»   » പേര് പോലെ അല്ല 'കുരങ്ങുബൊമ്മൈ' ഒന്നാന്തരമൊരു ത്രില്ലർ, തലയ്ക്ക് അടികിട്ടിയ ഷോക്ക് !!!ശൈലന്റെ റിവ്യൂ

പേര് പോലെ അല്ല 'കുരങ്ങുബൊമ്മൈ' ഒന്നാന്തരമൊരു ത്രില്ലർ, തലയ്ക്ക് അടികിട്ടിയ ഷോക്ക് !!!ശൈലന്റെ റിവ്യൂ

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.5/5
  Star Cast: Vidharth,P. Bharathiraja,Delna Davis
  Director: Nithilan Swaminathan

  കുരങ്ങുബൊമ്മൈ എന്ന് ഒരു സിനിമയ്ക്ക് പേരിട്ടാൽ എത്രപേർ ആ പോസ്റ്റർ കണ്ട് തിയേറ്ററിൽ കേറും എന്നെനിക്കറിയില്ല. പക്ഷെ, ഞാൻ കേറി. വെറുമൊരു കൗതുകമെന്ന നിലയിൽ മാത്രമല്ല.

  ഈറോഡ് നഗരത്തിൽ യാദൃച്ഛികമായി ചെന്നപ്പോൾ, ഞാൻ താമസിച്ചിരുന്ന ലോഡ്ജിന്റെ അരികത്തുണ്ടായിരുന്ന അഭിരാമി തിയേറ്റർ കോമ്പ്ലക്സിൽ ഈ സിനിമയ്ക്ക് പുറമെ മുൻപ് കണ്ട വിവേകം മാത്രമേ സിനിമയായി ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടുകൂടി ആയിരുന്നു അത്.

  പോസ്റ്ററിൽ ഉണ്ടായിരുന്ന ഭാരതിരാജയുടെ പടം മാത്രമായിരുന്നു കുരങ്ങുബൊമ്മൈ എന്ന പേരിനുപുറമെ ഉണ്ടായിരുന്ന ഏക പിടിവള്ളി..

  ബോര്‍ ആണെങ്കില്‍

  പടം തുടങ്ങാനായി സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ 106മിനിറ്റ് എന്ന ചെറിയ ടൈം ഡുറേഷൻ അതിൽ എഴുതി കണ്ടത് കൗതുകമായി. ബോറാണെങ്കിൽ കുറച്ചുനേരം സഹിച്ചാൽ മതി എന്ന ആശ്വാസവും.

  പക്ഷേ ഞെട്ടിച്ചു...തലയ്ക്ക് അടികിട്ടിയതുപോലെ

  പക്ഷെ, ഇതുപോലുള്ള കൗതുകത്തിനും ആശ്വാസത്തിനൊക്കെ അപ്പുറം ഒന്നാംകിട എന്നുതന്നെ എന്നുപറയാവുന്ന ഒരു സ്റ്റൈലൻ ത്രില്ലർ ആണ് അവിടുന്നങ്ങോട്ട് ആദ്യ ഫ്രെയിം മുതൽ അനുഭവിക്കാനായത്. അവസാനമായപ്പോഴേക്കും പടം തലയ്ക്കടി കിട്ടിയപോലെ ഒരു ഷോക്ക് ആണ് ബാക്കിവച്ചത്. തിയേറ്ററിൽ നിന്ന് ഇറങ്ങിയാലും തലക്കുള്ളിൽ ഒരു മൂളക്കം അവശേഷിപ്പിക്കുന്ന ഐറ്റം.

  പക്കാ റിയസലിസം

  പക്കാ റിയലിസത്തിലൂന്നിയ സംഭവങ്ങളിലൂടെയും കഥാഗതികളിലൂടെയും മുന്നോട്ട് പോയി, അവയെ നോൺലീനിയറായും ഹൈപ്പർലിങ്കുകളുടെയും മെനഞ്ഞ് മെനഞ്ഞ് കൂട്ടിയിണക്കി വിസ്മയം കാണിക്കുന്ന വെൽ മെയ്ഡ് തിരക്കഥ ആണ് കുരങ്ങുബൊമ്മയുടെ പ്രധാനശക്തി.

  ക്ലാസ്സ് ആണ്... അന്പരപ്പിക്കും

  സ്ക്രിപ്റ്റിനെ സ്ക്രീനിലേക്ക് പകർത്തിയിരിക്കുന്നതോ വെട്ട്രിമാരനിലോ അമീർ സുൽത്താനിലോ ഒക്കെ മുൻപ്‌കണ്ടിട്ടുള്ള ക്ലാസിലും. നിതിലൻ എന്ന് പേരായ ആളുടെ സ്ക്രിപ്റ്റ് ഡയറക്ടർ, ഡയറക്ടർ എന്നീ നിലകളിലുള്ള അരങ്ങേറ്റം എക്സലന്റ്. ഒരു ആദ്യസൃഷ്ടി ആണെന്ന് ഒരിടത്തും തോന്നിപ്പിക്കാത്ത ബ്രില്യൻസ്.. തൊണ്ടിമുതലിലെയൊക്കെ പോലീസ് സ്റ്റേഷൻ കണ്ട് കോൾമയിർകൊണ്ടവർ ഈ സിനിമയിലെ സ്റ്റേഷൻ സീക്വൻസ് ചുമ്മാ റഫറൻസിനുവേണ്ടി ഒന്ന് കാണുന്നത് നന്നായിരിക്കും. അമ്പരന്ന് പോയേക്കും

  കേന്ദ്ര കഥാപാത്രം

  ഇളിച്ചുകാണിക്കുന്ന ചിമ്പാൻസിയുടെ സ്റ്റിക്കർ ഒട്ടിച്ച ഒരു കറുത്തബാഗ് ആണ് സിനിമയുടെ കേന്ദ്രകഥാപാത്രം എന്നുവേണമെങ്കിൽ പറയാം. തഞ്ചാവൂർ ക്ഷേത്രത്തിൽ നിന്നും കവർച്ച ചെയ്യപ്പെട്ട അഞ്ചുകോടി മതിപ്പുവിലയുള്ള ഒരു തങ്കവിഗ്രഹം പ്രസ്തുതപട്ടണത്തിലെ തന്നെ ഗ്യാംഗ്സ്റ്റർ-കം-ഈർച്ചമിൽ മുതലയാളിയായ ഏകാംബരത്തിന്റെ കയ്യിൽ എത്തുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്.

  കഥയിങ്ങനെ തുടരുന്നു

  കവർച്ചയ്ക്ക് സാക്ഷിയാവുന്ന പോലീസുകാരനെ അയാൾ വളരെ നൈസായിട്ട് കൊല്ലുന്നുമുണ്ട്.. തുടർന്ന് അയാൾ ആ വിഗ്രഹം ചിമ്പാൻസി സ്റ്റിക്കറുള്ള കറുത്തബാഗിൽ ഒളിപ്പിച്ച് തന്റെ വിശ്വസ്തരിൽ വിശ്വസ്തനായ സുന്ദരം എന്ന വൃദ്ധന്റെ പക്കൽ ചെന്നൈയിലുള്ള ശേഖർ എന്ന കടത്തൽ ഏജന്റിന്റെ അടുത്തേയ്ക്ക് കൊടുത്തു വിടുന്നു. പിന്നീടുള്ള ആ ബാഗിന്റെ സഞ്ചാരപഥങ്ങളിലൂടെ ആണ് സിനിമയും മുന്നോട്ട് പോകുന്നത്.

  ഗ്യാംഗും പ്രണയവും പിരിയലും

  ഏകാംബരത്തിന്റെ ഗ്യാംഗ്, ശുദ്ധഗതിക്കാരനായ സുന്ദരത്തിന്റെ കുടുംബം, അയാളുടെ മകൻ കതിർ, കതിരിന്റെ പ്രണയം, കാമുകി വിജി... വിവാഹാലോചനയോളമെത്തുന്ന അവർ അടിച്ചുപിരിയുന്നത്, ചെന്നൈയിൽ അയാളുടെ ക്യാബ് ഡ്രൈവറായുള്ള ജോലി, ചെന്നൈയിൽ ഓപ്പറേഷനായി എത്തുന്ന കാമുകിയുടെ അച്ഛൻ, ശേഖറിന്റെ പണത്തോടുള്ള ആക്രാന്തം, അയാളുടെ ഗല്ലിയിലെ കുട്ടികൾ, പോക്കറ്റടിക്കാർ., വിജിയുടെ തിരിച്ചുവരവ്, അങ്ങനെയങ്ങനെ ഒത്തിരി സംഭവങ്ങളെയും സാഹചര്യങ്ങളെയും കഥാപാത്രങ്ങളെയും നോൺ-ലീനിയർ ആയി കറുത്ത കുരങ്ങുബാഗിനോടും സിനിമയോടും വിളക്കിച്ചേർത്തിരിക്കുന്നത് അതിവിദഗ്ദ്ധമായിട്ടാണ്.

  സൂചകമാണ് ആ ഇളിച്ചിവായന്‍

  ഇളിച്ചിവായനായ കുരങ്ങനെ പണത്തിനോടുള്ള മനുഷ്യന്റെ ആക്രാന്തത്തോടുള്ള സൂചകമായിട്ടാണ് നിതിലൻ ഉപയോഗിച്ചിരിക്കുന്നത്. അതിനുപിന്നാലെയുള്ള ഓട്ടത്തിനിടയിൽ ബാഗിനുള്ളിലെ ഉള്ളടക്കത്തിനുവരുന്ന രൂപാന്തരം കിടിലം കൊള്ളിക്കുന്നതാണ്.

  നായകന്‍

  മൈനയിലും കുറ്റ്രമേ ദണ്ഡനൈയിലും ഒക്കെ ശ്രദ്ധിക്കപ്പെട്ട വിധാർത്ഥ് ആണ് കതിർ എന്ന നായകവേഷത്തിൽ. ഹാപ്പി വെഡ്ഡിംഗിലൂടെ മലയാളികൾക്ക് പരിചയമുള്ള ഡെൽന ഡേവിസ് ലീഡിംഗ് ഫീമെയിൽ ക്യാരക്റ്റർ ചെയ്തിരിക്കുന്നു. എന്നാൽ പരമ്പരാഗത നായികാ-നായകസങ്കല്പങ്ങൾക്കപ്പുറമുള്ള സിനിമ ഇവർക്കുരണ്ടുപേരെയുമധികം ഫോക്കസ് ചെയ്യാതെ മറ്റു ചിലരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമികവിലേക്കാണ് ക്യാമറ തിരിച്ചുവെക്കുന്നത്. സുന്ദരമായി വരുന്ന ഭാരതിരാജയും ശേഖർ എന്ന ഫ്രോഡായി വരുന്ന ഇളങ്കോ കതിർവേലും തീർക്കുന്ന‌ നടനവിസ്മയം സ്ക്രീനിനെയും ക്യാമറയെയും വരെ രോമാഞ്ചപ്പെടുത്തുന്നതാണ്..

  ഭാരതിരാജ എന്ന വിസ്മയം

  1977 ൽ പതിനാറുവയതിനിലേയുമായി വന്ന് തമിഴ്സിനിമയിൽ നവവസന്തം തീർത്ത സംവിധായകനായ ഭാരതിരാജ, തന്റെ കരിയറിന്റെ ഒടുവിൽ ചെയ്ത ബൊമ്മലാട്ടവും അന്നക്കിളിയുമെല്ലാം അദ്ദേഹത്തിന് ഒട്ടും അഭിമാനിക്കാൻ വക നൽകുന്നതായിരുന്നില്ല.. എന്നാൽ ഈ എഴുപത്തിയാറാം വയസിൽ നടൻ എന്ന നിലയിൽ ഭാരതിരാജ നടത്തുന്ന പരകായപ്രവേശം അദ്ദേഹത്തിന്റെ സംവിധായകനെന്ന നിലയിൽ ഇതുവരെയുള്ള നേട്ടങ്ങൾക്കെല്ലാം മുകളിൽ ചൂടാൻ തക്കവണ്ണം തിളക്കമുള്ള ഒരു പൊൻ തൂവൽ തന്നെയാണ്.

  ഇളങ്കോ കുമാരവേൽ

  ഇളങ്കോ കുമാരവേൽ എന്ന നടന് സിനിമയിലെ കാസ്റ്റിംഗ് ലിസ്റ്റിൽ വളരെ അപ്രധാനമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. പക്ഷെ, തിയേറ്റർ ആർട്ടിസ്റ്റായ ഇളങ്കോയുടെ സിനിമയിൽ ഉടനീളമുള്ള പ്രകടനം നവാസുദ്ദീൻ സിദ്ദിഖിയെയും മനോജ് വാജ്പേയിയെയും അനുസ്മരിപ്പിക്കുന്നത്രയ്ക്ക് ക്ലാസ് ആയിരുന്നു. ഇയാളുടെ അഭിനയസന്നാഹങ്ങൾ കമ്പനി കാണാനിരിക്കുന്നേയുള്ളൂ എന്നുതോന്നുന്നു. ഏകാംബരമായി വരുന്ന പിഎൽ തേനപ്പനെയും പരാമർശിക്കാതിരിക്കാൻ തരമേയില്ല. കുരങ്ങുബൊമ്മൈ എന്ന സിനിമയുടെ ലക്ഷ്യപ്രാപ്തിയിൽ ഈ മൂവർക്കൊപ്പം ഒറ്റസീനിൽ വന്നുപോകുന്ന കുഞ്ഞുകുട്ടികൾ വരെ നിർണായകമാണ്.. ഓരോരുത്തരെയും കൃത്യമായി സ്പെയ്സ് ചെയ്തതും അനാവശ്യമെന്ന് തോന്നുന്ന ഒന്നും തന്നെ സിനിമയിൽ കാണാത്തതും നിതിലൻ എന്ന ഡയറക്ടറുടെ വിജയം.

  നിതിലന്‍

  ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ആളാണ് നിതിലൻ എന്ന് പിന്നീട് അറിഞ്ഞു.. ഷോർട്ട് ഫിലിമുകളിലൂടെ വന്ന് തമിഴ്സിനിമയിൽ ബ്രില്ല്യൻസ് കാണിക്കുന്ന യുവാക്കളുടെ നിര നിതിലനിലൂടെ തുടരുന്നു എന്ന് സാരം..

  ചുരുക്കം: ഒന്നാംകിട എന്നുതന്നെ എന്നുപറയാവുന്ന ഒരു സ്റ്റൈലൻ ത്രില്ലർ ആണ് ആദ്യ ഫ്രെയിം മുതൽ കുരങ്ങു ബൊമ്മൈ എന്ന ചിത്രം പ്രേക്ഷകന് നൽകുന്നത്.

  English summary
  Kuramgu Bommai movie review by Schzylan Sailendrakumar

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more