»   » നാടകീയതയും 'ഷഷ്പെൻഷും' അൽപ്പം സന്തോഷ് പണ്ഡിറ്റും.. ശൈലന്റെ 'ഒരു സിനിമാക്കാരൻ' സിനിമാ റിവ്യൂ!!!

നാടകീയതയും 'ഷഷ്പെൻഷും' അൽപ്പം സന്തോഷ് പണ്ഡിറ്റും.. ശൈലന്റെ 'ഒരു സിനിമാക്കാരൻ' സിനിമാ റിവ്യൂ!!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

എബിക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ. നവാഗതനായ ലിജോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം ഫെയിം രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു സിനിമാക്കാരന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം.

ഇത് സൽമാൻ ഖാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത സിനിമ.. ട്യൂബ് ലൈറ്റല്ല ഇത് വെറും സീറോ വാൾ‌ട്ട്.. ശൈലന്റെ ട്യൂബ് ലൈറ്റ് റിവ്യൂ!!!

സന്തോഷ് പണ്ഡിറ്റിന്റെ ഒബ്സർവേഷൻ

റിപ്പോർട്ടർ ചാനലിലെ 'മീറ്റ് ദി എഡിറ്റേഴ്സ്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് എഡിറ്റർമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനിടെ സന്തോഷ് പണ്ഡിറ്റ് ന്യൂ ജനറേഷൻ സിനിമയുടെ കഥാഗതിയുടെ പൊതു ഇക്വേഷൻ എന്താണെന്ന് വിഡ്ഢിത്തമെന്ന് മറ്റുള്ളവർക്ക് ഒറ്റക്കേൾവിയിൽ തോന്നും മട്ടിൽ പറഞ്ഞത് ഇന്ന് "ഒരു സിനിമാക്കാരൻ" എന്ന പടം കണ്ടപ്പോൾ ഓർക്കേണ്ടിവന്നു.. തെറ്റെന്ന് കാണുന്നവർക്കെല്ലാം അറിയാവുന്ന ഒരു കുറ്റകൃത്യം ചെയ്യുന്ന നായകൻ.. (അല്ലെങ്കിൽ നായകന്റെ സംഘം).. പിടിക്കപ്പെടുമോ ഇല്ലയോ എന്നുള്ള വലിഞ്ഞുമുറുക്കം..

സംവിധായകൻ ലച്ചിപ്പോം

ഒടുവിൽ പിടിക്കപ്പെടുക തന്നെ ചെയ്യും.. കുറ്റം തെളിയിക്കപ്പെടുമെന്ന് തന്നെ ഉറപ്പിക്കപ്പെടുമ്പോൾ സംവിധായകൻ എന്തെങ്കിലും ഉഡായിപ്പുമായി വന്ന് നായകനെ രക്ഷിച്ചെടുത്ത് വീരസാഹസികനാവും.. ഇതായിരുന്നു പുതുസിനിമയെക്കുറിച്ചുള്ള ഒബ്സർവേഷൻ... സന്തോഷ് പണ്ഡിറ്റിന്റെ ഈ ഇക്വേഷൻ നൂറുശതമാനം ശരിവയ്ക്കും മട്ടിൽ ആണ് ലിയോ തദേവൂസ് തയ്യാർ ചെയ്തിരിക്കുന്ന വിനീത് ശ്രീനിവാസൻ ടൈറ്റിൽ റോളിൽ വരുന്ന ഒരു സിനിമാക്കാരൻ മുന്നോട്ടുപോവുന്നതുമെല്ലാം.. എന്തു കുറ്റകൃത്യം ചെയ്താലും പിടിക്കപ്പെടാതിരുന്നാൽ മാത്രം മതി എന്നാണ് തീർപ്പ്.. ബ്ലോക്ക് ബസ്റ്ററുകളായ ദൃശ്യ"വും നേര"വും ഒക്കെയായി ആ ആർത്ഥത്തിൽ രക്തബന്ധം പുലർത്തുന്നുണ്ട് സിനിമാക്കാരൻ..

ഒരു സിനിമാക്കാരന്റെ പോക്ക് ഇങ്ങനെ

അസിസ്റ്റന്റ് ഡയറക്ടർ ആയ വിനീത് ശ്രീനിവാസൻ പ്രോഡ്യൂസറെ തപ്പി നടക്കുന്നതും അതിനിടയിൽ രജിഷാ വിജയനുമായി പ്രണയഗാനം പാടിനടക്കുന്നതുമൊക്കെയായിട്ടാണ് സിനിമ തുടങ്ങുന്നത്.. യാക്കോബായ പള്ളീലച്ചനായ രൺജി പണിക്കരുടെ മകനാണ് വിനീത്.. കത്തോലിക്കനായ ഹണീബീ മോഡൽ ലാലിന്റെ മകളാണ് രജിഷ. സമുദായപ്രശ്നം കാരണം കല്യാണം നടത്തിക്കൊടുക്കൂലെന്ന് രണ്ട് തന്തപ്പടിമാരും ഒറ്റക്കെട്ടായി തീരുമാനമെടുക്കുന്നതോടെ രണ്ടുപേരും ഒരുഫ്ലാറ്റിൽ ജീവിക്കുന്നതും അവിടെ നടക്കുന്ന ചില സംഭവങ്ങളുമാണ് സിനിമയുടെ കഥാഗതി..

ഹാങ്ങോവർ പാടെ വിട്ടുപോവാത്ത ലിയോ തദേവൂസ്

സംവിധായനായ ലിയോ തദേവൂസ് തന്നെയാണ് തിരക്കഥയും എഴുർഹിയിരിക്കുന്നത്.. ഓർമ്മയുള്ള കാലം മുതൽ മിനി സ്ക്രീനിൽ കണ്ടുവരുന്ന ഒരു പേര് ആണ് ലിയോ തദേവൂസിന്റേത്.. സിനിമയിലേത്തിയിട്ടും തദേവൂസിൽ നിന്നും സീരിയലിന്റെ ഹാങ്ങോവർ പാടെ വിട്ടുപോയില്ലെന്നതിന് സിനിമാക്കാരൻ സാക്ഷ്യമാവുന്നുണ്ട്.. ഇന്റർവെല്ലിനു മുൻപുള്ള രംഗങ്ങളിലെ അതിവൈകാരികതയും അതിനാടകീയതയും ഒരു സിനിമയ്ക്കും സിനിമാപ്രേക്ഷകനും താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ്..

ലോജിക്കിനെ പറ്റി ചിന്തിക്കരുത്

ഒരു ടിപ്പിക്കൽ വിനീത് ശ്രീനിവാസൻ പടം എന്ന നിലയിൽ തുടങ്ങിയ സിനിമാക്കാരൻ പതിയെ പതിയെ രണ്ടാം പകുതിയെത്തുമ്പോഴേക്കും വിനീതിനും താങ്ങാനാവാത്ത മട്ടിലേക്കാണ് മുന്നേറുന്നത്.. ലോജിക്കിനെ പറ്റിയൊക്കെ ചിന്തിച്ചാൽ പ്രാന്തായിപ്പോവും.. അതിനിടെ കേസന്വേഷണത്തിനായ് വരുന്ന പ്രശാന്ത് നാരായണന്റെ സെമിഗോസായിമട്ടിലുള്ള സ്റ്റൈലിഷ്നെസ്സ് കാണിക്കൽ എജ്ജാതിബോറെന്ന് ആദ്യമൊക്കെ തോന്നും.. പിന്നെയാണ് മനസിലാവുക സിനിമയിൽ എന്റർടൈനിംഗ് ഇയാളൊക്കെത്തന്നെയേ ഉള്ളൂവല്ലോ എന്ന്..

സന്തോഷ് പണ്ഡിറ്റിന് ഒരു എൻട്രി

വിനീത് ശ്രീനിവാസനും രജിഷയും തങ്ങളാൽ കഴിയും വിധം കളറാക്കിയിട്ടുണ്ട്.. രൺജി പണിക്കർ, ലാൽ, വിജയ് ബാബു, അനുശ്രീ, നോബി, ഹരീഷ് കണാരൻ തുടങ്ങിയവരൊക്കെയാണ് സിനിമാക്കാരനിലെ മറ്റ് ആശ്വാസഘടകങ്ങൾ.. സന്തോഷ് പണ്ഡിറ്റിന്റെ ഇക്വേഷൻ പ്രകാരം എടുത്ത പടമായത് കൊണ്ടോ എന്തോ ടിയാന് മുഖ്യധാര സിനിമയിലേക്ക് ഒരു എൻട്രി കൊടുക്കാനും തദേവൂസ് സന്മനസ് കാണിച്ചിരിക്കുന്നു.. മുൻപ് സുദേവന്റെ സിനിമയിലൂടെ സംസ്ഥാന അവാർഡ് നേടിയ അച്ചുതാനന്ദനെയും ചെറുതെങ്കിലും ഒരു റോളിൽ കണ്ടത് പെരുത്ത സന്തോഷം..

വെറുതെ ഒരു സിനിമ എന്നു പേരിട്ടാലും മതിയായിരുന്നു

പേര് സിനിമാക്കാരൻ എന്നാണെങ്കിലും നായകൻ അസിസ്റ്റന്റ് ഡയറക്ടർ ആണെങ്കിലും പടത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും മാത്രമേ സിനിമ വിഷയത്തിലേക്ക് കടക്കുന്നുള്ളൂ.. അതിനപ്പുറം അയാൾ എന്തുപണിക്കാരൻ ആയാലും കഥാഗതിയ്ക്കോ പരിണാമഗുപ്തിയ്ക്കോ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല.. വെറുതെ ഒരു സിനിമ എന്നുപേരിട്ടാലും കുഴപ്പമൊന്നുമില്ലായിരുന്നു എന്ന് സാരം.. മുഖ്യധാരാ സിനിമയും മുഖ്യധാരാ മതങ്ങളും സ്ത്രീയെ കുറിച്ച് പുലർത്തിപ്പോരുന്നതും മുന്നോട്ടുവെക്കുന്നതുമായ ധാരണകളെ ഉയർത്തിപ്പിടിക്കാൻ തന്നാലാവുന്നത് ചെയ്തു എന്ന് ലിയോ തദേവൂസിന് എക്കാലത്തും ഓർത്തുവെയ്ക്കാം.. അത്രന്നെ!

English summary
Oru Cinemakaran movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam