»   » നിരൂപണം; കാലവും കലാലയവും ഒന്നിച്ച ഒരു തണുപ്പന്‍ ത്രില്ലര്‍

നിരൂപണം; കാലവും കലാലയവും ഒന്നിച്ച ഒരു തണുപ്പന്‍ ത്രില്ലര്‍

Posted By: ശ്രീകാന്ത് കൊല്ലം
Subscribe to Filmibeat Malayalam

നവാഗതനായ സജിത്ത് ജഗനാഥന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ഒരേ മുഖം. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസര്‍, ട്രൈലെര്‍ എന്നിവ എല്ലാം, യുവാക്കളിലും ഏതൊരു സിനിമാ പ്രേമികളിലും ആവേശം ജനിപ്പിക്കും വിധത്തില്‍ ആയിരുന്നു. മാത്രവും അല്ല ക്യാമ്പസ് ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്വീകാര്യതയും കാത്തിരിപ്പുമാണ് പ്രേക്ഷകരില്‍. പല പല കാരണങ്ങള്‍ കൊണ്ട് റിലീസ് തീയതിയും റിലീസ് സമയവും എല്ലാം മാറി മാറി ഒടുവില്‍ വൈകിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

അരവിന്ദ മേനോന്‍ എന്ന ഒരു ബിസിനസുകാരന്‍ ഒരു രാത്രിയില്‍ അവിചാരിതമായി വെടിയേറ്റ് കൊല്ലപ്പെടുന്നു. പോലീസ് നിഗമനത്തില്‍ അത് സക്കറിയ പോത്തന്‍ ആണെന്ന് ഉറപ്പിക്കുന്നു. സക്കറിയാ പോത്തനെ തേടിയുള്ള അന്വേഷണവും മറ്റുമാണ് മര്‍മ്മ പ്രമേയം. ഫ്‌ളാഷ് ബാക്ക് പോലെ എണ്‍പതുകളിലെ കലാലയ പശ്ചാത്തലത്തില്‍ കൂടിയും വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ കൂടിയും ഇടകലര്‍ന്ന ഒരു അവതരണ രീതിയിലാണ് ചിത്രം.


സക്കറിയാ പോത്തന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. സക്കറിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആയി അജു വര്‍ഗ്ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ദീപക് പരമ്പോള്‍, ജൂബി നൈനാന്‍ എന്നിവരെത്തുമ്പോള്‍ നായികാ രൂപേനെ ഭാമ എന്ന പേരില്‍ ചിത്രത്തില്‍ എത്തുന്നത് പ്രയാഗാ മാര്‍ട്ടിന്‍ ആണ്. ഇവരെ കൂടാതെ ഗായത്രി സുരേഷ്, അഭിരാമി, സ്‌നേഹ, രഞ്ജി പണിക്കര്‍, ജ്യുവല്‍ മേരി, ചെമ്പന്‍ വിനോദ്, പ്രദീപ് കോട്ടയം, നോബി, മണിയന്‍ പിള്ള രാജു എന്നിവരും പ്രമുഖ വേഷങ്ങളില്‍ എത്തുന്നുണ്ട്.


കാലവും കലാലയവും ഒരുമിച്ച് കഥപറയുന്ന ചിത്രത്തിന്റെ ആരംഭം കൊലപാതകത്തില്‍ നിന്നായിരുന്നു. അവിടെ നിന്ന് എണ്‍പതുകളിലെ സെന്റ് തോമസ് കോളേജിലെ സക്കറിയായും കൂട്ടരുടേയും ചെയ്തികളിലും ഇടയ്ക്ക് അന്വേഷണഘട്ടങ്ങളില്‍ കൂടി നീങ്ങുന്നതായിരുന്നു ആദ്യപകുതി.


മുഖം മാറി, മുഖം മാറി ചുരുളുകള്‍ ഓരോന്ന് അഴിയുന്നതായിരുന്നു രണ്ടാംപകുതി. പ്രണയത്തിനും ഹാസ്യത്തിനും കൂടി പ്രാധാന്യം കൊടുത്ത് നീങ്ങിയ ആദ്യപകുതിയില്‍ നിന്ന് മാറി സഞ്ചരിച്ചതായിരുന്നു രണ്ടാം പകുതി. സസ്‌പെന്‍സ് ത്രില്ലര്‍ ലേബലില്‍ ഇറങ്ങിയ ചിത്രം കണ്ടിറങ്ങുമ്പോള്‍ വേണ്ടത്ര സസ്‌പെന്‍സോ ത്രില്ലോ തരുന്നില്ല. ഒരു ശരാശരി നിലവാരത്തില്‍ ഒതുങ്ങിയ ഒരു തണുപ്പന്‍ ത്രില്ലര്‍ ആയി മാറുന്നു.


ധ്യാന്‍ ശ്രീനിവാസന്‍-സക്കറിയ പോത്തന്‍

സക്കറിയ പോത്തന്‍ എന്ന കഥാപാത്രം, ചിത്രത്തില്‍ പരുക്കനാണ്, കൂടുതലും ഗൗരവം മുഖത്ത് കൊണ്ട് നടക്കുന്ന , പെട്ടെന്ന് കോപിഷ്ഠനാകുന്ന ഒരു യുവാവ്. ഈ പറഞ്ഞ കാര്യങ്ങള്‍ ഫലിപ്പിക്കാന്‍ ശരിക്കും ധ്യാന്‍ നന്നേ പാട്‌പെടുന്നുണ്ടായിരുന്നു. മാസ്സ് എന്‍ട്രിയില്‍ വരുന്ന ഒരു നായകന്റെ ശൗര്യം ശരിക്കും ഇല്ലായിരുന്നു എന്ന് തന്നെ പറയാം. നര്‍മ്മ രംഗങ്ങളിലും ചമ്മല്‍ സീനുകളിലും തരക്കേടില്ലാതെ കഴിച്ച് കൂട്ടിയെങ്കിലും മൊത്തത്തില്‍ ഇനിയും വരേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ.


പ്രയാഗ മാര്‍ട്ടിന്‍

ആള്‍ ആകെ മാറി എന്ന് വേണം പറയാന്‍. എണ്‍പതുകളിലെ ശാലീന സുന്ദരിയായ ഭാമയായി വേഷത്തിലും രൂപത്തിലും മാറുമ്പോള്‍ അറിയാതെ ആര്‍ക്കും ഭാമയില്‍ ഒരിഷ്ടം തോന്നും. വലിയ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നും ഇല്ലായിരുന്നു എങ്കിലും ഉള്ള ഭാഗം ഒരു വിധം തെറ്റില്ലാതെ ചെയ്തു. എങ്കിലും ഭാമയുടെ മുഖത്ത് എപ്പോഴും ഒരേ ഭാവങ്ങള്‍ തന്നെയായിരുന്നു.


ഗായത്രി സുരേഷ്

ചിത്രത്തില്‍ ഗായത്രി എന്ന പേരില്‍ ഭാമയുടെ സഹപാഠിയായി എത്തുന്നു. പ്രയാഗയെ പോലെ ഒരു വിധം തരക്കേടില്ലാതെ ഗായത്രി ഉള്ള ഭാഗങ്ങള്‍ ചെയ്ത് തീര്‍ത്തു.


ചെമ്പന്‍ വിനോദും ജ്യുവല്‍ മേരിയും

പോലീസ് ഉദ്യോഗസ്ഥനായി വന്ന ചെമ്പന്‍ വിനോദും DTV ചാനല്‍ റിപ്പോര്‍ട്ടര്‍ ആയി വേഷമിട്ട ജ്യുവല്‍ മേരിയും തങ്ങളുടെ തനത് ശൈലിയില്‍ കഥാപാത്രങ്ങളെ പൂര്‍ണ്ണമാക്കി.


ഛായാഗ്രഹണം

ചിത്രത്തിന്റെ ഛായാഗ്രഹണ വിഭാഗം നിര്‍വഹിച്ചത് സതീഷ് കുറുപ്പാണ്. തന്റെ കടമ നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്. വേറിട്ട കളര്‍ടോണ്‍ ചിത്രം നിലനിര്‍ത്തുന്നു. വര്‍ത്തമാനകാലത്തിനും ഭൂതകാലത്തിനും വെവ്വേറെ കളര്‍ടോണ്‍ കാഴ്ചയ്ക്ക് തൃപ്തി നല്‍കുന്നതായിരുന്നു.


എഡിറ്റിംഗ്

രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗ് ചിത്രത്തിന്റെ ചടുലത നിലനിര്‍ത്തുണ്ട്. ബിജിബാല്‍ ഈണം നല്‍കിയ ഗാനത്തില്‍ 'സദിരുമായി.....' എന്ന ഗാനം ശരിക്കും സംഗീതപരമായി നമ്മെ പഴയ കാലത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നുണ്ട്. പക്ഷെ 'ആരും അറിയാത്തോരു....' എന്ന ഗാനം അത്ര സുഖകരമായിരുന്നില്ല സംഗീതത്തിലും ഗാനത്തെ ദൃശ്യവത്കരിക്കുന്നതിലും പോരായ്മ നിഴലിക്കുന്നു. പശ്ചാത്തലസംഗീതം നന്നായിരുന്നു.


നാടകീയത

തുടക്കം മുതല്‍ തന്നെ നമ്മെ കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ എന്നോണം ഒരുക്കിയ ഒത്തിരി കുഞ്ഞ് കുഞ്ഞ് സീനുകള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. അതില്‍ ചില നാടകീയത നിറഞ്ഞ രീതിയിലും ആയിരുന്നു. മിനിറ്റുകള്‍ പോലും ദൈര്‍ഘ്യം ഇല്ലാതിരുന്ന കുട്ടി സീനുകള്‍ തുടക്കത്തില്‍ ഒരു വിരസത തന്നു. കഥ പറച്ചില്‍ എന്ന നിലയില്‍ വന്ന അത്തരം സീനുകളില്‍ ചിലതെങ്കിലും കുറയ്ക്കാമായിരുന്നു. ക്യാമ്പസ് ലൈഫ് കാണിക്കുന്ന പതിവ് കാഴ്ചകള്‍ ഇവിടേയും ഉണ്ട്. ക്യാമ്പസ് ചിത്രങ്ങളുടെ അഭിവാജ്യ ഘടകങ്ങള്‍ ആയ പ്രണയം, അതിലെ വഞ്ചന, റാഗിംഗ്, ക്യാന്റീനില്‍ നിന്ന് കടം പറ്റുന്ന സീനിയേഴ്‌സ്, പൂവാലത്തരം, ചേരി തിരിവ് എന്നിവ ഒരുവിധം മാന്യമായ രീതിയില്‍ ഇവിടെ അവതരിപ്പിക്കുന്നു എന്ന് പറയാം.


ക്ലാസ്സ്‌മേറ്റ്‌സ് പോലെ

ചിത്രത്തിലെ മര്‍മ്മ പ്രമേയം 'ക്ലാസ്സ്‌മേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന്റേതുമായി വിദൂരമല്ലാത്ത സാമ്യം വച്ചുപുലര്‍ത്തുണ്ട്. ത്രില്ലര്‍ കാറ്റഗറിയോട് നീതി പുലര്‍ത്താതെ പോയതാണ് ചിത്രത്തിന്റെ ആസ്വാദനത്തിന്റെ മുഖ്യ പോരായ്മ. ഒരു പക്ഷെ ഒരു ഉഗ്രന്‍ ത്രില്ലര്‍ എന്ന പ്രതീക്ഷയുടെ കൊടുമുടി ശിരസ്സിലേറ്റി പോകുന്നത് കൊണ്ടാവാം.


ക്യാമ്പസ് ചിത്രം പക്ഷേ

ക്യാമ്പസ് ഭാഗമാണ് ചിത്രത്തിനെ പിടിച്ചിരുത്തുന്നത് എന്ന് വേണമെങ്കിലും പറയാം. പക്ഷെ ഒരേ ഫോര്‍മാറ്റില്‍ ചിട്ടപ്പെടുത്തിയ ഒരേ സീനുകള്‍ പലപ്പോഴും ആവര്‍ത്തിച്ച് വന്ന് പോയി. നായികയും തോഴിമാരും കുശലം പറഞ്ഞ് പല പല ദിശകളില്‍ നിന്ന് പല പല ദിവസം പല പല നിറത്തിലെ വേഷങ്ങളില്‍ നടന്ന് വരുന്നു ഇതേ സമയം സക്കറിയാ സിഗരറ്റ് പുകച്ച് കൂട്ടരും ആയി എവിടേലും ഇരിക്കുന്നു. ഈ ഒരു ടൈപ്പ് സീന്‍ ഒത്തിരി തവണ വന്നു പോകുന്നു. പതിവ് ക്യാമ്പസ് രാഷ്ട്രീയം ഇടകലര്‍ത്താതെ പോയത് സ്വാഗതാര്‍ഹം. ചില ഇടങ്ങളില്‍ രാഷ്ട്രീയ പതാകകളും തോരണങ്ങളും ചുവരെഴുത്തും മാത്രം കാണിച്ച് ആ ഭാഗം ഒതുക്കി.


ആ സീന്‍

സക്കറിയായിലെ നന്മയെ കാണിക്കാനും ഇമോഷന്‍ എന്നതിനും വേണ്ടി ഒരുക്കിയ സീന്‍ (ദാസന്റെ അമ്മയുടെ ഹോസ്പിറ്റല്‍ സീന്‍) ശരിക്കും കുട്ടിത്തം നിറഞ്ഞതായി തോന്നി. അപക്വമായ ഒരു സ്‌ക്രിപ്റ്റിംഗ് അവിടെ കാണാമായിരുന്നു. ആദ്യ പകുതിയിലെ ഹീറോ രണ്ടാം പകുതിയില്‍ കോമാളിയായി ചിത്രീകരിക്കപ്പെടുന്നുണ്ട്


നോബിയുടെ കോമഡി രംഗങ്ങളും

നോബിയുടെ കോമഡി രംഗങ്ങളും ചില അജു വര്‍ഗ്ഗീസ് ഫലിതങ്ങളും നന്നായി ഏല്‍ക്കുന്നുണ്ട്. ഇന്നര്‍ മീനിംഗ് കലര്‍ന്ന സംഭാഷണങ്ങളും ചിരി ഉണര്‍ത്താന്‍ ഇടയ്ക്കിടെ വന്ന് പോയി. ഒരു വലിയതെന്ന് തോന്നിപ്പിക്കുന്ന കഥയാണെങ്കിലും സസ്‌പെന്‍സ് വേണ്ട രീതിയില്‍ നിലനിര്‍ത്താന്‍ ആയിട്ടില്ല എന്നത് തന്നെയാണ് പ്രഥമ പോരായ്മ. ചിത്രം ക്ലൈമാക്‌സില്‍ എത്തുമ്പോള്‍ മുഖം മൂടി മാറ്റി പെട്ടന്ന് ഒരു കൊലപാതകി എത്തുമ്പോള്‍ പ്രേക്ഷകരില്‍ ഒരു ത്രില്‍ ലഭിക്കാതെ പോകുന്നു. പെട്ടെന്ന് കാണുന്ന ആ പ്രതി ആരിലും അമ്പരപ്പോ ആകാംഷയോ ജനിപ്പിക്കാന്‍ പാകത്തിന് ഒന്നും അല്ലായിരുന്നു.


പ്രേക്ഷകരെ തൃപ്തിപ്പെടുത്തും

കാലത്തിനൊപ്പം മാറിയ കഥാപാത്രങ്ങള്‍ അല്ലേല്‍ താരങ്ങള്‍ കണ്ടിരിക്കുമ്പോള്‍ അറിയാതെ അതാരായിരുന്നു ഇതാരായിരുന്നു എന്ന ഒരു കണ്‍ഫ്യുസിംഗ് ലെവല്‍ മനസ്സില്‍ വരുന്നുണ്ട്. ഒരു പരിധിവരെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തതാണ് സജിത്ത് ജഗനാഥിന് ആയി എന്ന് പറയാം. വളരെയേറെ പോരായ്മകള്‍ ഉണ്ടെങ്കിലും ശരാശരിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സംവിധായകന്റെ വിജയമാണ്. ട്രെയ്‌ലര്‍ നല്‍കിയ പ്രതീക്ഷകളും എല്ലാം മാറ്റി വച്ച് ഒന്ന് പോയി കണ്ടിറങ്ങാന്‍ പാകത്തിന് ഉള്ള ഒരു കൊച്ച് ക്യാമ്പസ് ചിത്രം, അതില്‍ കൂടുതല്‍ ഒന്നും തന്നെ ഒരേ മുഖം നല്‍കുന്നില്ല.


English summary
Ore Mukham malayalam movie review.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam