twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇച്ചിരി പഴക്കമുണ്ടെന്നേ ഉള്ളൂ.. കണ്ടിറങ്ങുമ്പോൾ ഒരു പരോൾ കിട്ടിയ സുഖമാ.. ശൈലന്റെ റിവ്യൂ!!

    By Desk
    |

    ശൈലൻ

    കവി
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരോള്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത സിനിമയില്‍ മമ്മൂക്ക നാട്ടിന്‍പുറത്തുകാരനായ ഒരു സഖാവിന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കി അജിത്ത് പൂജപ്പുര തിരക്കഥ ഒരുക്കിയ സിനിമയില്‍ സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഇനിയ, മിയ ജോര്‍ജ്, സുധീര്‍ കരമന, ലാലു അലക്‌സ്, പ്രഭാകര്‍, അലന്‍സിയര്‍, തുടങ്ങി ഒരുപാട് താരങ്ങള്‍ ചെറുതും വലുതമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ എത്തിയിരുന്നു. ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് തന്നെയാണ് പരോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

      പരോൾ..

    പരോൾ..

    ഒരു യഥാർത്ഥ തടവുപുള്ളിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ളത് എന്ന ലേബലിൽ ആണ് പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ഫീച്ചർ ഫിലിം "പരോൾ" പുറത്തിറങ്ങിയിരിക്കുന്നത്. മമ്മുട്ടി നായകനാവുന്ന പടത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നതാവട്ടെ പൂജപ്പുര സെൻട്രൽ ജയിലിലെ വാർഡൻ ആയിരുന്ന അജിത്ത് പൂജപ്പുരയും. റിയൽ ലൈഫ് സ്റ്റോറി എന്നാണ് പറയപ്പെടുന്നത് എങ്കിലും സംഭവം അതീവ നാടകീയമായാണ് തുടങ്ങുന്നതും മുന്നോട്ടു പോവുന്നതും അവസാനിക്കുന്നതും.. എൺപതുകളിലും തൊണ്ണൂറുകളിലുമായി കാലഹരണപ്പെട്ടതെന്നു പറഞ്ഞ് മലയാള സിനിമ കുപ്പയിലെറിഞ്ഞ ഒരു ഐറ്റം.. അക്കാലത്തെ മനോരമ,മംഗളം വാരികകളിൽ വന്നിരുന്ന പൈങ്കിളി നോവലുകളിലെ കഥാഗതികൾ ഈ റിയൽ ലൈഫ് ത്രെഡിനെ ഇപ്പരുവത്തിലാക്കിയെടുക്കുന്നതിന് തിരക്കഥാകൃത്തിനെയും സംവിധായകനെയും നന്നായി സ്വാധീനിച്ചിട്ടുണ്ട് എന്ന് വ്യക്തം..

     ജയിലിലെ മേശിരി..

    ജയിലിലെ മേശിരി..

    കഴിഞ്ഞ ആഴ്ച 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' കണ്ടവർക്ക് തീർത്തും വ്യത്യസ്തവും വൃത്തിയുള്ളതും ഷൂട്ടിംഗ് പ്രമാണിച്ച് പെയിന്റടിച്ച് കുട്ടപ്പനാക്കിയതുമായ ഒരു സെൻട്രൽ ജയിലിനെ കാണിച്ചു തന്നു കൊണ്ടാണ് ശരത് സന്ദിത് പരോൾ തുടങ്ങുന്നത്.. അവിടെ ജയിൽപ്പുള്ളികൾ കളിച്ചുല്ലസിച്ച് എക്സ്കർഷൻ വന്ന പ്രൈമറിക്കുട്ടികളെപ്പോലെ ആമോദത്തോടെ വസിക്കുന്നു.. കൈതി നമ്പർ 101 ആയ ഇക്ക അവർക്കെല്ലാം മേശിരി ആണ്.. ജയിലിലെ സമസ്തമേഖലയിലും നിറഞ്ഞു നിൽക്കുന്ന നന്മമരവുമാണ്.. പണ്ട് സപ്തമശ്രീ തസ്കരയിൽ വച്ച് തലയിൽ ലോറിയുടെ ലീഫ് വീണൂ കിളിപോയ സുധീർ കരമന അതേ വെകിളിയുമായി ഒരു സെല്ലിലുണ്ട്.. മറ്റൊരു സെല്ലിൽ ബാഹുബലിയിലെ കരിയെല്ലാം കഴുകിക്കളഞ്ഞുവന്ന സാക്ഷാൽ കാലകേയനാണ് ബുള്ളറ്റ് പ്രഭാകരൻ എന്ന ഭീകരനായി വാണരുളുന്നത്.. കാലകേയന്റെ ഭാഷയ്ക്ക് സമാനമായ രീതിയിൽ സംസാരിക്കുന്ന ആ നരാധമന്റെ പ്രധാന വിനോദം പ്രകൃതി വിരുദ്ധ പീഡനത്തിനായി മൂപ്പുകുറവുള്ള ജയിൽപ്പുള്ളികളെ പട്ടാപ്പകൽ വായ്പൊത്തി സെല്ലിലേക്ക് എടുത്തുകൊണ്ട് പോവുക എന്നതാണ്.. ഈശ്ശ്വരമ്മാരേ.. ട്രൗസറഴിച്ച് അവരുടെ മാനം പിച്ചിച്ചീന്തി..ചീന്തിയില്ല..എന്ന ഘട്ടമെത്തുമ്പോൾ ഇക്ക കൊടുങ്കാറ്റ് പോലെ കുതിച്ചെത്തി ഇരകളെ രക്ഷിക്കുന്നത് ജയിൽ ഭഗവതിയുടെ സുകൃതം.. അങ്ങനെ അരിസ്റ്റോ സുരേഷ് എഴുതി ചിട്ടപ്പെടുത്തി ആലപിച്ച ഗാനങ്ങളും മറ്റുമായി ജയിൽ ജീവിതം ആഘോഷ ഭരിതമായി മുന്നോട്ട് പോവുന്നതിനിടെ ആണ് ആരോ എട്ടുവർഷം കണ്ടിന്വസായി ജയിലിൽ കിടക്കുന്ന ഇക്കയുടെ ഫ്ലാഷ്ബാക്കിനിട്ട് തോണ്ടുന്നത്..

    സഖാവ് അലക്സ്..

    സഖാവ് അലക്സ്..

    അതോടെ ആ കഥയുടെ ചുരുൾ നിവരുകയായി.. ജയിലിൽ ആറു മീശ രോമവും പന്ത്രണ്ട് തലമുടിയും നരച്ച രീതിയിൽ ഓഫ് ഗ്ലാമർ ആയി ഇക്കയെ കണ്ട് ചങ്ക് തകർന്നു പോയ ആരാധകർക്ക് പലിശ സഹിതം അർമാദിക്കാൻ ഫ്ലാഷ്ബാക്കിലെ അലക്സ് വഴിവെക്കുന്നു.. "എന്താല്ലേ ഈ പ്രായത്തിലും ഒരു യിത്"..(എന്നൊക്കെ ഈ ഘട്ടത്തിൽ അഞ്ചു മിനിറ്റിൽ ഒന്നെന്ന തോതിൽ ആത്മഗതപ്പെടാവുന്നതുമാണ്..) ഏതായാലും ഒരു വഴിക്കു പോവുകയല്ലേന്ന് കരുതി, കൗമാരകാലവും ചേർത്താണ് അലക്സ് കഥ ആലോയിച്ച് തുടങ്ങുന്നത്.. അപ്പനായ പീലിപ്പോസിനൊപ്പം അടിവാരത്ത് വന്നിറങ്ങുന്നു.. കാട് വെട്ടിപ്പിടിക്കുന്നു.. കാട്ടാനയെ തെറി പറഞ്ഞാട്ടുന്നു.. സഖാവ് കൃഷ്ണപ്പിള്ളയെ ഉദ്ദരിക്കുന്നു.. കൃഷിചെയ്യുന്നു.. കർഷകരെ സംഘടിപ്പിക്കുന്നു.. കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നു കൊടി നാട്ടുന്നു.. ലാൽസലാം കോറസ് ആയി ബീജീഎമ്മിലിടുന്നു.. മലയോരങ്ങളിലെ നരാധമ ഗുണ്ടയായ മാട്ടുക്കട്ട സദാശിവനെ പഞ്ഞിക്കിടുന്നു.. പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നു.. മെക്സിക്കൻ അപാരതയുടെ അനർഹ വിജയം ഇവിടെ സംവിധായകനെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നുണ്ടെങ്കിലും നിവിൻ പോളിയുടെ "സഖാവി"ന്റെ പാറ്റേണിൽ ആണ് കാര്യങ്ങൾ നീക്കുന്നത്. അതുകൊണ്ടും അരിശം തീരാതെ ജോയ്സി, ജോസി വാഗമറ്റം, സിവി നിർമ്മല, മാത്യു മറ്റം എന്നിവരെയെല്ലാം അസൂയപ്പെടുന്ന രീതിയിൽ ഫ്ലാഷ്ബാക്ക് പിന്നെ കുടുംബ ബന്ധങ്ങളുടെ ഞെട്ടിക്കുന്ന ഇഴപിരിച്ചിലിലേക്ക് കടന്നു ചെല്ലുകയും സ്തോഭജനകമായ സംഭവ പരമ്പരകളിലൂടെ ഒടുവിൽ അലക്സ് എന്ന ഇക്ക ജയിലിനുള്ളിലാവുകയും ചെയ്യുന്നു..

      പിടിച്ചതിലും വലുത് മടയിൽ

    പിടിച്ചതിലും വലുത് മടയിൽ

    ഒരു സ്ഥിരം ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകയുടെ പോലും മനോനില തെറ്റിക്കുന്ന പാക്കേജ് ആണ് പരോളിന്റെ ഒന്നാം പാതി എങ്കിൽ ഇന്റർവെൽ കഴിഞ്ഞ് കാത്തിരിക്കുന്നത് അതിലും വലിയ പരാക്രമങ്ങളാണ്.. ബാലൻ കെ നായരുടെ ബലാൽസംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ ഉണ്ണിമേരിച്ചേച്ചി ടിജി രവിയുടെ താവളത്തിൽ അഭയം തേടി പാഞ്ഞുകയറിയ പോലെ എന്ന് പണ്ടേതോ ഡൂഡ് സി.പി.സിയിൽ വിശേഷിപ്പിച്ച പോലെയാണ് സെക്കന്റ് ഹാഫിന്റെ കെടപ്പുവശം.. എട്ടു കൊല്ലത്തിന് ശേഷം, ശരിക്കും പരോൾ കിട്ടി നാട്ടിലെത്തുന്ന മേശിരി-കം-അലക്സിനെ നാട്ടിൽ കാത്തിരിക്കുന്നത്.. "പടച്ചോനേ ഈ ജീവിതം എനിക്കെന്തിന് തന്നു" എന്ന് തിയേറ്ററിലിരിക്കുന്ന നമ്മളെ കൊണ്ട് പോലും പറയിപ്പിക്കുന്ന അത്രയ്ക്കും ടെറിബിൾ.. സത്യം പറയാലോ, അപ്പോൾ തുടങ്ങിയ തലവേദന മൂന്നാലു മണിക്കൂർ കഴിഞ്ഞിട്ടും മാറിയിട്ടില്ല... അജ്ജാതീന്ന് പറഞ്ഞാൽ എജ്ജാതി!!!

    ഇക്കാ ഇക്കാ പൊന്നിക്ക..

    ഇക്കാ ഇക്കാ പൊന്നിക്ക..

    എണ്ണിയെണ്ണി പറഞ്ഞാൽ നൂറു കണക്കിന് നടീനടന്മാർ തലയായും ഉടലായും വന്നു പോയി കൊണ്ടിരിക്കുന്ന പരോളിൽ ഒരാൾക്ക് പോലും മരുന്നിന് പോലും വ്യക്തിത്വം എന്നൊരു സംഗതി അനുവദിച്ചു കൊടുക്കാൻ സംവിധായകനും എഴുത്തുകാരനും തയ്യാറായിട്ടില്ല.. പ്ലാസ്റ്റിക്ക് ആണെങ്കിലും സ്ക്രീൻ നിറഞ്ഞു കവിഞ്ഞ് പരന്ന് നിൽക്കുന്ന മേശിരി, സഖാവ് അലക്സ് ഗെറ്റപ്പുകളിലൂടെ ഇക്ക തന്നെയാണ് തമ്മിൽ ഭേദം. പ്രായത്തിന് തെല്ലൊന്നിണങ്ങുന്ന ഗെറ്റപ്പാണ് വിരലിലെണ്ണാവുന്ന തലമുടി-മീശരോമങ്ങൾ വെളുത്തതായ് കാണപ്പെടുന്ന മേശിരിയുടേത് എന്ന് എടുത്തു പറയേണ്ടതാണ്.. മാത്രവുമല്ല, മുപ്പതു വയസുകാരിയും പ്രായത്തിൽ കവിഞ്ഞു നിൽക്കുന്നവളുമായ ഇനിയ എന്ന നടിയെ നായികയാക്കാനുള്ള ധീരതയും ഇക്ക ഈ പടത്തിൽ കാണിച്ചിരിക്കുന്നു.. ഇരുപത്താറുകാരിയായ മിയാ ജോർജ് പടത്തിൽ മറ്റൊരു റോൾ ചെയ്തു കൊണ്ടിരിക്കെയാണ് എന്നത് ആ ധൈര്യത്തിന്റെ തിളക്കമേറ്റുന്നു.. ആരാധകർ ഇതെങ്ങനെ സഹിക്കുമോ എന്തോ.. പരോളിൽ ഇറങ്ങി നാട്ടിലെത്തിയ ഇക്കയ്ക്ക് രണ്ടു മൂന്നു സീനുകളിൽ കൗമാരക്കാരനായ ഒരു മകൻ ഉണ്ട് എന്ന ഞെട്ടിക്കുന്ന വസ്തുതയും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്..

     സംസ്ഥാന സമ്മേളനത്തിനുള്ള ആൾ

    സംസ്ഥാന സമ്മേളനത്തിനുള്ള ആൾ

    സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് , അലൻസിയർ, മിയ, ഇനിയ, ഇർഷാദ്, ലാലു അലക്സ്, സുധീർ കരമന, കൃഷ്ണകുമാർ, കാലകേയൻ, ബിനു പപ്പു, ബാലാജി, മുത്തുമണി, കലാശാല ബാബു, അനിൽ നെടുമങ്ങാട്, ചെമ്പിൽ അശോകൻ , സിജോയ്, ഇർഷാദ്, പദ്മരാജൻ, കലിംഗ ശശി, കലാഭവൻ ഹനീഫ, അരിസ്റ്റോ സുരേഷ് എന്നിങ്ങനെ തുടങ്ങി ഈ സിനിമയിൽ പേരറിയുന്നവരും അറിയാത്തവരും കണ്ടാലറിയുന്നവരും അറിയാത്തവരുമായി അഭിനയിച്ച ആളുകളുടെ ഒരു ലിസ്റ്റ് എടുത്താൽ അത് സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം നടത്താനുള്ള ഒരു ജനക്കൂട്ടം തന്നെയാണ്. മിക്കവരും ദിവസക്കൂലി, മണിക്കൂർ കൂലി പ്രകാരമുള്ള റോളുകളിൽ വന്നു പോകുന്നവരാണെങ്കിലും ഇത്രയധികം ആളുകൾക്ക് പ്രതിഫലം നൽകിയെന്ന നിലയിൽ നിർമ്മാതാവിന് തീർച്ചയായും അഭിമാനിക്കാം.. സുരാജിന്റെയൊക്കെ ക്യാരക്റ്ററിന്റെ അവസ്ഥ കണ്ടാൽ സങ്കടം തോന്നിപ്പോവും.. സിദ്ദിഖിനെയും ഒട്ടും ഉപയോഗിക്കാതെ പാഴാക്കികളഞ്ഞിരിക്കുന്നു.. കഷ്ടം.

     മാറാത്ത തലവേദന..

    മാറാത്ത തലവേദന..

    മലയാള സിനിമയിലോ ഇന്ത്യൻ സിനിമയിലോ പത്തുകൊല്ലമായി നടന്ന/നടക്കുന്ന മാറ്റങ്ങളൊന്നും അറിയാത്ത, അതിനു മുന്നെ എന്നോ സിനിമ കാണൽ നിർത്തിയ രണ്ടു പേരാണ് ഈ സിനിമയുടെ സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും എന്നു തോന്നുന്നു.. അത്രയും കാലഹരണപ്പെട്ട ഒരു സിനിമയാണ് പരോൾ.. കുത്തിനിറച്ച കഥാപാത്രങ്ങളും ആർട്ടിഫിഷ്യലായി പടച്ചു വിട്ടു കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്/പൈങ്കിളി സംഭവ ബഹുലതകളും കടുത്ത തലവേദനയാണ് സമ്മാനിക്കുക.. സിനിമയൊന്ന് തീർന്നു കിട്ടുമ്പോൾ നൂറ്റിനാൽപ്പത്തൊൻപത് മിനിറ്റ് കഠിനതടവ് കഴിഞ്ഞ് പരോൾ കിട്ടിയ സന്തോഷത്തോടെ ആണ് പുറത്തേക്കോടിയത്.. പക്ഷെ, രക്ഷയൊന്നുമില്ല.. അത്ര പെട്ടെന്ന് മാറുന്ന തലവേദനയൊന്നുമല്ലിത്.. കർമ്മം.. കർമ്മം...

    സഖാവ് അലക്‌സ് പരോളിനിറങ്ങി, മമ്മൂക്കയുടെ ക്ലാസ്, മാസ്, എന്റര്‍ടെയിനര്‍ മൂവി തന്നെ! ആദ്യ പ്രതികരണം..സഖാവ് അലക്‌സ് പരോളിനിറങ്ങി, മമ്മൂക്കയുടെ ക്ലാസ്, മാസ്, എന്റര്‍ടെയിനര്‍ മൂവി തന്നെ! ആദ്യ പ്രതികരണം..

    English summary
    Mammootty starrer Parole review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X