»   » തിരിഞ്ഞുനോട്ടം; മൊഹ്‌റ - ചീസ് ബടി ഹെ മസ്ത് മസ്ത് !!!

തിരിഞ്ഞുനോട്ടം; മൊഹ്‌റ - ചീസ് ബടി ഹെ മസ്ത് മസ്ത് !!!

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

സൂപ്പർഹിറ്റായി തീയറ്ററുകൾ കീഴടക്കിയതിനൊപ്പം ഗാനങ്ങൾകൊണ്ടും ആക്ഷൻകൊണ്ടും പ്രശസ്തിയാർജിച്ച ചിത്രമാണ് 1994 ലെ മൊഹ്‌റ. മൊഹ്റ എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളും, പര്യായങ്ങളും ഉണ്ട്. സിനിമയെ സംബന്ധിച്ചു നോക്കിയാൽ കൂടുതൽ ചേരുന്ന അർത്ഥം ചതുരംഗത്തിലെ കാലാൾ എന്നതാണ്. നസീറുദ്ദീൻ ഷായുടെ കഥാപാത്രം ചിത്രത്തിൽ ചിലരെ "മൊഹ്റ"യാക്കിയിരിക്കുന്നു എന്നു പറയാം, അതായിത് തന്റെ ലക്ഷ്യം നേടാൻ ,തന്റെ ആദേശമനുസരിച്ച് പ്രവർത്തിപ്പിക്കുന്നു എന്ന്.

രാജീവ് റായ് ചിത്രം.

ശ്രദ്ധേയങ്ങളായ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് രാജീവ് റായ്. ത്രിദേവ് എന്ന ചിത്രത്തിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട റായ് ചിത്രമാണ് മൊഹ്റ.

രാജിവ് റായ് യുടെ പിതാവായ ഗുൽഷൻ റായ് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും.

മൾട്ടി സ്റ്റാർ ചിത്രം!

അക്ഷയ് കുമാർ, സുനീൽ ഷെട്ടി, നസീറുദ്ദീൻ ഷാ, രവീണ ടണ്ഡൻ, പരേഷ് റാവൽ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലഭിനയിച്ചിരിക്കുന്നത്.

അക്ഷയ് - സുനിൽ ഷെട്ടി - പരേഷ് റാവൽ എന്നീ താരങ്ങൾ ആദ്യമായി ഒന്നിച്ച സിനിമയാണിത്. പിന്നീട് ബോളിവുഡിൽ വളരെ ശ്രദ്ധേയമായി മാറിയ കൂട്ടുകെട്ടാണിത്.

പ്രതീക്ഷിക്കാത്ത വില്ലൻ:

നസീറുദ്ദീൻ ഷായാണ് ചിത്രത്തിലെ വില്ലനായി അഭിനയിച്ചത്, ഇത് നടന്റെ നൂറാമത്തെ ചിത്രവുമായിരുന്നു.

ചിത്രത്തിൽ ഒരു അന്ധനായി കാണിക്കുന്ന ഷായുടെ കഥാപാത്രം പ്രതിനായകനായി മാറുന്നത് ചിത്രത്തിലെ സസ്പെൻസ് ആയിരുന്നു.

അമറിന്റെയും വിശാലിന്റെയും ആക്ഷൻ കഥ:

അക്ഷയ് കുമാറിന്റെയും, സുനിൽ ഷെട്ടിയുടേയും ആക്ഷൻ പ്രകടനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് മൊഹ്റ.ജയിലിനെ കുറിച്ച് ലേഖനം തയ്യാറാക്കാൻ എത്തുന്ന റോമ സിംഗിനെ (രവീണ ടണ്ഡൻ ) ചില തടവുപുള്ളികൾ അക്രമിക്കാൻ ശ്രമിക്കുമ്പോൾ അവരിൽ നിന്നും റോമയെ രക്ഷിക്കുന്നത് മറ്റൊരു തടവുകാരനായ വിശാൽ അഗ്നിഹോത്രിയാണ് (സുനിൽ ഷെട്ടി ).

കോടതിയുടെ തെറ്റായ തീരുമാനം കൊണ്ടാണ് വിശാലിന് കൊലയാളിയാകേണ്ടി വന്നത് എന്നറിയുന്ന റോമ താൻ ജോലി ചെയ്യുന്ന പത്രത്തിന്റെ മേധാവിയായ ജിന്ധാളിന്റെ (നസീറുദ്ദീൻ ഷാ) സഹായത്തോടു കൂടി ന്യായാധിപന്റെ പ്രത്യേക പരിഗണനയിൽ വിശാലിനെ മോചിതനാക്കി.

ജിന്ധാൾ വിശാലിനെക്കൊണ്ട് സമൂഹ നന്മക്കെന്ന വ്യാജേന ടൈസൺ - ജിബ്രാൻ എന്നീ ലഹരിമരുന്നു മാഫിയകളെ ഇല്ലാതാക്കുന്നു.ഇൻസ്പെക്ടർ അമർ സക്സേനയും (അക്ഷയ് കുമാർ) ഈ മാഫിയകൾക്ക് പിറകെയാണ്‌. ഇതിനിടയിൽ അമറും റോമയും തമ്മിൽ ഇഷ്ടത്തിലാവുന്നു.
വിശാൽ ഓരോരുത്തരെയായി എതിരാളികളെ വകവരുത്തുന്നു എന്ന കാര്യം അമറിന് മനസിലാകുന്നു.

പോലീസ് കമ്മീഷ്ണറെ കൊല്ലാൻ തയ്യാറാകാത്തതിനാൽ വിശാലിനെതിരെ ജിന്ധാൾ തിരിയുന്നു. വിശാലിന്റെ മുന്നിൽ തന്റെ സത്യം വെളിപ്പെടുത്തിയ ശേഷം വിശാലിനെ കൊല്ലാൻ ജിന്ധാൾ ബോംബു വെയ്ക്കുന്നുവെങ്കിലും വിശാൽ അതിൽ നിന്നും രക്ഷപെടുന്നു.

വിശാലിനെ അമർ കീഴ്പ്പെടുത്തി അറസ്റ്റു ചെയ്തിട്ടും കമ്മീഷ്ണർ വിശാലിനെ മോചിതനാക്കുകയാണുണ്ടായത്. അവിടെവെച്ച് അമറിന്റെ അച്ഛൻ പോലീസ് ഓഫീസർ കരൺ സക്‌സേനയുടെ മരണത്തിനു പിന്നിലും ജിന്ധാൾ ആണെന്ന സത്യം വിശാൽ അമറിനെ അറിയിച്ചു.ഈ സമയം ജിന്ധാൾ റോമയെ തട്ടിക്കൊണ്ടു പോകുകയും തന്റെ അധോലോകം വിപുലീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

അമറും വിശാലും ഒന്നായി സബ് ഇൻസ്പെക്ടർ കാശി (പരേഷ് റാവൽ ) യെന്ന ജിന്ധാളിന്റെ ചാരനെ ഉപയോഗിച്ച് ജിന്ധാളിന്റെ താവളത്തിലെത്തുന്നു.രക്ഷപെടാനാകാതെ വരുമ്പോൾ ജിന്ധാൾ വിശാലിനെ തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് അമറിനെ അപമാനിക്കുന്നു , അത് സഹിക്കാനാകാതെ സ്വയം കാഞ്ചി വലിച്ച് വിശാലും , അമറിന്റെ വെടിയേറ്റ് ജിന്ധാളും മരിക്കുന്നു.

ആക്ഷനേക്കാളും ഹിറ്റായ ഗാനങ്ങൾ:

മൊഹ്‌റയിലെ ഗാനങ്ങൾ വളരെ ശ്രദ്ധേയമാണ്‌.വിജു ഷായാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ തു ചീസ് ബടി ഹെ മസ്ത് മസ്ത്- എന്ന ഗാനം ഇന്ത്യയാകെ ഇളക്കി മറിച്ചിരുന്നു.

നസ്രത് ഫത്തെ അലി ഖാനിന്റെ ‘ഖ്വാളി ദം മസ്ത് കലന്തർ'എന്ന പ്രശസ്ത സൃഷ്ടിയെ ആസ്പദമാക്കിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.ഈ ഗാനരംഗത്തഭിനയിച്ച രവീണ ടണ്ഡന് മസ്ത് മസ്ത് ഗേൾ എന്ന് വിളി പേരും ലഭിച്ചു.ചിത്രത്തിലെ ‘ടിപ്പ് ടിപ്പ് ബർസാ പാനീ' എന്ന ഗാനവും വളരെ പ്രശസ്തമാണ്.

സംഗീതം കൊണ്ടും വരികൾ കൊണ്ടും വളരെ മനോഹരമായ ചിത്രത്തിലെ ‘ന കജരെ കി ധാർ' എന്നു തുടങ്ങുന്ന മറ്റൊരു ഗാനം യഥാർത്ഥത്തിൽ കല്യാൺജി- ആനന്ദ്ജി ഒരുക്കി പ്രശസ്ത ഗായകൻ മുകേഷ് ആലപിച്ച് പുറത്തിറങ്ങാതെപോയതാണ്.

കല്യാൺജിയുടെ മകനായ വിജു ഷാ പിന്നീട് ഈ ഗാനം മൊഹ്റയിൽ ഉപയോഗിക്കുകയായിരുന്നു. പങ്കജ് ഉദാസ് ,സാദനാ സർഗം എന്നിവരാണ് മൊഹ്‌റയ്ക്കു വേണ്ടി ഈ ഗാനം ആലപിച്ചത്.ടെർമിനേറ്റർ 2 ന്റെ തീം മ്യൂസിക്കും ഇംഗ്ലീഷ് ബാൻഡായ ദീപെചെ മോഡിന്റെ "ഐ ഫീൽ യൂ" എന്ന ഗാനവും ചിത്രത്തിലെ സുനിൽ ഷെട്ടിയുടെ ആക്ഷൻ രംഗത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ബോക്സോഫീസിൽ വൻവിജയം നേടിയ ചിത്രമാണ് മൊഹ്റ മുടക്കുമുതലിന്റെ നാലിരട്ടിയിലധികം ചിത്രം കളക്ഷൻ നേടി.തൊണ്ണൂറുകളിലെ സിനിമകളുടെ കൂട്ടത്തിൽ ഈ ചിത്രത്തിനും ഒരു നല്ല സ്ഥാനമുണ്ട്.

ചിത്രം കാണുന്നതിനായി നിങ്ങൾക്ക് മൂന്നു മണിക്കുർ മാറ്റി വയ്ക്കേണ്ടി വരും. 177 മിനുട്ട് ദൈർഷ്യമുള്ള ചിത്രം പക്ഷെ ആ ദൈർഘ്യം അനുഭവിപ്പിക്കില്ല എന്ന് ഉറപ്പുണ്ട്.


സിനിമയ്ക്ക് പോയാല്‍ തല്ലുന്ന അച്ഛന്മാര്‍ ഓസ്‌കാര്‍ നേടിയ സാം റോക്ക്‌വെല്ലിന്റെ അച്ഛനെ കണ്ട് പഠിക്കണം

ഓസ്‌കാര്‍ പ്രഖ്യാപനം പുരോഗമിക്കുന്നു, മികച്ച നടന്‍, നടി ഉടന്‍ പ്രഖ്യാപിക്കും!

English summary
Mohra-cheez badi hein mast mast

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam