For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിനയുടെയും രമണന്റെയും 'ഒരൊന്നൊന്നര പ്രണയകഥ', ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Shebin Benson, Rachel David, Vinay Forrt
  Director: Shibu Balan

  സത്യൻ അന്തിക്കാടിന്റെ സംവിധാനസഹായി ആയിരുന്ന ഷിബു ബാലൻ ആദ്യമായി സ്വാതന്ത്രസംവിധായകന്റെ തൊപ്പിയണിയുന്ന സിനിമയാണ് *ഒരൊന്നൊന്നര പ്രണയകഥ*. പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ സിനിമ ഒരു പ്രണയകഥയാണ്. പക്ഷെ, വിശേഷണത്തിൽ പറയുന്ന പോലെ സംഭവം ഒന്നൊന്നര ആണോ എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ.

  പന്തരണ്ടത്താണി ഗ്രാമത്തിൽ നടക്കുന്ന ഒരു ഉപജില്ലാ കലോത്സവത്തോടെ ദൃശ്യങ്ങളോടെ ആണ് ഒരൊന്നൊന്നര പ്രണയകഥയുടെ ടൈറ്റിലുകൾ എഴുതി തുടങ്ങുന്നത്. മാപ്പിളപ്പാട്ട് മത്സരത്തിൽ രണ്ടാം ക്ലാസിലെ ആമിന നന്നായി പാടിയിട്ടും നാലാം ക്ലാസിലെ രമണന് ഫസ്റ്റ് പ്രൈസ് കിട്ടുന്നതുമൊക്കെയായിട്ട് തീർത്തും നിഷ്കളങ്കമായി ഇരുവരും തമ്മിലുള്ള ബന്ധത്തിന്ന് സിനിമ പശ്ചാത്തലമിടുന്നു.. സ്വാഭാവികമായും തുടർന്നുള്ള കട്ട് രണ്ടുപേരും പഠിക്കുന്ന കോളേജിലേക്കും കൗമാരകാലഘട്ടത്തിലേക്കും ആണ്.

  എവിടെ രമണൻ പാടിയാലും കൂവുകയും കൂട്ടുകാർക്ക് ബിരിയാണി വാങ്ങിക്കൊടുത്തു കൂവിക്കുകയും ചെയ്യുന്ന ആമിനയുടെ കുസൃതികലോടെയും അനങ്ങിയാൽ ബോധം കെടുന്ന രമണന്റെ അന്തര്മുഖത്വത്തിലൂടെയും മുന്നോട്ട് പോവുന്ന ഒരൊന്നൊന്നര പ്രണയകഥ ഇന്റർവെൽ ആവുമ്പോഴേക്കും പ്രണയം തുറന്നുപറച്ചിലിലേക്കും ഒളിച്ചോട്ടത്തിലേക്കുമൊക്കെ എത്തുന്നു. 'റിലാക്സ്' എന്ന് എഴുതികാണിച്ച് കാണികളെ മൂത്രമൊഴിക്കാനും ചായ കുടിക്കാനും പുറത്തുവിടുന്ന സംവിധായകൻ പക്ഷെ, ഇടവേളയ്ക്ക് ശേഷം അത്രത്തോളം റിലാക്സേഷൻ നൽകുന്ന കാര്യങ്ങൾ അല്ല കാണിക്കുന്നത്.

  ഒളിച്ചോടി ചെന്നൈയിലെത്തിയ സിനിമ പ്രണയമൊക്കെ വിട്ട് തീർത്തും അപ്രതീക്ഷിതമായതും വിഭിന്നവുമായ പാതയിലൂടെ നീങ്ങുന്നു. ആ നീക്കത്തിന് പക്ഷെ പുതുമ തെല്ലുമില്ലെന്നു മാത്രം. തിരക്കഥാകൃത്ത് കൂടിയായ ഷിബു ബാലൻ ഒടുവിൽ അദ്ദേഹത്തിന് മാത്രം രോമാഞ്ചം ഉണ്ടാക്കാനിടയുള്ള ഒരു ക്ളൈമാക്‌സ് ട്വിസ്റ്റിലൂടെ യൂ ടേണ് അടിച്ച്, പ്രേക്ഷകനെ നൈസായി സോപ്പ് തേച്ച് കുളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പരിതാപകരമാണ് ട്വിസ്റ്റ് . ഇതിനെയാണോ എന്തോ 'ഒരൊന്നൊന്നര' എന്നത് കൊണ്ട് ഉദ്ദേശിച്ചത്. ദാരിദ്ര്യം എന്നല്ലാതെന്ത് പറയാൻ..

  ഷെബിൻ ബെൻസൻ ആണ് രമണൻ. ആമിനയാവട്ടെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രണവ് മോഹൻലാലിന്റെ നായികയായ സായാ ഡേവിഡും. രണ്ട്‌പേരും തമ്മിലുള്ള ഓണ് സ്‌ക്രീൻ കെമിസ്ട്രി മനോഹരം.ഡ്യുയറ്റ് സീനുകളുടെ വിഷ്വൽ ബ്യൂട്ടി പ്രത്യേകിച്ച് എടുത്ത് പറയാവുന്നതാണ്. ആനന്ദ് മധുസൂധന്റെ സംഗീതം സമീർ ഹക്കിന്റെ ഛായാഗ്രഹണം എന്നിവയും സിനിമയ്ക്ക് കുളിർമയേകുന്നു .

  ഇർഷാദ് അലി, സുരഭി ലക്ഷ്മി, ഇന്ത്യൻ, സുധീർ കരമന, വിനയ് ഫോർട്ട്, നിയാസ് ബക്കർ, അലൻസിയർ എന്നിവരൊക്കെ ആണ് മറ്റ് താരങ്ങൾ. ആരും ഞെട്ടിപ്പിക്കുന്നുമില്ല വെറുപ്പിക്കുന്നുമില്ല. ലോകത്തിൽ എവിടെയും ഇപ്പോൾ മുസ്ലിങ്ങൾ ഉപയോഗിക്കാത്ത തരം സ്റ്റീരിയോടൈപ്പ് ഡ്രസ് കോഡുകളും നൂറ്റാണ്ടിന്റെ 'കുണ്ടനൊരു ബിരിയാണി ഹാജ്യാർക്കൊരു കട്ടഞ്ചായ' കോമഡിയെ ഒക്കെ ഒരു ഉളുപ്പുമില്ലാതെ സ്‌ക്രീനിൽ പുനരവിഷ്കരിച്ചതുമൊക്കെ സിനിമയുടെ കല്ലുകടികൾ ആണ്. ഷിബു ബാലൻ എന്ന സംവിധായകന് സിനിമയുടെ വിഷ്വൽ ഗ്രാമറിൽ തഴക്കമുണ്ടെന്നു ഒരൊന്നൊന്നര പ്രണയകഥ തെളിയിക്കുന്നുണ്ട്. പക്ഷെ, തിരക്കഥയിലും ഉള്ളടക്കത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  ചുരുക്കം: പുതുമകളൊന്നും എടുത്തുകാണിക്കാനില്ലാത്ത തീർത്തും സാധാരണമായ ഒരു ലവ് സ്റ്റോറി ആണ് ഒരൊന്നൊന്നര പ്രണയകഥ.

  English summary
  oronnonnara pranayakadha movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X