twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമുക്ക് പാര്‍ക്കാന്‍ ബോറടിപ്പിക്കുന്നില്ല

    By നിര്‍മല്‍
    |

    പത്മരാജന്റെ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചലച്ചിത്രകാവ്യമാണ് നമുക്കുപാര്‍ക്കാന്‍ എന്ന അനൂപ് മേനോന്‍ ചിത്രത്തിന്റെ പേരു വായിക്കുമ്പോള്‍ ഓര്‍മയില്‍ വരിക. പേരില്‍നിന്ന് മുന്തിരിത്തോപ്പുകള്‍ ഇല്ലാതായതുപോലെ തന്നെയാണ് ചിത്രത്തിന്റെ അവസ്ഥയും.

    വീടുവയ്ക്കുക എന്ന മലയാളിയുടെ ആഗ്രഹത്തെ ചലച്ചിത്രമാക്കുമ്പോള്‍ അത് സീരിയല്‍ നിലവാരത്തില്‍ നിന്ന് ഉയര്‍ന്നുപോകരുതെന്ന് അണിയറക്കാര്‍ ആഗ്രഹിച്ചുവെന്നുതോന്നും ഈ ചിത്രം കാണുമ്പോള്‍. മനോഹരമായ വാക്കുകള്‍ ചേര്‍ത്തുവച്ചാല്‍ ചലച്ചിത്രഗാനമായെന്നും അതില്‍ കേള്‍ക്കാന്‍ ഇമ്പമുള്ള സംഗീതം ചേര്‍ത്തുവച്ചാല്‍ എല്ലാവരും പാടിക്കൊണ്ടിരിക്കുമെന്നുമുള്ള തെറ്റായധാരണയും ഗാനമെഴുതിയ നായകനു തോന്നിയിട്ടുണ്ട്. ബോറടിക്കാതെ കണ്ടിരിക്കാമെന്നുമാത്രം പറയാവുന്ന ഒരു ചിത്രമായി നമുക്കുപാര്‍ക്കാന്‍ ഒതുങ്ങിപ്പോയി എന്നാണ് ആദ്യകാഴ്ച കണ്ടിറങ്ങുന്നവര്‍ പറയുക.

    ബ്യൂട്ടിഫുള്‍ എന്ന ചിത്രം മലയാളിക്കു സമ്മാനിച്ചത് അനൂപ് മേനോന്‍-മേഘ്‌നാരാജ് എന്നൊരു പുതിയ ജോടിയെയായിരുന്നു. മഴനീര്‍തുള്ളികള്‍ എന്നു തുടങ്ങുന്ന ഗാനത്തോടെ ഈ പ്രണയിനികള്‍ക്ക് നാം നല്ലൊരു സ്ഥാനം കൊടുത്തു. ഇവര്‍ വീണ്ടുമൊരുമിക്കുന്ന ചിത്രമെന്ന നിലയിലാണ് നമുക്കുപാര്‍ക്കാന്‍ കാണാന്‍ മിക്ക പ്രേക്ഷകരും പോകുക. സങ്കടമെന്നുപറയട്ടെ മേഘ്‌നരാജ് എന്ന നടിക്ക് സാരിയുടുത്തു നടക്കുക എന്നതല്ലാതെ ഒന്നും ചെയ്യാനില്ലാതെ പോയി.

    സീരിയല്‍ നിലവാരത്തിലുള്ള കുടുംബമുഹൂര്‍ത്തങ്ങള്‍

    നവാഗത സംവിധായകനായ അജി ജോണ്‍ സീരിയല്‍ നിലവാരത്തില്‍ മതി സിനിമയെന്ന് ആദ്യമേ കണക്കുകൂട്ടിയിരുന്നു എന്ന് പ്രേക്ഷകര്‍ക്കുറപ്പിക്കാന്‍ ഇതിലെ കുടുംബ മുഹൂര്‍ത്തങ്ങള്‍ കണ്ടാല്‍ മാത്രം മതി. പ്രത്യേകിച്ച് നായകന്റെ ചേട്ടനായ ടിനി ടോമിന്റെ ഗൃഹപ്രവേശ ചടങ്ങുകാണുമ്പോള്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്ന അനുജനും ഭാര്യയും നിലവിളക്കാണു സമ്മാനിക്കുന്നത്. ഇതിനെ കളിയാക്കി ചേട്ടന്റെയും അനുജന്റെയും ഭാര്യമാര്‍ മേഘ്‌നാരാജിനെ കളിയാക്കുന്നതും അതുകണ്ട് കരയുന്നതും കുട്ടികള്‍ ചുമരില്‍ ചോക്ലേറ്റ് തേയ്ക്കുമ്പോള്‍ കുട്ടികളെ അടിക്കാന്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന ഇറങ്ങിപ്പോക്കുമെല്ലാം മിക്ക ദിവസങ്ങളിലും സീരിയലില്‍ നാം ഇതിലും നിലവാരത്തോടെ കാണുന്നതാണ്. അല്ലെങ്കില്‍ത്തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇത്തരം സീനുകളെല്ലാം മലയാളസിനിമയില്‍ നിന്നു പുറത്തായതാണ്.

    പഴയ വല്യേട്ടന്‍ വീണ്ടും

    മലയാള സിനിമയില്‍ എന്നുമുള്ള നായക കാഴ്ചപ്പാടായിരുന്നു വല്ല്യേട്ടന്‍. സഹോദരങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി കഷ്ടപ്പെട്ടിട്ട് ഒടുവില്‍ എല്ലാവരും കുറ്റപ്പെടുത്തുന്ന നായകനാണ് വല്ല്യേട്ടന്‍. അദ്ദേഹം ജോലിയെടുത്തായിരിക്കും ബാക്കിയുളളവരെ പഠിപ്പിക്കുന്നതും വളര്‍ത്തുന്നതുമെല്ലാം. എന്നാല്‍ ഇവിടെ വല്ല്യേട്ടന്‍ എന്ന സ്ഥാനത്തുനിന്ന് ഇവിടെ ആ ഉത്തരവാദിത്തം വീട്ടിലെ രണ്ടാമത്തെ സഹോദരനിലേക്കു മാറ്റി. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന രാജീവ് എന്ന വെറ്റിനറി ഡോക്ടര്‍ ആണ് മൂത്തസഹോദരനെ പഠിപ്പിച്ച് ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ആക്കുന്നതും അനുജനെ ഗള്‍ഫില്‍ പറഞ്ഞയയ്ക്കുന്നതും. അവരെല്ലാം നല്ലനിലയിലായിട്ടും രാജീവ് ഇപ്പോഴും വാടകവീട്ടിലാണ്. സ്വന്തമായി വീടുവയ്ക്കാന്‍ മോഹിച്ചു നടന്ന് 18 പഌന്‍ വരപ്പിച്ചിട്ടും തൃപ്തി വരാതെ അയാള്‍ നടക്കുകയാണ്. എന്നാല്‍ ചേട്ടന്റെ ഗൃഹപ്രവേശ ചടങ്ങില്‍ ഉണ്ടാകുന്ന അനിഷ്ട സംഭവത്തോടെ അയാള്‍ വീട് യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിക്കുന്നു.

    ആദര്‍ശക്കാരന്‍ കൈക്കൂലിക്കാരനാകുമ്പോള്‍

    ചെഗുവേരയെ ആരാധിച്ചു നടന്നിരുന്ന ഈ കമ്യൂണിസ്റ്റുകാരന്‍ വീടുവയ്ക്കാന്‍ പണത്തിനു വേണ്ടി കൈക്കൂലിക്കാരനാകുകയാണ്. സിനിമയില്‍ പതിവായി കാണുന്നതുപോലെയായിരുന്നു തുടക്കമെല്ലാം. കൈക്കൂലി വാങ്ങാത്ത സത്യസന്ധനായ ഉദ്യോഗസ്ഥന്‍. അയാളെ കൈക്കൂലി മേടിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ എത്തുന്ന പണക്കാരനായ നസ്രാണി. അയാള്‍ക്ക് ശിങ്കിടിയായി പഞ്ചായത്ത് പ്രസിഡന്റ്, അവര്‍ക്കെല്ലാം ഒത്താശയോടെ ഡോക്ടറുടെ അസിസ്റ്റന്റും. എത്ര തവണ ഇവരെയെല്ലാം നമ്മള്‍ കണ്ടിരിക്കുന്നു.

    ആദര്‍ശക്കാരന്‍ കഷ്ടപ്പാടുവരുമ്പോള്‍ കൈക്കൂലി വാങ്ങുന്നതും വിജിലന്‍സ് പിടിക്കുന്നതിലും പുതുമയില്ല. എന്നാല്‍ ഇവിടെ പിടിക്കാന്‍ വരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഡോക്ടറുടെ കൂട്ടുകാരനായിരുന്നു. അതുകൊണ്ടാണ് അയാള്‍ രക്ഷപ്പെടുന്നത്. പണക്കാരുടെ കാറില്‍ നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റും സര്‍ക്കാര്‍ ഓഫിസിലെ സാധാരണജീവനക്കാരുമെല്ലാം ഇങ്ങനെ പണംവാങ്ങി നടക്കുന്ന പതിവു കാഴ്ചകള്‍ മാറ്റാനെങ്കിലും സംവിധായകനു ശ്രമിക്കാമായിരുന്നു.

    വീടിന് നിലത്തുപാകാന്‍ ഗ്രാനൈറ്റെടുക്കാന്‍ ബാംഗ്ലൂരിലേക്കു പോകുന്ന രാജീവ് അവിടെ തട്ടിപ്പിനിരയാകുന്നതും കൈക്കൂലി കൊടുത്ത് രക്ഷപ്പെടുന്നതുമെല്ലാമായി ഒടുവില്‍ ഒരുവിധം സിനിമ തീര്‍ത്ത് സംവിധായകനും നവാഗത തിരക്കഥാകൃത്തായ ജയന്‍ സുനോജും രക്ഷപ്പെടുകയാണ്. മൂന്ന് സഹോദരന്‍മാരുടെ ഏക പെങ്ങളെ കല്യാണം കഴിക്കുന്നയാള്‍ ജോലിയും കൂലിയുമില്ലാതെ അളിയാന്‍മാരെ പറ്റിച്ചു ജീവിക്കുന്നതായിട്ടു മാത്രമേ നമ്മുടെ സിനിമക്കാര്‍ കണ്ടുള്ളൂ. അതേ മാതൃകയില്‍ തന്നെയാണ് ഇതില്‍ നന്ദു അവതരിപ്പിക്കുന്ന അളിയന്‍ കഥാപാത്രവും. ഇങ്ങനെ കഴിവുകെട്ട അളിയന്‍മാരുടെ താവളമാണോ കേരളരാജ്യം?

    സ്വന്തമായൊരു വീടു പണിയുമ്പോള്‍ മിക്ക ആളും പ്രയാസപ്പെടുക അതിന്റെ പ്‌ളാന്‍ പാസാക്കാനും മണല്‍പാസ് സംഘടിപ്പിക്കാനുമൊക്കെയാണ്. പക്ഷേ അത്തരം കാര്യങ്ങളൊന്നും രാജീവിനെ സംബന്ധിച്ചിടത്തോളം ഇല്ലെന്നു തോന്നുന്നു. പ്‌ളാന്‍ വരച്ചാല്‍ വീടുവയ്ക്കാമെന്നു തോന്നും ചിത്രം കണ്ടാല്‍. വീടുവയ്ക്കുന്നതാണോ പ്രയാസം, അതോടെ ബന്ധങ്ങളുടെ ബലമാണോ ശക്തം എന്ന കാര്യത്തില്‍ ആദ്യമേ ഒരു തീരമാനമുണ്ടെങ്കില്‍ ഈചിത്രം ഇതിലും ഭംഗിയായിരുന്നു. രണ്ടുംകൂടി കൂട്ടികലര്‍ത്തിയതോടെ സാമ്പാറും മീന്‍കറിയും ചേര്‍ത്തുണ്ടാക്കിയ പുതിയ വിഭവം പോലെയായി.

    ന്യൂ ജനറേഷന്‍ സിനിമയെന്ന നിലയില്‍ നിരാശപ്പെടുത്തി

    പുതിയ സംവിധായകരില്‍ നിന്നും തിരക്കഥാകൃത്തുക്കളില്‍ നിന്നും മലയാള സിനിമ പലതും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ആ പ്രതീക്ഷ പുലര്‍ത്താന്‍ അജി ജോണിനും ജയന്‍ സുനോജിനും സാധിച്ചില്ല എന്നുവേണം പറയാന്‍. മൂന്നു ഗാനങ്ങളാണുള്ളത്. അസ്ഥാനത്തു വന്നുചേരുന്ന ഗാനങ്ങള്‍. മനോജ് വേഗയുടെ സംഗീതമാണ് അല്‍പമെങ്കിലും ആശ്വാസം തോന്നുന്നത്. ഗാനങ്ങളുടെ വരികളെടുത്തുനോക്കുമ്പോള്‍ എവിടെയും ചേരാത്ത കുറച്ചു വാക്കുകള്‍ കൂട്ടിചേര്‍ത്തുകെട്ടിയതായി മനസ്സിലാക്കാം. ഇതൊന്നും പ്രേക്ഷകര്‍ മനസ്സിലാക്കാന്‍ പോകുന്നില്ല എന്നായിരിക്കും ഗാനരചന നിര്‍വഹിച്ച അനൂപ് മേനോന്‍ കരുതിയിട്ടുണ്ടാകുക.
    ജയസൂര്യയുടെ അതിഥി വേഷം വ്യത്യസ്തത പുലര്‍ത്തി. കന്നട സംസാരിക്കുന്ന സിഐ ആയി പുത്തന്‍ഗെറ്റപ്പിലാണ് ജയസൂര്യയുള്ളത്. ചിത്രത്തിനൊടുവില്‍ മോഹന്‍ലാലിന്റെ കുറച്ചുനേരമുള്ള പ്രണയംതുളുമ്പുന്ന വാക്കുകളും ആശ്വാസം പകരുന്നതുതന്നെ.

    മേഘ്‌നാരാജ്, കവിയൂര്‍ പൊന്നമ്മ, ഗീതാ വിജയന്‍ എന്നീ പെണ്‍കഥാപാത്രങ്ങള്‍ക്കൊന്നും സ്വന്തമായി വ്യക്തിത്വമില്ലാതെപോയി. ടീച്ചറുടെ വേഷത്തിലാണ് മേഘ്‌നാരാജ്. പക്ഷേ എവിടെ എന്തുപഠിപ്പിക്കുന്നുവെന്നൊന്നും ചോദ്യമില്ല. അനുജന്‍ കഥാപാത്രമായി സുധീഷും പതിവു രീതിയില്‍ തന്നെ. അശ്ലീലം തോന്നിക്കുന്ന ദ്വയാര്‍ഥപ്രയോഗങ്ങളും സംഘട്ടനങ്ങളുമില്ലാത്തതിനാല്‍ സമാധാനാന്തരീക്ഷത്തില്‍ നടക്കുന്ന കഥയായതിനാല്‍ നമുക്കു പാര്‍ക്കാന്‍ ബോറടിക്കാതെ കണ്ടിരിക്കാം. അത്രമാത്രം.

    English summary
    Malayalam film Namukku Parkkan Released on Friday. Nothing news in Aji John's highly anticipated film, Starring Megna Raj and Anoop Menon, story of a couple who try to build themselves a house.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X