»   » കാത്തിരിപ്പ് വെറുതെയായില്ല.. ഈ മ യൗ അസാധ്യ ഞെട്ടിക്കൽ.. ശൈലന്റെ റിവ്യു..!!

കാത്തിരിപ്പ് വെറുതെയായില്ല.. ഈ മ യൗ അസാധ്യ ഞെട്ടിക്കൽ.. ശൈലന്റെ റിവ്യു..!!

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ലിജോ ജോസ് പെല്ലിശ്ശേരി നിരാശപ്പെടുത്തിയില്ല , ഈ മ യൗ റിവ്യൂ കാണാം | filmibeat Malayalam

  Rating:
  4.0/5
  Star Cast: Vinayakan, Chemban Vinod, Jose Dileesh Pothan
  Director: Lijo Jose Pellissery

  അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ഈ മ യൗ. പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് സൃഷ്ടിച്ച സിനിമ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനേദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യുസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് റിലീസാവുമെന്ന് പറഞ്ഞ് തിയേറ്റർ സ്ലിപ്പ് വച്ച് പോസ്റ്ററൊട്ടിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ. പോസ്റ്റർ കണ്ട് തിയേറ്ററിൽ ചെന്നപ്പോൾ ഓഖി ചുഴലിക്കാറ്റ് കാരണം റിലീസ് പിറ്റേന്നേക്ക് മാറ്റി എന്നായിരുന്നു അവരുടെ അറിയിപ്പ്. രണ്ട് ദിവസം കഴിഞ്ഞുചെന്നപ്പോൾ "ഒരു പിടിയുമില്ല കേട്ടാാ" എന്ന മട്ടിലായിരുന്നു ഉത്തരം. അതുകഴിഞ്ഞിപ്പോ അഞ്ചുമാസം കഴിഞ്ഞു. അതിനിടയിൽ ആദ്യത്തെ നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറുമൊക്കെ പടം ഇട്ടിട്ടുപോയെന്ന് കേട്ടു. സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സംവിധായകനും മികച്ച സഹനടിയ്ക്കും സൗണ്ട് ഡിസൈനും ഉള്ള പുരസ്കാരങ്ങൾ നേടി ഈ മ യൗ വാർത്തകളിൽ നിറഞ്ഞു. അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും ലിജോയുടെ പടം എന്നു പറഞ്ഞാൽ മലയാളി പ്രേക്ഷകനുള്ള പ്രതീക്ഷ ചില്ലറയൊന്നുമല്ല. ഇന്നിപ്പോൾ ഏറെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ശേഷം ആഷിഖ് അബുവിന്റെ ഓപിഎമ്മും പപ്പായ മീഡിയയും സിനിമ തിയേറ്ററുകളിൽ എത്തിച്ചപ്പോൾ ആ പ്രതീക്ഷകളെയെല്ലാം പതിന്മടങ്ങ് പൊലിപ്പിച്ച് ലിജോ അസാമാന്യമായ കാഴ്ചാനുഭവമായി ഈ മ യൗ വിനെ നമ്മളിലേക്ക് പകരുന്നു.. ഒരുപക്ഷെ റിവ്യുകൾക്കെല്ലാം അതീതമായ ഒന്ന്..

  പിഎഫ് മാത്യൂസിന്റെ ചാവുനിലം എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചിച്ച സ്ക്രിപ്റ്റ് ആണ് ഈ മ യൗ. പശ്ചിമ കൊച്ചിയുടെ തീരപ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കൻ ജീവിതത്തെ അതിന്റെ എല്ലാവിധ കലക്കത്തോടെയും തെളിച്ചത്തോടെയും ലൗഡ്നസ്സോടെയും പകർത്തിയിടാൻ പിഎഫ് മാത്യൂസിനോളം പ്രാപ്തനായ മറ്റൊരു എഴുത്തുകാരൻ മലയാളത്തിൽ ഇല്ല. അദ്ദേഹത്തിന്റെ ഇതുവരെയുള്ള രചനകൾ സാക്ഷി. കുട്ടിസ്രാങ്കിന്റെ സ്ക്രിപ്റ്റിന് ദേശീയ അവാർഡ് ലഭിച്ച പിഎഫ് മാത്യൂസിന്റെ രചന തന്നെയാണ് ഈ മ യൗവിന്റെ നട്ടെല്ല്. ലിജോയുടെ കിണ്ണം കാച്ചിയ മേക്കിംഗ് കൂടി ആയപ്പോൾ ബിജുക്കുട്ടൻ പയറ്റുമ്പോലെ 'ഒന്നും പറയാനില്ല' എന്ന ലെവലിലേക്കെത്തുന്നു.

  സന്ധ്യ മയങ്ങിയ ശേഷം നടക്കുന്ന ഒരു മരണവും അതിനെ തുടർന്നുള്ള ഒരു രാത്രിയും പിറ്റേന്നത്തെ പുലർകാലവും മാത്രമാണ് ഈ മ യൗവിന്റെ പശ്ചാത്തലം. ഇടക്കിടെ വീട്ടിൽ നിന്നും ഒരുപ്പോക്ക് പോവുന്ന വാവച്ചനാശാൻ കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം തുറയിലും വീട്ടിലും തിരിച്ചെത്തുന്നതും ഭാര്യ പെണ്ണമ്മയുടെ അതുമായി ബന്ധപ്പെട്ട പരിഭവങ്ങളും പെണ്മക്കളുടെ ആശ്വാസവചനങ്ങളുമൊക്കെയായി തീർത്തും പ്രസന്നമായ അന്തരീക്ഷത്തിലാണ് തുടക്കം. ഇത്തിരി കിളിപോയ പ്രകൃതമുള്ള ആശാൻ മകനുമായി ആമോദത്തോടെയും സ്നേഹത്തോടെയും സംസാരിച്ചിരിക്കുകയും ശവമടക്ക് അവിസ്മരണീയമാക്കുന്നതിനെക്കുറിച്ചും മറ്റും വാറ്റുചാരായമടിച്ച് ഉന്മാദത്തോടെ രണ്ടാളും ചർച്ച ചെയ്യുകയും ഓർമ്മകളുടെ ധാരാളിത്തത്തിൽ ചവിട്ടുനാടകമാടുകയും ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി തറയിൽ വീണ് മരിച്ചു പോവുകയും ചെയ്യുന്നു. ആ മരണം കുടുംബാംഗങ്ങളിലും അയൽക്കാരിലും തുറയിലെ മറ്റ് ആളുകളിലും ഉണ്ടാക്കുന്ന ആ രാത്രിയിലെ പ്രതികരണങ്ങൾ ആണ് ബാക്കിനേരം മുഴുവൻ.

  മലയാളം കണ്ട ഏറ്റവും ഗംഭീരമായ നോൺലീനിയർ സിനിമയായ സിറ്റി ഓഫ് ഗോഡ് ഒരുക്കിയ ലിജോ തന്നെ ഏറ്റവും ലീനിയറായി ഒരു തട്ടും തടവും ഫ്ലാഷ്ബാക്കും മറ്റ് ഡെക്കറേഷനുകളുമില്ലാതെ ഈ രാത്രിയെ ചിത്രീകരിച്ച് മറ്റൊരു വിസ്മയമാക്കി മാറ്റിയിരിക്കുന്നു. ലൈറ്റിംഗ് ഇല്ലാത്ത രാത്രികാലദൃശ്യങ്ങൾ വൈഡ് ആംഗിളിൽ രണ്ട് മണിക്കൂറിൽ മുഴുവനായി കാണിച്ചുതരുന്ന അവിസ്മരണീയാനുഭവം ലിജോ ജോസ് പെല്ലിശേരിയെന്ന ഫിലിം മെയ്ക്കറുടെ ടെക്ക്നിക്കൽ ബ്രില്യൻസിന് അടിവരയിടുന്നു.. ഷൈജു ഖാലിദിന്റെ ക്യാമറാവർക്ക് , പ്രശാന്ത് പിള്ളയുടെ ബീജിയെം, ദീപു ജോസഫിന്റെ എഡിറ്റിംഗ് എന്നിവയെല്ലാം അതിൽ മുഖ്യ ആകർഷണങ്ങൾ..

  കൈനകരി തങ്കരാജ് ആണ് വാവച്ചനാശാൻ. പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്നത് വാവച്ചന്റെ ഭാര്യ പെണ്ണമ്മയായി വരുന്ന പൗളി വിൽസൺ, മകൻ ഈശിയായി വരുന്ന ചെമ്പൻ വിനോദ്, ഈശിയുടെ കൂട്ടുകാരൻ പഞ്ചായത്ത് മെമ്പർ അയ്യപ്പനായ വിനായകൻ എന്നിവരാണ്. സ്റ്റേറ്റ് അവാർഡ് കിട്ടിയ പൗളിച്ചേച്ചിയെക്കുറിച്ച് കൂടുതൽ പറയുന്നില്ല. ആ ചാക്കാലവിളിയും നെഞ്ചത്തടിയും കുറേകാലം ചെവിയിലുണ്ടാവും.. നിസ്സഹായനായ മകന്റെ അന്തസംഘർഷങ്ങളുമായി അവാർഡുകൾക്കെല്ലാം മേലെ പോവുന്ന ഗാംഭീര്യമാണ് ചെമ്പന്റേത്.. അവസാനത്തെ അരമണിക്കൂറോളം നേരം പുള്ളിയങ്ങ് ഹൈജാക്ക് ചെയ്യുകയാണ് പടത്തെ.. നിസ്സഹായനായ മകന്റെ നിസ്സഹായനായ കൂട്ടുകാരനായി വിനായകനും ഒട്ടും കുറച്ചിട്ടില്ല..

  ഒരു വ്യക്തിയുടെ മരണമെന്നത് ഏറ്റവും അടുപ്പമുള്ള വളരെ ക്കുറച്ച് പേരെ മാത്രം ആഴത്തിൽ മുറിവേൽപ്പിക്കുകയും മറ്റുള്ളവർക്ക് തീർത്തും മെക്കാനിക്കലായി മെലോഡ്രാമ സൃഷ്ടിക്കാനുള്ള സന്ദർഭമൊരുക്കിക്കൊടുക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ്.. ഏറ്റവും അടുപ്പമുള്ളവരിൽ ചിലർക്ക് പോലും ശവമടക്ക് നീണ്ടുപോകുന്ന അവസരങ്ങൾ യാന്ത്രികതയായി പരിണമിയ്ക്കും.. അതിലെയൊരു ബ്ലാക്ക് ഹ്യൂമറിൽ ഫോക്കസ് ചെയ്തുള്ള സന്ദർഭങ്ങളും സംഭാഷണങ്ങളും ഈ മ യൗവിനെ ഒരു ഡാർക്ക് എന്റർടൈനർ കൂടിയാക്കി മാറ്റുന്നു. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ലൈവ് അല്ലാത്തതും വിരസമായതുമായ നേരങ്ങൾ ഒട്ടും തന്നെ ഇല്ല എന്നത് എടുത്തുപറയേണ്ടതാണ്..

  ഇതേ തീമും മരണവീടിന്റെ രാത്രി പശ്ചാത്തലവുമായി ഡോൺ പാലത്തറയുടെ 'ശവം' എന്നൊരു ഡാർക്ക് മൂവി ഇറങ്ങിയിരുന്നത് ഈ അവസരത്തിൽ ഓർക്കാതെ വയ്യ. ലിജോ അത് കണ്ടിരുന്നോ എന്നറിയില്ല. പക്ഷെ, ഞാൻ അത് മുന്നെ കണ്ടിരുന്നത് പേഴ്സണൽ ആയി എന്റെ ആസ്വാദനത്തെ അത് ചെറുതായി ബാധിച്ചു എന്ന് പറയാതെ വയ്യ. ചാവുനിലം പിഎഫ് മാത്യൂസ് 1996ൽ എഴുതിയ ഒരു നോവൽ ആയതുകൊണ്ട് ആർ ആരെ സ്വാധീനിച്ചു എന്നത് പോലുള്ള ആരോപണങ്ങൾക്കൊന്നും പ്രസക്തിയില്ല.. പിന്നെ ലിജോ ജോസ് പെല്ലിശേരി എന്ന ദൃശ്യമാന്ത്രികൻ സ്ക്രീനിൽ പകർന്നു തരുന്ന അനുഭൂതിയെന്നത് വേറിട്ട ഒന്നായതുകൊണ്ട് ഒരിക്കൽ കൂടി ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറിയാലും അതൊരു നഷ്ടമാവുകയുമില്ല.. ഇത് ചെറിയ സ്ക്രീനിൽ കാണേണ്ട ഒരു പടമേ അല്ല താനും...

  ചുരുക്കം: വ്യത്യസ്ത കാഴ്ചകളും സംഗീതവും നിശ്ശബ്ദതയും മനോഹരമായി ഇടകലര്‍ത്തി ഒരു പുതിയ സിനിമാനുഭവമാണ് ലിജോ ജോസ് പെല്ലിശ്ശേരി സമ്മാനിച്ചിരിക്കുന്നത്.

  അത്രയ്ക്ക് മോശമല്ല ചാണക്യതന്ത്രം.. താമരക്കുളത്തിന് പുരോഗതിയുണ്ട്... ശൈലന്റെ റിവ്യു..!!

  English summary
  Lijo Jose Pellissery's Ee Ma Yau movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more