For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാസ്‌ക് അഥവാ മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ അഥവാ മാസ്‌ക്, ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.0/5
  Star Cast: Shine Tom Chacko, Chemban Vinod Jose, Vijayaraghavan
  Director: Sunil Hanif

  മാസ്‌ക് എന്ന മലയാളസിനിമയുടെ പോസ്റ്ററുകളും ഫ്ലെക്സുകളും എറണാകുളം പോലുള്ള നഗരങ്ങളിൽ നിറന്നുയരാൻ തുടങ്ങീയിട്ട് മാസങ്ങളായി. ചെമ്പൻ വിനോദ് ജോസും ഷൈൻ ടോം ചാക്കോയും 'കട്ടയ്ക്ക് കട്ട' മുഖാമുഖം നില്കുന്ന ഡിസൈനും 'മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ' എന്നുള്ള മാസ്‌കിന്റെ എക്സ്പെൻഷനും കാരണം ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു പോസ്റ്ററുകൾ. പക്ഷെ പടത്തിന്റെ റിലീസിനെ കുറിച്ച് വിവരങ്ങൾ ഒന്നും എവിടെയും കണ്ടതുമില്ല.

  അങ്ങനെയിരിക്കെ , ആറു മലയാള സിനിമകളും സൽമാൻ ഖാന്റെ ഭാരതും റിലീസ് ചെയ്ത ഈ പെരുന്നാൾ ആഴ്ച മാസ്‌ക് പുറത്തിറങ്ങി. നോമ്പ് സീസണെ അതിജീവിച്ച് തിയേറ്ററിൽ സജീവമായി നിൽക്കുന്ന ഇഷ്ക്കിലെ ഷൈൻ ടോം ചാക്കോയുടെ തകർപ്പൻ പെർഫോമൻസ് ആയിരിക്കാം സിനിമയുടെ പിന്നാണിക്കാർക്കും തിയേറ്റർകാർക്കും പെട്ടെന്നൊരു റിലീസിന് എനർജി സമ്മാനിച്ചത്.

  ഫസൽ സ്‌ക്രിപ്റ്റെഴുതി സുനിൽ ഹനീഫ് സംവിധാനം ചെയ്തിരിക്കുന്ന മാസ്കിൽ പ്രധാന വേഷങ്ങളിൽ ഉള്ള മുഹമ്മദിനേയും ജോണിനെയുമാണ് യഥാക്രമം ചെമ്പൻ വിനോദും ഷൈൻ ടോമും അവതരിപ്പിക്കുന്നത്. മുഹമ്മദ് ഹനീഫ് എറണാകുളത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പോലീസ് സ്റ്റേഷനിലെ കടുവാ എന്ന് വിളിപ്പേരുള്ള സബ് ഇൻസ്‌പെക്ടർ ആണ്. ജോൺ എന്ന ജോണാകട്ടെ ചെറുകിടമോഷണങ്ങൾ ഒക്കെ നടത്തി കൂട്ടുകാരും സഹകള്ളന്മാരുമായ (അബ്ദു) നിർമൽ പാലാഴി, (പക്രു)മനോജ് ഗിന്നസ് എന്നിവരോടൊപ്പം അലസമായി ജീവിക്കുന്നു. (ജോൺ തന്നെയാവണം ടൈറ്റിലിൽ പറഞ്ഞിരിക്കുന്ന ആൽബി. ഊഹിക്കുകയേ നിർവാഹമുള്ളൂ) ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്ന പോലെ ഒരു കിടിലൻ റോബറി നടത്തുകയാണ് ജോണിന്റെ ജന്മാഭിലാഷം. അത്തരത്തിൽ ഒരു റോബറി സീനോടെ ആണ് മാസ്കിന്റെ തുടക്കം..

  ഓപ്പണിംഗ് സീൻ ജോണിന്റെ സ്വപ്നത്തിൽ ആണെങ്കിലും ഇന്റർവെൽ ബ്ലോക്കിൽ സ്വപ്നത്തിൽ കണ്ടതെല്ലാം യഥാർത്ഥത്തിൽ സംഭവിക്കുന്നതാണ് പടത്തിന്റെ ട്വിസ്റ്റ്. വമ്പൻ സെറ്റപ്പിൽ മൂവർ സംഘം നടത്തുന്ന ബാങ്ക് കൊള്ള മുഹമ്മദ് ഹനീഫ് ഊഹം വച്ച് പിന്തുടർന്ന് പൊളിക്കുന്ന സ്വപ്നം സത്യമാവുന്നു. പക്ഷെ, രക്ഷപ്പെടാനും പിടിക്കാനുമുള്ള ചെയ്‌സിംഗിനിടയിൽ വണ്ടികൾ കൂട്ടിയിടിച്ച് രണ്ടുപേരും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലൈസ് ചെയ്യപ്പെടുകയാണ്. തുടർന്ന് നടക്കുന്ന സംഭവങ്ങൾ മാസ്‌കിനെ വേറെ ട്രാക്കിലേക്ക് നയിക്കുന്നു.

  വറൈറ്റി ആണ് മാസ്‌കിന്റെ കഥാകൃത്ത് കൂടിയായ സംവിധായകൻ കൂടിയായ സുനിൽ ഹനീഫ് ഈ ട്രാക്കിൽ ഉദ്ദേശിക്കുന്നത് എങ്കിലും ഇതിഹാസ, മുംബൈ പൊലീസ് എന്നീ സിനിമകൾ മലയാളത്തിൽ കൊല്ലങ്ങൾക്ക് മുൻപേ ഇറങ്ങിയതാണ് എന്നും അത് ഭൂരിഭാഗം മലയാളികളും കണ്ടതാണെന്നും അദ്ദേഹം ഓർക്കേണ്ടതായിരുന്നു. ഇതിഹാസയിൽ താൻ ചെയ്ത റോളിന്റെ ഇച്ചിരി ഭേദഗതി ചെയ്ത വേർഷൻ ഇന്റർവലിന് ശേഷം ഷൈൻ ടോമിന് ആവർത്തിക്കേണ്ടി വരുന്നു. അതിൽ കുലുക്കി സർബത്തിൽ എന്ന സോഡ എന്ന മട്ടിൽ മുംബൈ പൊലീസിലെ ആന്റണി മോസസ് എ യും ബി യും ഇട്ട് അത്ര വിദഗ്ധമായിട്ടല്ലാതെ കുലുക്കി മറിക്കുന്നു .

  സാജു നവോദയ, കലിംഗ ശശി, ഉല്ലാസ് പന്തളം, ചെമ്പിൽ അശോകൻ, ബിനു അടിമാലി, മാമുക്കോയ, നിയാസ് തുടങ്ങി ഇഷ്ടം പോലെ കോമഡി താരങ്ങളെ തലങ്ങും വിലങ്ങും വാരി വിതറിയിട്ടുണ്ടെങ്കിലും ആർക്കും തന്നെ ഐഡന്റിറ്റി ഉള്ള വ്യക്തിത്വമൊന്നും അനുവദിച്ചു നൽകിയിട്ടില്ല. ഗോപി സുന്ദർ ആണ് സംഗീതവും ബാക്ക്ഗ്രൗണ്ട് സ്‌കോറിംഗും. ഭേദപ്പെട്ട ഒരു പാട്ടുണ്ട്.

  ഒടുവിൽ എത്തുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുന്ന സംവിധായകനും സ്‌ക്രിപ്റ്റും ചെഗുവേര ഗെറ്റപ്പിൽ ഉള്ള സലിം കുമാറിനെയും പഴയ റാംജിറാവു ഗെറ്റപ്പിലുള്ള വിജയരാഘവനെയും ഒക്കെ ക്ളൈമാക്‌സിലേക്ക് ഇറക്കി വിടുന്നുണ്ടെങ്കിലും ഒരു ഗുണവുമുണ്ടാവുന്നില്ല. അവസാനം, തലയില്ലാത്ത തെങ്ങിൽ കയറ്റി അവിടന്നു താഴേക്ക് ഉന്തിയിടുമ്പോലെ അതുവരെ കണ്ടതുമായി യാതൊരു കണക്ഷനും കൺ ക്ലൂഷനുമില്ലാതെ സിനിമ അവസാനിക്കുകയും കൂടി ചെയ്തതോടെ ദുരന്തം പൂര്ണമാവുന്നു. എന്താണ് സംഭവിച്ചതെന്ന് ഇറങ്ങിപ്പോവുന്ന പ്രേക്ഷകർ പരസ്പരം അന്വേഷിക്കുന്നത് കേട്ടു. പടവുമായി ഒരു ബന്ധവുമില്ലാത്തവൻ ആണ് എഡിറ്റ് ചെയ്ത് ഫൈനൽ കോപ്പി തയാറാക്കിയത് എന്ന്സംശയം തോന്നി പോവും.

  ഇറങ്ങിപ്പോരുമ്പോൾ നിരാശ മാത്രം ബാക്കിയാവുന്ന ശരാശരിയിൽ താഴെ നിൽക്കുന്ന സിനിമാനുഭവം.

  English summary
  Mask movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X