»   » പഴകിയ ബോംബൊന്നുമല്ല ഇത്.. നനഞ്ഞ പടക്കം. (സോറി, ബിബിൻ) ശൈലന്റെ റിവ്യൂ

പഴകിയ ബോംബൊന്നുമല്ല ഇത്.. നനഞ്ഞ പടക്കം. (സോറി, ബിബിൻ) ശൈലന്റെ റിവ്യൂ

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  2.5/5
  Star Cast: Bibin George, Hareesh Perumanna, Prayaga Martin
  Director: Shafi

  അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധിക്കപ്പെട്ടയാളാണ് ബിബിന്‍ ജോര്‍ജ്. ബിബിന്‍ ജോര്‍ജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ഒരു പഴയ ബോംബ് കഥ റിലീസിനെത്തിയിരിക്കുകയാണ്. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന് ഒരു പഴയ ബോംബ് കഥ എന്നാണ് പേരിട്ടിരിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്ക് ശേഷം യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റാണ് സിനിമ നിര്‍മ്മിക്കുന്നത്.

  പ്രയാഗ മാര്‍ട്ടിനാണ് ബിബിന്റെ നായികയായെത്തുന്നത്. ഒപ്പം ഹരീഷ് കണാരന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍, വിജയരാഘവന്‍, ദിനേശ്, കുളപ്പുള്ളി ലീല, ബാലചന്ദ്രന്‍ ചുള്ളിക്കാട്, തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  കല്യാണ രാമൻ,പുലിവാൽക്കല്യാണം, മായാവി, തൊമ്മനും മക്കളും, റ്റു കണ്ട്രീസ്, ചോക്ലേറ്റ് തുടങ്ങി മലയാളിക്ക് ലോകാവസാനം വരെ ചിരിക്കാനുള്ള മൊതലുകളെ സ്ക്രീനിൽ സൃഷ്ടിച്ചു വിട്ട ഷാഫിയുടെ പുതിയ ചിത്രം ഇന്ന് തിയേറ്ററിലെത്തി. "ഒരു പഴയ ബോംബ് കഥ" എന്ന പേരിൽ തന്നെ മുൻ-കൂർ ജാമ്യം റെഡിയാക്കി വച്ചിട്ടുണ്ടെങ്കിലും. ഇത്രയ്ക്കങ്ങട്ട് പ്രതീക്ഷിച്ചില്ല. ബോംബ് പഴകിയാൽ ചീഞ്ഞളിഞ്ഞ പടക്കമാകുമോ എന്നതിനേക്കാൾ ഉപരി ഷാഫി മെലിഞ്ഞെന്ന് കരുതി ഇങ്ങനെ സ്വയം തൊഴുത്തിൽ കേറി നിൽക്കണോ എന്ന ആശങ്കയാണ് പടം കണ്ടിറങ്ങിയപ്പോൾ മനസിൽ ബാക്കിയായത്..

  ഷാഫിയുടെ പടം എന്നതിനൊപ്പം ബിബിൻ ജോർജ് നായകനാവുന്നു എന്നൊരു കൗതുകവും പടത്തിന് കേറുമ്പോൾ സ്വാഭാവികമായും ഉണ്ടായിരുന്നു. അമർ അക്ബർ ആന്റണിയിലും കട്ടപ്പയിലെ ഋത്വിക് റോഷനിലും വിഷ്ണു ഉണ്ണികൃഷ്ണന്റെ കോ_റൈറ്ററായ ബിബിൻ അംഗപരിമിതിയുള്ള ഒരാളാണ്. മുൻപ് റോൾ മോഡൽസിൽ വില്ലനായും അമർ അക്ബർ അന്തോണിയിൽ ചെറിയൊരു റോളിലും അഭിനയിച്ചിട്ടുള്ള ബിബിനെ ശാരീരിക പരിമിതികളോടെ തന്നെ നായകവേഷത്തിൽ അവതരിപ്പിക്കാൻ ഷാഫി കാണിച്ച ആർജവത്തെ എന്തു വിലകൊടുത്തും പ്രൊമോട്ട് ചെയ്യണമെന്ന തീരുമാനത്തോടെയാണ് കണ്ട് തുടങ്ങിയതും.. പക്ഷെ, തീരുമാനവും ആർജവവും മാത്രം പോരല്ലോ. സ്ക്രിപ്റ്റ് എന്നൊരു സാധനം കൂടി വേണ്ടേ ഒരു സിനിമയാകുമ്പോൾ.

  നല്ല സ്ക്രിപ്റ്റ് കിട്ടിയപ്പോഴൊക്കെ തകർത്തു വാരിയിട്ടുള്ള ഷാഫിയ്ക്ക് ഇത്തവണ കിട്ടിയിരിക്കുന്നത് ബിൻജു ജോസഫും സുനിൽ കർമ്മയും കൂടി എഴുതിക്കൊടുത്തിരിക്കുന്ന ഒരു ഔട്ട്_ഡേറ്റഡ് ഐറ്റമാണ്. അവരെ ട്രോളാൻ വേണ്ടി തന്നെയാണോ എന്തോ "ഒരു പഴയ ബോംബ് കഥ" എന്നൊക്കെ പേരിട്ടതൊക്കെ. എന്തരായാലും വിഷ്ണു ഉണ്ണിക്കൃഷ്ണന് നാദിർഷ നേടിക്കൊടുത്തതു പോലൊരു എൻട്രി ബിബിൻ ജോർജിന് നേടിക്കൊടുക്കാൻ ഷാഫിക്ക് കഴിഞ്ഞില്ല എന്നത് സത്യം.

  സിനിമകളിൽ പതിവു മട്ടിൽ കാണാറുള്ളൊരു നാട്ടിൻപുറത്തെ കുട്ടിക്കാലം മുതലേ ഉള്ള കൂട്ടുകാരാണ് ശ്രീകുട്ടനും ഭവ്യനും. സ്കൂളിൽ ഓട്ടമൽസരത്തിന് ഒരു കാലിന് വലുപ്പക്കുറവുള്ള ശ്രീകുട്ടൻ വാശിപിടിച്ചോടി പാതിയിൽ വീണപ്പോൾ മുന്നിൽ ഓടുകയായിരുന്ന ഭവ്യൻ ഓട്ടം നിർത്തിവന്ന് അവനെ ആശ്വസിപ്പിച്ചപ്പോൾ തുടങ്ങിയതാണവരുടെ സൗഹൃദം. വലുതായപ്പോൾ മൂത്തങ്കോട് എന്ന ആ ഗ്രാമത്തിൽ അവർ ഒന്നരയും ഒന്നരയും എന്നറിയപ്പെട്ടു. കാലിന്റെ ശേഷിക്കുറവു കൊണ്ടായിരുന്നു ശ്രീക്കുട്ടന് ഒന്നര എന്ന വിളിപ്പേര് കിട്ടിയതെങ്കിൽ തക്കം കിട്ടുമ്പോഴെല്ലാം ബാറിലോ ബീവറേജിലോ പാഞ്ഞു പോയി ഒന്നര അടിക്കാൻ ഔത്സുക്യം കാണിച്ചതുകൊണ്ടായിരുന്നു ഭവ്യൻ ഒന്നരയായത്.

  കട്ടപ്പനയിൽ വിഷ്ണുവും ധർമ്മജനും ചേർന്ന് വർക്കൗട്ട് ചെയ്ത കെമിസ്ട്രി ആണ് ബിബിനെയും ഹരീഷ് കണാരനെയും വച്ച് സംവിധായകനും എഴുത്തുകാരും ചേർന്ന് ട്രൈ ചെയ്ത് നോക്കുന്നത്. പക്ഷെ, കട്ടപ്പനയിലെ കഥാപാത്രങ്ങൾക്കും കഥാ പശ്ചാത്തലത്തിനുമുണ്ടായിരുന്ന ആത്മാവ് ഒരു പഴയ ബോംബ് കഥയിൽ മഷിയിട്ടു നോക്കിയാൽ കിട്ടുകയില്ലെന്നതാണ് ബിബിൻ നായകനായ സിനിമയുടെയും കഥ എഴുതിയ സിനിമയും തമ്മിലുള്ള വ്യത്യാസം..

  കോമഡിയൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും തിരുകിക്കേറ്റാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പാതിയിലധികവും ക്ലിക്കാവാതെ നനഞ്ഞ് ചീറ്റിപ്പോവുകയാണ്. സെന്റിമെന്റ്സിന്റെ കാര്യവും അങ്ങനെ തന്നെ. അച്ഛന്റെ ഹാർട്ട് ഓപ്പറേഷന് പണവുമായി ശ്രീക്കുട്ടൻ നടത്തുന്ന ഓട്ടവും അതിന്റെ പരിണതിയും മാത്രമാണ് പടത്തിൽ അല്പമെങ്കിലും ഫീൽ ചെയ്യിപ്പിക്കുന്ന ഒരേയൊരു സന്ദർഭം.

  കോമഡിയും സെന്റിമെന്റ്സും മാത്രമല്ല പ്രണയവും പോലീസും തീവ്രവാദവും അധോലോകനേതാവും ചിട്ടിക്കമ്പനി മൊതലാളിയും ട്വിസ്റ്റുകളുമൊക്കെ ആവോളമുണ്ട് പടത്തിൽ. വേവാത്ത കഷണങ്ങളായിപ്പോയതിനാൽ അങ്ങനെയങ്ങ് പടം തീർന്നപ്പോൾ ആർക്കുമൊരു ഭാവമാറ്റവും ഉണ്ടായില്ല എന്ന് മാത്രം. ഷാജോൺ പോലീസ് വേഷത്തിൽ തിളങ്ങിയിട്ടുണ്ട്. സ്കിറ്റ് സ്വഭാവമുള്ള കൗണ്ടറുകളാണെങ്കിലും കണാരൻ ചിലയിടത്തൊക്കെ നന്നായി ചിരിപ്പിക്കുന്നുമുണ്ട്. പ്രയാഗാ മാർട്ടിനെ എല്ലാ സംവിധായകർക്കും സ്ക്രീനിൽ നന്നായി പ്രെസന്റ് ചെയ്യാൻ കഴിയില്ല എന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. പ്രയാഗയുടെ പരിമിതികളെക്കുറിച്ചുള്ള ബോധ്യത്തോടെ ക്യാമറ വച്ചാൽ അവർ നല്ല സുന്ദരിയാണ്. ഷാഫിയും ക്യാമറാമാൻ വിനോദ് ഇല്ലമ്പിള്ളിയും അതിന് ശ്രമിച്ചിട്ടില്ല. ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ബിജുക്കുട്ടൻ, വിജയരാഘവൻ, ദിനേശ്, കുളപ്പുള്ളി ലീല, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും യാതൊരു ചലനവുമുണ്ടാക്കാതെ വന്നു പോവുന്നുണ്ട്.

  സൂപ്പർ താരങ്ങൾ മുതൽ ഇങ്ങോട്ടുള്ള നായകരും അല്ലാത്തവരുമായ നടന്മാരിൽ മിക്കവരും വിവിധതരം അംഗപരിമിതിയുള്ള കഥാപാത്രങ്ങളെ സ്ക്രീനിൽ അഭിനയിച്ച് വിജയിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായവരോട് തോന്നുന്ന ഐക്യദാർഢ്യവും സഹാനുഭൂതിയും പോലും ബിബിൻ ജോർജ് ചെയ്ത ശ്രീക്കുട്ടനോട് സിനിമയുടെ ഒരവസരത്തിലും തോന്നിയില്ല എന്ന് പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്. കുഴപ്പം അയാളുടേതല്ല, സ്ക്രിപ്റ്റിന്റെയും സംവിധായകന്റേതുമാണ്. കുറച്ചു കൂടി ശ്രദ്ധ കൊടുക്കാമായിരുന്നു.

  ചുരുക്കം: കോമഡിയൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും തിരുകിക്കേറ്റാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പാതിയിലധികവും ക്ലിക്കാവാതെ നനഞ്ഞ് ചീറ്റിപ്പോവുകയാണ് ഒരു ബോംബ് കഥ എന്ന ചിത്രത്തിൽ.

  English summary
  Oru Pazhaya Bomb Kadha movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more