»   » സിവനേയ്..! ഇത് കീർത്തിസുരേഷ് തന്നെയോ? മഹാനടി എക്സലന്റ് (ഡി.ക്യുവും) ശൈലന്റെ റിവ്യൂ

സിവനേയ്..! ഇത് കീർത്തിസുരേഷ് തന്നെയോ? മഹാനടി എക്സലന്റ് (ഡി.ക്യുവും) ശൈലന്റെ റിവ്യൂ

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.5/5
  Star Cast: Keerthy Suresh, Dulquer Salmaan, Samantha Akkineni
  Director: Nag Ashwin

  ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി തെലുങ്കില്‍ നായകനായി അഭിനയിച്ച മഹാനടി കേരളത്തിലേക്കും റിലീസിനെത്തിയിരിക്കുകയാണ്. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. ദുല്‍ഖര്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അശ്വിൻ നാഗ് സംവിധാനം ചെയ്ത് വൈജയന്തി മൂവിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ സാമന്ത അക്കിനേനി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം.

  മഹാനടി

  ഇന്നലെ വരെ ഇൻഡ്യയിലെ തന്നെ മരപ്പാഴ് നടിമാരിൽ മുൻ നിരയിലായിരുന്നു കീർത്തി സുരേഷിന്റെ സ്ഥാനം. ഏത് സൂപ്പർഹീറോയുടെ നായികയായി കാസ്റ്റ് ചെയ്യപ്പെട്ടപ്പോഴും കീർത്തി വേവാത്ത കഷണമായിത്തന്നെ തുടർന്നു. ഏത് നടിയുടെയും നടന്റെയും തലവര വെട്ടിത്തിരുത്താൻ ഒറ്റ വെള്ളിയാഴ്ച മതി. കീർത്തി സുരേഷിന്റെ ആ വെള്ളിയാഴ്ച ഇന്നാണ്. മഹാനടി എന്ന് തമിഴിലും നടികൈയിൻ തിലകം (പ്രൈഡ് ഓഫ് ആക്ട്രസ്സസ്) എന്ന് തമിഴിലും ആദരവിശേഷണമുള്ള സാവിത്രി എന്ന ഇതിഹാസനടിയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കാൻ നാഗ് അശ്വിൻ എന്ന സംവിധായകൻ കീർത്തി സുരേഷിനെ നിയോഗിച്ചു എന്ന് കേട്ടപ്പോൾ മൂക്കത്ത് വിരൽ വച്ചിരുന്നു എല്ലാവരെപ്പോലും ഞാനും. പക്ഷെ സാവിത്രിയായുള്ള പകർന്നാട്ടത്തിനാൽ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു കീർത്തി. കുറ്റം കണ്ടുപിടിക്കാൻ പരിഹാസക്കണ്ണുമായിപ്പോയ ഞാൻ ചമ്മിപ്പോയി എന്നു തന്നെ പറയാം..

  സാവിത്രി

  പെരുമാറ്റത്തിൽ കുസൃതിക്കാരിയായിരുന്ന/ പതിനാലാം വയസിൽ സിനിമയിൽ നായികയായി കാസ്റ്റ് ചെയ്യപ്പെട്ടു ഡയലോഗ് ഡെലിവറി ശരിയാകാത്തതിനാൽ തഴയപ്പെട്ട/പതിനാറാം വയസിൽ ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായ/അൻപതുകളിൽ തെന്നിന്ത്യയിലെ താരറാണിയും മഹാനടിയുമായ/ഉദാരദാനശീലയായ/അഭിനയത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കിയ/സംവിധായികയായപ്പോഴും വിജയം വരിച്ച/ഭർത്താവിന്റെ ഫ്രസ്ട്രേഷനും വിചിത്ര സ്വഭാവങ്ങളും കണ്ട് മദ്യപാനത്തിന് അടിമയായ/നിർമ്മിക്കപ്പെട്ട പടങ്ങളുടെ പരാജയങ്ങൾ കാരണം സാമ്പത്തികമായി തകർന്നു പോയ/ഒന്നരക്കൊല്ലത്തിലധികം കോമാസ്റ്റേജിൽ കിടന്നശേഷം നാൽപ്പത്തഞ്ചാം വയസിൽ അന്തരിച്ച സാവിത്രി എന്ന പ്രതിഭയുടെ അനന്യസാധാരണമായ ജീവിതമാണ് നാഗ് അശ്വിന്റെ മഹാനടി എന്ന ബയോപിക്ക്. ഒരു വെറും കണ്ണീർക്കഥയായി അതിനെ മാറ്റാതെ ഒരു സിനിമയെന്ന നിലയിൽ പക്കാ പെഫക്റ്റ് ആയി സിദ്ധാർഥ് ശിവസ്വാമിയുടെ സ്ക്രിപ്റ്റിന്റെ പിൻബലത്തിൽ നാഗ് അശ്വിൻ എക്കാലത്തേക്കും അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റിയിരിക്കുന്നു.

  സ്ഥിരം ക്രാഫ്റ്റ് തന്നെ

  ജീവചരിത്ര സിനിമകളിൽ കാണുന്ന പതിവ് ശൈലിയിൽ മറ്റ് രണ്ടു പേർ തേടിക്കണ്ടു പിടിക്കുന്ന, അങ്ങിങ്ങായ് ചിതറിക്കിടക്കുന്ന ഓർമ്മക്കഷണങ്ങളായാണ് മഹാനടിയുടെയും കഥാഗതിയും ആഖ്യാനവും. സാവിത്രി കോമാസ്റ്റേജിൽ ആയിരുന്ന മരിക്കുന്നതിനു തൊട്ടുമുൻപുള്ള കാലഘട്ടത്തിൽ മധുരവാണി എന്ന സബ് എഡിറ്ററും വിജയ് ആന്റണി എന്ന പ്രസ്സ് ഫോട്ടോഗ്രാഫറും ചേർന്ന് തങ്ങളുടെ പത്രത്തിലേക്ക് ഫീച്ചർ ചെയ്യാനായി നടത്തുന്ന അന്വേഷണമായിട്ടാണ് സിനിമ പുരോഗമിക്കുന്നത്. സാമന്തയും വിജയ് ദേവർകൊണ്ടയുമാണ് പ്രസ്തുത ജീവചരിത്രാന്വേഷികളായി വരുന്നത്..

  ഡിക്യു മാജിക്ക്

  മഹാനടി സാവിത്രിയുടെ കഥ ആവിഷ്കരിക്കുമ്പോൾ അതിൽ സ്വാഭാവികമായും ഭർത്താവായിരുന്ന ജെമിനി ഗണേശന്റെ സ്ഥാനം നിർണായകമാണല്ലോ.. നായകനെന്നോ വില്ലനെന്നോ വേർതിരിച്ച് വിവക്ഷിക്കാനാവാത്ത കാതൽമന്നൻ ജെമിനി ഗണേശന്റെ റോൾ ഇന്തകാല കാതൽമന്നൻ ദുൽക്കർ സൽമാൻ വാക്കുകൾക്കതീതമായി മനോഹരമാക്കിയിരിക്കുന്നു. മാസ് മസാല സിനിമകളിൽ ഹീറോ സെൻട്രിക് ആയ എത്ര റോൾ വേണമെങ്കിലും തെരഞ്ഞെടുക്കാൻ അവസരങ്ങളുണ്ടായിട്ടും തെലുങ്കിൽ അരങ്ങേറാൻ മഹാനടിയുടെ നിഴലിൽ നിൽക്കുന്ന ഭർത്താവ് റോൾ ഏറ്റെടുത്ത ഡിക്യുവിന്റെ സെലക്ഷൻ ബ്രില്യൻസിനെ പരിപൂർണമായും ന്യായീകരിക്കുന്നു ജെമിനി ഗണേശനായുള്ള തിരജീവിതം. ഗൗരവസ്വഭാവമുള്ള വേഷങ്ങൾ ഡിക്യുവിന് ഇണങ്ങില്ല എന്ന് ആരോപിയ്ക്കുന്ന വിമർശകർക്കുള്ള മറുപടി കൂടിയണത്.. കാതൽ മന്നനും പ്രണയലോലുപനുമായുള്ള നേരങ്ങൾ മാത്രമല്ല പരാജയങ്ങൾ ഏറ്റ് വാങ്ങുമ്പോഴും ഭാര്യ തന്നെക്കാൾ പ്രശസ്തിയിലേക്ക് കേറുമ്പോഴുള്ള വിചിത്ര വികാരങ്ങളിലുമെല്ലാമുള്ള ഡിക്യുവിന്റെ "അമ്മാടീ.." വിളി തിയേറ്റർ വിട്ടും കൂടെ പോരും..

  മറ്റു കൗതുകങ്ങൾ..

  അൻപതുകളിലെയും അറുപതുകളിലെയും തെലുങ്ക് സിനിമാ ഉലകം കാണിക്കുമ്പോൾ സാവിത്രിയ്ക്കും ജെമിനി ഗണേശനും ഒപ്പം അക്കാലത്തെ പ്രശസ്ത നടന്മാരെയും പിന്നണിക്കാരെയുമൊക്കെ സ്ക്രീനിൽ കൊണ്ടുവരേണ്ടത് സ്വാഭാവികമാണല്ലോ. അക്കിനേനി നാഗേശ്വരറാവു ആയി വരുന്നത് അദ്ദേഹത്തിന്റെ ഗ്രാന്റ് സൺ നാഗചൈതന്യ ആണ്. സാവിത്രിക്കൊപ്പമുള്ള കുസൃതിയുള്ള നേരങ്ങൾ ചൈതന്യയുടെ ഇതുവരെയുള്ളതിൽ ബെസ്റ്റായി തോന്നി. തെലുങ്ക് ജനതയുടെ കൺകണ്ട ദൈവം നന്ദമൂരി താരക് രാമറാവു സീനിയറിന്റെ വടിത്തല്ലിനെ കമ്പ്യൂട്ടർ ഗ്രാഫിക്സിലൂടെ ആണ് പുന:സൃഷ്ടിച്ചിരിക്കുന്നത്. ചക്രപാണി എന്ന പ്രൊഡൂസറായി പ്രകാശ് രാജുമുണ്ട്. പ്രകടനത്തിൽ എടുത്തു പറയേണ്ട ഒരുപേര് രാജേന്ദ്രപ്രസാദിന്റെതാണ്. സാവിത്രിയുടെ അമ്മാവൻ ഹരികഥാകലാകാരനായി പുള്ളി ചുമ്മാ അങ്ങ് പൊളിച്ചു.

  ദൈർഘ്യം..

  മൂന്നുമണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും മഹാനടി എവിടെയും ബോറിംഗ് ആയി തോന്നിയില്ല. ഏറ്റെടുത്ത ഉദ്യമത്തിനോടുള്ള സംവിധായകന്റെ നൂറുശതമാനം ആത്മാർത്ഥത തന്നെ കാരണം. ക്യാമറയും സംഗീതവും ബാക്ക് ഗ്രൗണ്ട് സ്കോറും എഡിറ്റിംഗുമെല്ലാം സിങ്കായി കിടക്കുന്ന മഹാനടി ബയോപിക്ക് എന്നതിലുപരി ഒരു നല്ല സിനിമാനുഭവം കൂടിയാണ്. പെട്ടെന്നൊന്നും മറക്കാനാവാത്ത ഒത്തിരി നിമിഷങ്ങൾ ബാക്കി വച്ചുകൊണ്ടാണ് മഹാനടി സ്ക്രീനിൽ നിന്നും വിടവാങ്ങുന്നത്

  തീയേറ്റർ

  സുൽത്താൻ ബത്തേരിയിലെ മിന്റ് മാളിലുള്ള പിവിഎസ് ഫിലിം സിറ്റിയിൽ നിന്നാണ് മഹാനടി കണ്ടത്. മലയാളത്തിൽ ഏറ്റവുമധികം ഇനിഷ്യൽപുള്ളുണ്ടാക്കാൻ കെല്പുള്ള ഡിക്യുവിന്റെ ആരാധകർ ഇത്ര ഗംഭീര സിനിമയായിട്ടും പ്രകടനമായിട്ടും മഹാനടിയെ കാര്യമായെടുത്തില്ല എന്ന് തോന്നുന്നു.. ആകെ ഉണ്ടായിരുന്ന കുറച്ച് പേരിൽ ചിലർ ജെമിനി ഗണേശന്റെ ഇൻട്രോ സീനിൽ കടലാസ് കുത്തുകൾ പൊട്ടിച്ച് മേലേക്കെറിഞ്ഞു. ഷോകൾക്കിടയിൽ ഹാൾ ക്ലീനാക്കുന്ന ചേച്ചിമാർക്ക് പണിയായി. സുഹൃത്തുക്കളേ പേപ്പർബിറ്റുകൾ വാരിയെറിഞ്ഞ് അർമാദിക്കേണ്ട ഒരു പടമല്ല മഹാനടി. സോളോ പോലും ദിവസങ്ങളോളം ആഘോഷമാക്കിയ നിങ്ങൾ ഡിക്യുവിന്റെ ഏറ്റവും നല്ല പെർഫോമൻസുകളിലൊന്നിന് സാക്ഷ്യം വഹിക്കാൻ കൂടിയാണ് കൂടുതലായി തിയേറ്ററുകളിലെത്തൂ.

  ചുരുക്കം: മൂന്നുമണിക്കൂറോളം ദൈര്‍ഘ്യമുണ്ടെങ്കിലും മഹാനടി എവിടെയും ബോറിംഗ് ആയി തോന്നിയില്ല. ഏറ്റെടുത്ത ഉദ്യമത്തിനോടുള്ള സംവിധായകന്റെ നൂറുശതമാനം ആത്മാര്‍ത്ഥത തന്നെ കാരണം.

  ബി-ടെക് വെറും ബി-ടെക് പടമല്ല.. ഇത്തിരി ഡാർക്ക് പൊളിറ്റിക്സുമുണ്ട്.. ശൈലന്റെ റിവ്യൂ

  English summary
  Mahanati movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more