twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതീക്ഷകള്‍ക്കടുത്തെത്താതെ പോയ അഡാര്‍ ലൗവ്

    |

    എ വി ഫര്‍ദിസ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    Rating:
    3.0/5
    Star Cast: Priya Prakash Varrier, Roshan Abdul Rahoof, Noorin Shereef
    Director: Omar

    എന്തെങ്കിലും തിരക്കുകള്‍കൊണ്ട് അഡാര്‍ ലൗവ് എന്ന സിനിമ കാണുവാന്‍ നിങ്ങള്‍ ഹാഫ് ടൈം കഴിഞ്ഞിട്ടാണ് കയറുന്നതെങ്കിലും പ്രശ്‌നമില്ല. കാരണം ഹാഫ് ടൈമിനുശേഷം പിന്നെയും കഴിഞ്ഞിട്ടാണ് ഒരു സിനിമ എന്നുള്ള നിലക്ക് അഡാര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. മറിച്ച് അതുവരെ കുറെ പാട്ടും മ്യൂസിക്കുമൊക്കെയായി ഒരു സംഗീത ആല്‍ബം പോലെയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ -മാണിക്യമലര്‍ -ചലച്ചിത്രം സഞ്ചരിക്കുന്നത്. സിനിമയുടെ അരപകുതി കഴിഞ്ഞാലും നിങ്ങള്‍ക്ക് സിനിമയുടെ കുറെ ഭാഗങ്ങള്‍ മിസ്സായി എന്ന ഫീലിംഗ് വേണ്ടതില്ല.

    മാണിക്യമലര്‍ എന്ന പാട്ട് രംഗത്തിലെ കണ്ണിറുക്കലടക്കമുള്ള വിവാദങ്ങളിലും അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമ ഇതായിരുന്നുവോ എന്ന ചോദ്യമാണ് കണ്ടിറങ്ങുന്ന പ്രേക്ഷകനില്‍ ആദ്യം ഉയരുക. വാലന്റൈന്‍സ് ദിന സമ്മാനമായി പുറത്തിറങ്ങിയ ഈ ചലച്ചിത്രം ശരിക്കും അവസാനത്തില്‍ നിന്നാണ് കണ്ട് തുടങ്ങേണ്ടത്. കാരണമെന്തന്നാല്‍ ആദ്യപകുതിയിലും പിന്നീട് രണ്ടാം പകുതിയുടെ പകുതിയിലും നീണ്ടുനില്ക്കുന്ന കണ്ണിറുക്കല്‍ മാജിക്ക് പ്രേക്ഷകന്റെ സമയംകൊല്ലുകയല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല. 24മണിക്കൂറും പ്രേമത്തെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ കൗമാരക്കാരില്‍ ആരെങ്കിലുമൊക്കെയുണ്ടാകാം. എന്നാല്‍ അഡാര്‍ ലൗവിലെ ടീനേജ്കുമാര്‍ രാവിലെ എണീക്കുന്നത് തന്നെ പ്രേമിക്കുവാനും പ്രേമം റിലേറ്റഡ് കാര്യങ്ങള്‍ക്കും വേണ്ടിമാത്രമാണെന്നാണ് തോന്നുക.

    oruadaarlove

    ഒരു പ്ലസ്ടു സ്‌കൂള്‍, അവിടെത്തെ കൗമാരക്കാരായ രണ്ടുപേര്‍ക്ക് തോന്നുന്ന പ്രണയം. ഇതില്‍ ഒരു കല്ലുകടി വരുന്നതോടെ തെറ്റുന്നു. പിന്നീട് ഇവരെ രണ്ടുപേരെയും കൂടുതല്‍ അടുപ്പിക്കുവാനായി കൂട്ടുകാരും മറ്റും ഒരുക്കുന്ന ചില നാടകങ്ങള്‍ ഇരുവരുടെയും ജീവിതത്തിന്റെ വഴി മാറ്റുന്നതുമാണ് ആകെ കഥ. എന്നാല്‍ ഇതില്‍ വ്യത്യസ്തമായി ഒരു കഥ പറയുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അത് സിനിമാറ്റിക്കായി പറഞ്ഞു പ്രതിഫലിപ്പിക്കാന്‍ പൂര്‍ണമായി സാധിക്കുന്നില്ലെന്നുള്ളതാണ് ഈ ചലച്ചിത്രത്തിന്റെ പ്രധാന പോരായ്മകളിലൊന്ന്. സിനിമയുടെ പേരില്‍ പറയുന്നതുപോലെ തന്നെ കൗമാരത്തിന്റെ ചാപല്യങ്ങളുടെ ഭാഗമായുള്ള ടീനേജ് പ്രേമവും നമ്മുടെ ഒരു താങ്ങും തണലുമാകാന്‍ ഒരാള്‍എന്ന രീതിയിലുള്ള നായകന്‍ പറയുന്നതുപോലുള്ള ട്രൂ ലൗവും തമ്മിലുള്ള വ്യത്യാസമാണ് അഡാര്‍ ലൗവ് മുഖ്യമായും പറയുവാന്‍ ഉദ്ദേശിക്കുന്നത്. പക്ഷെ അതിന് സിനിമ മണിക്കൂറുകളോളം വളഞ്ഞുപുളഞ്ഞുപോകേണ്ടതില്ലായിരുന്നു. പ്രത്യേകിച്ച് പുതിയ രീതികളിലൂടെ നൂതനമായി മലയാള സിനിമ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പ്രത്യേകിച്ചും.

    പലപ്പോഴും രണ്ടു ലിംഗത്തില്‍പ്പെട്ട കളിക്കൂട്ടുകാര്‍ക്കിടയില്‍ അവരറിയാതെ അവരുടെ ഇഷ്ടം പ്രേമത്തിലേക്കും കാമത്തിലേക്കുമെല്ലാം കടന്നുപോകാം. ഇത്തരമൊരു സംഭവം തന്നെയാണ് രണ്ടാം പകുതിയില്‍ അഡാര്‍ ലൗവും കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ആ ഇഷ്ടം ഈ രണ്ടു കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകന് അനുഭവിപ്പിക്കുവാന്‍ അവരുടെ ഫീലിംഗാക്കി മാറ്റുവാന്‍ സംവിധായകനും തിരക്കഥാകൃത്തുകള്‍ക്കും സാധിക്കുന്നില്ല. രണ്ട് പതിറ്റാണ്ട് മുന്‍പിറങ്ങിയ കമല്‍- ശത്രുഘ്‌നന്‍ ടീമിന്റെ കുഞ്ചാക്കോ ബോബനെ മലയാളത്തില്‍ ബ്രേക്കിംഗാക്കി അവതരിപ്പിച്ച നിറം എന്ന സിനിമക്ക് സാധിച്ചിരുന്നുവെന്നത് തിരിച്ചറിയുമ്പോഴാണ് നമുക്ക് ഈ സിനിമയിലെ വ്യക്തമായ ഹോംവര്‍ക്കില്ലായ്മ മണക്കുന്നത്. മാണിക്യമലര്‍ പാട്ടിനെതിരെ ഹൈദരാബാദുകാരായ ഏതാനും മുല്ലാമാര്‍ രംഗത്തുവന്നതോടെ ഈ സിനിമ ആകെ മാറ്റിയിടുത്തുവെന്ന് കേട്ടിരുന്നു. ഇപ്പോള്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ ആ പാട്ടിനെ മുഖ്യമായി ഹൈലൈറ്റ് ചെയ്ത് അതിലൂടെ പണം വാരാമെന്ന രീതിയില്‍ അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നുവോ എന്നാണ് സിനിമയുടെ തുടക്കത്തില്‍ തന്നെ ആ പാട്ട് കൊണ്ടിടുന്നതിലൂടെ കാഴ്ചക്കാരനു തോന്നുന്നത്.

    adaarlove

    സാധാരണ സംഘട്ടനരംഗവും മറ്റും വരുമ്പോള്‍ സംവിധായകന്മാര്‍ക്ക് ഒന്നു നടുനിവര്‍ത്താം. കാര്യങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ ഡയറക്ട് ചെയ്തുകൊള്ളും. ഇതേപോലെയാണ് അഡാര്‍ ലൗവിന്റെ ആദ്യപകുതി മുഴുവനും സംഗീതസംവിധായകനും ഡാന്‍സ് മാസ്റ്ററും മറ്റും കൈയടക്കിയതുപോലെയാണ് അഡാറിന്റെ ഹാഫ് ടൈംവരെയുള്ള കാഴ്ച പറയുന്നത്. പക്ഷേ അവസാനത്തിലെത്തുമ്പോള്‍ സിനിമയുടെ ആകെ ടോണ്‍ മാറുന്നുണ്ട്. വിശുദ്ധ പ്രേമത്തിന്റെ ദുരന്തമായ പര്യവസാനം എന്നൊക്കെ പറയാവുന്ന രീതിയില്‍ സിനിമ അവസാനിക്കുമ്പോള്‍ അത് തീയേറ്ററിലെ പ്രേക്ഷകര്‍ എത്രത്തോളം ഉള്‍ക്കൊള്ളുമെന്നതും ഒരു സംശയമാണ്. കാരണം, സിനിമ തുടക്കംമുതല്‍ ഉണ്ടാക്കുന്ന പ്രേക്ഷകന്റെ മനസ്സിലെ ധാരണകളെ പെട്ടെന്ന് അട്ടിമറിക്കുമ്പോള്‍ അതില്‍ ഒരു അവിശ്വസനീയതയാണ് ഫീല്‍ ചെയ്യുന്നത്. പ്രത്യേകിച്ച് തമാശ കൃത്രിമമായി ഉണ്ടാക്കുവാനായി പ്രത്യേക കോലംകെട്ടികൊണ്ടുവരുന്ന ചില കഥാപാത്രങ്ങള്‍ ചിരിക്ക് പകരം കരച്ചിലായിരുന്നു അതുവരെ തീയേറ്ററില്‍ ഉണ്ടാക്കിയിരുന്നത്.

    adaarlove

    സല്‍മാന്‍ റുഷ്ദിയുടെ ഏറ്റവും മോശമായ കൃതികളിലൊന്നാണ് സാത്താനിക് വേഴ്‌സസ് എന്നാണ് സാഹിത്യനിരൂപകര്‍ ഇതുസംബന്ധമായി ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം എത്തിയ നിഗമനം. എന്നാല്‍ സാഹിത്യത്തെക്കുറിച്ച് ഒന്നുമറിയാത്തവര്‍ക്ക് പോലും റുഷ്ദിയെയും സാത്താനിക് വേഴ്‌സസും ഉണ്ടാക്കിയ വിവാദങ്ങളെക്കുറിച്ചറിയാം. അതേപോലെ അഡാര്‍ ലൗവിലെ പാട്ടുണ്ടാക്കിയ വിവാദങ്ങളും നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ പ്രതീക്ഷകള്‍ ഈ സിനിമയെക്കുറിച്ച് കേരളത്തിലെ സിനിമാപ്രേക്ഷകരില്‍ ഉണ്ടാക്കിയിരുന്നു. പക്ഷെ അതിനോട് പൂര്‍ണമായും നീതി പുലര്‍ത്തുവാന്‍ സാധിക്കാതെപോയ ചലച്ചിത്രമാണ് അഡാര്‍ ലൗവ് എന്നായിരിക്കും വരുംകാലം ഈ സിനിമയെ വിലയിരുത്തുക.

    ചുരുക്കത്തില്‍ ഈ സിനിമയുടെ കന്നഡ പതിപ്പിനിട്ടപേര് ഒരു കിറുക്കുലൗവ് എന്നാണ് സിനിമ കണ്ടിറങ്ങുന്ന മലയാളികളും ഈ സിനിമയെ ഒരു കിറുക്ക് ലൗവ് സ്റ്റോറി തന്നെയായാണ് കാണുന്നത്. പക്ഷെ നായിക കഥാപാത്രമായ പ്രിയവാര്യര്‍ അവസാനത്തിലെത്തുമ്പോള്‍ അപ്രത്യക്ഷമാകുകയും സഹനായികയായ ഗാഥാ ജോണ്‍സന്‍ നായികയും നായികപ്പുറം സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി മാറുകയും ചെയ്യുന്ന ഒരവതരണം ഏറെ കൈയ്യടി കിട്ടുന്ന പരീക്ഷണമാണ്. അതോടൊപ്പം പുതുമുഖങ്ങളായ റോഷന്‍ അബ്ദുല്‍ റഊഫ്, നൂറിന്‍ ഷെരീഫ, പ്രിയാ പ്രകാശ് വാര്യര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് നല്കിയ ഔട്ട്പുട്ടും എടുത്തുപറയേണ്ടതു തന്നെയാണ്.

    ചുരുക്കം: തുടക്കംമുതല്‍ അവസാനം വരെ പാട്ടുകളുടെ അകമ്പടിയോടെ കഥ പറയുന്ന സിനിമ പ്രേക്ഷകര്‍ക്ക് ഒറ്റത്തവണ മാത്രം കണ്ടിരിക്കാവുന്ന സിനിമയായി മാറുന്നു.

    English summary
    oru adar love malayalam movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X