»   » അടി ഇടി വെടി കോമഡി.. ലവകുശ ഒരു ലോ - ക്ലാസ് എന്റർടൈനർ.. ശൈലന്റെ റിവ്യൂ!!

അടി ഇടി വെടി കോമഡി.. ലവകുശ ഒരു ലോ - ക്ലാസ് എന്റർടൈനർ.. ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ലവകുശ നിരാശപ്പെടുത്തിയോ ? റിവ്യൂ കാണാം | filmibeat Malayalam

മലയാളസിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയരായ നീരജ് മാധവും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവകുശ. ദീപ്തി സതിയാണ് പ്രധാന സ്ത്രീകഥാപാത്രമായി എത്തുന്നത്. നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവകശ.

സമ്മയിക്കണം ദുൽക്കർ സൽമാനെ.. കൈവിട്ട കളി തന്നെയാണ് സോളോ.. ശൈലന്റെ സോളോ റിവ്യൂ!!

ലവകശയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നായകരില്‍ ഒരാളായ നീരജ് മാധവ് തന്നെയാണ്. ബിജു മേനോനും ശ്രദ്ധേയമായ ചില നുറുങ്ങുകളുമായി ചിത്രത്തിലുണ്ട്. ഞങ്ങള്‍ വെറും ലോക്കലാണ് സര്‍ എന്ന് ടീസറിലൂടെ പറഞ്ഞ ലവകുശ തീയറ്ററില്‍ എങ്ങനെയായിരുന്നു എന്ന് നോക്കാം? ശൈലന്‍റെ റിവ്യൂവിലേക്ക്...

പൃഥ്വിരാജ് പറഞ്ഞ സങ്കടം

അഞ്ച് കൊല്ലം മുൻപാണ് പൃഥ്വിരാജ് ഒരു ഇന്റർവ്യൂവിൽ മലയാളത്തിൽ യുവനായകന്മാർ മാത്രമല്ല പുതിയ ഹാസ്യ/സഹ/വില്ലൻ നടന്മാർ പോലും ക്ലച്ച് പിടിക്കാത്തതിലുള്ള സങ്കടം പ്രേക്ഷകരുമായി ആത്മാർത്ഥമായി പങ്കുവെച്ചത്.. പക്ഷെ പിന്നീടങ്ങോട്ട് നടന്ന മാറ്റങ്ങൾ കണ്ണടച്ച് തുറക്കുമ്പോലെ ആയിരുന്നു.. മലയാളത്തിന്റെ തിരശീലയിൽ പുതുമുഖങ്ങളായി വന്നവരിൽ എന്തെങ്കിലും കഴിവുള്ളവരെയെല്ലാം പ്രേക്ഷകർ ഏറ്റെടുത്ത ഒരു സുവർണകാലമായിരുന്നു അത്.

നീരജ് മാധവും അജു വർഗീസും

നീരജ്മാധവും അജു വർഗീസും എല്ലാം ആ കൂട്ടത്തിൽ പെട്ടവരാണല്ലോ എന്ന് ഇന്ന് 'ലവകുശ' കണ്ടോണ്ടിരുന്നപ്പോൾ തിയേറ്ററിൽ ഇരുന്നപ്പോൾ വെറുതെ ഓർത്തു.. തിയേറ്റർ ഏകദേശം ഫുള്ളായിരുന്നു , അജുവും നീരജും ടൈറ്റിൽ റോളിൽ വരുന്ന ഒരു ചെറിയ സിനിമ ആയിരുന്നിട്ട് പോലും.. അഞ്ചുകൊല്ലം കൊണ്ട് മലയാളി സിനിമാപ്രേക്ഷകന്റെ ആറ്റിറ്റ്യൂഡിൽ വന്ന മാറ്റങ്ങൾ വളരെ വലുത് തന്നെയാണ്.

നീരജ് മാധവിന്റെ വരവ്

2013 ൽ രാജ് പ്രഭാവതി മേനോൻ സംവിധാനം ചെയ്ത 'ബഡി" എന്ന സിനിമയിലൂടെ സ്ക്രീനിൽ എത്തിയ നടനാണ് നീരജ് മാധവ്. വടക്കൻ സെൽഫിയിലൂടെ അയാൾ മുൻനിരയിലേക്കുയർന്ന് വന്നു.. നാലുകൊല്ലമാവുമ്പൊഴേക്കും ഇരുപത്തേഴാംവയസിൽ തന്നെ സ്വയം ടൈറ്റിൽറോളിൽ (പാതി) പ്രതിഷ്ഠിക്കുന്ന ഒരു സിനിമയുടെ സ്ക്രിപ്റ്റെഴുതി പ്രേക്ഷകനെ അഭിമുഖീകരിക്കാനുള്ള ധൈര്യം അയാൾക്ക് ഉണ്ടാവുന്നത് മലയാളത്തിന്റെ മാറിയ ആറ്റിറ്റ്യൂഡ് കാരണം തന്നെയാണ്..

ലവകുശയുടെ ഹൈലൈറ്റ്

നീരജ് മാധവ് തിരക്കഥ എഴുതുന്നു എന്നത് തന്നെ ആയിരുന്നു ലവകുശ എന്ന സിനിമയുടെ പ്രധാന ആകർഷണം.. അജുവിനോടൊപ്പം അയാൾ നായകനാവുന്നു എന്നതും.. 'നീ കൊ ഞാ ചാ' എന്ന ശ്രദ്ധേയമായ ടൈറ്റിലും ഉള്ളടക്കവുമുള്ള സിനിമയിലൂടെ ഡയറക്ടർ ആയ ഗിരീഷ് മനോ സംവിധാനം ചെയ്യുന്നു എന്നതും പോസിറ്റീവ് ആയ ഒരു പ്രതീക്ഷ ആയിരുന്നു..

ലവകുശ ഇൻട്രോ

ട്രെയിലറിലൂടെ ഹിറ്റ് ആയ ആ അമേരിക്കൻ പോലീസ് ഗെറ്റപ്പ് സീനിലൂടെ തന്നെയാണ് ലവനും കുശനും സ്ക്രീനിൽ അവതരിക്കുന്നത്.. ചെന്നൈയിലെ ടാസ്മാക് ബ്രാണ്ടി ഷോപ്പിൽ ക്വാർട്ടർ ബോട്ടിൽ സ്റ്റോക്കില്ലാത്തതിനാൽ ഹാഫ് ബോട്ടിൽ ഷെയറിട്ട് വാങ്ങേണ്ടി വരുന്ന രണ്ട് അപരിചിതരായിട്ടാണ് കേന്ദ്രകഥാപാത്രങ്ങൾ തമ്മിൽ പരിചയപ്പെടുന്നതും നമ്മളെ പരിചയപ്പെടുത്തുന്നതും.. (സാങ്കേതികമായി ഈ സ്റ്റോക്കില്ലായ്മയിൽ ഒരു പന്തികേട് ഉണ്ട് എന്ന് ടാസ്മാക്കിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ ഒരിക്കലെങ്കിലും പോയവർക്ക് മനസിലാവും.. ഒരു ഫുള്ള് ചോദിച്ചാലും നാല് കോട്ടറെടുത്ത് തരുന്ന അവസ്ഥയാണ് അവിടെ)

ലവകുശയുടെ ഡെവലപ്പ്മെന്റ്

പേരൊന്നുമില്ലാതെ പരസ്പരം ബോസെന്ന് വിളിക്കുന്ന കൂതറയെന്ന് പറയാവുന്ന ലെവന്മാരുടെ തുടർന്നുള്ള ഒന്നിച്ചുള്ള യാത്രയാണ് സിനിമ.. രണ്ടാളുടെയും മണ്ടത്തരങ്ങളിലാണ് ഫോക്കസ്. തമിഴ് തെലുങ്ക് സിനിമകളിൽ ഇപ്പോൾ മലയാളി പെൺകുട്ടികൾക്കാണ് ഡിമാന്റെന്നും പറഞ്ഞ് കേരളത്തിലെ കാമ്പസുകളിലേയ്ക്ക് വച്ചുപിടിയ്ക്കുന്നതിനിടെ ട്രെയിനിൽ വച്ച് മണ്ടന്മാരുടെ കഥ സ്വർണക്കടത്തിലേക്കും ബിജുമേനോനിലേക്കും ത്രില്ലർ മൂഡിലേക്കുമൊക്കെ വഴിതിരിച്ചുവിടുന്ന രീതിയിൽ ആണ് ഡെവലപ്പ് ചെയ്യാൻ ആണ് നീരജ് മാധവ് ശ്രമിച്ചിരിക്കുന്നത്..

ബാക്കി ചിത്രം പറയും

അത് എവിടെയാണ് എത്തിയിരിക്കുന്നത് എന്നതിന് പടം സാക്ഷി.. " അടി ഇടി വെടി പുക.. വരുന്നിതാ ലവകുശ.." എന്ന വരികളിലൂടെ ആണ് പടത്തിന്റെ ടൈറ്റിൽ സോംഗ് സെറ്റ് ചെയ്തിരിക്കുന്നത്.. ലവകുശയുടെ ഒരു നിലവാരവും മൂഡും ധ്വനിപ്പിക്കാൻ ആ ഒരു പാട്ട് ധാരാളം. ട്രെയിലറും പാട്ടുമൊക്കെ കേട്ടിട്ടും അതിൽ കവിഞ്ഞ നിലവാരം സിനിമയിൽ നിന്നും പ്രതീക്ഷിച്ച് പോവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ വിഡ്ഢികൾ എന്ന് വിളിക്കാം.. തമിഴിൽ രാഘവ ലോറൻസ് ഒക്കെ ചെയ്യുന്ന തരത്തിൽ തീർത്തും അമച്വർ എന്നുപറയാവുന്ന ഒരു ട്രാക്കിലാണ് ലവകുശയുടെ പോക്ക്.. അതിനിടയിൽ യുക്തിയും നിലവാരവും ഒന്നും തിരയുന്നതിൽ പരം യുക്തിരാഹിത്യവും വേറെയില്ല..

രക്ഷകനായി ബിജുമേനോന്‍

പേരില്ലാതെ അവതരിച്ച് പിന്നീട് ലവ-കുശ എന്ന് സ്വയം പേരിടുന്ന നീരജിന്റെയും അജുവിന്റെയും ക്യാരക്റ്ററുകളോട് പ്രേക്ഷകന് തോന്നുന്ന സ്നേഹവാൽസല്യങ്ങൾ തന്നെയാണ് പടത്തിന്റെ ഏക മൂലധനം.. പടം മൊത്തം ബ്ലണ്ടറാണെങ്കിലും തിയേറ്ററിൽ നല്ല റെസ്പോൺസ് ആയിരുന്നു.. പക്ഷെ പടത്തിന്റെ ലെവലുമാറ്റുന്നതും അല്പമെങ്കിലും രക്ഷിച്ചെടുക്കുന്നതും ബിജുമേനോനും ജോയ് കാപ്പൻ എന്ന കഥാപാത്രവുമാണ്.. പതിവുപോലെത്തന്നെ മേനോൻ പൊരിച്ചു..

മറ്റ് രുചിക്കൂട്ടുകൾ ഇങ്ങനെ

ഡബിൾ ബാരലിലെ ബില്ലിയുടെ ചലനങ്ങൾ അനുസ്മരിപ്പിക്കുന്ന ഒരു വില്ലൻ ക്യാരക്റ്ററായി വിജയ് ബാബുവും ഉണ്ട്. പോലീസ് തലവനായി മേജർ രവിയും ജെന്നിഫർ എന്ന പോലീസ് ഓഫീസറായി ദീപ്തി സതിയും ഉണ്ട്. പടത്തിന്റെ മൊത്തത്തിലുള്ള ഒരു അസ്ഥിരത പാത്രസൃഷ്ടിയിലും മൊത്തത്തിലുണ്ട്.. ഗോപിസുന്ദറിന്റെ ബീജിയെം അത് ലക്ഷ്യം വെക്കുന്ന തരം പ്രേക്ഷകരെ ചാർജ് ചെയ്യുന്നുണ്ട്..

പ്രതീക്ഷകൾ ഭാരമാകും

മുൻപ് പറഞ്ഞപോലെ, വല്യക്കാട്ടെ സെൻസിബിലിറ്റി ഉള്ളവർ ഇത്തരം സിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ പരിസരത്ത് കൂടി പോവാതിരിക്കയാവും ഭേദം.. കൊതുകിനെ കൊല്ലാൻ മെഷിൻ ഗൺ ആവശ്യമില്ല.. യോസയെയും പാമുക്കിനെയും വായിക്കുന്ന കണ്ണും വച്ച് ശിക്കാരിശംഭുവും ജമ്പനും തുമ്പനും വായിക്കാൻ നിൽക്കരുത്..

English summary
Lavakusha movie review by Shailan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam