twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്രയ്ക്ക് അനാഥനാവേണ്ടവൻ അല്ല നാൻ പെറ്റ മകൻ... എവിടെ എസ്എഫ്ഐക്കാർ? ശൈലന്റെ റിവ്യു

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.0/5
    Star Cast: Minon, G. Suresh Kumar, Mareena
    Director: Saji S. Palamel

    'വർഗീയത തുലയട്ടെ" എന്ന ക്യാമ്പസ് ചുമരെഴുത്ത് നടത്തുന്നതിനിടെ വർഗീയ തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായി മാറിയ അഭിമന്യു മലയാള മനസാക്ഷിയുടെ ഒടുങ്ങാത്ത നൊമ്പരമാണ്. വട്ടവട പോലൊരു ഉൾനാടൻ ഹൈറേഞ്ച് ഗ്രാമത്തിൽ നിന്നും എറണാകുളം മഹാരാജാസ് കോളേജിലെത്തിയ ആ മിടുക്കൻ പത്തൊൻപത് വയസിനിടെ തന്റെ പ്രതിഭയും വ്യക്തിത്വവും തെളിയിച്ച് രാഷ്ട്രീയ എതിരാളികളുടെ പോലും മതിപ്പ് പിടിച്ചുപറ്റിയിരുന്നു. അതിനാൽ തന്നെയായിരുന്നു ആ കൊലപാതകം വെറുമൊരു രാഷ്ട്രീയകൊലപാതകമെന്നതിലുപരിയായി പൊതുസമൂഹത്തെ പിടിച്ചുകുലുക്കിയത്. ആ ദാരുണാന്ത്യം സംഭവിച്ച് ഏകദേശം ഒരുകൊല്ലമാവാറായിരിക്കുന്ന അവസരത്തിൽ പുറത്തുവന്നിരിക്കുന്നു അഭിമന്യു_ബയോപിക് ആണ് "നാൻ പെറ്റ മകൻ"

    നാൻ പെറ്റ മകനേ..

    അഭിമന്യുവിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോൾ അതിൽ വീണ് കെട്ടിപ്പിടിച്ച് "നാൻ പെറ്റ മകനേ.. നാൻ പെറ്റ കിളിയേ.." എന്ന് ആർത്തലമുറയിട്ട് നിലവിളിച്ച അഭിമന്യുവിന്റെ അമ്മയുടെ രംഗം മനസാക്ഷിയുള്ളവർക്ക് മറക്കാവുന്ന ഒന്നല്ല. "നാൻ പെറ്റ മകൻ" എന്ന ശീര്ഷകത്തിന്റെ ഉദ്ഭവം അതിൽ നിന്നാണ്. റെഡ് സ്റ്റാർ മൂവീസും സുനിൽ കുമാറും ചേർന്ന് നിർമിച്ചിരിക്കുന്ന 'നാൻ പെറ്റ മകൻ" സംവിധാനം ചെയ്തിരിക്കുന്നത് സജി എസ് പാലമേൽ ആണ്.

    വല്യ മെച്ചമൊന്നുമുണ്ടാവില്ല

    ഉദ്ദേശശുദ്ധി ഉണ്ടെങ്കിലും രചനപരമായും സാങ്കേതികമായും ഉള്ളടക്കം വല്യ മെച്ചമൊന്നുമുണ്ടാവില്ല എന്നൊരു അനാവശ്യ മുൻവിധിയോടെ ആയിരുന്നു സിനിമയ്ക്ക് കയറിയത്. കുറച്ച് തിയേറ്ററുകൾ മാത്രം റിലീസിന് ലഭിച്ച നാൻ പെറ്റ മകന് അതിൽ പലയിടത്തും ഒന്നോ രണ്ടോ ഷോകൾ മാത്രമേ അനുവദിച്ച് കിട്ടിയിരുന്നുള്ളൂ എന്നത് ഒരു സബ്സ്റ്റാൻഡേർഡ് ഫിലിമിൽ ഫീൽ ഉണ്ടാക്കി എന്നതാവാം കാരണം. പക്ഷെ, സിനിമ തുടങ്ങി അധികം വൈകും മുൻപേ തന്നെ മനസിലായി ഇതൊരു മോശം സിനിമയല്ല എന്ന്. കണ്ട് തീർന്നപ്പോഴും ആ അഭിപ്രായം നിലനിൽക്കുകയും ചെയ്യുന്നു.

    സജി എസ് പാലമേൽ

    ആറടി എന്ന ആർട്ട്house സിനിമ സംവിധാനം ചെയ്ത കൊണ്ട് ഫീൽഡിലേക്കെത്തിയ സജി എസ് പാലമേൽ എന്ന സംവിധായകൻ നമ്മൾ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ അഭിമന്യുവിന്റെ ജീവിതത്തോട് തീർത്തും നീതി പുലർത്തും വിധമാണ് നാൻ പെറ്റ മകൻ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്. മേക്കിംഗിൽ ആയാലും സജി തന്നെ എഴുതിയ സ്ക്രിപ്റ്റിലായാലും ശരി സിനിമ ഒരിക്കലും ആവറേജിന് താഴെ പോവുന്നില്ല. വിഷയത്തിന്റെ ഉദ്ദേശശുദ്ധി ഒരിടത്തും ചോർന്നുപോവുന്നുമില്ല.

    മിനോൺ ജോൺ എന്ന നടൻ

    മിനോൺ ജോൺ എന്ന നടൻ , കുഞ്ഞുണ്ണി എസ് കുമാർ എന്ന ഛായാഗ്രാഹകൻ, ബിജിബാൽ എന്ന മ്യുസിക് ഡയറക്ടർ, വട്ടവടയിലും മഹാരാജാസിലുമായുള്ള ലൊക്കേഷനുകൾ എന്നിവയെല്ലാം സംവിധായകന് തന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായകമാണ്. അതിനൊപ്പം അഭിമന്യുവിനെ കുറിച്ചുള്ള ജ്വലിക്കുന്ന സ്മരണകളും പടത്തെ ഹൃദയത്തോട് ചേർത്തുനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പരിമിതികൾ ഇല്ലെന്നല്ല.. പക്ഷെ, ക്ഷമിക്കത്തക്ക കുറവുകൾ മാത്രമേ ഉള്ളൂ..

    നന്മയും സ്നേഹവും

    നന്മയും സ്നേഹവും എതിരാളികളോട് പോലും മാനുഷികസഹാനുഭൂതിയും ഉയർത്തിപ്പിടിക്കുന്ന അഭിമന്യുവിന്റെ രാഷ്ട്രീയം തന്നെയാണ് നാൻ പെറ്റ മകൻ എന്ന സിനിമയുടെ രാഷ്ട്രീയവും. അതിൽ മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നതും. എതിരാളികളുടെ കാപട്യങ്ങൾ തുറന്നുകാട്ടാനോ അവരെ താറടിച്ച് കാണിക്കാനോ ഒന്നും ഒട്ടും സമയം നീക്കി വച്ചിട്ടില്ല. കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ ഉദ്ദേശശുദ്ധിയിലേക്ക് കണ്ണുതുറപ്പിക്കാനും (അതിനുള്ളിലുള്ളവരെയും പുറത്തുള്ളവരെയും) അത് പലപ്പോഴും പര്യാപ്‌തമാണ്. ബലം പിടുത്തങ്ങളില്ല.. വയലൻസുമില്ല.

    മിനോൺ

    നൂറ്റൊന്ന് ചോദ്യങ്ങൾ എന്ന സിനിമയിലൂടെ ബാലതാരമായി വന്ന് നാഷണൽ അവാർഡ് നേടിയ നടനാണ് മിനോൺ . മിനോൺന്റെ എനര്ജിയും പ്രസന്നാത്മകതയുമാണ് നാൻ പെറ്റ മകന്റെ നട്ടെല്ല്. എല്ലാ അർത്ഥത്തിലും അഭിമന്യു ആയി ജീവിക്കുകയായിരുന്നു മിനോൺ . പടം പാളിപ്പോവാതിരുന്നതിൽ സംവിധായകനും പ്രേക്ഷകരും ഏറ്റവുമധികം കടപ്പെടേണ്ടതും ഇയാളോട് തന്നെ.

    ശ്രീനിവാസനും സീമാ ജി നായരും

    അഭിമന്യുവിന്റെ അച്ഛനും അമ്മയുമായി ശ്രീനിവാസനും സീമാ ജി നായരും കുറ്റം പറയാനാവാത്ത വിധത്തിൽ അഭിനയിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ ജീവിതം സൈമൺ ബ്രിട്ടോയുമായി കൂടി ബന്ധപ്പെട്ടതായതിനാൽ ആ ജീവിതവും സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് വെക്കുന്നു. നെൽസൻ ക്രിസ്റ്റോ എന്ന കഥാപാത്രം ജോയ് മാത്യു ആണ് എന്നത് ഒരു വൈരുധ്യമാണ്. അഭിമന്യുവിനോട് സഹാനുഭൂതിയോടും സ്നേഹത്തോടെയും കൂടി ആദ്യമേ ഇടപഴകുന്ന ഷൈമ നായികാ സമാന കഥാപാത്രവും സിനിമയിൽ ഉണ്ട്. പുതുമുഖം രേവതി സുധീർ ആണ് ഷൈമ. മികച്ച സ്‌ക്രീൻ പ്രെസൻസും സ്വാഭാവികമായ ശരീരഭാഷയുമുള്ള രേവതി മലയാളത്തിലെ നായികാനിരയിലേക്ക് ഒരു നല്ല വാഗ്ദാനമാണ്.. കുഞ്ഞുണ്ണിയുടെ ക്യാമറാ വർക്ക് പലപ്പോഴും അയാളുടെ അച്ഛൻ മുൻപ് ചെയ്ത പഴയകാല പ്രിയദർശൻ സിനിമകളുടെ സ്മരണകളുണർത്തി. പടത്തെ ദൃശ്യ സമ്പന്നമാക്കുന്നതിൽ കുഞ്ഞുണ്ണി വിജയിച്ചു.

    അഭിമന്യുവിന്റെ ജീവിതകഥ

    ഇത്രയൊക്കെ പടത്തിന്റെ നല്ല വശങ്ങൾ പറഞ്ഞതിന്റെ പുറത്ത് ഒരു കാര്യം കൂടി പറയാതെ വയ്യ. നാൻ പെറ്റ മകൻ തിയേറ്ററിൽ നിന്ന് കാണുമ്പോൾ ഞായറാഴ്ച ആയിട്ടും പീക്ക് ടൈം ഷോ ആയിട്ടും തിയേറ്ററിൽ ഉണ്ടായിരുന്നത് 13 പേരാണ്. ഷോ നടത്തിയത് തിയേറ്ററുകരന്റെ ഔദാര്യം എന്ന് പറയാം. ഇത്രമേൽ അനാഥമാക്കപ്പെട്ട ഒന്നാണോ മലയാളിക്ക് അഭിമന്യുവിന്റെ ജീവിതകഥ. അല്ലെങ്കിൽ, മലയാളികൾക്ക് എന്ന് അടച്ചു പറയുന്നത് ഒഴിവാക്കിയാൽ സി പി എം എന്ന പാർട്ടിക്കാർക്ക് അല്ലെങ്കിൽ എസ് എഫ് ഐ കാർക്ക്. ഒരുകൊല്ലം തികയും മുൻപ് നിങ്ങൾ നിങ്ങളുടെ ചങ്ക് സഖാവിനെ മറന്ന് കഴിഞ്ഞോ.. മഹാരാജിലെ പൂർവ വിദ്യാർഥികളായ കുറച്ച് കെ എസ്‌ യു ക്കാർ അവരുടെ കോളേജ് ലൈഫ് തിരക്കഥയാക്കി കച്ചവടലക്ഷ്യം മാത്രം മുൻ നിർത്തി, കെ എസ് യു എന്നിടത്തൊക്കെ എസ് എഫ് വൈ എന്ന് തിരുത്തി മെക്സിക്കൻ അപാരതയാക്കി ഇറക്കിയപ്പോൾ രക്തനക്ഷത്രാങ്കിതമായ ശുഭ്രപതാകയും ചെഗുവേരക്കൊടിയും കൊണ്ട് തിയേറ്ററിൽ എത്തി മുദ്രാവാക്യം വിളിച്ചു വെരകിയ crowd നെ ഞാൻ പല ദിവസം തിയേറ്ററിൽ കണ്ടിട്ടുണ്ട്. കോടികൾ ആയിരുന്നു മെക്സിക്കൻ നിർമാതാവ് അതുകൊണ്ട് മാത്രം ചാക്കിൽ കെട്ടി കൊണ്ടുപോയത്.. എവിടെപ്പോയി കൂട്ടരേ നിങ്ങളൊക്കെ.. ഇത് നിങ്ങളുടെ രക്തമാണ്.. അനാഥത്വത്താൽ അപമാനിക്കപ്പെടേണ്ടതോ അവഹേളിക്കപ്പെടേണ്ടതോ ആയ ഒന്നല്ല അത്. കാലം മാപ്പ് തരില്ല.

    ഇറങ്ങിപ്പോരുമ്പോൾ ചങ്കിൽ ഒരു വിങ്ങലാണ് നാൻ പെറ്റ മകൻ.

    English summary
    Naan Petta Makan movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X