For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കേരളത്തിന്റെ ഭാഷാഭേദങ്ങളിലൂടെ സൗഹൃദത്തിന്റെ ഒരു ഗ്യാങ്സ്റ്റര്‍ കോമഡി യാത്ര! പടയോട്ടം റിവ്യു!

  |

  ജിന്‍സ് കെ ബെന്നി

  ജേര്‍ണലിസ്റ്റ്
  മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

  Rating:
  2.5/5
  Star Cast: Biju Menon, Anu Sithara, Ravi Singh
  Director: Rafeek Ibrahim, Nithin Michael

  ഓണച്ചിത്രമായി ഇറങ്ങേണ്ടിയിരുന്ന പടയോട്ടം പ്രളയാന്തര കേരളത്തിലൂടെ ഒരു പടക്കുതിപ്പിന് തുടക്കമിടുകയാണ്. ബിജു മേനോനെ മുഖ്യ ആകര്‍ഷണമാക്കി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രം കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒരു പിടി ഗുണ്ടകളേയും അവരുടെ സൗഹൃദത്തേയും പ്രേക്ഷകര്‍ക്ക് കാണിച്ചു തരികയാണ്.

  ഗ്യാങ്സ്റ്റര്‍ കോമഡി എന്ന ജോണറിലെത്തിയ ചിത്രം ആദ്യ ഇരുപത് മിനിറ്റിന് ശേഷം ഒരു റോഡ് മൂവി സ്വഭാവത്തിലേക്ക് മാറുന്നുണ്ട്. ട്രെയിലറും ടീസറും കണ്ട് മാസ് ചിത്രത്തിന് വേണ്ടി തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ ചിത്രം അമ്പരപ്പിക്കും. അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്ക് മാത്രം ചെന്ന് ചാടുന്ന ഒരു സംഘത്തിനൊപ്പം ചെങ്കല്‍ രഘു എന്ന മാസ് കഥാപാത്രം ചേരുമ്പോള്‍ ഉണ്ടാകുന്ന ചിരി വിരുന്നിനാണ് രണ്ട് മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഊന്നല്‍ നല്‍കുന്നത്.

  കഥാസാരം

  തിരുവനന്തപുരം സ്വദേശികളായ സേനന്‍ (ദിലീഷ് പോത്തന്‍), ശ്രീക്കുട്ടന്‍ (സൈജു കുറുപ്പ്), രഞ്ചു (സുധി കോപ്പ), പിങ്കു (ബേസില്‍ ജോസഫ്) എന്നിവരില്‍ നിന്നാണ് കഥയുടെ തുടക്കം. കാമുകി തേച്ചിട്ട് പോയ സങ്കടത്തില്‍ ഒരു വൈകുന്നേരം സേനനും ശ്രീക്കുട്ടനും രഞ്ചുവിനും ഒപ്പമിരുന്ന് വെള്ളമടിച്ചുകൊണ്ടിരുന്ന പിങ്കു സിഗരറ്റ് മേടിക്കാന്‍ പുറത്തേക്ക് പോകുന്നത്. അവന്‍ ഒടിച്ച ബൈക്ക് ഒരു കാറില്‍ ഇടിച്ചതിനേത്തുടര്‍ന്ന് പിങ്കുവിന് നല്ല ഇടി കിട്ടി അവന്‍ ആശുപത്രിയിലാകുന്നു. പിങ്കുവിനെ തല്ലിയവനെ പിടിക്കാന്‍ തിരുവനന്തപുരത്തെ പ്രശസ്ത ഗുണ്ട ചെങ്കല്‍ രഘുവിനെ ഒപ്പം കൂട്ടി കാസര്‍ഗോഡിന് പുറപ്പെടുകയാണിവര്‍. തല്ലിയവന്റെ ഫോട്ടോ മാത്രമാണ് അവരുടെ കൈയിലുള്ളത്.

  തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന യാത്ര തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ പ്രമുഖ ഗുണ്ടകളിലൂടെ സഞ്ചരിച്ച് കാസര്‍ഗോഡ് എത്തുന്നു. ഈ യാത്രയിലുടനീളം ഉണ്ടാകുന്ന പൊല്ലാപ്പുകളും അബദ്ധങ്ങളും എല്ലാം ചേര്‍ന്ന് രസകരമായി മുന്നോട്ട് പോകുന്ന ചിത്രം കാര്യ ഗൗരവത്തിലേക്ക് പ്രവേശിക്കുന്നത് കൈയിലുള്ള ഫോട്ടോയിലെ ആളിന്റെ വലിപ്പം മനസിലാക്കുമ്പോഴാണ്. മാസ് മേക്ക്ഓവറില്‍ ചിരിക്കൂട്ടാണ് റഫീക്ക് ഇബ്രാഹിം തന്റെ പ്രഥമ സംരംഭത്തിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.

  ക്യാമറയ്ക്ക് മുന്നിലെ സംവിധായകര്‍

  ദിലീഷ് പോത്തന്‍, ബേസില്‍ ജോസഫ്, ലിജോ ജോസ് പെല്ലിശേരി എന്നീ സംവിധയാകര്‍ ക്യാമറയ്ക്ക് മുന്നിലും തങ്ങളുടെ മികവ് ആവര്‍ത്തിക്കുന്നുണ്ട്. ചെങ്കല്‍ രഘു എന്ന മാസ് ഗുണ്ട ബിജു മേനോന്റെ കൈയില്‍ ഭദ്രമായിരുന്നു. കട്ട താടിയിലുള്ള ബിജു മേനോന്റെ മേക്ക്ഓവര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹത്തിന് ശേഷം ഐമ സെബാസ്റ്റ്യന്‍ പടയോട്ടത്തിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. ഐമയും അനു സിത്താരയും ഉള്‍പ്പെടെ രണ്ട് നായികമാര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. വളരെ ചെറിയ സമയം മാത്രം സ്‌ക്രീന്‍ പ്രസന്‍സുള്ള രണ്ട് കഥാപാത്രങ്ങള്‍. ഒരു പാട്ട് രംഗത്തിലൂടെ സ്‌നേഹ സക്‌സേനയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

  സുധി കോപ്പ, സൈജു കുറുപ്പ് എന്നിവര്‍ക്കൊപ്പം ചിരി വിരുന്നൊരുക്കാന്‍ ഹരീഷ് കണാരനും ചിത്രത്തിലെത്തുന്നുണ്ട്. പതിവ് ഹരീഷ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തിലെ രതീഷ് സംസാരിക്കുന്നത് കാസര്‍ഗോഡന്‍ ശൈലിയിലാണ്. ചെങ്കല്‍ രഘുവിന്റെ അമ്മയായി സീതാലക്ഷ്മിയും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അതിഥി വേഷത്തില്‍ സുരേഷ് കൃഷ്ണയും ചിത്രത്തിലെത്തുന്നു.

  അണിയറയില്‍

  അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗ്യാങ്സ്റ്റര്‍ കോമഡിക്ക് തൂലിക ചലിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള യാത്രയില്‍ കേരളത്തിലെ ഭാഷാ വൈവിധ്യത്തെ കൃത്യമായി തിരക്കഥയില്‍ പ്രതിഫലിപ്പിക്കുവാനും അത് തിരശീലയില്‍ എത്തിക്കുവാനും തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും സാധിച്ചിട്ടുണ്ട്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഗ്യാങ്‌സ്റ്റര്‍ ചിത്രം എന്ന ജോണറിന് ചേര്‍ന്ന ലൈറ്റ് പാറ്റേണും ടോണുമാണ് ചിത്രത്തിന്. ചെങ്കല്‍ രഘുവിന്റെ ഇന്‍ട്രോക്ഷന്‍ ഉള്‍പ്പെടെ മികച്ച ഒരു പിടി രംഗങ്ങള്‍ സതീഷ് കുറുപ്പ് ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്. ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ചിത്രത്തിന്റെ താളത്തിനൊത്ത പശ്ചാത്തല സംഗീതവും പ്രശാന്ത് പിള്ള തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

  ആസ്വാദ്യതയെ പിന്നോട്ട് വലിക്കുന്നത്

  ഒരു ഗ്യാങ്‌സ്റ്റര്‍ കോമഡി എന്ന ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ടീസറും ട്രെയിലറും പ്രേക്ഷകര്‍ക്ക് നല്‍കിയത് ഒരു മാസ് ചിത്രത്തിന്റെ ഫീലാണ്. ഒരു മാസ് ചിത്രം പ്രതീക്ഷിച്ചെത്തുന്നവരെ പടയോട്ടം നിരശാപ്പെടുത്തും. 2.14 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ആദ്യ പകുതി വളരെ ദൈര്‍ഘ്യമേറിയതാണ്. ഇടയ്‌ക്കെങ്കിലും പ്രേക്ഷകര്‍ സമയത്തേക്കുറിച്ച് ചിന്തിച്ചാല്‍ അവരെ തെറ്റ് പറയാനാകില്ല. പ്രശാന്ത് പിള്ള ഒരുക്കിയ ഗാനങ്ങളില്‍ ഒന്ന് പോലും തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ ചുണ്ടില്‍ തങ്ങി നില്‍ക്കുന്നില്ല.

  അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ പടയോട്ടം തൃപ്തിപ്പെടുത്തും. ബിജു മേനോന്റെ കെട്ടും മട്ടും പ്രകടനവും ചിത്രത്തിന് മുതല്‍ക്കൂട്ടാകും.

  English summary
  padayottam movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more