»   » പോത്തേട്ടനെയും ബ്രില്യൻസിനെയും മഹേഷിനെയും പുറത്തിരുത്തിപ്പോയാൽ വൺ ടൈം വാച്ചബിൾ ആണ് നിമിർ..

പോത്തേട്ടനെയും ബ്രില്യൻസിനെയും മഹേഷിനെയും പുറത്തിരുത്തിപ്പോയാൽ വൺ ടൈം വാച്ചബിൾ ആണ് നിമിർ..

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

അനൗൺസ് ചെയ്ത അന്ന് മുതൽ ട്രോളുകളുടെ പെരുമഴ നനയേണ്ടി വന്ന സിനിമയാണ് പ്രിയദർശന്റെ നിമിർ.‌ മലയാളത്തിലെ റിയലിസ്റ്റിക്- സീറോ സിനിമാറ്റിക് സിനിമകളിലെ ക്ലാസിക്ക് ആയ മഹേഷിന്റെ പ്രതികാരമാണ് പ്രിയദർശൻ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് എന്നതും ഉദയനിധി സ്റ്റാലിൻ ആണ് അതിൽ മുഖ്യവേഷം ചെയ്യുന്നത് എന്നതുമാണ് ട്രോളന്മാരെ എരി കേറ്റി വിട്ടത്.

റീമേക്ക് സിനിമകളെ പ്രിജുഡീസ് ഒന്നുമില്ലാതെ പുതിയ ഒരു സിനിമയായിത്തന്നെ ആസ്വദിക്കുന്ന ഒരാളെന്ന നിലയിൽ ആണ് ഞാൻ നിമിർ കാണാൻ ടിക്കറ്റ് എടുത്തത്.. ദോഷം പറയരുതല്ലോ മഹേഷിനെയും പോത്തേട്ടനെയും ബ്രില്യൻസുകളെയും എല്ലാം മായ്ച്ചുകളഞ്ഞ് ഒരു പ്രിയദർശൻ സിനിമ എന്ന രീതിയിൽ സമീപിക്കുമ്പോൾ നിമിർ തീർച്ചയായും ഒരു വാച്ചബിൾ ഫിലിം‌ തന്നെയാണ് എന്നുപറയേണ്ടിവരും.. കുറ്റം പറയാനുള്ള കണ്ണട വച്ച് സീറ്റിലിരിക്കുകയാണെങ്കിലോ, അതിനുമാത്രമേ സമയം കാണുകയുള്ളൂ എന്നത് വേറെ കാര്യം..

ഭാരതിരാജയ്ക്ക് സമർപ്പണം പോത്തന് താങ്ക്സ്

തമിഴ് ഗ്രാമീണ സിനിമകളുടെ കുലപതിയായ ഭാരതിരാജയ്ക്ക് സമർപ്പണവും ദിലീഷ് പോത്തന് നന്ദിയും എഴുതിക്കാണിച്ചുകൊണ്ടാണ് പ്രിയൻ നിമിർ തുടങ്ങുന്നത്. ഒറിജിനൽ സ്റ്റോറിയുടെ ക്രെഡിറ്റ് ശ്യാം പുഷ്കരനും സംഭാഷണകർതൃത്വം സമുദ്രക്കനിയ്ക്കും നൽകിക്കൊണ്ടുള്ള ടൈറ്റിൽസിൽ തിരക്കഥ, ഇയക്കം താൻ തന്നെ എന്ന് എഴുതിക്കാണിക്കുന്നതോടെ മഹേഷിനെപ്പറ്റി ഇനി ഒരക്ഷരം ഓർത്തുപോകരുത് എന്ന് തന്നെയാണ് പ്രിയൻ വാണിംഗ് നൽകുന്നത്. പക്ഷെ എന്നിട്ടും തിരക്കഥയുടെ 99ശതമാനവും മലയാളത്തിൽ കണ്ടതുതന്നെ ആണെന്നതും സംഭാഷണങ്ങളിൽ സിംഹഭാഗം പദാനുപദ തർജമ ആണെന്നതുമാണ് സത്യം..

ഹൈറേഞ്ചിൽ നിന്നും‌ തെങ്കാശിയിലേക്ക്..

പിന്നെ എവിടെയാണ് മലയാളവും തമിഴും തമ്മിലുള്ള വ്യത്യാസം എന്നുചോദിച്ചാൽ അത് ദിലീഷ് പോത്തനും പ്രിയദർശനും സിനിമയുടെ ആഖ്യാനത്തിലും പരിചരണത്തിലും നിലകൊള്ളുന്ന ഓപ്പോസിറ്റ് എക്സ്ട്രീമുകൾ തമ്മിലുള്ള അകലം‌ തന്നെയാണ്.. സിനിമാറ്റിക്‌ ആയ അംശങ്ങളെല്ലാം‌ ഊറ്റിക്കളഞ്ഞ് പോത്തേട്ടൻ ചെയ്ത് വിജയിപ്പിച്ച ഒരു സംഭവത്തിൽ തന്റേതായ എല്ലാ സിനിമാറ്റിക് ചേരുവകളും മിക്സ് ചെയ്ത് പ്രിയൻ കളർഫുള്ളായ ഒരു കുപ്പിയിലാക്കുന്നു.. അത്രതന്നെ.. ഹൈറേഞ്ചിലെ ഭാവനാ സ്റ്റുഡിയോയെയും മഹേഷിനെയും നിമിറിൽ തെങ്കാശിപ്പരിസരത്തുള്ള നാഷണൽ സ്റ്റുഡിയോയും ആക്കിയിരിക്കുന്നു.. സൂക്ഷ്മതകളിലേക്ക് പോയി ബ്രില്യൻസ് തെളിയിക്കാൻ ഒട്ടും തന്നെ മെനക്കെടാത്ത സംവിധായകൻ ഏകാംബരത്തിന്റെ ക്യാമറാമികവുകളെ ആശ്രയിച്ച് വിഷ്വൽ ബ്യൂട്ടിയിലൂടെ ആളെ പിടിച്ചിരുത്താനാണ് ശ്രമിച്ചിരിക്കുന്നത് ഇവിടെ..

ഉദയനിധിയുടെ നായകൻ..

കരുണാനിധിയുടെ കൊച്ചുമകനും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ നിർമ്മിച്ചുകൊണ്ട് ഫീൽഡിൽ വന്ന് അഭിനയിക്കാൻ തുടങ്ങിയ ആളാണ്. രാഷ്ട്രീയനേതാവായ സ്റ്റാലിന് അറുപത്തഞ്ചാം വയസിലും കൈവശമുള്ള ലുക്കും ഗ്രെയ്സും സിനിമാനടനായ ഉദയനിധിയ്ക്ക് ഇല്ല എന്നത് ഒരു സത്യമാണ്. നയൻതാരയെയും ഹൻസികയെയും നായികമാരാക്കിയും സൂപ്പർഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തിയും ഒക്കെ ആണ് ആദ്യ പടങ്ങളിൽ ഉദയനിധി ശ്രദ്ധേയനാവാൻ ശ്രമിച്ചത് എങ്കിൽ രണ്ടാം റൗണ്ട് എത്തുമ്പോൾ മെച്ചപ്പെട്ട സിനിമകൾ ചെയ്തുകൊണ്ടാണ് അയാൾ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്.. അങ്ങനെ നോക്കുമ്പോൾ നിമിർ ഒരു നല്ല ശ്രമമാണ് എന്ന് അംഗീകരിക്കേണ്ടിവരും.. ഒരു ഉദയനിധിഫിലിം എന്ന രീതിയിൽ ചിന്തിച്ചാൽ നിമിറും സെൽവവും അയാളുടെ കരിയർ ബെസ്റ്റ് ആണെന്നും വരും.. ഫ്രെഷായി നിമിർ കാണുന്ന തമിഴരെ സംബന്ധിച്ച് മഹേഷും പോത്തേട്ടനും ഒന്നും കാഴ്ചയുടെ ബാധ്യതയേ അല്ലല്ലോ..

പകരക്കാരാകുന്ന മറ്റുള്ളവർ

അനുശ്രീ, അപർണ്ണ ബാലമുരളി എന്നിവർ ചെയ്ത നായികാവേഷങ്ങളിൽ തമിഴിൽ വരുന്നത് പാർവതി നായർ, നമിത പ്രമോദ് എന്നിവരാണ്. നമിത ശോകം സീനാണെങ്കിൽ പാർവ്വതി ഭേദമാണ്.. ഭാവനച്ചായനുപകരമുള്ള നാഷണൽ ഷണ്മുഖമെന്ന അപ്പൻ റോളിൽ മഹേന്ദ്രനാണ്.. ബേബിച്ചായന്റെ ഗ്യാപ്പിൽ നല്ല നടനായ എം എസ് ഭാസ്കറും ക്രിസ്പിന്റെ വേക്കൻസിയിൽ കരുണാകരൻ എന്ന പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത ഒരാളും വരുന്നു.. ക്രിസ്പിനെയും സൗബിനെയും നന്നായി മിസ്സ് ചെയ്യുന്നത് സ്വാഭാവികം.. ജിംസണെ വെള്ളൈയപ്പനാക്കി സമുദ്രക്കനിക്ക് കൊടുത്തെങ്കിലും അദ്ദേഹത്തിനും മാത്രമുള്ള റോൾ ഒന്നും അതുണ്ടായില്ല.. ഗഞ്ചാകറുപ്പിനെപ്പോലുള്ള നടന്മാരെയൊന്നും കാര്യമായി ഉപയോഗിച്ചതുമില്ല.

ചില കൗതുകങ്ങൾ..

മലയാളത്തിലുള്ള അതേ വേഷം തമിഴിലും ചെയ്യാൻ സാധിച്ച ഒരേ ഒരു ഭാഗ്യവാൻ വിജിലേഷാണ്.. പാലക്കാട്ടുകാരൻ മാധവനായി വരുന്ന വിജിലേഷിനെ മലയാളം മിക്സ് ചെയ്ത് സംസാരിക്കാനും ഒറിജിനലിനേക്കാൾ കൂടുതൽ ശ്രദ്ധേയനാവാനുമുള്ള അവസരം സംവിധായകൻ നൽകുകയുണ്ടായി. പ്രിയദർശന്റെ മറ്റൊരു മാരക ബ്രില്യൻസ് കിടക്കുന്നത് ബിനീഷ് കോടിയേരിയുടെ കാസ്റ്റിംഗിൽ ആണ്. ഒറിജിനൽ എഡിഷനിലുള്ള പല കഥാപാത്രങ്ങളെ സംയോജിപ്പിച്ച് മലൈച്ചാമി എന്ന ഒറ്റവേഷമാക്കി ബിനീഷിന്റെ ചുമലിൽ വച്ചുകൊടുത്ത് മിക്ക ഫ്രെയിമിലും അയാളെ കൂടെക്കൂട്ടുവാൻ പ്രിയദർശൻ കാണിക്കുന്ന ആർജവവും ധീരതയും ആഗോളമുതലാളിത്തത്തെ ഞെട്ടിക്കുന്നതാണ്.. അമേരിക്ക തുലയട്ടെ..

യിതാണ് അത്..

99ശതമാനവും ശ്യാം പുഷ്കരന്റെ സ്ക്രിപ്റ്റ് തന്നെയായിട്ടും ക്രെഡിറ്റ് തന്റെ പേരിൽ എഴുതിയത് എന്തിന് എന്ന് ഒരുകാരണവുമില്ലാതെ വ്യാകുലപ്പെടുന്നവർക്ക് കനത്ത മറുപടിയും ഞെട്ടിക്കലുമാണ് പ്രിയദർശൻ എൻഡ് പഞ്ചിൽ ഒരുക്കി വച്ചിരിക്കുന്നത്.. മഹേഷിന്റെ പ്രതികാരത്തിൽ എന്ന പോലെ അനുശ്രീയുടെ ക്യാരക്റ്റർ നായകനെ തേച്ചിട്ട് പോവുന്ന സിനിമ ആയിരുന്നു കൊച്ചവ്വ പൗലോ അയ്യപ്പ കൊയിലോ.. കൊച്ചവ്വയിലെ അനുശ്രീയുടെ ഭർത്താവുവേഷക്കാരൻ കുഞ്ചാക്കോ ബോബനോട് പറയുന്ന ട്വിസ്റ്റ് ഡയലോഗിനെയാണ് പ്രിയൻ മൂടോടെ പിഴുതെടുത്ത് എൻഡ് പഞ്ചായി വിളക്കിച്ചേർത്തിരിക്കുന്നത്.. (എങ്ങനിണ്ട്.. എങ്ങനിണ്ട്..!)

ഇതാൺ ഡാാ ബ്രില്യൻസ്..

English summary
Nimir movie review by schylan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam