»   » മാറേണ്ടത് കാഴ്ച്ചപ്പാടുകളാണ്, തിരുത്തല്‍ സന്ദേശവുമായി നോണ്‍സെന്‍സ്! റിവ്യു

മാറേണ്ടത് കാഴ്ച്ചപ്പാടുകളാണ്, തിരുത്തല്‍ സന്ദേശവുമായി നോണ്‍സെന്‍സ്! റിവ്യു

Subscribe to Filmibeat Malayalam

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  തിരുത്തല്‍ സന്ദേശവുമായി നോണ്‍സെന്‍സ് | filmibeat Malayalam

  Rating:
  2.5/5
  Star Cast: Rinosh George, Febia Mathew, Vinay Forrt
  Director: Mc Jithin

  ഒരു കൂട്ടം നവാഗതര്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരക്കുന്ന ചിത്രമാണ് നോണ്‍സെന്‍സ്. മ്യൂസിക്ക് വിപണന മേഖലയിലും സിനിമ നിര്‍മാണത്തിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ ജോണി സാഗരികയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിഎംഎക്‌സ് (ബൈസിക്കിള്‍ മോട്ടോര്‍ക്രോസ്) എന്ന സ്‌പോര്‍ട്‌സിനെ ഹൈലൈറ്റ് ചെയ്തുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രമോഷനുകള്‍ നടത്തിയത്. ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം ഈ കായിക ഇനം പ്രമേയമാക്കുന്നത്. പ്രേക്ഷകര്‍ക്ക് പൊതുവേ അപരിചിതമായ ഈ കായിക ഇനത്തേക്കുറിച്ചുള്ള കൗതുകം തിയറ്ററിലേക്ക് പ്രവേശിക്കുമ്പോഴുണ്ടായിരുന്നു.

  രാജീവ് നാഥ് ചിത്രത്തില്‍ നാടന്‍ മര്‍മ്മാണി വിദഗ്ദനായി രണ്‍ജി പണിക്കര്‍!

  പുതുമുഖം റിനോഷ് ജോര്‍ജ് അവതരിപ്പിക്കുന്ന അരുണ്‍ ജീവനാണ് നോണ്‍സെന്‍സിലെ കേന്ദ്രകഥാപാത്രം. പഠിക്കാന്‍ പിന്നിലായ അരുണിനെ സ്‌കൂളില്‍ എല്ലാവരും നോണ്‍സെന്‍സ് എന്നാണ് വിളിക്കുന്നത്. ചിത്രത്തിലുടനീളം ഈ നോണ്‍സെന്‍സ് വിളികള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എല്ലവരും നോണ്‍സെന്‍സ് എന്ന് മുദ്രകുത്തുന്ന കഥാപാത്രം കഥാന്ത്യത്തില്‍ സെന്‍സുള്ളവനാണെന്ന് തിരിച്ചറിയുന്ന കഥാതന്തുവാണ് ചിത്രത്തിനും. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം സമൂഹത്തിന്റെ മാറേണ്ട കാഴ്ച്ചപ്പാടുകളേക്കുറിച്ചുള്ള സന്ദേശമാണ് പങ്കുവയ്ക്കുന്നത്. സ്‌കൂളിലെ ടീച്ചറുടെ കുട്ടി ആക്‌സിഡറ്റാവുകയും ആ കുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടി അരുണ്‍ നടത്തുന്ന പ്രതിഫലേച്ഛയില്ലാത്ത ശ്രമങ്ങളുമാണ് സെന്‍സുള്ളവനാണ് അരുണ്‍ എന്ന തിരിച്ചറിവ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകള്‍ സ്‌കൂളിലെ ബാക്ക് ബഞ്ചിലായിരിക്കുമെന്ന എപിജെ അബ്ദുള്‍ കലാമിന്റെ വാക്കുകളോടെയാണ് ചിത്രം അവസാനിക്കുന്നത്.

  അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരില്‍ നടക്കുന്ന അക്രമത്തിന്റേയും ജന ചൂഷണത്തിന്റേയും നേര്‍ക്കാഴ്ചയും ചിത്രത്തില്‍ കാണാം. പരസ്പരം തമ്മിലടിക്കുന്ന ഈ രാഷ്ട്രീയ കക്ഷികള്‍ ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മാത്രം ഒന്നിച്ച് നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തേയും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.

  രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ആദ്യ പകുതി ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ളതാണ്. ആസ്വാദ്യകരമായ ആദ്യ ഒരു മണിക്കൂറിന് ശേഷം ഇടവേള വരെയുള്ള അരമണിക്കൂറോളം സമയം സിനിമ താളം നഷ്ടപ്പെട്ട് ദിക്കറിയാതെ സഞ്ചരിക്കുകയാണ്. സാരോപദേശം കൊണ്ട് മുഷിപ്പിച്ച് പ്രേക്ഷകന്റെ ക്ഷമ കൈവിടുമ്പോഴാണ് ആശ്വാസമായി ഇടവേള എത്തുന്നത്. രണ്ടാം പകുതിയില്‍ കാര്യമായ വിലിച്ചു നീട്ടല്‍ ഇല്ലാതെ കഥ അവസാനിപ്പിക്കുവാന്‍ തിരക്കഥാ പങ്കാളികൂടെയായ സംവിധായകന്‍ സാധിച്ചിരിക്കുന്നു. ആദ്യ പകുതിയിലെ ഈ ഇഴച്ചില്‍ കൂടാതെ ക്ലൈമാക്‌സിലെ ചില പൊരുത്തക്കേടുകളും പ്രേക്ഷകനെ കണ്‍ഫ്യൂഷനാക്കുന്നുണ്ട്.

  അരുണിലെ നന്മയെ തിരിച്ചറിയുന്നുണ്ടെങ്കിലും ഒന്നും മനസിലാകാത്ത രീതിയില്‍ മുമ്പെന്ന പോലെ തന്നെ വളരെ മോശമായിട്ടാണ് ശ്രുതിയുടെ ടീച്ചര്‍ കഥാപാത്രം മറ്റുള്ളവര്‍ക്ക് മുന്നില്‍ അരുണിനോട് പെരുമാറുന്നത്. അതിന് ശേഷം അവനെ ഒറ്റയ്ക്ക് കാണുമ്പോള്‍ വളരെ സൗമ്യമായി സംസാരിക്കുകയും അവന്റെ മഹത്വത്തേക്കുറിച്ച് വാചാലയാകുകയും ചെയ്യുന്നത് പ്രേക്ഷകനെ കുറച്ചൊന്നുമല്ല കണ്‍ഫ്യൂഷനാക്കുന്നത്. അരുണ്‍ തന്റെ മകളെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അറിയാതെയാകും ഇങ്ങനെ പ്രതികരിക്കുന്നതെന്ന് വിചാരിച്ച് ആശ്വസിക്കുമ്പോഴാണ് ഇതെല്ലാം ടീച്ചര്‍ അറിയുന്നുണ്ടായിരുന്നു എന്ന് ദൃശ്യങ്ങളിലൂടെ കാണിച്ച് തരുന്നത്. ബസിക്കിള്‍ മോട്ടോക്രോസ് ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. നായകന് ബിഎംഎക്‌സ് എന്ന കായിക ഇനത്തോടുള്ള താല്പര്യം മാത്രമാണ് ഇതിനെ ചിത്രത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്.

  രണ്ട് പാട്ടുകളാണ് പ്രധാനമായും ചിത്രത്തിലുള്ളത്. ജോണി സാഗരികയില്‍ നിന്നും പുറത്ത് വന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ശ്രവണ ഭംഗിയുള്ളവയാണ്. നായകനായ റിനോഷാണ് ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്കും സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ അവയെ ദൃശ്യവത്ക്കരിക്കാനും സംവിധായകനായ എംസി എന്ന ജിതിന്‍ എംസിക്ക് സാധിച്ചിട്ടുണ്ട്. റിനോഷിനൊപ്പം ആദിമദ്യാന്തം നിറഞ്ഞ് നില്‍ക്കുന്ന ഒരു കഥാപാത്രമായി വിനയ് ഫോര്‍ട്ടിന്റെ സന്തോഷ് എന്ന ഓട്ടോ ഡ്രൈവര്‍ കഥാപാത്രവുമുണ്ട്. ശ്രുതി രാമചന്ദ്രനും സഞ്ജു ശിവറാമും കലാഭവന്‍ ഷാജോണും ഉള്‍പ്പെടുന്ന താരനിരയേയും ചിത്രത്തില്‍ കാണാം.

  അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകര്‍ക്ക് കണ്ടാസ്വദിക്കാനുള്ള വക ചിത്രം നല്‍കുന്നുണ്ട്. ചില ഘടകങ്ങളെ മനഃപ്പൂര്‍വ്വം വിസ്മരിച്ചുകൊണ്ട് സിനിമയെ സമീപിക്കുന്നവര്‍ക്ക് നിരാശപ്പെടാതെ ചിത്രം കണ്ടിറങ്ങാം.

  ചുരുക്കം: സ്‌കൂള്‍ പശ്ചാത്തലത്തില്‍ നിലവിലെ സാമൂഹിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചകള്‍ വരച്ചുകാട്ടുന്ന ചിത്രം.

  English summary
  nonsense movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more