For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദുഷിച്ച സമൂഹത്തിന്റെ നേർക്കാഴ്ച്ച - “ലവ് സോണിയ” അതിജീവനത്തിന്റെ ഞെട്ടിക്കുന്ന കഥ!!!

  |

  Rating:
  4.0/5
  Star Cast: Demi Moore, Mark Duplass, Freida Pinto
  Director: Tabrez Noorani

  ആദ്യം തന്നെ പറയട്ടെ ഇതൊരു എ സർട്ടിഫൈഡ് സിനിമയാണ്. പച്ചയായ ജീവിത സാഹചര്യങ്ങളെ അതേപടി പകർത്തിയ പ്യൂവർ ആർട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിന് നമ്മുടെ സെൻസർ ബോർഡ് നൽകിയ കിരീടമാണത്.

  നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നം കൈകാര്യം ചെയ്തിരിക്കുന്ന സിനിമ ഒരു മികച്ച കലാസൃഷ്ട്ടി തന്നെയാണ്. കലാപരമായി ഉയർന്ന് നിൽക്കുമ്പോഴും അതിനൊപ്പം ഒരു വാണിജ്യ സിനിമയ്ക്ക് ആവശ്യമായ ചേരുവകളും ചിത്രത്തിൻ അടങ്ങിയിരിക്കുന്നു എന്നതാണ് 'ലവ് സോണിയ’യുടെ ഏറ്റവും വലിയ മേന്മ.

  ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായ 'ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ’ പ്രദർശിപ്പിച്ച ലവ്‌ സോണിയ 'മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ’ മികച്ച ഇൻഡി ഫിലിം അവാർഡും നേടിയിട്ടുണ്ട്.

  തബ്റെസ് നൂറനി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 14 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്.

  ശ്രദ്ധേയ താരനിര :

  മൃണാൽ ഠാക്കൂർ എന്ന പുതുമുഖ നടി കേന്ദ്ര കഥാപാത്രമായെത്തിയ ലവ് സോണിയയിൽ മനോജ് വാജ്പേയി, രാജ് കുമാർ റാവു, റിച്ച ചദ്ദ, ഫ്രീദ പിന്റോ ,അനുപം ഖേർ, സായി തമൻകർ, റിയ സിസോദിയ എന്നിവർക്കൊപ്പം അമേരിക്കൻ നടി ഡമി മൂറെയും പിന്നെ ഹോളിവുഡിൽ നിർമ്മാതാവ്, നടൻ, സംഗീതജ്ഞൻ, എഴുത്തുകാരൻ എന്നീ നിലകളിൽ കഴിവു തെളിയിച്ച മാർക്ക് ഡുപ്ലസും അഭിനയിച്ചിരിക്കുന്നു.

  പ്രമേയം :

  നമ്മുടെ ചുറ്റുപാടുമുള്ള എത്രയോ പെൺകുട്ടികൾ ദിവസേന കാണാതാകുന്നുണ്ട്, ഇതിൽ കൂടുതൽ പേരും എത്തിച്ചേരുന്നത് സെക്സ് റാക്കറ്റുകളുടെ വലയിലേക്കാണ്. പോലീസിനും മറ്റ് സന്നദ്ധ സംഘടനകൾക്കും എളുപ്പം എത്തിച്ചേരാനാകാത്ത വിധം പടർന്ന് പന്തലിച്ച ഇത്തരം സംഘങ്ങൾ ഇന്ത്യക്ക് പുറത്തേക്കും പെൺകുട്ടികളെ വിപണന ചരക്കായി കടത്തുന്നു.

  മഹാരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിലെ രണ്ട് പെൺകുട്ടികൾ മുബൈയിലെ ചുവന്ന തെരുവിലേക്കും അവിടെ നിന്നും ഹോങ്കോങ്ങ് , ലോസ് ആഞ്ചലസ് തുടങ്ങിയ വിദേശ നഗരങ്ങളിലേക്കും വിൽപ്പനചരക്കായി എത്തപ്പെടുന്നതും അവരെ സഹായിക്കാനുള്ള മറ്റുള്ളവരുടെ ശ്രമങ്ങളുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

  സോണിയ എന്ന പതിനേഴുകാരി മുന്നിലുള്ള അപകടത്തെക്കുറിച്ചറിഞ്ഞിട്ടും തന്റെ കാണാതായ സഹോദരി പ്രീതിയെ അന്വോക്ഷിച്ചിറങ്ങുന്നതാണ് ചിത്രത്തിന്റെ കഥ.

  കഥയുടെ ചുരുക്കം :

  മഹാരാഷ്ട്രയിലെ ഉൾഗ്രാമത്തിലെ ഒരു കർഷകന്റെ മക്കളാണ്‌ സോണിയയും (മൃണാൽ ഠാക്കൂർ)പ്രീതിയും (റിയ സിസോദിയ).

  കൃഷി മെച്ചപ്പെടാതെ കടക്കെണിയിലായ കർഷകൻ തനിക്കൊരു ആൺകുഞ്ഞില്ലാത്തതിലും നിരാശനായിരുന്നു. ഈ നിരാശയിൽ ഇയാൾ തന്റെ പെൺമക്കളെ മർദ്ധിക്കാറുമുണ്ട്.

  താൻ പണം കൊടുക്കാനുള്ള നാട്ടിലെ ജന്മിയായ ബൽദേവ് സിംഗിന് (അനുപം ഖേർ )ഇയാൾ തന്റെ മൂത്ത മകൾ പ്രീതിയെ വിൽക്കുന്നു. അഞ്ജലി (സായി തമൻകർ) എന്ന സ്ത്രീയാണ് മുംബൈയിൽ ജോലിക്കെന്ന വ്യാജേന പ്രീതിയെ അവിടെ നിന്നും കൊണ്ട് പോകുന്നത്.

  സഹോദരിയെ കണ്ടെത്താനായി വീട്ടിൽ നിന്നും അച്ഛനും അമ്മയും അറിയാതെ ഇറങ്ങിത്തിരിക്കുന്ന സോണിയ ബൽദേവ് സിംഗിനടുത്തെത്തി തന്നേയും പ്രീതിയുടെ അടുത്തെത്തിക്കണം എന്ന് ആവശ്യപ്പെട്ടു.

  അങ്ങനെ അഞ്ജലി സോണിയേയും മുംബൈയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. താൻ സ്വയം ഒരു കെണിയിലേക്കാണ് നടന്നടുക്കുന്നത് എന്ന അറിവ് സോണിയക്ക് ഉണ്ടായിരുന്നു, പക്ഷെ തന്റെ സഹോദരിയെ കണ്ടെത്താൻ അവൾക്ക് വേറെ മാർഗ്ഗമില്ലായിരുന്നു.

  മുബൈയിലെ ചുവന്നതെരുവിലെ അനേകം പെൺവാണിഭ സംഘങ്ങളിലൊന്നിൽ എത്തിപ്പെട്ട സോണിയക്ക് അവിടെ തന്റെ സഹോദരിയെ കാണാനോ, അവിടെ നിന്നും പുറത്തുകടക്കാനോ കഴിഞ്ഞില്ല.

  സോണിയ എത്തിച്ചേർന്ന സംഘത്തിന്റെ തലവനാണ് ഫൈസൽ ( മനോജ് വാജ്പേയി). അവിടെ ശരീരം വിറ്റ് ജീവിക്കുന്ന നിരവധി പേരിൽ സോണിയ പരിചയപ്പെടുന്ന രണ്ട് പേരാണ് രഷ്മിയും (ഫ്രീദ പിന്റോ), മാധുരിയും (റിച്ച ചദ്ദ). ആരും ആഗ്രഹിച്ചിട്ട് എത്തിച്ചേർന്നതല്ല അവിടെ, മറിച്ച് ഒരോ സാഹചര്യങ്ങളാൽ എത്തപ്പെട്ടവരാണ്. പിന്നീട് തിരിച്ചു പോകാൻ കഴിയാതെ ആ ജീവിതം ഏറ്റെടുത്തവർ.

  ഇത്തരം സംഘങ്ങളുടെ കെണിയിൽ അകപ്പെടുന്ന ചെറിയ പെൺകുട്ടികളെ സഹായിക്കാൻ ചില സംഘടനാപ്രവർത്തകരും ശ്രമിക്കാറുണ്ട്. ചിലർ കസ്റ്റമറായി ഇത്തരം സ്ഥലങ്ങളിലെത്തി പെൺകുട്ടികളുമായി സംസാരിച്ച് അവരെ രക്ഷപ്പെടുത്താനുള്ള അവസരങ്ങൾ സൃഷ്ട്ടിക്കുന്നു. ഈ രീതിയിൽ സോണിയയേയും അവിടെയുണ്ടായിരുന്ന മറ്റൊരു കൊച്ചു പെൺകുട്ടിയേയും രക്ഷിക്കാനെത്തുന്ന സന്നദ്ധ പ്രവർത്തകനാണ് മനീഷ് (രാജ് കുമാർ റാവു ).

  പോലീസുമായി റെയിഡിനെത്തുന്ന മനീഷിന് അവിടെ നിന്നും ഒരു പെൺകുട്ടിയെ രക്ഷപെടുത്താൻ കഴിഞ്ഞുവെങ്കിലും സോണിയ പുറത്തു പോകാൻ വിസമതിച്ചു.

  അവിടെ നിന്നാലെ തനിക്ക് പ്രീതിയെ കണ്ടെത്താൻ കഴിയുകയുളളൂ എന്നതിനാലാണ് സോണിയ സ്വയം രക്ഷപെടാൻ ശ്രമിക്കാതിരുന്നത്.

  സിനിമയുടെ പകുതിയിലധികം കഴിഞ്ഞതിനു ശേഷം ചിത്രത്തിന്റെ ട്രാക്ക് ഒന്നുകൂടി തെളിയുകയാണ്.

  ഇറച്ചിക്കടയിലേക്ക്‌ കോഴികളെ കൂട്ടത്തോടെ കൊണ്ട് പോകുന്നതിലും ക്രൂരമായി സോണിയയും മാധുരിയുമടക്കമുള്ളവരെ ചരക്ക് കപ്പലിൽ ആദ്യം ഹോങ്കോങ്ങിലേക്കും പിന്നീട് ലോസ് ആഞ്ചലസിലേക്കും ഫൈസൽ അയക്കുകയാണ്.

  പ്രീതിയെ കണ്ടെത്തി രക്ഷിക്കുക എന്നതിനൊപ്പം താൻ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെയൊക്കെ അതിജീവിക്കാൻ സോണിയക്ക് കഴിയുമോ എന്നറിയാനായി നിങ്ങൾക്ക് സിനിമ കാണേണ്ടി വരും.

  കരുത്തുറ്റ കഥയും അവതരണവും :

  വളരെയധികം സാമൂഹിക പ്രസക്തിയുള്ള കഥയാണ് ചിത്രത്തിന്റെത്. തുടക്കത്തിൽ സോണിയയുടെ സുഹൃത്ത് ചിത്രശലഭത്തിനെ കുപ്പിയിലടച്ച് തനിക്ക് ആവശ്യമുള്ളപ്പോൾ കവിളിൽ അതിന്റെ ചുമ്പനം നേടുന്ന ഒരു രംഗമുണ്ട്. സിനിമയുടെ ആദ്യം തൊട്ട് അവസാനം വരെയുള്ള യാത്രയെ ആ ഒറ്റ രംഗത്തിൽ തന്നെ സംവിധായകൻ ഉൾക്കൊള്ളിച്ചിരിക്കുന്നു.

  യാഥാർത്യത്തിൽ നിന്നും അകന്നു നിൽക്കുന്ന രീതിയിലല്ല ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. അനാവശ്യമായി മോടിപിടിപ്പിക്കാതെ റിയാലിറ്റിയുമായി ചേർന്നു പോകുന്ന ആവിഷ്ക്കരണമാണ് ചിത്രത്തിലേത്. സോണിയയുടെ യാത്രയിലെ ഓരോ നിമിഷങ്ങളും പ്രേക്ഷകർക്ക് സ്വയം അനുഭവിച്ചറിയാൻ സാധിക്കും വിധമാണ് തന്റെ പതിമൂന്നോളം വർഷത്തെ അന്വോഷണത്തിനും അനുഭവങ്ങൾക്കും ശേഷം തബ്റെസ് നൂറനി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  ഈ കാലയളവിൽ സംവിധായകൻ ചില സന്നദ്ധ സംഘടനകൾക്കൊപ്പം പല കേന്ദ്രങ്ങളിലും രക്ഷാപ്രവർത്തനവും നടത്തിയിട്ടുണ്ട്.

  സിനിമയുടെ ഓരോ രംഗങ്ങൾ കഴിയും തോറും ശ്വാസം അടക്കിപ്പിടിച്ചും, ഞെട്ടലോടെയും മാത്രമാണ് തീയറ്ററിൽ ഇരിക്കാൻ കഴിഞ്ഞത്.

  സംവിധായകൻ വർഷങ്ങൾ കൊണ്ട് അന്വോഷിച്ച് കണ്ടെത്തിയത് രണ്ട് മണിക്കൂറിൽ പ്രേക്ഷകരിലേക്ക് ഫുൾ ഇംപാക്ടോടെ എത്തിക്കാൻ കഴിയുന്നു എന്നിടത്ത് അദ്ദേഹത്തിലെ കലാപ്രതിഭയുടെ മൂല്യം തിരിച്ചറിയാൻ സാധിക്കും.

  മനസ്സിനെ വേട്ടയാടുന്ന നിരവധി രംഗങ്ങളാണ് ചിത്രത്തിലുള്ളത്. അതിനുദാഹരണമാണ് ഇടവേളയോടടുത്ത് മനോജ് വാജ്പേയിയുടെ കഥാപാത്രം വഴിയോരത്ത് വാഹനത്തിൽ ഒരു മധ്യവയസ്സുകാരന്റെ കാമമിറക്കിവയ്ക്കാൻ സോണിയയെ വിട്ടുനൽകുന്ന രംഗം. ഈ അവസരത്തിൽ അയാൾ ആ പെൺകുട്ടിയുടെ ശരീരത്തിനിട്ട വിലയെന്താണെന്നോ? വെറുമൊരു സിഗരറ്റ് !

  മുംബൈ പോലെയുള്ള നഗരങ്ങളുടെ പുറമെ അറിയാത്ത വൃക്യതമായ മുഖം ചിത്രത്തിൽ വളരെ വ്യക്തമായാണ് വരച്ചുചേർത്തിരിക്കുന്നത്.

  ഇത്തരം സ്ഥലങ്ങളിൽ ജീവിക്കുന്നവരുടെ അവസ്ഥയേക്കാളും പരിതാപകരമാണ് അവിടെയുള്ള ചെറിയ കുട്ടികളുടെ കാര്യം.

  ചിത്രത്തിൽ വഴിയരുകിൽ മാങ്ങ വിൽക്കുന്ന ഒരു ചെറിയ ആൺകുട്ടിയോട് സോണിയ പോലീസിനെ തിരക്കുമ്പോഴുള്ള അവന്റെ മറുപടി കേൾക്കുമ്പോൾ സോണിയയെപ്പോലെ നമ്മളും അന്താളിച്ചു പോകും.

  കുറ്റങ്ങളൊന്നും പറയാനാകാതെ :

  പഴുതുകളടച്ച് ഭദ്രമാക്കിയ തിരക്കഥക്കും, മികച്ച സംവിധാനത്തിനുമൊപ്പം ചിത്രത്തെ മനസ്സിൽ നിന്നും മായാത്ത അപൂർവ്വ ആവിഷ്ക്കാരമാക്കുന്നത് താരങ്ങളുടെ അഭിനയമികവുതന്നെയാണ്. മനോജ് വാജ്പേയി, അനുപം ഖേർ, രാജ് കുമാർ റാവു എന്നീ അഭിനേതാക്കൾ തങ്ങളുടെ എല്ലാ ചിത്രങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രതിഭകളാണ്, ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

  കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഓരോ താരങ്ങളും ആരെയും എത്ര അഭിന്ദിച്ചാലും മതിയാവില്ല. അഭിനന്ദനമർഹിക്കുന്നവരിൽ മുൻപന്തിയിൽ തന്നെയാണ് സോണിയ എന്ന വളരെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിപ്പിച്ച നടി മൃണാൽ ഠാക്കൂറിന്റെ സ്ഥാനം. ഓരോ രംഗങ്ങളിലും മാറിമറിയുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ സ്ക്രീനിൽ വളരെ വ്യക്തമായി പ്രകടമാക്കാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്.

  ബോൾഡായ നിരവധി കഥാപാത്രങ്ങൾക്ക് ജീവനേകിയിട്ടുള്ള റിച്ച ചദ്ദയും, ഫ്രിദ പിന്റോയും ശരിക്കും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചച്ചത്.

  അമേരിക്കൻ - ബ്രിട്ടീഷ് സിനിമകളിലൂടെ അറിയപ്പെടുന്ന ഫ്രിദ പിന്റോ എന്ന

  നടിയെ പരിചയമുള്ളവർക്ക് തിരിച്ചറിയാൻ കൂടി കഴിയാത്ത വേഷപ്പകർച്ചയാണ് ലവ് സോണിയയിൽ കാണാൻ കഴിയുന്നത്.

  പൊതുവെ എല്ലാ മേഖലകളിലും മികവ് പുലർത്തുന്ന ചിത്രമാണ് ലവ് സോണിയ. ചിത്രത്തിന്റെ ദൃശ്യങ്ങളും, പശ്ചാത്തല സംഗീതവും ശബ്ദമിശ്രണവുമെല്ലാം മികച്ചതായിരുന്നു. എ ആർ റഹ്മാനും ബ്രിട്ടീഷ് സംഗീതജ്ഞ ബിഷപ്പ് ബ്രിഗ്സും ഒരുമിച്ചൊരുക്കിയ ‘ഐ ആം മോർ' എന്നൊരു ഗാനവും ചിത്രത്തിലുണ്ട്.

  റേറ്റിംഗ് - 4 / 5

  ഓരോ രംഗങ്ങളും അതിന്റെ പ്രസക്തി മനസ്സിലാക്കി

  വളരെ ശ്രദ്ധയോടെയും കരുതലോടെയുമാണ് സംവിധായകൻ ചിത്രത്തെ സമീപിച്ചിരിക്കുന്നത്.

  തന്റെ സഹോദരിയെ കണ്ടെത്തുക എന്ന അചഞ്ചലമായ സോണിയയുടെ ലക്ഷ്യത്തിലൂടെ സഞ്ചരിച്ച് സംവിധായകൻ തുറന്നുകാട്ടുന്ന നഗ്ന സത്യം കുറഞ്ഞ പക്ഷം വീട്ടിലൊരു പെൺകുട്ടിയുള്ളവർക്കെങ്കിലും കണ്ടില്ലെന്ന് നടിക്കാനാകാത്തതാണ്.

  സന്ദർഭങ്ങൾക്കനുസരിച്ചാണെങ്കിലും ചില അശ്ലീല ചുവയുള്ള ഭാഷാപ്രയോഗങ്ങളും (അതിൽ കുറേ ഭാഗത്തെ ശബ്ദം ഒഴിവാക്കിയിട്ടുമുണ്ട്), നഗ്നതയും, മറ്റും കടന്നുവരുന്നതിനാൽ അഡൾട്ട്സ് ഒൺലി എന്നാണ് ഇന്ത്യൻ സെൻസർ ബോർഡ് ‘ലവ് സോണിയ'യെ സർട്ടിഫൈ ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ കുടുംബ പ്രേക്ഷകർ ചിത്രത്തെ കൈയ്യൊഴിഞ്ഞു. ഡാർക്ക് വിഭാഗത്തിൽപ്പെടുന്ന ചിത്രം എന്ന ലേബൽ ഭൂരിഭാഗം യുവപ്രേക്ഷകരേയും ചിത്രത്തിൽ നിന്നും അകറ്റി നിർത്തുന്നു ( കോമഡി, റൊമാൻസ് ചിത്രങ്ങളോടാണ് യുവാക്കൾക്ക് കൂടുതൽ താൽപ്പര്യം).

  എന്റർടെയിൻമെന്റ് എന്നതിനപ്പുറം ഒരു കലാസൃഷ്ട്ടിയെ ആസ്വദിക്കാനും മനസ്സിലാക്കാനും തീയറ്ററിലേക്കെത്തുന്നവരുടെ എണ്ണം വളരെ കുറവായതിനാൽ വാണിജ്യപരമായി ചിത്രത്തിന് വലിയ നേട്ടം കൊയ്യാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ അതിനാൽ ചിത്രം മോശമാണെന്ന് പറയാൻ സാധിക്കില്ല.

  മികച്ച കലാസൃഷ്ട്ടി എന്ന് പറയുമ്പോൾ ‘അവാർഡ്' ടൈപ്പ് നേരം കൊല്ലി പടമാണെന്ന് ചിലർ തെറ്റിദ്ധരിക്കും, എന്നാൽ ചിത്രം അങ്ങനെയുമല്ല.

  വളരെ സെൻസിറ്റീവായ വിഷയം കൈകാര്യം ചെയ്യുന്നുവെങ്കിലും ചിത്രം ഒട്ടും ബോറടിപ്പിക്കുന്നതല്ല.

  തീയറ്ററിൽ ചിത്രം മിസ്സ് ചെയ്തിട്ട് ഡിവിഡി മേടിച്ചോ ടിവിയിൽ വരുമ്പോഴോ ചിത്രം കാണാം എന്ന് പ്രതീക്ഷിക്കരുത്, അതിനുള്ള സാധ്യത വളരെ കുറവാണ്.


  English summary
  love sonia bollywood movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more