For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ത്രില്ലും സസ്‌പെന്‍സും നിറഞ്ഞ ഒറ്റക്കൊരു കാമുകന്‍! അടിമുടി ട്വിസ്റ്റുകളുടെ വിളയാട്ടം!

  |

  ജിന്‍സ് കെ ബെന്നി

  ജേര്‍ണലിസ്റ്റ്
  മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

  Rating:
  2.5/5
  Star Cast: Abhirami, Shine Tom Chacko, Joju George
  Director: Ajinlal, Jayan Vannery

  ഒറ്റക്കൊരു കാമുകന്‍ എന്ന ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് ഒരു പ്രണയ ചിത്രമെന്ന മുന്‍ധാരണ നല്‍കുന്നുണ്ടെങ്കിലും പ്രണയത്തിനൊപ്പം ട്വിസ്റ്റുകളും ചേര്‍ത്ത് വച്ച ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്. പേരില്‍ ഒരു കാമുകനേ ഉള്ളുവെങ്കിലും നാല് കാമുകന്മാരുടെ പ്രണയങ്ങളാണ് ചിത്രം പറയുന്നത്. തന്റെ പ്രണയിനിയെ നഷ്ടപ്പെടാന്‍ കാരണക്കാരായ നാല് പേരെ തട്ടിക്കൊണ്ടുവന്നിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോയുടെ വിനു എന്ന കഥാപാത്രം. പരസ്പരം ഒരു തരത്തിലും പരിചയമില്ലാത്ത ഇവര്‍ ആദ്യമായി കണ്ടുമുട്ടുന്നത് ഈ ഗോഡൗണിലാണ്, അതും കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിലയില്‍.

  മോഹന്‍ലാലും പ്രിയദര്‍ശനും വെറുതെ വരുന്നതല്ല! മരക്കാറിലെ സംഗീതവും വ്യത്യസ്തമായിരിക്കും! കാണൂ!

  വൃദ്ധനായ പുരോഹിതന്‍ (ബാലചന്ദ്രന്‍ ചുള്ളിക്കാട്), ഐടി പ്രഫഷണലായ യുവതി (നിമി മാനുവല്‍), അവിവാഹിതനായ കോളേജ് പ്രഫസര്‍ (ജോജു ജോര്‍ജ്), സിനിമയെ സ്വപ്‌നം കണ്ട് നടക്കുന്ന ഷോര്‍ട്ട് ഫിലിം സംവിധായകന്‍ (ഭഗത് മാനുവല്‍) എന്നിവരെയാണ് വിനു ആ ഗോഡൗണില്‍ ബന്ധിച്ചിരിക്കുന്നത്. ഇവരോട് അവരവരുടെ പ്രണയകഥ പറയാന്‍ ആവശ്യപ്പെടുകയാണ് വിനു. ഏറ്റവും നല്ല കഥ പറയുന്ന ഒരാള്‍ക്ക് ജീവനോടെ രക്ഷപെടാം. മരണത്തിന് നിമിഷങ്ങള്‍ മാത്രം അകലെ നിന്ന് അവര്‍ തങ്ങളുടെ പ്രണയ കഥ പറയുകയാണ്.

  വൃത്യസ്തമായ കാലഘട്ടങ്ങളിലെ വൃത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഓരോ പ്രണയകഥയും അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്നവയാണ്. രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം ട്വിസ്റ്റുകളാല്‍ സമ്പന്നമാണ്. ക്ലൈമാക്‌സിലും പ്രേക്ഷകരെ കാത്തിരിക്കുന്നത് ട്വിസ്റ്റുകളാണ്. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എഡിറ്റിംഗും ചേര്‍ന്ന് ഒരു ത്രില്ലര്‍ സ്വഭാവം ചിത്രത്തിന് സമ്മാനിക്കുന്നുണ്ട്. അതേസമയം മനോഹര ദൃശ്യങ്ങളാലാണ് പ്രണയം ദൃശ്യവത്കരിക്കുന്നതും.

  ഓരോ കഥകളും ഒറ്റയ്‌ക്കൊറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഏറെ മികവുറ്റവായാണെങ്കിലും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയായി പരിഗണിക്കുമ്പോള്‍ പ്രേക്ഷകന്റെ സുഗമമായ ആസ്വാദനത്തിന് ഇടയ്‌ക്കെങ്കിലും ഭംഗം സംഭവിക്കുന്നുണ്ട്. ചില രംഗങ്ങളില്‍ എന്തിനിതൊക്കെ എന്ന ചോദ്യത്തിന് ശക്തമായ ഒരു ഉത്തരം പ്രേക്ഷകന് നല്‍കാനും സംവിധായകര്‍ക്ക് സാധിക്കാതെ പോയിട്ടുണ്ട്. ഈ ഒരൊറ്റ കാരണത്താല്‍ ശരാശരിക്കും മുകളില്‍ നില്‍ക്കാവുന്ന മികച്ചൊരു ആശയത്തെ ഒരു ശരാശരി നിലവാരമുള്ള സിനിമയായി മാറ്റിയിരിക്കുന്നു.

  നവാഗതരായ അജിന്‍ ലാല്‍, ജയന്‍ വന്നേരി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്‌കെ സുധീഷ്, ശ്രീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. കഥ പറച്ചിലിലും ആഖ്യാന രീതിയിലും പുതുമ കൊണ്ടുവരാനുള്ള ശ്രമമെന്ന നിലയില്‍ ഒറ്റയ്‌ക്കൊരു കാമുകന്‍ എന്ന ചിത്രം കൈയടിയര്‍ഹിക്കുന്നു. സഞ്ജയ് ഹാരിസാണ് ചിത്രത്തിലെ മനോഹര ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സനല്‍ രാജിന്റേതാണ് എഡിറ്റിംഗ്. ഒരുപിടി മികച്ച ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. പ്രണയവും ത്രില്ലും ഇഴചേരുന്ന ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്.

  പുതിമുഖ സംവിധായകരുടെ ചിത്രമെന്ന നിലയില്‍ മുന്‍വിധികളില്ലാതെ ചിത്രത്തെ സമീപിക്കുന്ന പ്രക്ഷകരെ നിരാശപ്പെടുത്താത്ത കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ഒറ്റയ്‌ക്കൊരു കാമുകന്‍. ജോജു, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ മികവുറ്റ പ്രകടനങ്ങള്‍ ചിത്രത്തിലുണ്ട്. തിരശീലയിലെ സാന്നിദ്ധ്യം അല്പനേരത്തേക്കെങ്കിലും ഇവരുടെ കഥാപാത്രങ്ങള്‍ തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കും.

  ചുരുക്കം: ട്വിസ്റ്റുകളാല്‍ സമ്പന്നമായ ത്രില്ലിംഗ് സ്വഭാവമുള്ള ഒരു പ്രണയ ചിത്രമാണ് ഒറ്റയ്‌ക്കൊരു കാമുകന്‍.

  English summary
  Ottakkoru Kamukan movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X