twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജ്യസ്നേഹിയെന്ന് നിങ്ങൾ എങ്ങനെ തെളിയിക്കും? ചോദ്യശരങ്ങളുമായി - “മുൽക്ക്”: റിവ്യൂ

    |

    Rating:
    4.0/5
    Star Cast: Tapsee Pannu, Rishi Kapoor, Ashutosh Rana
    Director: Anubhav Sinha

    ജനുവരി, ഓഗസ്റ്റ് എന്നീ മാസങ്ങളിൽ പൊതുവെ ദേശസ്നേഹം വിഷയമാക്കിയുള്ള ചിത്രങ്ങൾ കൂടുതലാണ് റിലീസ് ചെയ്യാറുള്ളത്. ഈ വർഷം ഓഗസ്റ്റിൽ ബോളിവുഡിൽ നിന്നും ഇത്തരത്തിൽ മൂന്ന് ചിത്രങ്ങളാണുള്ളത്. അതിൽ അക്ഷയ് കുമാർ നായകനാകുന്ന 'ഗോൾഡും’, ജോൺ എബ്രഹാമിന്റെ 'സത്യമേവ ജയതെ’ എന്ന ചിത്രവും സ്വാതന്ത്രദിനത്തിനോടനുബന്ധിച്ച് 15-ന് തന്നെ റിലീസ് ചെയ്യുമ്പോൾ ഈ ഗണത്തിൽപ്പെടുന്ന ഋഷി കപൂർ, തപ്സ്സി പന്നു എന്നിവർ മുഖ്യവേഷത്തിലെത്തിയ മുൽക്ക് ഈ മാസത്തിലെ ആദ്യവാരം തന്നെ തീയറ്ററുകളിൽ എത്തി.

    ആഗസ്റ്റ് മൂന്നിന് കാർവാൻ, ഫണ്ണി ഖാൻ എന്നീ ചിത്രങ്ങൾക്കൊപ്പം തന്നെയാണ് മുൽക്കും തീയറ്ററുകളിലേക്ക് എത്തിയത്. ദുൽക്കർ സൽമാൻ ചിത്രം കാർവാനോളം പ്രേക്ഷകപിന്തുണ നേടികൊണ്ടാണ് മുൽക്ക് മുന്നേറുന്നത്.

    ജീവിതത്തെക്കുറിച്ചുള്ള മൂന്ന് പേരുടെ കാഴ്ച്ചപ്പാടുകൾ ഒരു യാത്രയിലൂടെ വ്യത്യാസപ്പെടുന്നതാണ് കാർവാൻ എന്ന ചിത്രം കൈകാര്യം ചെയ്യുന്ന വിഷയമെങ്കിൽ മുൽക്ക് തീവ്രവാദികൾ എന്ന് മുദ്രകുത്തപ്പെട്ട ഒരു കുടുംബം തങ്ങളുടെ നഷ്ട്ടപ്പെട്ട അഭിമാനം തിരികെ നേടി തങ്ങളുടെ രാജ്യസ്നേഹം ബോധ്യപ്പെടുത്താൻ നടത്തുന്ന നിയമ പോരാട്ടമാണ് വിഷയമാക്കിയിരിക്കുന്നത്.

    അഭിനയിച്ചിരിക്കുന്നവർ :

    അഭിനയിച്ചിരിക്കുന്നവർ :

    ഋഷി കപൂർ, തപ്സ്സി പന്നു, പ്രതീക് ബബ്ബർ, രജത് കപൂർ, അശ്വതോഷ് റാണ, മനോജ് പഹ്വ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    ചിത്രത്തിന് പിന്നിൽ :

    ചിത്രത്തിന് പിന്നിൽ :

    ബനാറസ് മീഡിയ വർക്ക്സ്, സോഹം റോക്ക് സ്റ്റാർ എന്റെർടെയ്ൻമെന്റ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറുകളിൽ നിർമ്മിച്ച ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അനുഭവ് സിൻഹയാണ്.

    തീവ്രവാദികളായി മുദ്രകുത്തപ്പെടുന്ന കുടുംബം :

    തീവ്രവാദികളായി മുദ്രകുത്തപ്പെടുന്ന കുടുംബം :

    ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐക്യം ആഗ്രഹിക്കുന്ന ഓരോരുത്തരുടേയും മനസ്സിലുള്ള മതഭ്രാന്തൻമാരോടുള്ള നിരവധി ചോദ്യങ്ങളുമായാണ് മുൽക്ക് തിരശ്ശീലയിലെ ചലനങ്ങൾ അവസാനിപ്പിക്കുന്നത്.

    കുടുംബത്തിലെ ഒരാൾ തെറ്റായ വഴിയിൽ പോയതിന്റെ അനന്തിരഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന കുടുംബത്തിലെ മറ്റ് അംഗങ്ങളേക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.

    ‘മുൽക്ക്' മുസ്ലീം സമുദായത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതോ, അല്ലെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ചിത്രമല്ല. വർഷങ്ങളായി ഹിന്ദുക്കളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതും, ഇന്ത്യ എന്ന തങ്ങളുടെ ദേശത്തെ ഏതൊരു ഇന്ത്യക്കാരേയും പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മുസ്ലീം കുടുംബത്തെ പെട്ടന്നൊരവസരത്തിൽ സമൂഹം ഒറ്റപ്പെടുത്തുകയും രാജ്യദ്രോഹികൾ എന്നാരോപിക്കുകയും ചെയ്യുമ്പോൾ അവർ അനുഭവിക്കുന്ന മാനസ്സിക സംഘർഷങ്ങളും, അവരുടെ രാജ്യസ്നേഹത്തിന്മേൽ വലിയൊരു വിഭാഗം ജനങ്ങൾക്കുണ്ടായ സംശയം തെറ്റാണെന്ന് കോടതിയിൽ തെളിയിക്കേണ്ടി വരുന്ന അവസ്ഥയുമാണ് ചിത്രത്തിൽ വിവരിക്കുന്നത്.

    പ്രേക്ഷകരെ വളരെയധികം ചിന്തിപ്പിക്കുന്ന ചോദ്യം! :

    പ്രേക്ഷകരെ വളരെയധികം ചിന്തിപ്പിക്കുന്ന ചോദ്യം! :

    മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണോ? എന്നതു പോലെയുള്ള ചോദ്യങ്ങളും അതിനെചൊല്ലിയുള്ള വിശദമായ തർക്കങ്ങളുമെല്ലാം പല ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുള്ളതാണ്.

    പക്ഷെ കോടതിമുറിയിൽ വക്കീലായ തപ്സ്സി പന്നുവിന്റെ കഥാപാത്രം തന്റെ കക്ഷിയായ മുറാദ് അലി മുഹമ്മദിനോട് ചോദിക്കുന്ന ചോദ്യം ആ കഥാപാത്രത്തെ എത്രത്തോളം ചിന്തിപ്പിക്കുന്നുവോ അതിലധികം പ്രേക്ഷകരേയും ചിന്തിപ്പിക്കുന്നതാണ്:

    "താടിവച്ച മുറാദ് അലി മുഹമ്മദിനേയും താടിവച്ച തീവ്രവാദിയേയും കണ്ട് ഒരു സാധാരണ രാജ്യസ്നേഹി എങ്ങനെ തിരിച്ചറിയും, താങ്കളൊരു നല്ല മുസ്ലീമാണ് തീവ്രവാദിയല്ല എന്ന്?

    താങ്കൾ മാതൃരാജ്യത്തോടുള്ള സ്നേഹം എങ്ങനെ തെളിയിക്കും?"

    കഥയെ സമീപിച്ചിരിക്കുന്ന രീതി :

    കഥയെ സമീപിച്ചിരിക്കുന്ന രീതി :

    സമാന വിഷയങ്ങൾ നിരവധി ചിത്രങ്ങളിൽ കടന്നു വന്നിട്ടുണ്ട് പക്ഷെ ഇവിടെ സംവിധായകൻ അനുഭവ് സിൻഹ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ത്രീവ്രവാദികളിലോ, അവരെ നേരിടുന്ന സംഘങ്ങളിലോ അല്ല.

    മാനുഷിക മൂല്യങ്ങളും, മതേതരത്വവും, മാനസ്സിക സംഘർഷങ്ങളുമൊക്കെയാണ് സംവിധായകൻ ചിത്രത്തിൽ ഉയർത്തിപ്പിടിക്കുന്നത്.

    വളരെ സ്വീകാര്യമായ ചിന്താഗതിയാണ് സംവിധായകന്റെത്, സിനിമ കാണുന്ന ഓരോ പ്രേക്ഷകർക്കും മതമെന്ന ചിന്തയേക്കാൾ അനിവാര്യം ഒരൊറ്റ ഇന്ത്യ എന്ന വികാരമാണെന്നതിൽ തർക്കമുണ്ടാകില്ല.

    വളരെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോ, ട്വിസ്റ്റുകളോ ഒന്നും ചിത്രത്തിലില്ല. കഥ യഥാർത്ഥ ട്രാക്കിലേക്ക് കയറുമ്പോൾ തന്നെ ഇതിന്റെ അവസാനം എന്താകുമെന്ന് ഊഹിക്കാൻ കഴിയും.

    പ്രേക്ഷകരുടെ ഊഹം തെറ്റിക്കാതെ അതേപടി തന്നെയാണ് സിനിമ അവസാനിക്കുന്നതും പക്ഷെ, അതിനിടയിൽ കാണികളുടെ ശ്രദ്ധ മറ്റൊന്നിലേക്കും വ്യതിചലിക്കാതെ സിനിമയ്ക്കൊപ്പം ചേർത്ത് നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്‌.

    സിനിമയെ മികവുറ്റതാക്കുന്ന ഘടകങ്ങൾ :

    സിനിമയെ മികവുറ്റതാക്കുന്ന ഘടകങ്ങൾ :

    സിനിമയുടെ നട്ടെല്ല് എന്നത് ഇവിടെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഋഷി കപൂർ, തപ്സ്സി പന്നു, മനോജ് പഹ്വ എന്നീ താരങ്ങളുടെ കരുത്തുറ്റ അഭിനയമാണ്. കഥാപാത്രം മനസ്സിൽ ചിന്തിക്കുന്നത് എന്തായിരിക്കും എന്നുവരെ പ്രേക്ഷകർക്ക് ഋഷി കപൂറിന്റെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.

    രണ്ടാമതായി ചിത്രത്തിൽ മികച്ചതായി അനുഭപ്പെട്ട കാര്യം അതിലെ സംഭാഷണങ്ങളാണ്. സിനിമയിൽ സംഭാഷണങ്ങൾക്ക് ഒഴിവാക്കാനാകാത്ത പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും പൊതു സമൂഹത്തിന്റെ ചിന്താഗതി, മതം, ദേശസ്നേഹം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ സംഭാഷണത്തിൽ പാളിച്ച സംഭവിച്ചിരുന്നെങ്കിൽ ആകെമൊത്തം സിനിമയുടെ തകർച്ചയിലേക്ക് അത് നയിക്കുമായിരുന്നു.

    ചിത്രത്തിലെ ചടുലവും യുക്തിപരവുമായ സംഭാഷണങ്ങളാണ് ചിത്രത്തിലെ സുപ്രധാന ഭാഗമയ കോടതി മുറിയിലെ രംഗങ്ങൾക്ക് ജീവൻ നൽകിയത്.

    ദൃശ്യങ്ങങ്ങളുടെ കാര്യമെടുത്താൽ മുൽക്ക് എന്ന സിനിമയുടെ കഥാപശ്ചാത്തലം പ്രേക്ഷക മനസ്സിലേക്ക് ഭംഗിയായി പകരാൻ സഹായിച്ച ഒരു ഘടകം സിനിമയുടെ കളർ ടോണാണ്‌. രംഗങ്ങളുടെ ഗൗരവ സ്വഭാവം അനുസരിച്ച് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇവാൻ മുല്ലിഗണാണ്.

    ഇതിനു പുറമെ ചിത്രത്തിലെ രംഗങ്ങളുമായി ഇണങ്ങി നിന്ന ഗാനങ്ങളും ശരാശരി നിലവാരം പുലർത്തിയിട്ടുണ്ട്‌.

    റേറ്റിംഗ് : 7.75/10

    റേറ്റിംഗ് : 7.75/10

    സംവിധായകൻ തിരഞ്ഞെടുത്ത വിഷയം ഒരേച്ചുകെട്ടും കൂടാതെ ലളിതമായും നേർരേഖയിലും അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മുൽക്ക്‌.

    മതം എന്നത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ കച്ചവടവും, ആയുധവുമായി നിലനിൽക്കുമ്പോൾ ഗുരുക്കൻമ്മാരുടേയും, മറ്റ് മഹാന്മാരുടേയും ഉപദേശങ്ങൾ പല തവണ വായിച്ചിട്ടും കേട്ടിട്ടും മനപ്പൂർവ്വം മറന്നുകളയുന്ന പൊതുസമൂഹത്തിന് ഇത്തരം ചിത്രങ്ങളിലൂടെയെങ്കിലും താല്ക്കാലികമായെങ്കിലും തിരിച്ചറിവുണ്ടായി അങ്ങനെ ചെറുതായെങ്കിലും ഒരു മാറ്റമുണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

    ഒരു പ്രാവശ്യം പറഞ്ഞാൽ മനസ്സിലാവാത്ത കാര്യം പല തവണ പല തരത്തിൽ പറയുമ്പോൾ കുറേ പേർക്കെങ്കിലും മനസ്സിലാക്കാൻ സാധിക്കും ആയതിനാൽ തന്നെ ‘മുൽക്ക് ' പോലെയുള്ള ചിത്രങ്ങൾ വീണ്ടും നിർമ്മിക്കപ്പെടണമെന്നത് വളരെ അനിവാര്യമാണ്.

    English summary
    Mulk Bollywood movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X