»   » വോൾട്ടേജ് കുറവാണ്, ഇക്കയെ കളിത്തോക്കാക്കി തട്ടിക്കൂട്ടിയ സ്ട്രീറ്റ് ലൈറ്റ്‌സിന്... ശൈലന്റെ റിവ്യൂ!

വോൾട്ടേജ് കുറവാണ്, ഇക്കയെ കളിത്തോക്കാക്കി തട്ടിക്കൂട്ടിയ സ്ട്രീറ്റ് ലൈറ്റ്‌സിന്... ശൈലന്റെ റിവ്യൂ!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
സ്ട്രീറ്റ് ലൈറ്റ്‌സിന് മങ്ങിയ വെട്ടമോ | filmibeat Malayalam

നവാഗതനായ ഷംദത്ത് സൈനുദീന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 2018 ലെ ആദ്യ സിനിമ റിലീസിനെത്തിയിരിക്കുകയാണ്. സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്ലേ ഹൗസ് മോഷന്‍ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ആക്ഷന്‍ മാത്രമല്ല കോമഡിയുമുണ്ട്! വീര്യം കുറയാതെ സ്ട്രീറ്റ് ലൈറ്റ്‌സ് ആവേശമാവുന്നു! ആദ്യ പ്രതികരണം..

മമ്മൂട്ടിയ്‌ക്കൊപ്പം സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, ഹരീഷ് കണാരാന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രധാന്യം കൊടുത്ത് തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് ആദ്യദിനം തണുത്ത പ്രതികരണമാണോ കിട്ടിയത്? സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

സ്ട്രീറ്റ് ലൈറ്റ്‌സ്..

ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ ഷാംദത്ത് സൈനുദ്ദീൻ സംവിധാന രംഗത്തേയ്ക്ക് കൂടി ചുവടുവെക്കുന്ന സംരംഭമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മലയാളം-തമിഴ് ബൈലിംഗൽ ഫിലിം എന്ന് പറയപ്പെടുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ഒരു മമ്മൂട്ടിച്ചിത്രമെന്ന നിലയിൽ ആണ് തിയേറ്ററിൽ എത്തിയത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ പ്ലേ ഹൗസ് മോഷന്‍ പിക്‌ച്ചേര്‍സാണ് സിനിമയ്ക്കായി പൈസ മുടക്കിയിരിക്കുന്നത്. എങ്കിലും അദ്ദേഹത്തെ ഒരു കളിത്തോക്കാക്കി ആണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത് എന്നതാണ് സ്ട്രീറ്റ് ലൈറ്റിന്റെ ഒരു ഹൈലൈറ്റായി എടുത്ത് പറയാവുന്ന കാര്യം.

കവർച്ചയും അന്വേഷണവും

ബ്ലാക്ക് മണിക്കാരനും ജ്വല്ലറി മൊയലാളിയുമായ സൈമൺ (ജോയി മാത്യു)ന്റെ വീട്ടിൽ സച്ചു, രാജു, മുരുകൻ എന്നിവർ നടത്തുന്ന ഒരു കവർച്ചാശ്രമം പാളിപ്പോവുന്നെങ്കിലും ഓടുന്ന ഓട്ടത്തിൽ പൊട്ടിച്ചെടുക്കുന്ന ഭാര്യയുടെ മാലയിൽ 5കോടി മൂല്യമുള്ള സൗത്ത് ആഫ്രിക്കൻ ഇമ്പോർട്ടഡ് ഡയമണ്ട്സ് ഉണ്ടായിരുന്നു എന്നതിനാൽ അതിനെ ചുറ്റിപ്പറ്റിയുള്ള 24മണിക്കൂർ സംഭവങ്ങളും പ്രധാന കഥാപാത്രങ്ങളുടെ ചില ഫ്ലാഷ്ബാക്കുകളും കൂട്ടിവച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മൊയലാളി ആകെ മൊത്തം ബ്ലാക്ക് ആയതിനാൽ കവർച്ചയുടെ കാര്യം പോലീസിൽ അറിയിക്കാൻ കഴിയാത്തതെ കൈംബ്രാഞ്ചിൽ ഉദ്യോഗസ്ഥനും (റാങ്ക് വ്യക്തമല്ല) തന്നെ അങ്കിൾ എന്ന് വിളിക്കുന്നവനുമായ മരുമകൻ ജെയിംസിനെ വിളിച്ചുവരുത്തി പാരലൽ ഇൻ_ വെസ്റ്റിഗേഷൻ ആണ് നടത്തിക്കുന്നത്. മരുമകൻ ജെയിംസ് എന്നാൽ ഇക്ക ആണെന്നതും അങ്കിളിന്റെ ഭാര്യ എന്ന അമ്മായി നീനാ കുറുപ്പ് ആണ് എന്നതും ആണ് ഈ ഘട്ടത്തിൽ പ്രസ്താവ്യമായ രണ്ടു കാര്യങ്ങൾ. മുപ്പതുകൊല്ലം മുൻപ് 1987 ഫെബ്രുവരി 12‌ ന് റിലീസായ "ശ്രീധരന്റെ ഒന്നാം തിരുമുറിവ് " എന്ന ഇക്കാ ചിത്രം, നായികയായ നീനാകുറുപ്പ് ഒരു നരുന്ത് പെണ്ണായിരുന്നു എന്നതിന്റെ പേരിൽ പൊട്ടിച്ചു കയ്യിൽ കൊടുത്ത പ്രേക്ഷകരോട് പ്രതികാരം ചെയ്യാനായി അതേ നീനാകുറുപ്പിനെ ഇക്ക തലങ്ങും വിലങ്ങും "അമ്മായീ..." ന്ന് വിളിച്ച് ഇക്ക കൊലവിളിക്കുന്നത് കണ്ട് പ്രേക്ഷകർക്ക് രോമാഞ്ചം കൊള്ളാനുള്ള അസുലഭാവസരം സംവിധായകൻ ഇവിടെ ഒരുക്കിയിരിക്കുന്നു.

ധർമ്മജനും കണാരനും..

കവർച്ചാ സംഘത്തിൽ പെട്ട ഏറെക്കുറെ മണ്ടന്മാരായ സച്ചുവും രാജുവും ഇക്കാലത്തെ മിനിമം ഗ്യാരണ്ടി സൂപ്പർസ്റ്റാർമാരായ ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരാണ് എന്നതാണ് പടത്തിന് ലൈഫ് എന്തെങ്കിലും കൊടുക്കുന്നത്. രണ്ടുപേരുടെയും അലസസംഭാഷണങ്ങൾ പതിവുപോലെ തിയേറ്ററിന് ഉണർവ്വേകുന്നു. അലമാര പൊളിക്കുമ്പോൾ വെളിച്ചം കിട്ടാനായി ഓണാക്കി വച്ചിരുന്ന ഫോൺ കണ്ടെടുത്ത ഇക്ക ഗ്യാലറിയിൽ നിന്നും കവർച്ചക്കാർ ധർമ്മജനും കണാരനും ആണെന്ന നഗ്നസത്യം മനസിലാക്കി അവരെ വിടാതെ തുരത്തി വേട്ടയാടുന്നു. സംഘത്തിലെ മൂന്നാമൻ മുരുകൻ ഒരു അന്തർസംസ്ഥാന ക്രിമിനൽ ആണെന്ന മറ്റൊരു തുണിയുടുക്കാത്ത സത്യം കൂടി ഈ ഘട്ടത്തിൽ ഇക്ക വെളിപ്പെടുത്തുകയും ഉപോദ്ബലകമായി തേനിയിലെ ഒരു ഫ്ലാഷ്ബാക്ക് ഇടുകയും ചെയ്യുന്നു. ഇന്റർസ്റ്റേറ്റുകാരൻ എന്തിന് ഈ പൊട്ടന്മാരെ കവർച്ചയ്ക്ക് കൂട്ടുപിടിക്കണം എന്ന സംശയമൊക്കെ ഷാംദത്തിനോട് നേരിട്ട് തന്നെ ചോദിക്കേണ്ടി വരും.

നോൺലീനിയർ ആഖ്യാനവും ഉപകഥാപാത്രങ്ങളും

കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയൊക്കെ ആണ് എങ്കിലും എഴുത്തുകാരനായ ഫവാസ് മുഹമ്മദ് സ്ക്രിപ്റ്റ് മെനഞ്ഞിരിക്കുന്നത് നോൺ-ലീനിയർ ആയിട്ടാണ്. മോഷ്ടിക്കപ്പെട്ട അഞ്ചുകോടി നെക്ക്ലേസിന്റെ ഒരു ദിവസത്തെ സഞ്ചാരപഥം കാണിക്കുന്നതിനിടെ സഹകഥാപാത്രങ്ങളിൽ ചിലരുടെ അരികുജീവിതം മിഴിവോടെ കാണിക്കാൻ കഴിയുന്നുണ്ട്. ബീവറേജിൽ നിന്നും പൈന്റ് വാങ്ങി ബ്ലാക്കിൽ വിൽക്കുന്ന ചന്ദ്രന്റെ മകൻ മണിയുടെ സ്കൂൾ ജീവിതം. ബാർബർ ഷോപ്പുകാരനായ സൗബിന്റെ വൺ_വേ പ്രേമം എന്നിവയൊക്കെ രസകരമായി എടുത്തിട്ടുണ്ട്. ഇക്ക തേനിയിൽ പോയി മൊട്ട രാജേന്ദ്രൻ ലീഡറായ ഒരു ക്രിമിനൽ ഗ്യാംഗിനെ സുട്ടു തള്ളുന്ന ഒരു സർവീസ് സ്റ്റോറിയും അതിനിടയിൽ ഫ്ലാഷ്ബാക്കിൽ വരുന്നു. ഒടുവിൽ എല്ലാകഥകളും സ്വാഭാവികമായും നെക്ക്ലേസുമായി കണക്റ്റഡ് ആകുന്നു

നെഗറ്റീവും പോസിറ്റീവും..

ഒരു മമ്മൂട്ടിചിത്രമായി അവതരിപ്പിച്ചു എന്നത് തന്നെയാണ് പടത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ്. അതേസമയം തന്നെ മമ്മൂട്ടിയെ ഒരു കഥാപാത്രമായി ഒതുക്കുന്നതിൽ മറ്റ് സംവിധായകർക്ക് കഴിയാത്തവിധം ഷാംദത്ത് വിജയിക്കുന്നുമുണ്ട്. എൻഡിംഗിലെ ചില നന്മമര ഗീർവാണങ്ങൾ കണ്ടില്ലെന്ന് വച്ചാൽ ഉള്ള കഥയില്ലായ്മയ്ക്ക് ഒരു ക്രാഫ്റ്റ് നൽകുന്നതിലും നോൺ-ലീനിയറിനെ വട്ടമൊപ്പിച്ച് കൂട്ടിമുട്ടിക്കുന്നതിലും സ്ക്രുപ്റ്റിനും സംവിധായകനും സാധിക്കുന്നു. ധർമ്മജനും കണാരനുമൊപ്പം വരുന്ന സ്റ്റണ്ട് സിൽവ എന്ന വില്ലൻ നടൻ പടത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ നല്ല പങ്ക് വഹിക്കുന്നു. പക്ഷെ, ക്ലൈമാക്സിൽ ഇക്കയ്ക്ക് പതിവു_യന്ത്രമനുഷ്യൻ ശൈലിയിൽ അടിച്ച് മുലപ്പാലുകക്കിക്കാനായി സംവിധായകൻ അയാളെ ഇട്ടുകൊടുക്കുകയാണ്. അതും ചിരപുരാതനമായ ആ ഗോഡൗൺ സെറ്റപ്പിൽ തന്നെ..

ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നെ..

കാസ്റ്റിംഗിൽ മുതൽ ലൊക്കേഷനിൽ വരെ ബഡ്ജറ്റ് ചുരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ സ്ട്രീറ്റ് ലൈറ്റിൽ ദൃശ്യമാണ്. നിർമ്മാണം ഇക്ക തന്നെ ഏറ്റെടുത്തത് വെറുതെയല്ല. സാറ്റലൈറ്റ് റൈറ്റും ബൈലിംഗ്വൽ തമിഴ് റൈറ്റും കച്ചവടമാക്കിയപ്പോൾ തന്നെ സംഗതി ലാഭമായിക്കാണണം. ഇത് മുൻ കൂട്ടി കണ്ടിട്ടാവണം, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആയിരുന്നിട്ട് പോലും 340സീറ്റുള്ള തിയേറ്ററിൽ മൂന്നു വരി കഷ്ടിച്ചേ ആളുണ്ടായിരുന്നുള്ളൂ. നഷ്ടം ആർക്കെന്ന് ചോദിച്ചാൽ അവർക്ക് മാത്രേ ഉള്ളൂ.. ഇക്ക ഹാപ്പി. സംവിധായകൻ ഹാപ്പി.. മറ്റ് അണിയറക്കാർ ഹാപ്പി.. ചാനലുകാർ ഹാപ്പി.. റിവ്യൂന് പ്രതിഫലം കിട്ടുന്നത് കൊണ്ട് ഞാനും ഹാപ്പി. വന്ദേമാതരം..

English summary
Mammootty's Street Lights review by Schzylan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam