For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനും അങ്കിളും തമ്മില്‍ വ്യത്യാസമില്ലാതാകുന്ന കാലത്തെക്കുറിച്ചുള്ള അങ്കിള്‍! റിവ്യൂ വായിക്കാം..

  By Desk
  |

  മുഹമ്മദ് സദീം

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അടുത്ത കാലത്തെത്തിയ സിനിമകളെല്ലാം പ്രതീക്ഷിട്ട വിജയം നേടിയിരുന്നില്ല. എന്നാല്‍ ഏപ്രില്‍ 27 ന് തിയറ്ററുകളിലേക്കെത്തിയ അങ്കിള്‍ വലിയ വിജയമായിരിക്കുകയാണ്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് നടന്‍ ജോയ് മാത്യുവാണ് തിരക്കഥ എഴുതിയത്. ഷട്ടര്‍ എന്ന സിനിമയ്ക്ക് ശേഷം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോയ് മാത്യു തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം..

  കെട്ടതാം ഈ കാലം, കവി ഇങ്ങനെ പറയുന്നതിനെ അല്പം കൂടി മൃദുവായി അലങ്കാരികമായി പറഞ്ഞാല്‍ അച്ഛനും അങ്കിളും തമ്മിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതാകുന്ന ഒരു കാലമെന്ന് വിശേഷിപ്പിക്കാം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത ഒരു ലോകം. സ്വന്തത്തെ തന്നെ വിശ്വാസമില്ലാതാകുന്ന ഒരു കാലം. ഒരേ മുഖത്തിന്റെ രണ്ടു ഭാഗത്തിനും രണ്ടു നിറം കൈവന്നവരുടെ ലോകം. വിശ്വാസരാഹിത്യമുള്ളിടത്തേക്കാണ് ആരാജകത്വം കടന്നുവരുന്നത്. എന്നാല്‍ ഈ കൂരിരുട്ടിലും പൊന്‍പുലരിയുണ്ടെന്ന പ്രതീക്ഷ സമൂഹത്തിലുണ്ടാക്കി എടുക്കുകയെന്നുള്ളതാണ് കലാകാരന്റെ ദൗത്യം.

  നാടകപ്രവര്‍ത്തകനും ആക്ടിവിസ്റ്റും എന്ന നിലക്ക് പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഈയൊരു ചിന്ത മനസ്സില്‍ കൊണ്ടു നടക്കുന്ന ആളാണ് ജോയ് മാത്യു എന്ന കലാകാരന്‍. പഴയതില്‍ നിന്ന് ലോകം ഏറെ മാറിയ ഈ കാലഘട്ടത്തിലും കെട്ടുപോയിട്ടില്ല ഈ സമൂഹത്തിന് വഴികാട്ടിയാകേണ്ടുന്ന വഴിവിളക്ക് എന്ന ജോയ് മാത്യുവിന്റെ ലോകത്തോടുള്ള പ്രതികരണമാണ് അങ്കിള്‍ എന്ന ചലച്ചിത്രം. കേരളത്തിലെ ദൈനംദിന ചര്‍ച്ചകളില്‍ ഇന്ന് ഏതുസമയത്തും കയറിവരാവുന്ന വിഷയമാണ് സദാചാര പോലീസിംഗ് എന്നത്. അങ്കിളിന്റെയും അടിസ്ഥാന പ്രമേയം ഈ സദാചാരപോലീസിംഗ് ആണ്.

  ഊട്ടിയിലെ എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ശ്രൂതി വിജയന്‍ (കാര്‍ത്തിക) കോളേജിലെ സമരം കാരണം നാട്ടിലേക്ക് മടങ്ങുന്നു. എന്നാല്‍ ബസ്സൊന്നും കിട്ടാതെ ബസ്സ് സ്റ്റാന്റില്‍ നില്‍ക്കുന്ന ശ്രുതി അച്ഛന്റെ സുഹൃത്തായ കെകെ എന്ന കൃഷ്ണകുമാറിനെ കണ്ടുമുട്ടുന്നു. ഭാഗ്യത്തിന് കൃഷ്ണകുമാറും കോഴിക്കോട്ടേക്ക് ആണ് എന്നതിനാല്‍ അദ്ദേഹത്തിന്റെ കൂടെ യാത്രാ തിരിക്കുന്നു. ഈ യാത്രക്കിടയില്‍ കടന്നുവരുന്ന അവിചാരിത സംഭവങ്ങളും, തന്റെ അടുത്ത കൂട്ടുകാരനാണെങ്കിലും പ്രായപൂര്‍ത്തിയായ മകളെ അയാളോടൊപ്പം ഒറ്റക്ക് അയക്കുന്നതില്‍ വേവലാതിപ്പെട്ട് ആശങ്കപ്പെട്ടിരിക്കുന്ന വിജയന്റെ(ജോയ് മാത്യു) ബോജാറുകളുമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം.

  വ്യഭിചാരം എന്നുള്ളത് ഒരു ഹരമാക്കി മാറ്റിയ ആള്‍ പണ്ട് മുഹമ്മദ് നബിയുടെ സന്നിധിയില്‍ വന്ന് മറ്റെല്ലാം ഉപേക്ഷിക്കാം. എന്നാല്‍ എനിക്ക് വ്യഭിചരിക്കാനനുമതി നല്കണമെന്നാവശ്യപ്പെട്ടു. അങ്ങനെയല്ലാതെ തനിക്ക് ജീവിക്കുവാന്‍ സാധിക്കാത്തതു കൊണ്ടാണെന്നും ആയാള്‍ അപേക്ഷിച്ചു. അങ്ങനെ ഒരു നിബന്ധനയോടെ മുഹമ്മദ് നബി അയാളോട് വ്യഭിചാരത്തില്‍ ഏര്‍പ്പെട്ട് കൊള്ളുവാന്‍ നിര്‍ദേശിച്ചുവത്രേ. നിബന്ധന ഇതുമാത്രമായിരുന്നു. നീ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ ഒരാളുടെ ഉമ്മയോ, പെങ്ങളോ, ഭാര്യയോ അയിരിക്കരുതെന്ന് മാത്രം. ഇതോടുകൂടി ആ വ്യക്തി വ്യഭിചാരത്തില്‍ നിന്ന് വിമുക്തനായത്രേ. ഇപ്പോള്‍ ഈ കഥ ഇവിടെ ഓര്‍മിപ്പിച്ചത്. വര്‍ത്തമാന കേരളത്തിലെ ആണുങ്ങളിലെ ഫിഫ്റ്റി പ്ലസ് കഴിഞ്ഞ തലമുറയും ഇതുപോലെ സന്ദര്‍ഭം കിട്ടിയാല്‍, ഒരു മറ കിട്ടിയാല്‍ ഏതു നിലക്ക് പെരുമാറുമെന്നുള്ളത് കാണിക്കുവാനാണ്. തന്റെ കോംപൗണ്ടിനപ്പുറമുള്ള സ്ത്രീകളാണെങ്കില്‍ മറ്റൊരു കണ്ണും കോംപൗണ്ടിനുള്ളിലുള്ളവരാണെങ്കില്‍ ആ കണ്ണ് തന്നെ വേറൊരു ആംഗിളില്‍ ഫിറ്റ് ചെയ്തു നോക്കുകയും ചെയ്യുന്ന സമീപനം.

  അങ്കിളിലെ ജോയ് മാത്യൂവിന്റെ അച്ഛന്‍ കഥാപാത്രവും വര്‍ത്തമാനകാല കേരളത്തിലെ ഫിഫ്റ്റി പ്ലസിന്റെ ഈയൊരു മാനസികാവസ്ഥ പേറുന്ന ആളാണ്. ഇത്തരമൊരാളെ സംബന്ധിച്ചിടത്തോളം വിവാഹമോചനം കഴിഞ്ഞ്, വിഭാര്യനായി കഴിയുന്ന കെകെ എന്ന കൃഷ്ണകുമാറും നല്ലൊരു സന്ദര്‍ഭം കിട്ടിയാല്‍ കാമത്തിന് മുന്നില്‍ കീഴടങ്ങുന്ന ഒരു മനുഷ്യന്‍ മാത്രമാണ്. ഇതുകൊണ്ടു തന്നെ ഇയാളുടെ കാറില്‍ മകള്‍ പുറപ്പെട്ടുവെന്ന് കേള്‍ക്കുന്നതോടെ ആധിയിലാകുകയാണ് വിജയന്‍. എല്ലാ നിലക്കും മകളെ ആ കാറില്‍ നിന്ന് പുറത്തിറക്കി മറ്റിടത്തെത്തിക്കുവാന്‍ ഇദ്ദേഹം എല്ലാ പണികളും നോക്കുന്നുണ്ടെങ്കിലും അതൊന്നും വിജയിക്കുന്നില്ല. അവസാനം വിജയന്‍ ആശങ്കിച്ചതുപോലെ തന്നെ മകളെയും കൃഷ്ണകുമാറിനെയും ഒരു ദുരൂഹസാഹചര്യത്തില്‍ പോലീസ് പിടികൂടിയെന്ന് വാര്‍ത്ത വരികയാണ്. ഇതോടുകൂടി ഭാര്യ ലക്ഷ്മിയെയും കൂട്ടി ഇയാള്‍ ഇവിടെയെത്തുന്നതോടെയാണ് സിനിമക്ക് വിരാമമാകുന്നത്.

  വലിയ ബഹളങ്ങളുണ്ടാക്കാത്ത ഈ സിനിമ. നമ്മുടെ ചുറ്റുപാട് തന്നെ നടക്കുന്നുവെന്ന പ്രതീതി കാഴ്ചക്കാരനിലുണ്ടാക്കുന്നുവെന്നതാണ് അങ്കിളിന്റെ ഏറ്റവും വലിയ വിജയം. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട്കൂടി ഉയര്‍ത്തുന്നു വെന്നുള്ളതാണ് ഈ സിനിമ നല്കുന്ന വ്യത്യസ്തമായ കാഴ്ചകളിലൊന്ന്. ആനാശാസ്യം നടന്നുവെന്ന് പറഞ്ഞ് നാട്ടുകാരും എസ്‌ഐയുമെല്ലാം കൃഷ്ണകുമാറിനെയും ശ്രുതിയെയുമെല്ലാം പീഡിപ്പിക്കുമ്പോള്‍ ശ്രുതിയുടെ അമ്മയായ ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ ഇടപെടലുകളാണ് ഈ സിനിമയെ സ്ത്രീപക്ഷ ക്യാമറാക്കാഴ്ചയാക്കി മാറ്റുന്നത്.
  പോലീസ് സ്റ്റേഷനിലെ എസ്‌ഐ അടക്കമുള്ളവര്‍ നാട്ടുകാര്‍ക്ക് പിന്തുണയുമായി നില്ക്കുമ്പോള്‍ സ്റ്റേഷനിലെ ഒരു വനിതാകോണ്‍സ്റ്റബിളാണ് ശ്രുതിയുടെ അമ്മയോട് കാര്യങ്ങളെല്ലാം വിശദമായി ഫോണിലൂടെ പറയുന്നത്. സിനിമയുടെ അവസാന രംഗങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ അമ്മ ലക്ഷ്മി ഇവര്‍ക്ക് നന്ദി പറയുന്നുണ്ട്. നിങ്ങളുടെ ഫോണ്‍കോളാണ് എനിക്ക് തുണയായതെന്ന് ലക്ഷ്മി പറയുമ്പോള്‍, ഞാനും ഒരമ്മയാണ്. എനിക്കുമുണ്ട് ഇതേപ്രായത്തിലൊരു പെണ്‍കുട്ടി വീട്ടില്‍ എന്ന മറുപടിയാണ് അവര്‍ നല്കുന്നത്.

  സദാചാര പോലീസുകാര്‍ക്കെതിരെയും ഒരു ഘട്ടത്തില്‍ എസ്‌ഐയോടുപോലും ശക്തമായി ഇടപെടുന്ന കഥാപാത്രമാണ് മുത്തുമണിയുടെ അമ്മ കഥാപാത്രം. ഇതുപോലെ നാട്ടുകാരെല്ലാം സദാചാര പോലീസിന്റെ വേഷം കെട്ടുമ്പോള്‍ നായകനും നായികക്കും പിന്തുണയുമായി എത്തുന്നത് ആദിവാസിയാണ്. എന്നാല്‍ നിങ്ങള്‍ ആദിവാസികള്‍ വക്കാലത്തുമായി വരേണ്ടെന്ന് പറഞ്ഞ് നാട്ടുവാസികള്‍ ഇയാളെ നിരുത്സാഹപ്പെടുത്തുകയാണ്. ഇതുപോലെ ഇതേ ആദിവാസി യുവാവ് അവസാന രംഗത്ത് ചുവന്ന ഷാള്‍ ഉയര്‍ത്തിക്കാണിക്കുന്നതു പോലെ ചില രാഷ്ട്രീയ സൂചനകളിലേക്ക് സിനിമ കാഴ്ചക്കാരനെ കൊണ്ടുപോകുന്നുണ്ട്. കപട സദാചാരത്തിന്റെ ഷട്ടറിനുള്ളില്‍ കുടുങ്ങിപ്പോകുന്ന ഒരാളുടെ കഥയായിരുന്നു ജോയ് മാത്യുവിന്റെ ഷട്ടറെങ്കിലും കപട സദാചാരവാദത്തിന്റെ പൊള്ളത്തരങ്ങളെ മനോഹരമായി പൊളിച്ചടക്കുകയാണ് അങ്കിള്‍. നവാഗത സംവിധായകന്‍ ഗിരീഷ് ദാമോദറും മെഗാസ്റ്റാര്‍ മമ്മുട്ടിയും കാര്‍ത്തികയുമെല്ലാം ജോയ് മാത്യുവിന്റെ ഈ മുന്നേറ്റത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നുള്ളതും രേഖപ്പെടുത്തേണ്ടത് തന്നെയാണ്.

  English summary
  Mammootty starer Uncle movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X