twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രീയക്കാരെ തല്ലിയും തലോടിയും പരിഹസിച്ചും പ്രേക്ഷകരെ രസിപ്പിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ!

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    3.0/5
    Star Cast: Vijay Deverakonda, Mehreen Pirzada, Yaashika Aanand
    Director: Anand Shankar

    ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരെ നേടിയ അര്‍ജ്ജുന്‍ റെഡ്ഡി നായകന്‍ വിജയ് ദേവരകൊണ്ടയുടെ തമിഴ് അരങ്ങേറ്റ ചിത്രം എന്ന പേരിലായിരുന്നു നോട്ടയുടെ പ്രഖ്യാപനം ശ്രദ്ധ നേടിയത്. ഇരുമുഖന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആനന്ദ് ശങ്കര്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന വിശേഷണവും ചേര്‍ത്തുവയ്ക്കുമ്പോള്‍ നോട്ടയേക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളമുയരുന്നു.വാണിജ്യ സിനിമയുടെ രസക്കൂട്ടുകള്‍ ചേരുപടി ചേര്‍ത്തുകൊണ്ടല്ല വിജയ് ദേവരകൊണ്ട ചിത്രങ്ങള്‍ ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ചത് എന്ന വസ്തുത വിസ്മരിക്കാതെയായിരുന്നു തിയറ്ററിനുള്ളിലേക്ക് പ്രവേശിച്ചത്.

    <strong>ദിലീപിനെച്ചൊല്ലിയുള്ള പോര് മുറുകുന്നു! AMMA യുടെ ഇരട്ടത്താപ്പിനെതിരെ ഡബ്ലുസിസി! തിലകന്‍റെ കാര്യവും?</strong>ദിലീപിനെച്ചൊല്ലിയുള്ള പോര് മുറുകുന്നു! AMMA യുടെ ഇരട്ടത്താപ്പിനെതിരെ ഡബ്ലുസിസി! തിലകന്‍റെ കാര്യവും?

    മുഖ്യമന്ത്രി

    തമിഴ്‌നാട് മുഖ്യമന്ത്രി വസുദേവിന്റെ (നാസര്‍) മകന്‍ വരുണിന്റെ (വിജയ് ദേവരകൊണ്ട) പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നത്. ആഘോഷത്തിന് ശേഷം സുഹൃത്തുക്കളുമായി കാറില്‍ മടങ്ങുന്ന വരുണിന്റെ കാറിനെ പോലീസ് പിന്തുടര്‍ന്ന് പിടിച്ച് എത്രയും പെട്ടന്ന് വീട്ടിലെത്താന്‍ നിര്‍ദേശിക്കുന്നു. ലണ്ടനില്‍ ഗെയിം ഡെവലപ്പറായി ജോലി ചെയ്യുന്ന, പൊളിറ്റിക്‌സില്‍ ലവലേശം താല്പര്യമില്ലാത്ത വരുണ്‍ അന്ന് അര്‍ദ്ധരാത്രി തമിഴ്‌നാടിന്റെ മഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. സിബിഐ അന്വേഷിക്കുന്ന ഒരു കേസില്‍ കോടതി വിധി വരാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ ഇത്തരത്തില്‍ ഒരു അധികാര കൈമാറ്റം നടത്തിയത് വസുദേവ് എന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. കോടതി വിധിയില്‍ താന്‍ കുറ്റവിമുക്തനാകുമെന്നും അതിന് ശേഷം മുഖ്യമന്ത്രി കസേരയില്‍ തിരികെയെത്താമെന്നുമായിരുന്നു വസുദേവിന്റെ പദ്ധതി. രണ്ടാഴ്ചത്തേക്ക് മാത്രമുള്ള ഒരു ഡമ്മി മുഖ്യമന്ത്രിയാണ് താന്‍ എന്നുള്ള വ്യക്തമായ തിരിച്ചറിവുണ്ടായിരുന്ന വരുണും അതേ ലാഘവത്തോടെയാണ് സംസ്ഥാന മുഖ്യമന്ത്രി എന്ന പദവിയിലിരുന്നത്.

    അച്ഛന്റേയും മകന്റേയും

    ഡല്‍ഹി ഹൈക്കോടതി വിധി പ്രതീക്ഷകള്‍ക്ക് വിപരീതമാകുന്നതോടെ അച്ഛന്റേയും മകന്റേയും പദ്ധതികളെല്ലാം തെറ്റുകയായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ സമീപകാല പ്രതിസന്ധികളെ വ്യക്തമായി ആനന്ദ് ശങ്കര്‍ നോട്ടയില്‍ വരച്ചുകാട്ടുന്നു. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തേത്തുടര്‍ന്ന് തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായ പ്രതിസന്ധികളും കുതിരക്കച്ചവടവും തന്മയത്വത്തോടെ ആവിഷ്‌കരിച്ചിരിക്കുന്നു. കേരളത്തിലെ പ്രളയത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. അധികാരത്തിലേറി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്ത, എന്തിന് സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രി കസേരയില്‍ പോലും ഇരിക്കാത്ത മുഖ്യമന്ത്രി എന്ന ചീത്തപ്പേരിനെ ഒറ്റ പത്രസമ്മേളനത്തിലൂടെ ഇല്ലാതാക്കി തമിഴ്‌നാടിന്റെ റൗഡി മുഖ്യമന്ത്രി എന്ന ഓമനപ്പേര് വരുണ്‍ സ്വന്തമാക്കുന്നതോടെ സിനിമ ത്രില്ലര്‍ സ്വഭാവത്തിലേക്ക് വഴിമാറുന്നു. രണ്ടാം പകുതിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എന്ന പദവിയെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന വരുണിനെയാണ് കാണുന്നത്. ഒരു മുഖ്യമന്ത്രി, ഒരു രാഷ്ട്രീയ നേതാവ് എന്തായിരിക്കണം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

    പൊളിറ്റിക്കല്‍ ത്രില്ലര്‍

    പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന ജോണറിലുള്ള ചിത്രമാണെങ്കിലും ഒരു മാസ് തമിഴ് ചിത്രത്തിന് പ്രതീക്ഷിക്കുന്ന ക്ലൈമാക്‌സോടെയല്ല ചിത്രം അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ത്രില്ലറിന്റെ ഗതിവേഗം ചിത്രത്തിന് പലയിടത്തും നഷ്ടമാകുന്നുണ്ട്. രാഷ്ട്രീയ രംഗത്തെ കീഴവഴക്കങ്ങളില്‍ നിന്നും ഒരു മാറ്റം ആവശ്യപ്പെട്ടുകൊണ്ട് അവസാനിക്കുന്ന ചിത്രം വാണിജ്യ ചേരുവകളില്‍ ഒരു തട്ടുപൊളിപ്പന്‍ രണ്ടാം ഭാഗത്തിനുള്ള സാധ്യതയും അവശേഷിപ്പിക്കുന്നുണ്ട്. രാഷ്ട്രീയക്കാരിലെ അറിവില്ലായ്മയും വിഡ്ഢിത്തരങ്ങളേയും കണക്കറ്റ് പരിഹസിക്കുന്നതിനൊപ്പം രാഷ്ട്രീയ രംഗത്തെ പിന്നണി നാടകങ്ങളേയും ചിത്രം തുറന്ന് കാട്ടുന്നു. വിജയ് ദേവരകൊണ്ട, നാസര്‍ എന്നിവര്‍ക്കൊപ്പം സത്യരാജിന്റെ ജേണര്‍ണലിസ്റ്റ് കഥാപാത്രവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മെഹ്രിന്‍ പിര്‍സാഡ, സഞ്ജന നടരാജന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

    ജീവിതം

    ജീവിതം ആഘോഷമാക്കുന്ന വരുണ്‍ എന്ന അടിച്ചുപൊളി ചെറുപ്പക്കാരനില്‍ നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി എന്ന പക്വതയാര്‍ന്ന വ്യക്തിയുടെ ശരീര ഭാഷയിലേക്കുള്ള കൂടുമാറ്റം വിജയ് ദേവരകൊണ്ട ഗംഭീരമാക്കിയിരിക്കുന്നു. നിയന്ത്രിതവും നാച്വറലുമായിരുന്നു വികാരനിര്‍ഭരമായ രംഗങ്ങളിലെ വിജയ്‌യുടെ പ്രകടനം. വിക്രം വേദ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാം സിഎസ് ആണ് നോട്ടക്ക് സംഗീതമൊരുക്കിയത്. ചിത്രത്തിന്റെ താളവും ഭാവവും നിലനിര്‍ത്തുന്നതില്‍ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. രണ്ട് ഗാനങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. പ്രശസ്ത ക്യാമറാമാന്‍ രവി കെ ചന്ദ്രന്റെ മകന്‍ സന്താന കൃഷണന്‍ രവിചന്ദ്രനാണ് നോട്ടയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

    ആനന്ദ് ശങ്കര്‍

    ഒരേ സമയം തെലുങ്കിലും തമിഴിലുമായി ഒരുക്കിയ നോട്ട നിര്‍മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ജ്ഞാനവേല്‍രാജയാണ്. തന്റെ ഗുരുനാഥനായ എആര്‍ മുരുകദോസിനെ നടനായി ക്യാമറയ്ക്ക് മുന്നില്‍ ആനന്ദ് ശങ്കര്‍ എത്തിച്ചിട്ടുണ്ട്. അമിത പ്രതീക്ഷകളില്ലാതെ തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ നിരാശരാക്കാത്ത ചിത്രമാണ് നോട്ട.

    ചുരുക്കം: രാഷ്ട്രീയക്കാരുടെ അജ്ഞതയും മണ്ടത്തരങ്ങളും അതിനെതിരെയുള്ള പരിഹാസങ്ങളും പിന്നണി നാടകങ്ങളുമാണ് വിജയ് ദേവരക്കൊണ്ടയുടെ നോട്ട കാണിച്ചു തരുന്നത്.

    English summary
    nota tamil movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X