»   » നന്മ മരവും പ്രതിബന്ധങ്ങളും, അതിജീവനത്തിന്റെ പതിവ് കഥാവഴികളിലൂടെ ഒരു കുട്ടനാടന്‍ ബ്ലോഗ്!

നന്മ മരവും പ്രതിബന്ധങ്ങളും, അതിജീവനത്തിന്റെ പതിവ് കഥാവഴികളിലൂടെ ഒരു കുട്ടനാടന്‍ ബ്ലോഗ്!

Subscribe to Filmibeat Malayalam

ജിന്‍സ് കെ ബെന്നി

മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  2.0/5
  Star Cast: Mammootty, Raai Laxmi, Siddique
  Director: Sethu

  പുലിമുരുകന് ശേഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡ് നേട്ടം അവകാശപ്പെട്ട് തിയറ്റര്‍ വിട്ട അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ തിയറ്ററിലേക്ക് എത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗ് ആരാധകര്‍ക്ക് നല്‍കിയേക്കാവുന്ന അമിത പ്രതീക്ഷകളേതുമില്ലാതെയാണ് തിയറ്ററിലേക്ക് എത്തിയത്. ദ ഗ്രേറ്റ് ഫാദറിനും മാസ്റ്റര്‍പീസിനും അബ്രഹാമിന്റെ സന്തതികള്‍ക്ക് തിയറ്ററില്‍ മുന്നിലുണ്ടായിരുന്ന തിരക്ക് ഒരു കുട്ടനാടന്‍ ബ്ലോഗിന് അനുഭവപ്പെട്ടില്ല. ഒരു പക്ഷെ കുടുംബ ചിത്രമെന്ന് ധരിച്ച് യുവ ആരാധക വൃന്ദം തിയറ്ററില്‍ നിന്നും അല്പം അകലം പാലിച്ചതാകാം.

  സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ തെളിഞ്ഞ് കണ്ട 137 മിനിറ്റ് എന്ന സമയ ദൈര്‍ഘ്യത്തിലേക്ക് മനസിനെ പരുവപ്പെടുത്തി കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലേക്ക് കണ്ണുനട്ടു. കൃഷ്ണപുരം എന്ന ഗ്രാമവും നന്മയുടെ വിളനിലവും യുവത്വത്തിന്റെ മാതൃകാ പുരുഷനുമായ ഹരിയുമാണ് ചിത്രത്തിന്റെ കാതല്‍. സഞ്ജു ശിവറാം അവതരിപ്പിക്കുന്ന ബ്ലോഗര്‍ കഥാപാത്രം തന്റെ നാട്ടിലെ ഈ മാതൃകാപുരുഷനേക്കുറിച്ച് വിശദമായി എഴുതുന്ന കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ചിത്രത്തിന്റെ കഥാവതരണം. വിദേശത്ത് ജോലി ചെയ്യുന്ന സണ്ണി വെയ്ന്‍, അനന്യ എന്നീ പ്രണയ ജോഡികളാണ് കുട്ടനാടന്‍ ബ്ലോഗിന്റെ വായനക്കാര്‍. കൃഷ്ണപുരം സ്വദേശിയായ സണ്ണി വെയ്ന്‍ കഥാപാത്രത്തിന് തന്റെ നാടിനേക്കുറിച്ചുള്ള ഗൃഹാതുരത പകര്‍ന്ന് നല്‍കുന്ന മാധ്യമംകൂടെയാണ് ഈ ബ്ലോഗ്. ബ്ലോഗ് വായനയിലൂടെ അനന്യയുടെ കഥാപാത്രവും കൃഷ്ണപുരത്തെ ഹരിയേട്ടന്റെ ആരാധികയായി മാറുകയാണ്.

  orukuttanadanblogposter

  ആലപ്പുഴയും കുട്ടനാടും കെട്ടുവള്ളവും വള്ളംകളിയും കായലും വയലേലകളുമായി കുട്ടാനാടിന്റെ ഹരിത സൗകുമാര്യത്തെ ഒപ്പിയെടുത്ത ടൈറ്റില്‍ സോങോടെ സിനിമ അതിന്റെ ട്രാക്കിലേക്ക് പ്രവേശിക്കുകയാണ്. നായകനായ ഹരിയേക്കുറിച്ചുള്ള വായ്‌മൊഴി ബില്‍ഡപ്പുകള്‍ക്കൊടുവില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കെത്തുന്ന ഹരിയെ അവിടുത്തെ യുവജന ക്ലബിന്റെ ഉദ്ഘാടകനായി ആനയിച്ചു സ്വീകരിച്ചുകൊണ്ട് സില്‍ബന്ധികളായ യുവജനങ്ങള്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് ആദ്യകൊട്ട് കൊടുക്കുന്നു. ഹരിയുടെ വളര്‍ച്ചയിലും സ്വീകാര്യതയിലും അസൂയപൂണ്ട ഒരുപറ്റം ആളുകള്‍, കൃത്യമായി പറഞ്ഞാല്‍ ലാലു അലക്‌സിന്റെ പഞ്ചായത്ത് പ്രസിഡന്റെ കഥാപാത്രം വരെ, ഹരിയെ ഒതുക്കാനുള്ള ആയുധം തിരയുകയാണ്. ചെയ്യാത്ത തെറ്റിന്റെ ഭാരം ജീവിതത്തില്‍ മുമ്പും ചുമന്നിട്ടുണ്ട് എന്ന് കഥാവഴിയില്‍ പറഞ്ഞുപോകുന്ന ഹരിയെ കാത്തിരിക്കുന്നതും മറ്റൊന്നല്ല. അത്തരത്തിലുള്ള ആരോപണം ഹരിക്ക് നേര്‍ക്ക് നീളുന്നതോടെ സംഭവ ബഹുലമായി പ്രേക്ഷകരെ ആകാംഷാഭരിതരാക്കി ചിത്രത്തിന്റെ ഒന്നാം പാതി അവസാനിക്കുന്നു.

  തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഹരിയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പാതി. കഥാപശ്ചാത്തലവും കഥാപാത്രങ്ങളേയും പരിചയപ്പെടുത്തി മുന്നോട്ട് നീങ്ങിയ ഒന്നാം പാതിയിലെ ആദ്യ ട്വിസ്റ്റും ഈ ഇന്റര്‍വെല്‍ പഞ്ച് തന്നെയാണ്. ഒന്നാം പാതിയില്‍ ഇടം ലഭിക്കാതിരുന്ന ട്വിസ്റ്റുകളെ ഒന്നിന് പുറകെ ഒന്നായി രണ്ടാം പാതിയില്‍ അടുക്കി വയ്ക്കുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനുമായ സേതു. സംഭവ ബഹുലമായ വഴിത്തിരിവുകളോടെ കഥ അവസാനിക്കുമ്പോള്‍ ഹരിയുടെ പതനം കാണാന്‍ ആഗ്രഹിച്ചവര്‍ പോലും നല്ല വാക്ക് പറയുകയും ഹരിക്കെതിരെ കോപ്പ് കൂട്ടിയ യുവാക്കള്‍ ഒന്നടങ്കം മാപ്പ് പറയുകയും ചെയ്യുന്നു.

  ഓണച്ചിത്രമായി റിലീസിന് തയാറെടുത്ത ചിത്രത്തില്‍ വന്‍താര നിരതന്നെ അണിനിരന്നിരിക്കുന്നു. റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം തുടങ്ങി മൂന്ന് നായികമാരാണ് മമ്മൂട്ടിക്കൊപ്പം ചിത്രത്തിലുള്ളത്. ലാലു അലക്‌സ്, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം സഞ്ജു ശിവറാം, സണ്ണി വെയ്ന്‍, ജൂഡ് ആന്റണി, ഗ്രിഗറി, സോഹന്‍ സീനുലാല്‍, ആദില്‍, വിഷ്ണു ഗോപന്‍ അതിഥി വേഷത്തിലെത്തുന്ന വിനീത് കുമാര്‍ വരെ ചിത്രത്തിലുണ്ട്. അടുത്തകാലത്ത് മമ്മൂട്ടിയെ കൂടുതല്‍ ചെറുപ്പക്കാരനായി അവതരിപ്പിക്കുന്ന ചിത്രവും കുട്ടനാടന്‍ ബ്ലോഗാണ്.

  സാങ്കേതികതയില്‍ എടുത്ത് പറയേണ്ടത് ആലപ്പുഴയും കുട്ടനാടുമൊക്കെയായി കൃഷ്ണപുരത്തെ മനോഹരമായി പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നെ ഛായാഗ്രഹണ മികവിനെയാണ്. പ്രദീപ് നായരാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദൃശ്യങ്ങള്‍ മികച്ച് നിന്നതുകൊണ്ടാതാം സീനുകളുടെ ഭാവതാളങ്ങളറിഞ്ഞ് ഷോട്ടുകളെ അരിഞ്ഞൊതുക്കുവാന്‍ എഡിറ്റര്‍ മറന്ന് പോയത്. ഷോട്ടുകളുടെ നീളം സിനിമയുടെ കഥാവഴിയില്‍ ഇഴച്ചിലായി മാറുന്നുണ്ട്. തിയറ്ററില്‍ നിന്ന് ഇറങ്ങുമ്പോഴും ചുണ്ടില്‍ തങ്ങി നില്‍ക്കുന്ന ഗാനങ്ങള്‍ ഒരുക്കാന്‍ സാധിച്ചതില്‍ ശ്രീനാഥ് ശിവശങ്കരന് അഭിമാനിക്കാം. സച്ചി-സേതു എന്ന ഹിറ്റ് ജോഡിയില്‍ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായി വഴിപിരിഞ്ഞ സേതുവിന്റെ പ്രഥമ സംവിധാന സംരംഭമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ബ്ലോഗ് എന്ന ചരടില്‍ കോര്‍ത്ത് ഒരു നോവല്‍ പോലെ അവതരിപ്പിക്കാന്‍ ഒരുക്കിയ തിരക്കഥയ്ക്ക് ശക്തവും യുക്തി ഭദ്രവുമായ മുഹൂര്‍ത്തങ്ങളുടെ അഭാവം പ്രകടമായിരുന്നു. സമയത്തേക്കുറിച്ച് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ചിത്രത്തിന്റെ താളം സംവിധായകനെന്ന നിലയില്‍ സേതു തെല്ല് ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മിപ്പിക്കുന്നു.

  പ്രവചനീയമായ കഥാഗതിയാണ് ചിത്രത്തിനെങ്കിലും മനോഹരമായ ദൃശ്യങ്ങളും രംഗങ്ങള്‍ക്ക് ചേര്‍ന്ന കളര്‍ കോംമ്പിനേഷനിലുള്ള കോസ്റ്റിയൂമുകളുമായി ഒരു കുട്ടനാടന്‍ ബ്ലോഗ് പ്രേക്ഷകര്‍ കണ്ടിരിക്കാനുള്ള വക ഒരുക്കുന്നുണ്ട്. അതിന് വിമര്‍ശന ബുദ്ധിയോടെയല്ല തുറന്ന മനസോടെ തിയറ്ററിലിരിക്കണമെന്ന് മാത്രം. തോപ്പില്‍ ജോപ്പന്‍, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളുടെ അവതരണത്തോട് ചേര്‍ത്ത് നിര്‍ത്താവുന്ന മമ്മൂട്ടി ചിത്രം കൂടെയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

  English summary
  Ordinary story line with beautiful visuals

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more