ഓര്‍മ്മയിലേക്ക് എത്തുന്ന ഒരു മുഖമുണ്ട്. ആ മുഖമാണ് കൊച്ചുണ്ണിയുടെ വിധി കുറിക്കുന്നത്. അപ്രതീക്ഷിതമായ ചതിയും നിനക്കാതെ എത്തുന്ന കരുതലും പ്രേക്ഷകര്‍ക്ക് ത്രില്ലിംഗായ ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു. കൊച്ചുണ്ണിയുടെ മരണം കുറിച്ചിട്ട തൂക്കുമരത്തിന്റെ ചുറ്റിലും കൂടി നിന്നവരില്‍ നിന്നും ഉയരുന്ന വായ്ത്താരിയില്‍ നിന്നുമാണ് ഉദ്വേഗജനകമായ ക്ലൈമാക്‌സിന്റെ ആരംഭം.

  ബോബി സഞ്ജയ് എന്ന തിരക്കഥാകൃത്തുക്കളുടെ തുലികയുടെ അടയാളങ്ങള്‍ ചിത്രത്തിലുടനീളം കാണാന്‍ സാധിക്കും. പൈങ്കിളി എന്ന ലാഘവത്തിലേക്ക് കൂപ്പുകുത്താത്ത പ്രണയാവതരണം തന്നെയാണ് അതിന്റെ ആദ്യ തെളിവ്. അത്രമേല്‍ തീവ്രവും ശക്തവുമായിട്ടാണ് കൊച്ചുണ്ണി എന്ന മുസല്‍മാന്റേയും ജാനകി എന്ന ശൂദ്രപ്പെണ്ണിന്റേയും പ്രണയത്തെ അവതരിപ്പിച്ചിരിക്കുന്നത്. പൊട്ടിത്തെറിക്കുന്ന അഗ്നി പര്‍വ്വതമായി മാറുന്ന കൊച്ചുണ്ണിയിലേക്കുള്ള സൂചനകള്‍ ആദ്യ പകുതിയില്‍ നല്‍കുന്നതിലും തിരക്കഥാകൃത്തുക്കള്‍ക്ക് വിജയിക്കാനായി. ആദ്യം ശാന്തമായും പിന്നീട് രൗദ്ര ഭാവമാര്‍ന്നും ഒഴുകുന്ന പുഴയുടെ താളവും വേഗവും ചിത്രത്തിന് നല്‍കുന്നതില്‍ ഗോപി സുന്ദറിന്റെ സംഗീതത്തിനും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗിനും പ്രധാന പങ്കുണ്ട്. മൂന്നേകാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രത്തെ രണ്ടേമുക്കാല്‍ മണിക്കൂറിലേക്ക് ചുരുക്കുന്നതിനുള്ള ഭാരിച്ച ഉത്തരവാദിത്വവും ശ്രീകര്‍ പ്രസാദിന്റേതായിരുന്നു.

  നിവിന്‍ പോളിയിലെ നടന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്ന കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. ജാനകിയായി എത്തിയ പ്രിയ ആനന്ദും ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലും മികവുറ്റ നിമിഷങ്ങള്‍ സമ്മാനിച്ചു. അതുവരെ പതിഞ്ഞ താളത്തില്‍ മുന്നോട്ടുപോയിരുന്ന ചിത്രത്തെ ചടുലമാക്കുന്നത് ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ പ്രകടനാണ്. ബാബു ആന്റണിയുടേയും സണ്ണി വെയ്‌ന്റേയും പ്രകടനങ്ങളേയും എടുത്ത് പറയേണ്ടതാണ്. തനിമ ചോരാതെ ഒരു കാലഘട്ടത്തെ പകര്‍ത്തി നല്‍കിയത് ബോളിവുഡ് ക്യാമറാമാനായ ബിനോദ് പ്രദനാണ്. ഭാഗ് മില്‍ക്ക ഭാഗം പോലുള്ള ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച ബിനോദ് പ്രദന്റെ സാന്നിദ്ധ്യം കായംകുളം കൊച്ചുണ്ണിയുടെ ദൃശ്യങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. എല്ലാത്തിലുമുപരിയായി റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനെ ഓരോ ഫ്രെയിമിലും അടയാളപ്പെടുത്തുണ്ട് കായംകുളം കൊച്ചുണ്ണി.

  മികച്ച ചലച്ചിത്രാനുഭവം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ഒരര്‍ത്ഥത്തിലും കായംകുളം കൊച്ചുണ്ണി നിരാശപ്പെടുത്തില്ല. സിനിമ നിലയില്‍ നൂറു ശതമാനവും നീതി പുലര്‍ത്തുന്ന സമീപനമാണ് റോഷന്‍ ആന്‍ഡ്രൂസും സംഘവും സ്വീകരിച്ചിരിക്കുന്നത്.

  ചുരുക്കം:ഐതീഹ്യമാലയിലെ വരമൊഴിയോടല്ല മുത്തശിക്കഥയെന്ന വാമൊഴിയോടും സിനിമയെന്ന മാധ്യമത്തോടും നീതി പുലര്‍ത്തുന്ന കായംകുളം കൊച്ചുണ്ണി.

  English summary
  Kayamkulam Kochunni movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more