twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജബ് തക് ഹെ ജാന്‍- യാഷ് ചോപ്രയുടെ അപൂര്‍ണ പ്രണയം

    By വിവേക് കെ ആര്‍
    |

    ഒരു ഷാരൂഖ് ഖാന്‍ ചിത്രം എന്നതിലുപരി ബോളിവുഡിലെ അനശ്വര പ്രേമഗാഥകളുടെ സൃഷ്ടാവായ യാഷ് ചോപ്രയുടെ അവസാന ചിത്രം എന്ന നിലയിലാണ് ജബ് തക് ഹെ ജാന്‍ ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളിലേത് പോലെ തന്നെ പ്രണയത്തിന്റെ അനശ്വരതയാണ് ഇതിലും ഇതിവൃത്തം. യാഷ് ചോപ്രയുടെയും മകന്‍ ആദിത്യ ചോപ്രയുടെയും ചിത്രങ്ങള്‍ക്ക് പൊതുവായി കാണാറുള്ള ദൃശ്യഭംഗിയും, മനോഹരഗാനങ്ങളും, നാടകീയമെങ്കിലും വികാരതീവ്രമായ രംഗങ്ങളും, ഡയലോഗുകളും, രോമാഞ്ചമണിയിയ്ക്കുന്ന ക്ലൈമാക്‌സും ഒക്കെ ജബ് തക് ഹെ ജാനിലും കാണാമെങ്കിലും എല്ലാത്തിനും പകിട്ട് നന്നേ കുറവാണ്. മരണം മുന്‍കൂട്ടി അറിഞ്ഞിട്ടെന്നത് പോലെ വേഗത്തില്‍ ഒരു ചിത്രം ചെയ്‌തെടുത്തതിന്റെ എല്ലാ പോരായ്മകളോടും കൂടിയാണ് ജബ് തക് ഹെ ജാന്‍ എത്തിയിരിയ്ക്കുന്നത്. ഷാരൂഖ് ഖാന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത് പോലെ ഈ ചിത്രം അപൂര്‍ണമാണ്. അത് പക്ഷെ വെള്ള ഷിഫോണ്‍ സാരി പറക്കുന്ന ഒരു ഗാനത്തിന്റെ അഭാവം കൊണ്ടല്ല. മറിച്ച് തികച്ചും ബലഹീനമായ ഒരു തിരക്കഥയാണ് ഈ ചിത്രത്തെ അപൂര്‍ണമാക്കുന്നത്.

    സമര്‍ ആനന്ദ് എന്ന മനുഷ്യന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളുടെ കഥയാണിത്. ജീവിയ്ക്കുവാനായി പല വേഷങ്ങള്‍ കെട്ടേണ്ടി വരുന്ന ഗായകനായ സമര്‍ എന്ന 28 കാരന്റെ ലണ്ടന്‍ ജീവിതവും, മീര എന്ന പെണ്‍കുട്ടിയുമായുണ്ടാകുന്ന പ്രണയപരാജയവുമാണ് ആദ്യ ഘട്ടം.എന്നാല്‍ അകീര എന്ന ഡോക്യുമെന്ററി സംവിധായികയിലൂടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം മീരയെ തിരിച്ചു കിട്ടുന്ന് മേജര്‍ സമര്‍ ആനന്ദാണ് രണ്ടാമത്തെ ഘട്ടത്തില്‍. കത്രീന കൈഫ് അവതരിപ്പിയ്ക്കുന്ന മുഖ്യ കഥാപാത്രത്തിനൊപ്പം അനുഷ്‌കാ ശര്‍മ്മയുടെ കഥാപാത്രം വന്നെത്തുന്നതോടെ ഒരു ത്രികോണ പ്രണയകഥയായി മാറുകയാണ് ജബ് തക് ഹെ ജാന്‍. അനുഷ്‌ക അവതരിപ്പിയ്ക്കുന്ന അകീരയിലൂടെ പുതുതലമുറയുടെ പൊള്ളയായ പ്രണയബന്ധങ്ങളുടെ നശ്വരത ചൂണ്ടിക്കാട്ടാന്‍ യാഷ് ചോപ്ര ശ്രമിയ്ക്കുന്നു.

    ഓരോ പ്രണയത്തിനും സ്വന്തമായ സമയത്തെ കുറിച്ചാണ് ഇത്തവണ യാഷ് ചോപ്ര പറഞ്ഞുവയ്ക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളുടെ ഇന്ദ്രജാലമൊന്നും തന്നെ ഒരര്‍ത്ഥത്തിലും ഈ ചിത്രത്തില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വീര്‍-സാറ പോലെയുള്ള ചിത്രങ്ങളില്‍ ദൃശ്യമാകുന്ന വൈകാരിക തീവ്രത ഈ ചിത്രത്തില്‍ ദയനീയമായി പരാജയപ്പെടുകയാണ്. അവസാന രംഗങ്ങളിലെ , ഓര്‍മ്മയുടെ വരവുപോക്കുകള്‍ എല്ലാം വഴിത്തിരിവുകള്‍ക്ക് വേണ്ടി കുത്തിനിറച്ചത് പോലെ മുഴച്ചു നില്‍ക്കുന്നുണ്ട ചിത്രത്തില്‍.

    യാഷ് ചോപ്രയുടെ എല്ലാ ചിത്രങ്ങളും അനശ്വരഗാനങ്ങളാല്‍ സമ്പന്നമാണ്. കഭീ കഭീ മുതല്‍ വീര്‍-സാറ വരെ ഏത് ചിത്രമെടുത്താലും അതിന് തെളിവുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സംഗീതത്തിലെ അത്ഭുതമായ ഏ ആര്‍ റഹ്മാനുമായി ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രം പക്ഷെ അത്തരമൊരു അത്ഭുതവും ബാക്കി വയ്ക്കുന്നില്ല. ചല്ലാ, സാന്‍സ് മേം തേരീ,ഹീര്‍ തുടങ്ങിയ ഗാനങ്ങളൊക്കെയും ഇമ്പമുള്ളവയാണെങ്കിലും മനസ്സ് കീഴടക്കുന്ന റഹ്മാന്‍ മാജിക് പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് ആസ്വാദകരില്‍ നിന്ന് പൊതുവേ ഉയരുന്ന അഭിപ്രായം.എങ്കിലും ജബ് തക് ഹെ ജാന്‍ എന്ന ശീര്‍ഷകഗാനവും, ഷാരൂഖ് ഖാന്റെ ശബ്ദത്തിലുള്ള കവിതയും മനസ്സു തൊടുന്നുണ്ട് എന്നത് നേരാണ്.

    47 ല്‍ നിന്ന് 28 കാരനിലേയ്ക്ക് ചടുലമായി ചുവടു വയ്ക്കുന്നിടത്ത് പലയിടങ്ങളുലും മറയ്ക്കാനാകാത്ത ചുളിവുകള്‍ ഷാരൂഖ് ഖാനെ ബാധിയ്ക്കുന്നുണ്ട്. എന്നാല്‍ താടി വച്ച, പത്തു വയസ്സിനിപ്പുറത്തെ കഥാപാത്രത്തില്‍ അദ്ദേഹം തിളങ്ങുകയും ചെയ്യുന്നുണ്ട്. ഷാരൂഖ്-കത്രീന രസതന്ത്രം സ്‌ക്രീനില്‍ മനോഹരമാകുന്ന പലയിടങ്ങളിലും ഈ പ്രായവ്യത്യാസം നന്നേ പ്രകടമാകുന്നുണ്ട്. കത്രീന പൂര്‍ണമായി മീര എന്ന കഥാപാത്രത്തിന്റെ കാമ്പ് അറിഞ്ഞ പ്രകടനം കാഴ്ച വയ്ക്കുന്നില്ല എന്നതും ചിത്രത്തെ തളര്‍ത്തുന്നു. അനുഷ്‌കയുടെ കഥാപാത്രം പലപ്പോഴും അരോചകമാകുന്നുമുണ്ട്. എല്ലാത്തിനുമുപരി മൂന്നുമണിക്കൂര്‍ എന്ന ഒട്ടും യോജിയ്ക്കാത്ത ദൈര്‍ഘ്യം ഈ ചിത്രത്തിന് പലപ്പോഴും വലിച്ചുനീട്ടലിന്റെ ഇഴച്ചില്‍ സമ്മാനിയ്ക്കുന്നുമുണ്ട്.

    ഛായാഗ്രഹണം പതിവുപോലെ മനോഹരമായി. ലണ്ടനും, കാശ്മീരുമൊക്കെ യാഷ് ചോപ്രയേക്കാള്‍ നന്നായി കാട്ടിത്തരാന്‍ വേറെ ആര്‍ക്ക് കഴിയും. രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന കഥാപാത്രത്തിന്റെ വേഷഭൂഷാദികളെല്ലാം ജീവിതാവസ്ഥകളുമായി പുലബന്ധം പോലും പുലര്‍ത്താത്തവയാണെന്നത് കാഴ്ചയുടെ നിറവില്‍ പ്രേക്ഷകന്‍ മറക്കും എന്നത് മറ്റൊരു സത്യം.

    ചുരുക്കത്തില്‍ കാഴ്ചക്കാരും, യാഷ് ചോപ്ര- ഷാരൂഖ് ഖാന്‍ ആരാധകരും പ്രതീക്ഷിയ്ക്കുന്ന ഒരു മികവും ഈ ചിത്രത്തില്‍ ഇല്ല എന്ന് തന്നെ പറയാം. പക്ഷെ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം തന്നെയാണ് ജബ് തക് ഹെ ജാന്‍ . കാരണം മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി മനോഹരമായ പ്രണയം അനുഭവിപ്പിയ്ക്കാന്‍ ഇനിയൊരു യാഷ് ചോപ്ര ചിത്രം നമ്മളെ തേടിയെത്തില്ല. പറഞ്ഞു തീരാത്ത അസംഖ്യം പ്രണയകഥകളുമായി അദ്ദേഹം മാഞ്ഞുപോയെങ്കിലും ഒരുക്കി വച്ച ഒരുപിടി അനശ്വര ചിത്രങ്ങള്‍ അദ്ദേഹത്തെ എക്കാലവും ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ജീവിപ്പിയ്ക്കും. എന്നാല്‍ ഒരിക്കലും അത് ജബ് തക് ഹെ ജാന്‍ എന്ന അവസാന ചിത്രത്തിന്റെ പേരിലാകില്ല എന്ന് മാത്രം.

    English summary
    The screenplay by Aditya Chopra and Devika Bhagat is by no means flawless but, for the most part, Jab Tak Hai Jaan is watchable.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X