For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പോർച്ചുഗല്ലിൽ ഒരു ലവ്സ്റ്റോറി..(ഇടയ്ക്കൊക്കെ ഇത്തിരി മെലോഡ്രാമയും ആവാം..ല്ലേ) ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
  ശൈലന്റെ My Story Review | filmibeat Malayalam

  Rating:
  2.5/5
  Star Cast: Prithviraj Sukumaran, Parvathy,Nandhu
  Director: Roshni Dinaker

  പൃഥ്വിരാജ്, പാര്‍വ്വതി കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു റോമന്റിക് ചിത്രമാണ് മൈ സ്‌റ്റോറി. കോസ്റ്റിയും ഡിസൈനറായിരുന്ന റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ റോഷ്നി ദിനകര്‍ ഫിലിംസിന്റെ ബാനറില്‍ ദിനകര്‍ ഒ.വിയും റോഷ്‌നി ദിനകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗണേശ് വെങ്കിട്ടരാമന്‍, സണ്ണി വെയിന്‍, മനോജ് കെ ജയന്‍, സഞ്ജു ശിവറാം, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  "അഭിനയത്തിലെ ഡ്രാമ ജീവിതത്തിൽ കാണിക്കുന്ന ഏക നടനും നടിയും നമ്മളായിരിക്കും".. മൈ സ്റ്റോറിയിൽ പൃഥ്വിരാജും പാർവതിയും പരസ്പരം ലിസ്ബണിലെ ഒരു കോഫിഷോപ്പിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കടന്നുവരുന്ന സംഭാഷണ ശകലമാണിത്. മൊത്തത്തിൽ അവരുടെ രണ്ടു പേരുടെയും ജീവിതത്തിലെ നിലപാടുകളുമായി കൂട്ടി വായിച്ചു കേൾക്കുമ്പോൾ രസമില്ലേ.. ഉണ്ട്.. പടം റിലീസിനു മുൻപെ നേരിട്ട ഏറ്റവും വലിയ പ്രശ്നവും അതു തന്നെയാണല്ലോ.. ശങ്കർ രാമകൃഷ്ണന്റെ ഇതുപോലുള്ള കുസൃതിയുള്ള ഡയലോഗുകൾ പടത്തിൽ ഉടനീളം ഉണ്ട്.‌ അവസാനം തീരാറാവുമ്പോൾ പാർവതി പൃഥ്വിയെ നോക്കിപ്പറയുന്ന മറ്റൊരു പീസ് " പഴയ ജയ് ഇത്രയ്ക്ക് മെലോഡ്രാമാറ്റിക് ആയിരുന്നില്ല".. ചിലപ്പോഴൊക്കെ നമ്മക്കും തോന്നിപ്പോവുന്ന കാര്യം.. നെനക്ക് മാത്രം എവിടുന്ന് കിട്ടുന്നെഡേയ് ഇത്രയധികം മെലോഡ്രാമ എന്ന് ചോദിക്കാഞ്ഞത് ഭാഗ്യമെന്ന് കരുതാം..

  പൃഥ്വിയും പാർവതിയും സിനിമാ നടി നടന്മാർ തന്നെയാണ് മൈസ്റ്റോറിയിൽ. ജയ് എന്ന പുതുമുഖനായകനും താര എന്ന താരമൂല്യമുള്ള സൂപ്പർ നായികയും. രണ്ടുപേരും വില്യം സംവിധാനം ചെയ്യുന്ന അനുയാത്ര എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നു. ആ സിനിമയുടെ ഷൂട്ടിംഗിനായി പോർച്ചുഗലിലേക്ക് പോകുന്നു.. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലെ മൊയലാളിയായ ഡേവിഡ് ആണ് ആ സിനിമയുടെ പ്രൊഡ്യൂസർ. ടിയാൻ താരയുടെ പ്രതിശ്രുതവരൻ കൂടി ആണ്. അവിടെ വച്ച് നായകന്റെയും നായികയുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് മൈസ്റ്റോറിയുടെ ടോട്ടൽ കണ്ടന്റ്..

  ഒന്നും രണ്ടും ദിവസത്തെയോ കൊല്ലത്തെയോ കാര്യമല്ല, 20കൊല്ലത്തെ കാര്യങ്ങൾ ആണ് അത്. 20 കൊല്ലങ്ങൾക്ക് ശേഷം സിനിമാ രംഗത്ത് ലബ്ധപ്രതിഷ്ഠനായ സൂപ്പർതാരമായ ശേഷം ജയ് ലിസ്ബണിലെ പഴേ ലൊക്കേഷനിൽ വന്ന് പഴയ സംഭവങ്ങൾ "മൈസ്റ്റോറി" യായ് അയവിറക്കുന്ന രീതിയിൽ ആണ് പടത്തിന്റെ ആഖ്യാനരീതി.. പോർച്ചുഗൽ തന്നെയാണ് പടത്തിന്റെ ഇത്തിരി ഭാഗമൊഴിച്ചുള്ള ബാക്കി മുഴുവൻ ലൊക്കേഷനും..

  പണക്കാരിയായ നായിക.. പണക്കാരനായ വുഡ് ബി.. പാവപ്പെട്ടവനായ നായകൻ.. ക്ലീഷെയുടെ വല്യപ്പാപ്പനാണ് സ്റ്റോറിലൈൻ എങ്കിലും മൈസ്റ്റോറി ഒരു വിഭാഗം ആളുകൾ കേൾക്കാൻ ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന പോലെ ദുരന്തമല്ല. അവതരണമികവും എഡിറ്റിംഗിലെ ടെക്നിക്കുകളും‌ പുതുമയുള്ള ലൊക്കേഷനുകളും ഒക്കെ ആളുകൾ അത് ആസ്വദിക്കുന്നുണ്ട്. ഷാൻ റഹ്മാൻ വക സംഗീതവും ഗാനങ്ങളും പടം നിറയെ ഉള്ളത് വേറെ..

  കന്നഡ- തെലുങ്ക്- തമിഴ് സിനിമാ രംഗത്ത് കോസ്റ്റ്യൂം ഡിസൈനറായി പ്രശസ്തയായ രോഷ്നി ദിനകർ ആണ് മൈസ്റ്റോറിയുടെ സംവിധായിക. കൊടക് കാരിയായ രോഷ്നിയ്ക്ക് മലയാളി പശ്ചാത്തലം ഉണ്ടെന്നുകേട്ടു. അതുകൊണ്ടായിരിക്കണം ആയമ്മ ആദ്യ സിനിമ സംവിധാനം ചെയ്യാനിറങ്ങിയപ്പോൾ താൻ ഇത്രകാലം വർക്ക് ചെയ്ത കന്നഡ-തെലുങ്ക്-തമിഴ് ഇൻഡസ്ട്രികൾ വിട്ടു മലയാളത്തിലേക്ക് വന്നത്. പടം നിർമ്മിച്ചിരിക്കുന്നതും രോഷ്നിയും ഭർത്താവ് ദിനകറും ചേർന്നാണ്. 18കോടിയാണ് ബഡ്ജറ്റ് എന്ന് വിക്കിപീഡിയ പറയുന്നു. ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങളല്ലേ..

  പാർവതിയോടുള്ള ഓഫ്സ്ക്രീൻ വിരോധങ്ങൾ കൊണ്ട് ചിലർ പടം പൊട്ടിച്ചു കയ്യിൽ കൊടുക്കുമെന്ന് പറഞ്ഞ് ദൃഢപ്രതിജ്ഞ ചെയ്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും പടത്തിന്റെ ഹൈലൈറ്റ് പൃഥ്വിരാജ്-പാർവതി ജോഡി ആണെന്ന് പറയാതെ വയ്യ. രണ്ടുപേരുമില്ലാത്തെ ഫ്രെയിമുകൾ തന്നെ വിരളം.‌. ഒരു പാർവതിയെ വലിച്ചുകീറി ചുമരിലൊട്ടിക്കും എന്ന കട്ടക്കലിപ്പുമായി നിൽക്കുന്നവരുടെ മുന്നിലേക്ക് രണ്ട് പാർവതിയെ ആണ് സംവിധായിക ചെക്ക് പറഞ്ഞ് ഇറക്കി വിടുന്നത്. നായികയായ താരയ്ക്ക് പുറമെ ഹിമ എന്നൊരു സർപ്രൈസ് ഗെറ്റപ്പിൽ കൂടി പാർവതി വരുന്നുണ്ട്. ഇതുവരെ കാണാത്ത മുഖം. പെർഫോമൻസിൽ അവർ മോശമാക്കുമെന്ന് ശത്രുക്കൾക്ക് പോലും അഭിപ്രായമുണ്ടാകാൻ സാധ്യതയില്ലല്ലോ..

  പൃഥ്വിരാജിനെ സംബന്ധിച്ച് പതിവു വേഷം തന്നെയാണ് ജയ് എന്ന ജയകൃഷ്ണൻ. പ്രായത്തിൽ കവിഞ്ഞ പക്വതയും വൈകാരികതയും തന്നെയാണ് ഈ കഥാപാത്രത്തിന്റെയും ഉള്ളടക്കം. പൃഥ്വി ആയതുകൊണ്ട് മാത്രം വെറുപ്പിക്കാതെ കടന്നുപോവുന്ന ഇത്തരം ഐറ്റങ്ങൾ മലയാള സിനിമ എന്നോ കയ്യൊഴിഞ്ഞതാണെന്ന് പുള്ളി ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മിഡിൽ ഏജ് ഗെറ്റപ്പിനായി എല്ലായ്പ്പോഴും പൃഥ്വി പിന്തുടരുന്ന നരയും പ്രായാധിക്യ പക്വതയുമൊക്കെ മറ്റ് സീനിയർ നടന്മാരെ ബോധവൽകരിക്കാൻ മാത്രമാണെന്ന് തോന്നിപ്പോവാറുണ്ട്.. എന്തുകാര്യം..

  ഗണേഷ് വെങ്കിട്ടരാമൻ, മനോജ് കെ ജയൻ, മണിയൻപിള്ള രാജു, നന്ദു എന്നിവരൊക്കെയാണ് മറ്റ് അഭിനേതാക്കൾ. ആർക്കും അങ്ങനെ എടുത്തു പറയാൻ മാത്രമുള്ള റോൾ ഒന്നുമില്ല. പാട്ടുകൾ രസമായി എടുത്തിട്ടുണ്ട്. ഇതൊക്കെ ഇക്കാലത്ത് ആവശ്യമുണ്ടോന്ന് ചോദിച്ചാൽ ഉത്തരമില്ല താനും.. ഇടയ്ക്ക് വല്ലപ്പോഴും ഇങ്ങനെയൊക്കെ വരുന്നത് രസമല്ലേ എന്നുകരുതി ആശ്വസിക്കാം.. പടത്തിന്റെ മൊത്തമുള്ള കാര്യവും അങ്ങനെതന്നെ.. മൊത്തം റിയലിസ്റ്റിക്/പോത്തേട്ടൻ ബ്രില്യൻസ് ടൈപ്പ് പടങ്ങൾ ഇറങ്ങിയാൽ പോരല്ലോ.. ഇടയ്ക്കൊക്കെ ഇത്തിരി മെലോഡ്രാമയും ആവാല്ലോ..പൃഥ്വിരാജ് ആകുമ്പോൾ പ്രത്യേകിച്ചും.. !!!

  അതുകൊണ്ടുതന്നെ കണ്ടിരിക്കുമ്പോൾ മൈസ്റ്റോറി ഒരു ദുരന്തമല്ല എന്ന് ഉറപ്പിച്ച് പറയാം.. കൂവിത്തോൽപ്പിക്കണമെന്നു തീരുമാനിച്ചുറപ്പിച്ചവർ കൂടി ടിക്കറ്റെടുത്താൽ പടം വിജയിച്ചോളും..

  പോർച്ചുഗല്ലിൽ ഒരു ലവ്സ്റ്റോറി.. (ഇടയ്ക്കൊക്കെ ഇത്തിരി മെലോഡ്രാമയും ആവാം..ല്ലേ)

  ചുരുക്കം: ഇമോഷണല്‍ ഫീല്‍ നല്‍കുന്നൊരു ചിത്രമാണിത്. കഥയില്‍ ക്ലീഷേ ഉണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരിക്കും. മികവുറ്റ അവതരണവും പ്രണയരംഗങ്ങളുമാണ് ചിത്രം കാണാൻ പ്രേരപ്പിക്കുന്നത്.

  English summary
  My Story movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more