twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയോട് മൊഹബ്ബത്തുണ്ടാക്കുന്ന കുഞ്ഞബ്ദുളള, സദീം മുഹമ്മദിന്റെ റിവ്യൂ

    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    Rating:
    3.0/5
    Star Cast: Indrans, Balu Varghese, Nandana Varma
    Director: Shanu Samath

    റോഡ് മൂവി എന്നത് അധികം മനസ്സിലാക്കപ്പെടാതെ പോയിട്ടുണ്ട് മലയാള സിനിമാലോകത്ത്. ഒരു ബസ്സിലോ കാറിലോ കഥ നടക്കുന്നുവെന്നതിനപ്പുറം ഈ വാഹനം സഞ്ചരിക്കുന്ന പ്രദേശത്തിന്റെയും അവിടത്തെ ജനതയുടെയും സംസ്കാരം കൂടി കഥാപാത്രങ്ങളിലൂടെ കടന്നു വരുമ്പോഴാണ് സിനിമ യഥാർത്ഥ ജീവിത ഗന്ധമുള്ളതായി മാറുന്നത്. ഇങ്ങനെ വർത്തമാനകാല കേരളത്തിലെ സാധാരണ ജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുളള എന്ന ഷാനു സമദിന്റെ സിനിമ.

    തിരുവനന്തപുരം മുതൽ കാസർക്കോട് വരെ

    തിരുവനന്തപുരം മുതൽ കാസർക്കോട് വരെയുള്ള മലയാളിയുടെ ജീവിതമാണ് ഒരൊറ്റ സിനിമയിലൂടെ ഇവിടെ വരച്ചിടുന്നത്. അവരുടെ ഭാഷയും ഭക്ഷണരീതിയും രുചിയും സാമൂഹികബോധവും തുടങ്ങി നമുക്കറിവുള്ളതും അറിയപ്പെടാത്തതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചുമാണ് ഈ സിനിമ നമ്മെ വീണ്ടും വിചാരത്തിന് പ്രേരിപ്പിക്കുന്നത്. പ്രണയത്തിന്റെയും പകയുടെയും ശക്തി നമ്മുടെ ഊഹങ്ങൾക്കുമപ്പുറമാണ്. ഒരു പക്ഷേ ഇതിനു രണ്ടിനു വേണ്ടി അന്ധമായി ചിന്തിക്കുമ്പോഴാണ് ഒരാൾ അയാളല്ലാതായി മാറുന്നതെന്നും വേണമെങ്കിൽ പറയാം.

    ഈ ചലച്ചിത്രത്തിലും ഒരാളുടെ പ്രണയവും മറ്റൊരാളുടെ പ്രതികാരവും പകയുമാണ് അടിസ്ഥാനപരമായി ഏറ്റുമുട്ടുന്നത്. നന്മയെ എങ്ങനെ തിന്മ കീഴടക്കുന്നുവെന്നതും ഇത് അനേകം ജീവിതങ്ങളെ എങ്ങനെ ഒരായുഷ്ക്കാലം മുഴുവനും നീണ്ടു നില്ക്കുന്നതായി മാറുന്നുവെന്നുള്ളതുമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുളള പ്രേക്ഷകന്റെ മനസ്സിൽ വരച്ചിടുന്നത്.

    തിരുവനന്തപുരത്തുകാരനായ കുഞ്ഞബ്ദുല്ല

    തിരുവനന്തപുരത്തുകാരനായ കുഞ്ഞബ്ദുളള (ഇന്ദ്രൻസ്)നാലു പതിറ്റാണ്ട് മുൻപ് ബോംബൈയിലെ തീവണ്ടിയിൽ കള്ളവണ്ടി കയറി എത്തിയതാണ്. അവിടെ ഒരു ചായക്കടയിൽ സപ്ലെെയറായി കാലം കഴിക്കുന്ന ചിത്രങ്ങളടങ്ങിയ ഗാനരംഗങ്ങളിലൂടെയാണ് സിനിമക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ ഇയാളുടെ ഉള്ളിൽ എന്നും ഉണങ്ങിക്കിടക്കുന്ന ഒരു മുറിവുണ്ട്.

    ബലാത്സംഗം

    ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരുന്ന ഒരാൾ ഹിന്ദി പത്രത്തിൽ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്തതിനെതിരെ രോഷാകുലനാകുകയും ചെയ്യുന്നത് കേൾക്കുന്നതോടുകൂടി ഈ അടക്കി വെച്ച ഓർമകൾ വീണ്ടും അദ്ദേഹത്തെ നൊമ്പരപ്പെടുത്തുകയാണ്. അങ്ങനെയാണ് വീണ്ടും തന്റെ മദ്റസയിലെ സഹപാഠിയും കളിക്കൂട്ടുകാരിയുമായ പെൺകുട്ടിയെ തേടി കുഞ്ഞബ്ദുളള കേരളത്തിലെത്തുന്നത്. എന്നാൽ തിരുവനന്തപുരത്തു നിന്നും അവർ ആലപ്പുഴയിലേക്ക് പോയെന്നറിഞ്ഞ് അവിടേക്കും പിന്നീടവിടെ ഇല്ലാത്തതിനാൽ തൃശൂരിലെ അനാഥാലയത്തിലും അവിടെ നിന്നും മലപ്പുറത്തേക്കും കാസർക്കോട്ടേക്കും പിന്നീട് വയനാട്ടിലുമെല്ലാമെത്തുന്നു.

    അവസാനം കോഴിക്കോട് വെച്ച് കുഞ്ഞബ്ദുളള തന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തുന്നുണ്ടെങ്കിലും അത് അയാളുടെ ജീവിതത്തിലെ വലിയൊരു ദുരന്തത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഇങ്ങനെ എല്ലാ ജില്ലകളിലെയും അനേകം കഥാപാത്രങ്ങളിലൂടെ ഓരോ വലിയ ജീവിതപാഠങ്ങളാണ് തന്റെ ഈ യാത്രയിലൂടെ കുഞ്ഞബ്ദുളള പ്രേക്ഷകന് കൈമാറുന്നത്.

    ഓട്ടോ ഡ്രൈവർ

    തിരുവനന്തപുരത്തു നിന്ന് കണ്ട് പരിചയിച്ച ഓട്ടോ ഡ്രൈവർ സുരേഷിനും (പ്രേംകുമാർ) ബസ്സിൽ ഒപ്പം യാത്ര ചെയ്ത കമിതാക്കൾക്കും കാസർക്കോട്ടെ കുടിവെള്ളമെത്തിച്ച ഗ്രാമീണവാസികൾക്കും തൃശൂരിലെ വെടി രജനി(രചന നാരായണൻകുട്ടി)ക്കും ശ്രീജിത്ത് രവിയുടെ നൃത്തക്കാരനും കോഴിക്കോട്ടെ കഞ്ചാവ് വില്പനക്കാരനുമെല്ലാം തീർത്തും സ്വയം നന്മയുടെ പൂമണം തങ്ങളിലേക്ക് പരത്തുന്ന ഒരു പൂമരമാണ് കുഞ്ഞബ്ദുളള. എന്നാൽ ഇത്തരമൊരു കഥാപാത്രത്തെക്കൊണ്ട് തന്നെ തീർത്തും വ്യത്യസ്തവും വിസ്മയിപ്പിക്കുന്നതുമായ ഒരു ക്ലൈമാക്‌സിലേക്ക് ചലച്ചിത്രത്തെ കൊണ്ടുവ ന്നെത്തിച്ചുവെന്നുള്ളതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യക്തത.

    <strong>പട്ടാഭിരാമന്റെ പ്രമേയം കാലികപ്രസക്തം, (തുടരുന്ന തിരിച്ചുവരവ് ) ശൈലന്റെ റിവ്യു</strong>പട്ടാഭിരാമന്റെ പ്രമേയം കാലികപ്രസക്തം, (തുടരുന്ന തിരിച്ചുവരവ് ) ശൈലന്റെ റിവ്യു

    അംബിക

    ഇതുപോലെ തന്നെയാണ് പഴയകാല നായിക അംബികയുടെ ഇടവേളക്ക് മുൻപെയുള്ള പ്രത്യക്ഷപ്പെടലും, കാഴ്ചക്കാരനെ എങ്ങനെയെല്ലാം തന്നിലേക്ക് മൊഹബ്ബത്തുണ്ടാക്കുവാൻ സാധിക്കുമോ അത്തരം എല്ലാ സാധ്യതകളെയും സമർത്ഥമായി ഉപയോഗപ്പെടുത്തി അതിൽ വിജയം കൈവരിക്കാൻ സാധിച്ച സിനിമയായി നമുക്ക് യാതൊരശങ്കയുമില്ലാതെ ഉയർത്തിക്കാട്ടുവാൻ പറ്റിയ ചലച്ചിത്രങ്ങളിലൊന്നാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുളളയും.

    <strong> കാട്ടാളൻ പൊറിഞ്ചുവും മറിയവും ജോഷിയെ ഉയിർത്തെഴുന്നേല്പിക്കുമോ...! ശൈലന്റെ റിവ്യു</strong> കാട്ടാളൻ പൊറിഞ്ചുവും മറിയവും ജോഷിയെ ഉയിർത്തെഴുന്നേല്പിക്കുമോ...! ശൈലന്റെ റിവ്യു

    ഇന്ദ്രൻസ് എന്ന നടൻ

    ഇന്ദ്രൻസ് എന്ന നടൻ ഒരിക്കൽ കൂടി അദ്ദേഹത്തിലെ അഭിനേതാവിനെ പൂർണമായി പുറത്തെടുത്തുവെന്നു മാത്രമേ ഈ കഥാപാത്രത്തോട് അദ്ദേഹം കാണിച്ച ആത്മാർത്ഥതയെക്കുറിച്ച് പറയുവാൻ പറ്റുകയുള്ളൂ. ദേശീയ ജൂറിയെ പോലും ഞെട്ടിപ്പിച്ച ആദാമിന്റെ മകൻ അബുവിലെ അബുവിനെപ്പോലെ മറ്റൊരു കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ഓർമപ്പെടുത്തുന്നത്. അതിലപ്പുറം ഒരു സിനിമയിൽ എല്ലാ കഥാപാത്രങ്ങളും മത്സരിച്ചഭിനയിച്ചാൽ എങ്ങനെയിരിക്കും?

    <strong> ഇടിയെങ്കിൽ ഇടി മോഹൻലാലിന്റേത് തന്നെ! ലാലേട്ടന്റെ ആ സംഘട്ടന രംഗങ്ങളെ കുറിച്ച് ജോജു</strong> ഇടിയെങ്കിൽ ഇടി മോഹൻലാലിന്റേത് തന്നെ! ലാലേട്ടന്റെ ആ സംഘട്ടന രംഗങ്ങളെ കുറിച്ച് ജോജു

    ഇതാണ് മാലാ പാർവതി, ശ്രീജിത്ത് രവി, രചനാ നാരായണൻകുട്ടി ,പ്രേംകുമാർ, രഞ്ജി പണിക്കർ മുതൽ നായകനായികാ കഥാപാത്രങ്ങളുടെ ബാല്യകാലം അവതരിപ്പിക്കുന്നവർ മുതൽ ഒരു സീനിൽ എത്തുന്നവർ വരെ ഈ സിനിമയിൽ ചെയ്യുന്നത്. സമർത്ഥമായി അവരുടെ ടാലന്റ് ഇങ്ങനെ ഉപയോഗപ്പെടുത്തിയ ഷാനു സമദിന് തന്നെ ഇതിലും കൈയ്യടി നല്കിയേ തീരൂ.

    പശ്ചാത്തല സംഗീതം

    അറിഞ്ഞു വിളമ്പുകയെന്നത് പോലെ മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കിയ ബിജിബാൽ, പകലന്തി ഞാൻ കിനാവ് കണ്ട്. പച്ച പനം കിളിയേ നിനച്ചു കൊണ്ട് എന്ന ഗാനമൊരുക്കിയ കോഴിക്കോട് അബൂബക്കർ - ബാപ്പു വെള്ളിപറമ്പ് മുതൽ മറ്റു മനോഹര ഗാനങ്ങളൊരുക്കിയവർ ഏറെ കൈയടികൾക്ക് അർഹതപ്പെട്ടവരാണ്. എങ്കിലും സിനിമ കണ്ടിറങ്ങുമ്പോഴും മനസ്സിൽ , ഈ മനോഹര കഥാപാത്രത്തെ അപൂർണമാക്കി വെച്ചാണല്ലോ കോഴിക്കോട്ടുകാരുടെ പ്രിയ കെ ടി സി അബ്ദുളളക്ക കാല യവനികക്കുള്ളിലേക്ക് കടന്നു പോയതെന്ന നൊമ്പരം ബാക്കിയാകുകയാണ്.

    ഇന്ദ്രന്‍സ് എന്ന താരത്തിന്റെ നടനമികവ് ഒരിക്കല്‍ കൂടി കാണിച്ചുതരുന്ന മികച്ച ചിത്രമാണ് മൊഹബത്തിന്‍ കുഞ്ഞബ്ദുളള.

    Read more about: review റിവ്യൂ
    English summary
    Muhabbathin Kunjabdulla Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X