»   » അഴിമതിയെ വെറുക്കുന്നവരെയെല്ലാം പൂവിട്ട് പൂജിക്കും!!!; റെയ്ഡ് - ന്യൂ മൂവി റിവ്യൂ

അഴിമതിയെ വെറുക്കുന്നവരെയെല്ലാം പൂവിട്ട് പൂജിക്കും!!!; റെയ്ഡ് - ന്യൂ മൂവി റിവ്യൂ

By Sandeep Santosh
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇൻകം ടാക്സ് റെയ്ഡിനെ ആസ്പദമാക്കിയ ലോകത്തിലെ തന്നെ ആദ്യ ചിത്രമെന്ന വിശേഷണവുമായാണ് അജയ് ദേവ്ഗൺ നായകനായ 'റെയ്ഡ്’ മാർച്ച് 16-ന് തീയറ്ററുകളിൽ എത്തിയത്. ഇല്ല്യാന ഡിക്രൂസ് നായികയായെത്തിയ ചിത്രത്തിൽ സൗരഭ് ശുക്ല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌.

  എന്താണ് റെയ്ഡ് എന്ന ചിത്രം?

  എൺപതുകളുടെ തുടക്കത്തിൽ ഉത്തർപ്രദേശിൽ നടന്നിട്ടുള്ള യഥാർത്ഥ ചില ഇൻകം ടാക്സ് റെയ്ഡുകളെ ആസ്പദമാക്കിയാണ് ‘റെയ്ഡ്'എന്ന ചിത്രം തയാറാക്കിയിരിക്കുന്നത്.
  സിനിമയിൽ ആദ്യം തൊട്ട് അവസാനം വരെ ഒരു റെയ്ഡ് തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

  റേറ്റിംഗ് - 8/10

  1981-ൽ ലക്നൗവിൽ ഇൻകം ടാക്സ് ഓഫീസർ അമയ് പട്നായിക്കും (അജയ് ദേവ്ഗൺ)തന്റെ ടീമും അതിരാവിലെ ഒരു റെയ്ഡിനു പോകുന്നിടത്തു നിന്നുമാണ് കഥ ആരംഭിക്കുന്നത്. അതിനു ശേഷം കുറച്ചു പിറകിലേക്ക് പോയി പട്നായിക്കും ഭാര്യ മാലിനിയും (ഇല്ല്യാനാ ഡിക്രൂസ് ) ലക്നൗവിലേക്കെത്തുന്നതും മറ്റുമായ ചില രംഗങ്ങൾ കാണിക്കുന്നുണ്ട്, പക്ഷെ അധികം വൈകിക്കാതെ തന്നെ വീണ്ടും റെയ്ഡിലേക്ക് തന്നെ തിരികെ വരുന്നു.
  തനിക്ക് കിട്ടുന്ന ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായും വ്യക്തമായും പഠിച്ചും പ്ലാൻ ചെയ്തുമാണ് പട്നായിക്ക് റെയ്ഡിനിറങ്ങിത്തിരിക്കുന്നത്.
  യു.പി.യിലെ എന്നല്ല ഇന്ത്യയിലെ തന്നെ വളരെ പ്രമുഖനായ, പണത്തിന്റെയും ആൾബലത്തിനേറെയും കരുത്തുള്ള ‘താവുജി'എന്നു വിളിക്കുന്ന രാമേശ്വർ സിംഗിന്റെ ‘വൈറ്റ് ഹൗസ്' എന്ന വീട്ടിലേക്കാണ് പട്നായിക്ക് റെയ്ഡിനെത്തുന്നത്.
  മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രിക്കു വരെ തള്ളിക്കളയാനാകാത്ത വ്യക്തിത്വമാണ് രാമേശ്വറിന്റെത്. വൈറ്റ് ഹൗസിൽ ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണം, സ്വർണ്ണം, മറ്റ് ആസ്തികളുടെ വിവരങ്ങൾ എല്ലാം പട്നായിക്കിന് എങ്ങനെ കണ്ടെത്താൻ കഴിയുന്നു എന്നും, അത് കണ്ടെത്തിയതിന്റെ അനന്തരഫലങ്ങൾ അയാൾക്കും ഒപ്പമുള്ള ഉദ്യോഗസ്ഥർക്കും എങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരുന്നു എന്നതൊക്കെയാണ് സിനിമയുടെ കഥ.

  ക്ലൈമാക്സിനായി ഒരു സസ്പെൻസും

  ഒരു റെയ്ഡിനെ ആസ്പദമാക്കിയുള്ള സിനിമ എന്നു പറയുമ്പോൾ തന്നെ ഒരു ഏകദേശ ധാരണ പ്രേക്ഷകനു ലഭിക്കും, എന്നാൽ കാണികളുടെ കൗതുകം നിലനിർത്തുന്നതിനു വേണ്ടി കഥയിൽ പട്‌നായിക്കിന് രഹസ്യവിവരങ്ങൾ നൽകുന്നത് ആരാണെന്ന കാര്യം സിനിമയുടെ അവസാനം വരെ വ്യക്തമാക്കാതെ കൊണ്ടു പോകുന്നു.
  ഇടവേളയ്ക്ക് മുമ്പെ തന്നെ വിവരങ്ങൾ കൈമാറിയ വ്യക്തി രാമേശ്വർ സിംഗിന്റെ കുടുംബത്തിലൊരാൾ തന്നെയാണെന്ന കാര്യം ബോധ്യപ്പെടുത്തുന്നതിലൂടെ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ വലിയൊരളവിൽ ജിജ്ഞാസയുണ്ടാക്കുന്നുണ്ട്‌.

  തന്റെ വേഷം അതിഗംഭീരമാക്കിയ അജയ് ദേവ്ഗൺ

  വളരെ സൂക്ഷ്മതയോടെയാണ് കഥാ ശില്പികൾ പട്നായിക്കെന്ന കഥാപാത്രത്തെ മെനഞ്ഞെടുത്തിരിക്കുന്നത്. ആ കഥാപാത്രത്തോട് 100 ശതമാനത്തിലുമധികം ആത്മാർത്ഥത പുലർത്താൻ അജയ് ദേവ്ഗണിന് സാധിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ സത്യസന്ധതയും, ഭാര്യയോടുള്ള സ്നേഹവും, ഉള്ളിൽ നിറയുന്ന ദേഷ്യവും, സങ്കടവും, നിസ്സഹായതയുമെല്ലാം അജയ് ദേവ്ഗണിന്റെ കൈയ്യിൽ ഭദ്രമായിരുന്നു.
  ‘സിംഗം'എന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ തന്നെ അവതരിപ്പിച്ച കഥാപാത്രവുമായി സാമ്യം പുലർത്തുന്നതാണ് ഈ കഥാപാത്രവും.

  മറ്റ് താരങ്ങളുടെ സംഭാവന

  എല്ലാ താരങ്ങളും മികച്ച അഭിനയം തന്നെയാണ് കാഴ്ച്ച വച്ചത്. ചിത്രത്തിലെ അജയ് ദേവ്ഗണിന്റെ എതിരാളി രാമേശ്വർ സിംഗിന്റെ വേഷമവതരിപ്പിച്ച സൗരഭ് ശുക്ല അഭിനയത്തിലും കടുത്ത മത്സരമാണ് കാഴ്ചവച്ചത്, വളരെ റിയലസ്റ്റിക്കായ പ്രകടനം.
  പട്നായിക്കിന്റെ ഭാര്യ നിതയായെത്തിയ ഇല്ല്യാനയ്ക്കും സ്ഥിരം ഗ്ലാമർ വേഷങ്ങളിൽ നിന്നുമൊരു മോചനം ലഭിച്ചിരിക്കുന്നു. എന്തിനേറെപ്പറയുന്നു... ചിത്രത്തിലെ ചുരുക്കം ചില രംഗങ്ങളിലെത്തുന്ന രാമേശ്വറിന്റെ വയസ്സായ അമ്മയുടെ കഥാപാത്രത്തിനും ഒറ്റ വാക്ക് മാത്രം സംസാരിക്കാൻ അവസരം കിട്ടിയ വേലക്കാരന്റെ കഥാപാത്രത്തിനും വരെ ചിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു.

  5 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സംവിധായകന്റെ ചിത്രം

  ‘ആമിർ', ‘നോ വൺ കിൽഡ് ജസീക്ക' തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകൻ രാജ്കുമാർ ഗുപ്തയുടെ 2013 നു ശേഷം പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘റെയ്ഡ്'. ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് റിതേഷ് ഷായാണ്. റിതേഷ് ഷായ്ക്കൊപ്പം സംവിധായകൻ രാജ്കുമാർ ഗുപ്തയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

  കെട്ടുറപ്പുള്ള കഥയും സംവിധാനമികവും

  ഒരു സിനിമയിൽ ഏകദേശം പൂർണ്ണമായും ഒരു റെയ്ഡിനെപ്പറ്റി ചിത്രീകരിക്കുന്നതിലുള്ള നിരവധി വെല്ലുവിളികൾ നമുക്ക് ഊഹിക്കാവുന്നതാണ്, എന്നാൽ പ്രേക്ഷകരെ തെല്ലും ബോറഡിപ്പിക്കാതെ വളരെ വേഗത്തിൽ തന്നെയാണ് ചിത്രം സഞ്ചരിച്ചത്.
  അതുപോലെ തന്നെ ചിത്രത്തിലെ ഓരോ സംഭാഷണവും വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന കുറെയേറെ പഞ്ച് ഡയലോഗുകൾ അജയ് ദേവ്ഗണിന്റെ കഥാപാത്രത്തിന് നൽകിയിട്ടുണ്ട്.

  ഇന്ധിരാ ഗാന്ധിയുടേയും സാനിധ്യം

  മുഖം വ്യക്തമാക്കാതെയും പേരു പറയാതെയും തന്നെ പ്രധാനമന്ത്രിയായി ഇന്ധിരാ ഗാന്ധിയെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്‌.
  വളരെ പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുമ്പോഴും സ്വാഭാവികമായും പ്രേക്ഷകർ ചിരിച്ചു പോകുന്ന ഒട്ടേറെ നർമ്മങ്ങളും ചിത്രത്തിൽ കഥയുടെ ഭാഗമായി തന്നെ വരുന്നുണ്ട്. നല്ല രീതിയിൽ തയ്യാറാക്കിയ തിരക്കഥയുടേയും ആ കഥയുടെ സ്വാഭാവികത നഷ്ടപ്പെടാതെയുള്ള സംവിധാനത്തിന്റേയും മിശ്രണമാണ് ഈ ‘റെയ്ഡ്'.
  അൽഫോൺസ് റോയ് പകർത്തിയ ദൃശ്യങ്ങളും വളരെ മിഴിവേറിയതും ചിത്രത്തിന് കരുത്തേകുന്നതുമാണ്.

  ഗാനങ്ങൾ

  അമിത് ത്രിവേദി ഈണം നൽകിയ രണ്ട് ഗാനങ്ങളും, തനിഷ്ക് ബഗ്ചിയുടെ രണ്ട് ഗാനങ്ങളുമാണ് ചിത്രത്തിലുള്ളത്. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും അമിത് ത്രിവേദിയാണ്. ചിത്രത്തിന്റെ കഥാഗതിയ്ക്ക് യോചിക്കുന്ന ഗാനങ്ങൾ തന്നെയാണെങ്കിലും ഒരു ശരാശരി നിലവാരത്തിലൊതുങ്ങുന്നവയാണ് അതെല്ലാം.
  അങ്ങനെതന്നെയാണ് പശ്ചാത്തല സംഗീതത്തിന്റെ കാര്യവും, ഒരു വിധം മോശമല്ലാത്തത് എന്നതിനപ്പുറം പറയാൻ കഴിയില്ല.

  സാമൂഹ്യ പ്രസക്തിയുള്ള വിഷയം

  പൊതുസമൂഹത്തിൽ ഏറിയ പങ്കും അഴിമതിയെ വെറുക്കുന്നവർ തന്നെയാണ്. ഓരോ ദിവസവും അഴിമതിയുടെ നിരവധി വാർത്തകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്, പക്ഷെ പലപ്പോഴും ഇതു ചെയ്യുന്നവർ നമ്മുടെ ശിക്ഷാനിയമത്തിന്റെ പിടിയിൽ നിന്നും വഴുതിപ്പോവുകയാണ് പതിവ്. തിന്മകൾ ചെയ്യുന്നവർ ഏറെയുണ്ടെങ്കിലും ഒന്നിനും ഭയപ്പെടാതെയും തളരാതെയും അതിനെതിരെ പോരാടുന്നവരും നമുക്കിടയിൽ തന്നെയുണ്ട്. അനേകം വെല്ലുവിളികളെ നേരിട്ടുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്ന അത്തരത്തിലുള്ള ഓരോ ഉദ്യോഗസ്ഥർക്കും പ്രചോദനമാണ് ‘റെയ്ഡ്'. ടാഗ് ലൈൻ തീർത്തും ശരിവയ്ക്കുന്ന ചിത്രം. നായകൻമ്മാർ എപ്പോഴും യൂണിഫോമിൽ വരാറില്ല!

  ടോയ് ലറ്റ് പേപ്പറിന്റെ വില പോലുമില്ല, കാണിച്ചത് പിതൃശൂന്യത്വം, മാതൃഭൂമിക്കെതിരെ വൈശാഖ്

  English summary
  new movie review of raid bollywood movie

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more