»   » നിരൂപണം: മുന്‍പ് കണ്ടതോ നിങ്ങള്‍ ചിന്തിക്കുന്നതോ ആയ ത്രില്ലര്‍ അല്ല ഊഴം

നിരൂപണം: മുന്‍പ് കണ്ടതോ നിങ്ങള്‍ ചിന്തിക്കുന്നതോ ആയ ത്രില്ലര്‍ അല്ല ഊഴം

Posted By: ശ്രീകാന്ത് കൊല്ലം
Subscribe to Filmibeat Malayalam
Rating:
3.5/5

'ജിത്തു ജോസഫ്' ഈ ഒരു പേര് മാത്രം മതി മലയാളിക്ക് ഒരു വിശ്വാസ്യതയ്ക്ക്. ത്രില്ലര്‍ അവതരണങ്ങളിലെ പുതുമയും ആവര്‍ത്തനവിരസമല്ലാത്ത കഥാതന്തുവും കൊണ്ട് എന്നും അമ്പരപ്പിക്കാറുള്ള ജിത്തുവിന്റെ പൃഥ്വിരാജുമായുള്ള രണ്ടാം 'ഊഴം'.

വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളെ ജിത്തു നമ്മുക്ക് സമ്മാനിച്ചതിട്ടുള്ളു. അത് തന്നെ ഒരു ജന്മം ഓര്‍ത്തിരിക്കാന്‍ പാകത്തിന് തീവ്രമായ ത്രില്ലറുകള്‍ ആണ്. കൊലപാതകിയെ തേടിയുള്ളതും കൃത്യം ഒളിപ്പിക്കുന്നതും വളരെ വിദഗ്ദ്ധമായ ചട്ടക്കൂടില്‍ നാം ഈ സംവിധായകനില്‍ നിന്നും ഇതിനോടകം കണ്ട് കഴിഞ്ഞു. പതിവില്‍ നിന്ന് മാറി ഒരു പ്രതികാര കഥയെ ആണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ഇവിടെ പ്രതിനായകന്‍ ആരെന്ന് തേടിയുള്ള അലച്ചില്‍ അല്ല. മറിച്ച് എന്നും തന്റെ കഥകളിലെ ബുദ്ധിമാന്മാരായ നായകന്റെ തന്ത്രപരമായ ഇടപെടലുകള്‍ പ്രതികാരത്തെ നമ്മുക്ക് മുന്നില്‍ ഒരു സിനിമ ആകുന്നു.


oozham-movie-review

കഥയിലെ സാരം


ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കൃഷ്ണമൂര്‍ത്തിയുടെയും (ബാലചന്ദ്രമേനോന്‍) വീട്ടമ്മയായ സുബ്ബലക്ഷ്മിയുടെയും (സീത) മൂത്ത മകനാണ് സൂര്യ കൃഷ്ണമൂര്‍ത്തി. അമേരിക്കയില്‍ ജോലി ചെയ്യുന്ന സൂര്യ ഒരു ബോംബ് എക്‌സ്‌പെര്‍ട്ട് ആണ്. കുറച്ച് ദിവസത്തെ ലീവിന് നാട്ടില്‍ എത്തിയ സൂര്യ ഏക സഹോദരിയായ ഐശ്വര്യയുടെ (രസ്‌ന പവിത്രന്‍) വിവാഹ നിശ്ചയം കൂടി മടങ്ങി പോകുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയ സൂര്യ വീട്ടിലേക്ക് ഉള്ള സ്‌കൈപ്പ് ചാറ്റിനിടെ ഒരു കാഴ്ചകാണുന്നു. അതില്‍ നിന്നും കഥ വികസിക്കുന്നു. നായികാ രൂപേന ചിത്രത്തില്‍ ഗായതി ആയി എത്തുന്നത് ദിവ്യ പിള്ളയാണ്. നീരജ് മാധവ് ശ്രദ്ധേയമായ ഒരു മുഴുനീള വേഷം ചെയ്യുമ്പോള്‍ പശുപതി, കിഷോര്‍ സത്യ, ഇര്‍ഷാദ് അങ്ങനെ ഒരു താര നിരയും ചിത്രത്തിലെത്തുന്നു.


ഒരു ത്രില്ലര്‍ തന്നെയാണ് ചിത്രം എന്നത് ഓര്‍മ്മിപ്പിക്കുന്ന ആവേശകരമായ ഒരു തുടക്കം ആയിരുന്നു ചിത്രത്തിന്റേത്. എന്തില്‍ നിന്നോ പരവശനായി നായകന്‍ ഭയന്ന് കുതറി ഓടുന്നു, കുറെ പേര് പുറകേയും. നടക്കുന്ന ഈ സംഭവത്തെ ഒരല്പം കാട്ടി ഫഌഷ് ബാക്ക് ഇടകലര്‍ത്തി പോകുന്ന ഒരു ശൈലിയാണ് ഇവിടെ ആദ്യാവസാനം വരെ തുടരുന്നത്. അവിചാരിതമായി തന്റെ കുടുംബത്തിന് സംഭവിക്കുന്നത് ദൂരെ നിസ്സഹായകാനായി നോക്കി നിക്കുന്ന നായകനിലും. പിന്നീട് പ്രതികാരത്തിന്റെ തുടക്കത്തിലേക്കും വഴുതിമാറുന്നതാണ് ആദ്യപകുതി എങ്കില്‍ തീര്‍ത്തും മറിച്ചല്ല രണ്ടാം പകുതിയും തന്ത്രങ്ങളും മറ്റും മെനയുന്ന ബുദ്ധിമാനായ നായകന്‍ തന്റെ പ്രതികാരത്തെ തീര്‍ക്കുന്നതും ഒടുവില്‍ അപ്രതീക്ഷിതവും ഒരു പരിധിവരെ ഒന്ന് കൈയടിച്ച് പോകുന്ന തൃപ്തികരമായ ഒരു ക്ലൈമാക്‌സും.


 oozham-movie-review

രംഗത്ത്


പൃഥ്വിരാജ്: ജീത്തു ജോസഫില്‍ പൃഥ്വിക്ക് കിട്ടുന്ന രണ്ടാം ചിത്രം. മെമ്മറീസ് എന്ന വന്‍ വിജയത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഒന്നിക്കുമ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ. ഊര്‍ജ്ജസ്വലവും പക്വവും ആയ പ്രകടനം ആയിരുന്നു. പ്രത്യേകിച്ചും ഇമോഷണല്‍ രംഗങ്ങളില്‍ ഒരു ഒറിജിനാലിറ്റി നമ്മളില്‍ ഉളവാക്കി. സൂര്യ എന്ന വേഷത്തോട് നൂറുമേനി നീതി പുലര്‍ത്തിയ പ്രകടനം എന്ന് നിസംശയം പറയാം.


ബാലചന്ദ്രമേനോന്‍: കോപിഷ്ഠനും ജോലി കാര്യത്തില്‍ കര്‍ക്കശക്കാരനും അഭിമാനിയും എപ്പോളും തിരക്കുള്ള ഗൃഹനാഥനും ആയി ചെയ്ത വേഷം നന്നായിരുന്നു. ആദ്യ പകുതിയുടെ തുടക്കത്തില്‍ ചിത്രം ബാലചന്ദ്രമേനോനെ ഫോക്കസ് ചെയ്താണ് നീങ്ങുന്നത്.


അമ്മയായ സീതയും സഹോദരിയായി അഭിനയിച്ച രസ്‌നയും തന്റെ വേഷങ്ങള്‍ ഭംഗിയാക്കി. പക്ഷെ അനിയത്തിക്കുട്ടിയുടെ ശബ്ദം ഒരു അരോചകമായി തോന്നി. വിവാഹ പ്രായത്തില്‍ നിക്കുമ്പോളും സ്‌കൂള്‍ കുട്ടികളുടെ ശബ്ദത്തോടെ വന്നത് ചേര്‍ച്ച ഇല്ലായ്മ തോന്നിച്ചു. കുറച്ച് നേരം മാത്രം എത്തിയ കിഷോറിന്റെ ചിരി നിറഞ്ഞ പ്രകടനവും മുഴുനീള വേഷം ചെയ്ത നീരജ് മാധവും തങ്ങളുടെ ഭാഗങ്ങള്‍ അനായാസമാക്കി.


നായികയ്ക്ക് അധിക പ്രാധാന്യം ഇല്ല. ഇവിടെ പ്രണയ ഗാനമോ പ്രണയ മുഹൂര്‍ത്തങ്ങള്‍ക്ക് പ്രാധാന്യമോ ഇല്ല. നായകന്റെ കൂടെ നില്‍ക്കുന്ന ഒരു സ്ത്രീ കഥാപാത്രം. മിതത്വത്തോടെ ദിവ്യപിള്ള (അയാള്‍ ഞാന്‍ അല്ല ഫെയിം) ഗായത്രിയെ അവതരിപ്പിച്ചു.


 oozham-movie-review

പിന്നണിയില്‍


ജീത്തു ജോസഫിന്റെ മുന്‍കാല ചിത്രങ്ങളില്‍ സംഗീത വിഭാഗം കൈകാര്യം ചെയ്ത അനില്‍ ജോണ്‍സന്‍ തന്നെയാണ് ഇവിടെയും. 'തിരികെ വരുമോ' എന്ന ആദ്യപകുതിയില്‍ ഗാനം ഒരു മെലഡി ആണ് ഓവര്‍ മെലോഡിയസ് ആയി പോയ ഗാനത്തെ ചിത്രീകരണത്തില്‍ മനോഹാരിതയില്‍ അലസത ഇല്ലാതെ പോയി. ഗാനത്തിന് അല്ല ശരിക്കും ഇത്തരം ചിത്രങ്ങള്‍ക്ക് പ്രാധാന്യം മറിച്ച് പശ്ചാത്തല സംഗീതം അത് ഒരിക്കല്‍ കൂടി ഇവിടെ തെളിയിച്ചിരിക്കുന്നു , മനോഹരമായ ഒരു പശ്ചാത്തലം ഒരുക്കാന്‍ അനിലിന് ആയി. ത്രില്ലിംഗ് മൂഡിന് ചേരുന്ന തരത്തില്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം ആണ്.


അയൂബ് ഖാന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത് പാപനാശം, ലൈഫ് ഓഫ് ജോസുട്ടി ചിത്രങ്ങള്‍ക്ക് വേണ്ടിയും മുന്‍പ് ജീത്തുവിനൊപ്പം അയൂബ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാവിയും ഭൂതവും ഇടകലര്‍ത്തി വരുന്നതിലെ കൂട്ടിച്ചേര്‍ക്കലുകള്‍ ചില ഇടങ്ങളില്‍ മനോഹരമായപ്പോള്‍ ചില ഇടങ്ങളില്‍ ഏച്ചുകെട്ടലുകള്‍ നിഴലിച്ചു. മൊത്തത്തില്‍ ഒരു ശരാശരി എഡിറ്റിങ്ങ് എന്ന് പറയാം.


oozham-movie-review

ഷാംദത്ത് സൈനുദ്ദീനാണ് ചിത്രണത്തിന്റെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. തരക്കേടില്ലാത്ത ഒരു ഛായാഗ്രഹണം നമ്മുക്ക് ചിത്രത്തില്‍ കാണാം.


ഗ്രാഫിക്‌സ് വര്‍ക്കുകള്‍ നിറഞ്ഞ സീനുകള്‍ ചിത്രത്തില്‍ ഉണ്ട്. അസ്വാഭാവികത തോന്നാത്ത വിധത്തില്‍ മലയാളത്തില്‍ ഉള്ള ബഡ്ജറ്റില്‍ കാര്യങ്ങള്‍ ഭംഗിയാക്കി.


ഊഴം മൊത്തത്തില്‍


തന്റെ ശരീരത്തെ വിരൂപമാക്കിയ ഓരോരുത്തരെയായി തിരഞ്ഞ് പിടിച്ച് അതെ നാണയത്തില്‍ പ്രതികാരം ചെയ്ത ലിംഗേശനെ കണ്ടത്തിനു ശേഷം അതെ പോലെ സീരിസ് കാറ്റഗറിയില്‍ പ്രതികാരം ചെയ്ത് പോകുന്ന ഒരു കഥയാണിവിടെ. സയന്‍സ് ടെക്‌നോളജിയും മറ്റും ചിത്രത്തില്‍ എടുത്ത് പറയുന്നുണ്ട്. പ്ലാസ്റ്റിക് ബോംബ് എന്നൊരു ബോബിലെ വക ഭേദം ഇവിടെ പറയുന്നുണ്ട്. അത്തരത്തില്‍ ചില കാര്യങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ എന്ന ചോദ്യം ഉണര്‍ത്തും. ഒരു ഗ്രാം സ്‌ഫോടക വസ്തുവില്‍ നിന്ന് ഒരു റൂം തകര്‍ക്കാന്‍ പാകത്തിന് ബോംബ് തയ്യാറാക്കാന്‍ പറ്റുമെന്നും വിവരിക്കുന്നുണ്ട്. സൈക്കോ ത്രില്ലറോ മൈന്‍ഡ് ഗെയിമോ അല്ല ഊഴം. ബുദ്ധിയും അറിവും ഉപയോഗിച്ച് ഒരു ബോംബ് എക്‌സ്‌പെര്‍ട്ട് നടത്തുന്ന പ്രത്യേക തരത്തിലെ പ്രതികാരകഥയാണ് ഇവിടെ.


പൃഥ്വിയുടെ കുടുംബം ഒരു ബ്രാഹ്മണ കുടുംബം ആണ് എന്ന് ഇവിടെ എടുത്ത് പറയുന്നില്ലേലും പേരില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തെ ഓര്‍മ്മിപ്പിക്കുന്നു. അത്തരത്തില്‍ ഒരു ഫാമിലി തൊട്ട് അയല്‍പക്കത്തെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മുസ്ലിം ബാലനെ സ്വന്തം മകനായി എടുത്ത് വളര്‍ത്തുന്നത് കാണിച്ചത് സ്വാഗതാര്‍ഹം ആണ്.


ദൃശ്യം തുടങ്ങുന്ന ആദ്യ അര മണിക്കൂര്‍ പോലെ കുടുംബ ബന്ധനത്തിന്റെ ആഴം പറഞ്ഞു പോകുന്ന ഒരു ശൈലി ഇവിടെയും പിന്തുടരുന്നുണ്ട്, അതിലൂടെ അച്ഛന്‍ അമ്മ ബന്ധവും, സഹോദര സഹോദരി ബന്ധവും ഏവരിലും ഓര്‍മ്മപ്പെടുത്തും പോലെ സ്വാഭാവിക സീനുകളില്‍ കാണിച്ചതും സ്വാഗതാര്‍ഹം തന്നെയാണ്.


തമിഴും മലയാളവും കലര്‍ന്ന ഭാഷയാണ് കുടുംബ പശ്ചാത്തലത്തിന് ഒരുക്കിയിരിക്കുന്നത്. ആംഗലേയ ഭാഷ കൊണ്ട് നിറഞ്ഞ സംഭാഷണങ്ങലും ഇടയ്ക്കിടെ വന്ന് പോകുന്നു.


oozham-movie-review

എന്താകും എന്താകും എന്ന ആക്ഷയില്‍ ഊന്നിയോ ആരാകും ആരാകും എന്ന ചോദ്യ ചിഹ്നം ഉയര്‍ത്തിയോ അല്ല ഊഴം പോകുന്നത്. അതാകും പോസ്റ്ററിന്റെ പിന്നില്‍ കണ്ടതും, തക്കം പാര്‍ത്ത് ഇരയെ തന്റെ പരിധിയില്‍ കൊണ്ട് വന്ന കശാപ്പ് ചെയ്യുന്ന ചിലന്തി. ഇരയും നമ്മുക്ക് മുന്നില്‍ എപ്പോള്‍ എങ്ങനെ പിടി വീഴുന്നു അതാണ് ഇവിടെ നമ്മെ ആകര്‍ഷിപ്പിക്കുന്നത്.


പാളിച്ചകളും പോരായ്മകളും ഒരു പരിധി വരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുമ്പോഴും ഉപസംഹാരത്തില്‍ അല്പം അസ്വാഭാവികത ഇല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.


അതികം ചിന്തിപ്പിച്ച് വിരസരാക്കാതെ ഉള്ള പ്രമേയത്തെ മാന്യമായി അവതരിപ്പിച്ച ഒരു നല്ല ത്രില്ലര്‍ ആണ് ഇവിടെ ഊഴം. സധൈര്യം നിങ്ങള്‍ക്ക് ഈ ഓണക്കാലത്ത് ഊഴത്തിന് ടിക്കെറ്റ് എടുക്കാം

English summary
Oozham Movie Review: An unconventional, unique, revenge drama which will keep you engaged.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam