»   » കരുതിയപോലൊക്കെ തന്നെ ഐഎം വിജയനും മട്ടാഞ്ചേരിയും.. ശൈലന്റെ റിവ്യൂ!!

കരുതിയപോലൊക്കെ തന്നെ ഐഎം വിജയനും മട്ടാഞ്ചേരിയും.. ശൈലന്റെ റിവ്യൂ!!

Written By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ഐ.എം വിജയന്‍, ജുബില്‍ രാജ്, കോട്ടയം നസീര്‍, ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയേഷ് മൈനാകപ്പള്ളി സംവിധാനം ചെയ്ത സിനിമയാണ് മട്ടാഞ്ചേരി. ഷാജി എന്‍ ജലീല്‍ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മട്ടാഞ്ചേരിയുടെ ചരിത്രവും വര്‍ത്തമാനവും തന്നെയാണ് സിനിമയുടെ ഇതിവൃത്തമാക്കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം.

മട്ടാഞ്ചേരി

ഒരു സ്ഥലത്തിന്റെ പേര് കേക്കുന്ന മാത്രയിൽ തന്നെ മലയാളികൾക്ക് കലിപ്പും ഗുണ്ടാ ആംബിയൻസും ഫീൽ ചെയ്യുന്നുണ്ടെങ്കിൽ കേരളത്തിൽ അത് മട്ടാഞ്ചേരിയുടെത് ആയിരിക്കും. ചരിത്രപരമായും സാമൂഹ്യ ശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും മറ്റും ഒട്ടനവധി പ്രാധാന്യമുള്ള ഒരു ഭൂപ്രദേശത്തിന്മേൽ കൊമേഴ്സ്യൽ സിനിമക്കാർ കാലങ്ങളായി കെട്ടിപ്പൊക്കിയെടുത്ത പൊതുബോധനിർമ്മിതിയാണത്. പറവ"യിലൂടെ കഴിഞ്ഞവർഷം ഈയൊരു വ്യാജസങ്കല്പത്തിൽ കൃത്യമായ തിരുത്തൽ നടത്തി മട്ടാഞ്ചേരിയുടെ ഒരു നേർചിത്രം സ്ക്രീനിൽ പകർന്നുതരാൻ ആത്മാർത്ഥമായ ഒരു ശ്രമം നടത്തിനോക്കിയതാണ്. അതിന്റെ ചൂടാറും മുൻപ് ദേ മട്ടാഞ്ചേരി എന്ന പേരിൽ തന്നെ വീണ്ടും എത്തിയിരിക്കുന്നു ഒരു പതിവ് സിനിമാ ഐറ്റം..


ജയേഷ് മൈനാഗപ്പള്ളി

ഇര, പൂമരം, അഭിയുടെ കഥ..;എന്റെയും എന്നിങ്ങനെ ഉള്ള ഭേദപ്പെട്ടതെന്ന് കരുതുന്ന മലയാളസിനിമകൾ പ്രദർശനത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആഴ്ചയായിരുന്നു ഇത്.. അവയൊക്കെ പോസ്റ്റ്പോൺ ചെയ്ത ഒഴിവിലേക്കാവും മട്ടാഞ്ചേരിയും ചാർമിനാറും 21ഡയമണ്ട്സും പോലുള്ള ചെറിയ ചിത്രങ്ങൾ എത്തിയത്. ജയേഷ് മൈനാഗപ്പള്ളി ആണ് മട്ടാഞ്ചേരിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പുള്ളിയുടെ ആദ്യസിനിമയായ "ഗാന്ധിനഗറിലെ ഉണ്ണിയാർച്ച" കാണാൻ ചെന്നപ്പോൾ തിയേറ്ററിൽ നിന്ന് ഇച്ചിരി രോഷത്തോടെ പറഞ്ഞത് "രണ്ടുദെവസമായി എട്ട് ഷോയ്ക്ക് തിയേറ്റർ തുറന്നു വച്ചിട്ട് ഒരു മനുഷ്യൻ പോലും വന്നില്ല.. ഈ തള്ളയുടെ (രജനി ചാണ്ടി) ഒക്കെ പടം പോസ്റ്ററിൽ വലുതാക്കി വച്ചാൽ ആരെങ്കിലും കേറുമോ" എന്നായിരുന്നു.. ഏതായാലും "മട്ടാഞ്ചേരി" കാണാൻ ചെന്നപ്പോൾ രാവിലെ പത്തുമണിയുടെ ഷോ ആയിട്ട് പോലും പത്തുമുപ്പത് പ്രേക്ഷകർ തിയേറ്ററിൽ ഉണ്ടായിരുന്നു.. മട്ടാഞ്ചേരി എന്ന ടൈറ്റിൽ സമ്മാനിക്കുന്ന കൊട്ടേഷൻ മുൻ_വിധി തന്നെയാവും കാരണം.. അല്ലെങ്കിൽ പോസ്റ്ററിൽ ഉള്ള ഐ എം വിജയന്റെ തല... ഏതായാലും ജയേഷ് മൈനാഗപ്പള്ളി കളി പഠിച്ചിരിക്കുന്നു.. നല്ലത്.. അത്രയും ആശ്വാസം.


മരുന്നിന്ന് പോലുമില്ല കഥ

മറ്റു സിനിമകളുടെ റിവ്യൂ എഴുതുമ്പോലെ തുടക്കം ഇങ്ങനെ, പുരോഗതി ഇങ്ങനെ, രണ്ടാം പകുതി ഇങ്ങനെ എന്നൊന്നും പറഞ്ഞ് എഴുതാനുള്ള കഥയൊന്നും സ്ക്രിപ്റ്റിൽ ഇല്ല. കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്ന ഷാജി എൻ ജലീലിനെ സമ്മയിക്കണം.. പരസ്പരബന്ധമൊന്നുമില്ലാത്ത കുറച്ച് കഥാപാത്രങ്ങളും നമ്മൾ പ്രതീക്ഷിക്കുന്ന ചെറിയ ചെറിയ സംഭവങ്ങളുമായി മട്ടാഞ്ചേരി എന്ന പേരിനൊത്ത് പുള്ളി രണ്ടുമണിക്കൂർ ആറുമിനിറ്റ് മുന്നോട്ട് കൊണ്ടുപോയിരിക്കുന്നു.. അതും ഒരു കഴിവാണല്ലോ.. സംഭാഷണങ്ങൾ ഒക്കെ ഭേദപ്പെട്ടതാണ് എന്നത് ആശ്വാസമാണ് താനും..
ഐഎം വിജയൻ, ലാൽ

സിനിമയിൽ നമ്മൾക്ക് പരിചയമുള്ള മുഖങ്ങളായി വരുന്നത് ഐ എം വിജയൻ, ലാൽ, കോട്ടയം നസീർ എന്നിവരൊക്കെ ആണ്.. മൂന്നുപേരും ടിപ്പിക്കൽ മട്ടാഞ്ചേരി കഥാപാത്രങ്ങൾ തന്നെ.. വിജയന്റെ അസിയ്ക്ക് സംഘട്ടനങ്ങളും മറ്റുമായി പിടിപ്പത് പണിയുണ്ട്.. ആശാൻ എന്നുകൂടി വിളിക്കക്കപ്പെടുന്ന കട്ടഗഫൂർ വെറും കോമാളി അല്ല എന്നതിൽ കോട്ടയം നസീറിന് ആശ്വസിക്കാം.. ലാലിന്റെ മജീദിക്ക മാന്യനായി മാറിയ എക്സ് ഗുണ്ടയാണ്.. ഒരു ദിവസത്തെ ഡേറ്റേ ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു.. അങ്ങിങ്ങായി വിന്യസിച്ച ശേഷം ക്ലൈമാക്സിൽ പിടിച്ചുകൊണ്ടുവന്ന് കരുത്തനാക്കി മാറ്റുകയാണ്.. സാജു കൊടിയനും സാജൻ പള്ളുരുത്തിയുമാണ് പരിചയമുള്ള മറ്റു രണ്ടുപേർ..


രാജൻ പി ദേവിന്റെ മകൻ

ഓർമ്മകളിൽ ഇപ്പോഴും രോമാഞ്ചം നിറയ്ക്കുന്ന അനശ്വരമുത്ത് രാജൻ പി ദേവിന്റെ മകൻ ജുബിൻ രാജ് മറ്റൊരു ടിപ്പിക്കൽ മട്ടാഞ്ചേരി ക്യാരക്റ്ററായി വരുന്നുണ്ട്.. കിളി എന്ന് വിളിപ്പേരുള്ള സുധീറായി ജുബിന് അല്പം ഹീറോയിസമൊക്കെ കൊടുത്തിട്ടുണ്ട്.. പക്ഷെ, രാജൻ പി ദേവിന്റെ ജനിതകഗുണങ്ങളൊന്നും സ്ക്രീനിൽ പ്രകടിപ്പിക്കാത്ത ജുബിൻ രാജ് സാമ്യം പുലർത്തിയത് മക്ബൂൽ സൽമാനോടാണ്. അതുകൊണ്ടുതന്നെ കൂടുതലൊന്നും പറയാതിരിക്കുന്നതാവും ഭേദം


അങ്ങനെയും ഒരു പടം..

തീയേറ്ററിൽ ഇരിക്കുമ്പോൾ സീറ്റിൽ മുള്ള് നിറച്ച അനുഭവം സമ്മാനിച്ച് എണീറ്റോടാൻ പ്രലോഭനം തരുന്ന സിനിമകൾ ധാരാളം ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് മട്ടാഞ്ചേരി അത്ര ഭീകരാനുഭവമല്ല.. നിരുപദ്രവകാരിയായ ഒരു മട്ടാഞ്ചേരിസിൽമ .. അത്രതന്നെ.. വെറുതെ എ സി യിൽ ഇരിക്കാം.., കണ്ടിരിക്കാം.. പുറത്ത് 40ഡിഗ്രി സെൽഷ്യസ് ഒക്കെ അല്ലേ വെയിൽ എന്നു കൂടി ഓർത്താൽ നല്ല ആശ്വാസം തോന്നും.. ഇത്തരം സിനിമകൾക്ക് കേറുമ്പോൾ അല്ലെങ്കിൽ തന്നെ ആരാണ് അതിൽ കൂടുതലൊക്കെ പ്രതീക്ഷിക്കുന്നത്..!!


English summary
Mattanchery movie review by Schzylan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam