»   » മദിരാശി പൊട്ടിപ്പൊളിഞ്ഞ് തിയേറ്റര്‍ വിട്ടു

മദിരാശി പൊട്ടിപ്പൊളിഞ്ഞ് തിയേറ്റര്‍ വിട്ടു

Posted By:
Subscribe to Filmibeat Malayalam
Madirashi
ആക്ഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നില്ല എന്നു കണ്ടപ്പോഴാണ് സംവിധായകന്‍ ഷാജി കൈലാസ് കോമഡിയിലേക്കു നീങ്ങിയത്. കോമഡി ചിത്രമൊരുക്കുമ്പോള്‍ അവകാശപ്പെട്ടിരുന്നത് മുമ്പ് രഞ്ജി പണിക്കര്‍ക്കൊപ്പം ചെയ്തിരുന്ന ഡോ. പശുപതിയെ പോലെ ഹിറ്റാക്കുമെന്നൊക്കെയായിരുന്നു. എന്നാല്‍ മലപോലെ വന്നത് എലിപോലെ പോയി എന്നു പറഞ്ഞ അവസ്ഥയായി. പവനാഴി ശവമായി. ഷാജി കൈലാസും ജയറാമും വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുചേര്‍ന്ന മദിരാശിയും പൊട്ടിപ്പൊളിഞ്ഞ് തിയറ്റര്‍ വിട്ടു. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കായി മദിരാശിക്ക് തിയറ്റര്‍ മാറികൊടുക്കേണ്ടി വന്നു.

സിനിമ കണ്ടിറങ്ങിയവര്‍ സംവിധായകനോടു ചോദിക്കുന്നതിതാണ്- മദിരാശി ആക്ഷന്‍ ചിത്രമാണോ, ഹ്യൂമറാണോ കുടുംബകഥയാണോ. അവിയല്‍ പരുവത്തില്‍ സിനിമയൊരുക്കിയാല്‍ വിഡ്ഢികളായ പ്രേക്ഷകര്‍ തിയറ്ററില്‍ കയറുമെന്ന തെറ്റിദ്ധാരണ ഇതോടെ ഷാജി കൈലാസിനു മാറിയിട്ടുണ്ടാകും. രാജേഷ് ജയരാമന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ യുക്തിയുടെ അംശം തൊട്ടുതീണ്ടിയിട്ടില്ല എന്നുതന്നെ പറയാം.

ജയറാമാണെങ്കില്‍ എത്രയോ തവണ ചെയ്തു മടുത്ത വേഷത്തിലും. ഇതിലും ഭേദം ജയറാം സിനിമയൊന്നും ചെയ്യാതെ വല്ല ക്ഷേത്രത്തിലും ചെണ്ട മുട്ടി കഴിയുകയാണ്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കഴിയുന്ന ചന്ദ്രന്‍പിള്ളയെന്ന കര്‍ഷകനെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഭാര്യ മരിച്ച ഇദ്ദേഹത്തെ വിവാഹം കഴിക്കാന്‍ പ്രേമം മുട്ടി നടക്കുകയാണ് മീരാനന്ദന്‍ അവതരിപ്പിക്കുന്ന ടീച്ചറുടെ വേഷം. ഇങ്ങനെ പ്രേമിക്കുന്നവരുടെ കാലമൊക്കെ മലയാള സിനിമയില്‍ നിന്ന് അകന്ന കാര്യം രാജേഷ് ജയരാമന്‍ അറിഞ്ഞിരിക്കില്ല.

കാരണം കുറച്ചുകാലമായി അദ്ദേഹം തിരക്കഥ രചിച്ചിട്ട്. സീരിയലില്‍ ഇതൊക്കെ നടക്കുമെങ്കിലും മലയാള സിനിമ യാഥാര്‍ഥ്യലോകത്താണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. സൈക്കിള്‍ വാങ്ങാന്‍ തമിഴ്‌നാട്ടിലെത്തുന്ന ചന്ദ്രന്‍പിള്ള നേരിടുന്ന പ്രതിസന്ധിയാണ് സിനിമയുടെ പ്രമേയം. ഒട്ടും വിശ്വസിക്കാന്‍ പറ്റാത്ത കഥ കാമറട്രിക്കിലൂടെ പ്രേക്ഷകന്റെ മനസ്സിലേക്കു കുത്തിക്കയറ്റാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍.

പൃഥ്വിരാജ് നായകനായ സിംഹാസനം തകര്‍ന്നപ്പോഴാണ് ഷാജി കൈലാസ് കോമഡിയിലേക്കു തിരിയാന്‍ തീരുമാനിച്ചത്. നല്ല തിരക്കഥ തിരിച്ചറിയാനുള്ള കഴിവില്ലാതെ പോകുന്നതാണ് ഈ ഹിറ്റ് സംവിധായകന്റെ ദുരവസ്ഥയ്ക്കു കാരണം. ഇനിയും ജയറാമിനെ തന്നെ നായകനാക്കി ചിത്രമൊരുക്കുകയാണ് ഷാജി. ജിഞ്ചര്‍ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രാജേഷ് ജയരാമന്‍ തന്നെ. അപ്പോള്‍ പിന്നെ ചിത്രം തിയറ്ററില്‍ എത്തും മുമ്പ് കാര്യങ്ങള്‍ പിടികിട്ടിക്കാണുമല്ലോ...

English summary
Madirasi is a stale film. Shaji Kailas's one more film became flop.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam