For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടിമുടി ഡാന്‍സ് മാത്രം, ഒപ്പം ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും; നിരാശപ്പെടുത്തില്ല!: ലക്ഷ്മി റിവ്യു!

  |

  ജിന്‍സ് കെ ബെന്നി

  ജേര്‍ണലിസ്റ്റ്
  മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

  Rating:
  3.0/5
  Star Cast: Ditya Bhande, Prabhu Deva, Aishwarya Rajesh
  Director: Vijay

  പ്രഭുദേവ എന്ന അഭിനേതാവിനൊപ്പം ഡാന്‍സറേയും പരമാവധി ഉപയോഗപ്പെടുത്തിയ ചിത്രങ്ങളായിരുന്നു രാഘവ ലോറന്‍സ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സ്‌റ്റൈല്‍, 2013ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം എബിസിഡി (എനി ബഡി ക്യാന്‍ ഡാന്‍സ്) എന്നിവ. അതേ ഗണത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ചിത്രമാണ് എഎല്‍ വിജയ് സംവിധാനം ചെയ്ത ലക്ഷ്മി. ഈ മൂന്ന് ചിത്രങ്ങളിലും ഡാന്‍സ് മാസ്റ്ററുടെ വേഷമാണ് പ്രഭുദേവയ്‌ക്കെന്നതും ശ്രദ്ധേയമാണ്.

  ഈ വര്‍ഷം തിയറ്ററിലെത്തുന്ന രണ്ടാമത്തെ എഎല്‍ വിജയ് ചിത്രമാണ് ലക്ഷ്മി. സായ് പല്ലവിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ദിയ എപ്രില്‍ 27നായിരുന്നു തിയറ്ററില്‍ എത്തിയത്. ദേവി എന്ന ചിത്രത്തിന് ശേഷം പ്രഭുദേവയും എഎല്‍ വിജയ്‌യും ഒന്നിക്കുന്ന ലക്ഷ്മി പ്രമേയമാക്കുന്നത് നടപ്പിലും ഇരുപ്പിലും കിടപ്പിലും മാത്രമല്ല ശ്വസിക്കുന്ന ശ്വാസത്തിലും ഡാന്‍സ് മാത്രമുള്ള ലക്ഷ്മി എന്ന പത്ത് വയസുകാരിയുടേയും അവളുടെ ഡാന്‍സ് മാസ്റ്ററായ വിജയ് കൃഷ്ണ എന്ന വികെയുടേയും കഥയാണ്.

  കഥാപരിസരം!

  കഥാപരിസരം!

  ഡാന്‍സ് എന്ന് കേള്‍ക്കുന്നത് പോലും ഇഷ്ടമല്ലാത്ത നന്ദിനിയുടെ മകളാണ് ലക്ഷ്മി. സംഗീതം കേട്ടാലുടന്‍ കാലുകള്‍ തനിയേ ചുവടുവയ്ക്കുന്നത്ര ഡാന്‍സ് പ്രാണനായ കുട്ടിയാണ് ലക്ഷ്മി. പ്രേക്ഷകര്‍ക്ക് മുമ്പേകൂട്ടി മനസിലാക്കാവുന്ന കാരണമാണ് അമ്മയുടേയും മകളുടേയും ഡാന്‍സ് പ്രിയാപ്രിയത്തിനുള്ളത്. പ്രൈഡ് ഓഫ് ഇന്ത്യ ജൂനിയര്‍ എന്ന ഡാന്‍സ് കോംപന്റീഷനില്‍ പങ്കെടുത്ത് വിജയിക്കുന്ന എന്നതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. ഓരോ സംസ്ഥാനത്തേയും മികച്ച ഡാന്‍സ് സ്‌കൂളുകളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. ലക്ഷ്മിയുടെ സ്‌കൂളിനോടു ചേര്‍ന്നുള്ള കഫേ കോഫി ഷോപ്പ് നടത്തുന്ന കൃഷ്ണയുമായി ലക്ഷ്മി പരിചയത്തിലാകുന്നു. അമ്മ അറിയാതെ ചെന്നൈയിലെ പ്രശസ്തമായ ഡാന്‍സ് സ്‌കൂളില്‍ പ്രവേശനം ലഭിക്കുവാന്‍ കൃഷ്ണയെ ലക്ഷ്മി ഉപയോഗിക്കുന്നു. രസകരമായി മുന്നോട്ടു പോകുന്ന ആദ്യ പകുതിയിലെ നിര്‍ണായകമായ ട്വിസ്റ്റും ഇന്റര്‍വെല്‍ പഞ്ചും പ്രഭുദേവയുടെ കൃഷ്ണ എന്ന കഥാപാത്രം വിജയ് കൃഷ്ണ എന്ന പൂര്‍ണ നാമദേയത്തില്‍ വെളിപ്പെടുന്നതോടെയാണ്. രണ്ടാം പകുതി പ്രൗഡ് ഓഫ് ഇന്ത്യ ജൂനിയര്‍ മത്സര വേദിയായ മുംബൈയിലാണ് നടക്കുന്നത്.

  എടുത്തു പറയേണ്ട പ്രകടനങ്ങള്‍!

  എടുത്തു പറയേണ്ട പ്രകടനങ്ങള്‍!

  ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ലക്ഷ്മിയെ അവതരിപ്പിച്ച ദിത്യ ഭാന്ദേയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഹിന്ദി ഡാന്‍സ് റിയാലിറ്റി ഷോയായ സൂപ്പര്‍ ഡാന്‍സര്‍ വിജയിയാണ് ദിത്യ. വിജയ് കൃഷ്ണ എന്ന ഡാന്‍സ് മാസ്റ്ററായി പ്രേക്ഷകര്‍ക്ക് വീണ്ടുമൊരു നൃത്ത വിരുന്ന് സമ്മാനിക്കുവാന്‍ പ്രഭുദേവയ്ക്കും സാധിച്ചു. നന്ദനി എന്ന കഥാപാത്രം ഐശ്വര്യ രാജേഷിന്റെ കൈയില്‍ ഭദ്രമായിരുന്നു. പ്രഭുദേവയ്‌ക്കൊപ്പം നില്‍ക്കുന്ന നൃത്ത പ്രകടനവുമായി നെഗറ്റീവ് ഷേഡുള്ള യൂസഫ് ഖാന്‍ എന്ന കഥാപാത്രമായി സല്‍മാന്‍ യൂസഫ് ഖാനും നിറഞ്ഞ് നിന്നു. പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരുത്തിയ പ്രകടനവുമായി ചെന്നൈ, മുംബൈ ടീമുകളിലെ മത്സരാര്‍ത്ഥികളായി എത്തിയ കുട്ടികളും തങ്ങളുടെ പ്രകടന മികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്നു.

  നഷ്ടബോധം തോന്നാത്ത രണ്ട് മണിക്കൂര്‍!

  നഷ്ടബോധം തോന്നാത്ത രണ്ട് മണിക്കൂര്‍!

  ആദ്യയോടന്തം ഡാന്‍സ് നിറഞ്ഞ് നില്‍ക്കുന്ന ദൃശ്യവിരുന്നിനെ വലിച്ചുനീട്ടി പ്രക്ഷകന്റെ ക്ഷമ പരീക്ഷിക്കാന്‍ എഎല്‍ വിജയ് എന്ന സംവിധായകന്‍ ശ്രമിച്ചില്ല എന്നത് തന്നെയാണ് ലക്ഷ്മിയുടെ പ്രേക്ഷക സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നത്. നിരവ് ഷായുടെ ഛായഗ്രഹണം ചിത്രത്തിന്റെ പ്രമേയത്തിന് കോട്ടം വരുത്താതെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നുണ്ട്. വിക്രം വേദ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ശ്യാം സിഎസിന്റെ സംഗീതം ചിത്രത്തിന്റെ ആസ്വാദ്യത ഉയര്‍ത്തുന്നു. ഡാന്‍സ്, ഇന്‍സ്പിറേഷണല്‍ മൂവി എന്നീ ഘടകങ്ങളെ പരിഗണിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് രണ്ടു മണിക്കൂര്‍ കണ്ട് ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു മികച്ച ചലച്ചിത്രാനുഭവമായിരിക്കും ലക്ഷ്മി എന്നതില്‍ തര്‍ക്കമില്ല. പ്രഭുദേവ എന്ന മികച്ച ഡാന്‍സറുടെ പ്രകടനവും പ്രതിസന്ധിയില്‍ പതറാതെ ലക്ഷ്യത്തിനായി പൊരുതിയ ലക്ഷ്മി എന്ന കഥാപാത്രവും തിയറ്റര്‍ വിട്ടിറങ്ങുമ്പോഴും പ്രേക്ഷകര്‍ക്ക് ഒപ്പം തന്നെയുണ്ടാകും.

  ചുരുക്കം: മനസ്സിലും സ്‌ക്രീനിലും സംഗീതവും നൃത്തവും മാത്രം നിറയ്ക്കുന്ന ഒരു മികച്ച ചലച്ചിത്രാനുഭവം തന്നെയാണ് ലക്ഷ്മി.

  English summary
  A biggest dance fest with touching emotional moments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X