For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോമഡി സ്കിറ്റുകളുടെ മധുരവും ജയറാമിന്റെ കയ്പ്പുമായി ഏകവർണ്ണതത്ത.. (ഏതോ ഒരു പറവ) ശൈലന്റെ റിവ്യൂ

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പഞ്ചവര്‍ണതത്ത. ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, മണിയന്‍പിള്ള രാജു, അനുശ്രീ, സലീം കുമാര്‍, എന്നിവരുമുണ്ടായിരുന്നു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു തന്നെ നിര്‍മ്മിച്ച സിനിമ വിഷുവിന് മുന്നോടിയായി ഏപ്രില്‍ 14 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജയറാമിനെ മെട്ടത്തലയനും കുടവയറനുമാക്കി അവതരിപ്പിച്ച സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  ഒരാഴ്ചയായി യാത്രയിലായതിനാൽ സിനിമ കാണൽ ഉണ്ടായില്ല.. കാരണം, തമിഴ്നാട്ടിലെ സിനിമാ സമരം. 47 ദിവസത്തെ സമരം കഴിഞ്ഞ് ഈയാഴ്ച തിയേറ്ററുകൾ ഉണർന്നപ്പോൾ ഈ വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയതാകട്ടെ ഒരാഴ്ച മുൻപെ ഇവിടെ റിലീസ് ചെയ്ത കാർത്തിക് സുബ്ബരാജിന്റെ മെർക്കുറി'യും.. എന്തൊരു കഷ്ടം.. പോരുംവഴി പൊള്ളാച്ചിയിൽ മഹേഷ് ബാബുവിന്റെ പുതിയ തെലുങ്ക് റിലീസ് "ഭരത് എന നേനു"വിന്റെ പോസ്റ്റർ കണ്ട് ശാന്തി എന്ന തിയേറ്റർ തെരഞ്ഞു കണ്ടുപിടിച്ച് ചെല്ലുമ്പോൾ ലൈസൻസ് എത്തിയിട്ടില്ലാത്തതിനാൽ ഡൗൺലോഡ് ആയില്ലെന്ന് അവരുടെ ക്ഷമാപണം.. (വീണ്ടും ദ്രാവിഡ്) അങ്ങനെയാണ് ഓടിപ്പാഞ്ഞ് പാലക്കാട് വന്ന് പോയവാരം മിസ്സായ പഞ്ചവർണതത്തയ്ക്ക് കേറുന്നത്..

  പാലക്കാട് പ്രിയ 4കെ റെസല്യൂഷൻ സ്ക്രീനും വെടിപ്പുള്ള സീറ്റ് അറേഞ്ച്മെന്റ്സുമൊക്കെയായി അടാറു തിയേറ്ററാണ്.. കേറിച്ചെല്ലുമ്പോൾ അറുപതു ശതമാനം സീറ്റുകളും ഫില്ലായിരിക്കുന്നു.. അതും സ്ത്രീകളും കുട്ടികളും.. ആഹാ.. അതു കൊള്ളാല്ലോ.. കല്യാണ ഫംഗ്ഷന്റെ ഒരു വെടിച്ചില്ല് ഡിജെ ആമ്പിയൻസിൽ സിനിമ തുടങ്ങിയതോടെ ആകെമൊത്തം കളറായി.. കല്യാണത്തിനുള്ള ബിരിയാണി എത്താതിരിക്കുകയും വീട്ടുകാർ അസ്വസ്ഥരാവുകയും ചെയ്യുമ്പോൾ ചടങ്ങ് ഡെക്കറേറ്റ് ചെയ്യാൻ കൊണ്ടുവന്ന കുതിരയുടെ കൈകാര്യകാരനായ ജയറാമിനെ അതീവ നാടകീയമായി ഇൻട്രൊഡ്യൂസ് ചെയ്യുന്നു. കണ്ടാൽ കൂതറ ലുക്കുള്ള അയാൾ മൈക്ക് വാങ്ങി വൃത്തികെട്ട ശബ്ദത്തിൽ പാട്ടുപാടി ബിരിയാണിക്ക് പകരം ആളുകൾക്ക് രോമാഞ്ചമേകുകയാണ്..

  ആദ്യത്തെ ഇരുപത്തഞ്ച് മിനിറ്റോളം നിറഞ്ഞുനിൽക്കുന്ന വിവാഹത്തിനും അതിലെ ആളുകൾക്കുമൊന്നും പിന്നീട് സിനിമയിൽ ഒരു റോളുമില്ല.. കുതിരക്കാരൻ മാത്രം തുടരും.. ഒപ്പം കല്യാണം പോലെ വന്നു പോവുന്ന ഒരുപാട് സ്കിറ്റുകളും കോമഡികളും സ്റ്റേജ് ഐറ്റങ്ങളും.. ചിലതൊക്കെ ഇക്കിളിയിട്ടാൽ പോലും ചിരിക്കാത്തതും കാലഹരണപ്പെട്ടതുമൊക്കെ ആണെങ്കിലും ബാക്കി തൊണ്ണൂറുശതമാനം ആളുകളെ നന്നായി എന്റർടൈൻ ചെയ്യിക്കുന്നതും ആണെന്നതിനാൽ സമയം പോണത് അറിയുകയേ ഇല്ല. ഒരു സിനിമയ്ക്കാണ് കേറിയതെന്ന് മറന്നാൽ മാത്രം മതി.. എല്ലാ അർത്ഥത്തിലും വെയിസ്റ്റ് ആയ കുതിരക്കാരൻ സമ്മാനിക്കുന്ന കല്ലുകടിയും കയ്പ്പുരസവും കണ്ടില്ലെന്ന് നടിക്കുകയും വേണം..

  കുതിര മാത്രമല്ല അയാൾക്ക് വേറെയും നാൽപ്പത്തിയഞ്ച് ജീവികൾ കൂട്ടായുണ്ട് എന്നാണ് സംവിധായകനായ രമേഷ് പിഷാരടി ചാനലുകളിലൊക്കെ പറയുന്നത് കേട്ടത്.. എണ്ണാനൊന്നും നമ്മൾക്ക് സമയം കിട്ടില്ല. അവയിങ്ങനെ വന്നുപോയിക്കൊണ്ടിരിക്കയാണ.. ഏതെങ്കിലുമൊരു മൃഗത്തിനോ പക്ഷിക്കോ ജീവിയ്ക്കോ പ്രത്യേകിച്ചൊരു പ്രാധാന്യം കൊടുക്കുന്നതോ അവയോട് നമ്മൾക്കെന്തെങ്കിലും അടുപ്പം തോന്നിപ്പിക്കുന്നതോ ആയ യാതൊരു എലമെന്റ്സും സ്ക്രിപ്റ്റിലില്ല. ഉടമയോട് അവയിലേതെങ്കിലും ജീവിക്ക് തോന്നുന്ന അടുപ്പമോ അയാൾക്ക് തിരിച്ച് തോന്നുന്ന ആത്മബന്ധമോ എവിടെയും വർക്കൗട്ട് ചെയ്യാനൊന്നും മെനക്കെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഫീൽ ചെയ്യിപ്പിക്കേണ്ടിയിരുന്ന ക്ലൈമാക്സെക്കെ ശൂ...ന്നങ്ങട്ട് ചീറ്റിപ്പോവുകയും ചെയ്തു.. എന്നാലും ഒരു കാര്യം ഉറപ്പാണ്.. ആ അഭിനയിച്ച പക്ഷി മൃഗാദികളൊക്കെയും തങ്ങളുടെ ഉടമയായി സ്ക്രീനിൽ വരുന്ന ആ മനുഷ്യ നടനേക്കാളും നാച്ചുറലായും കൂളായും തന്നെ സ്ക്രീനിൽ ബിഹേവ് ചെയ്തിട്ടുണ്ട്..

  മുപ്പതു കൊല്ലത്തിലധികമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ്. എന്നിട്ടും അദ്ദേഹം കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും ഡയലോഗ് ഡെലിവറിയിലെ ബാലിശതകളും കാണുമ്പോൾ വിസ്മയപ്പെട്ട് പോകും.. സ്ക്രീനിൽ ഒരു മോശം മിമിക്രിക്കാരൻ പോലുമാവാൻ ജയറാമിനിപ്പോൾ ആവുന്നില്ലല്ലോ.. മിമിക്രിക്കാരും അല്ലാത്തവരുമായി ഒത്തിരിപ്പേരെ പഞ്ചവർണതത്തയിൽ പിഷാരടി ഒറ്റ സീനിലും മറ്റുമായി കൊണ്ടു വരുന്നുണ്ട്.. വ്യക്തിത്വമുള്ള ക്യാരക്റ്ററുകളൊന്നുമല്ലെങ്കിലും എല്ലാർക്കും തങ്ങളുടെ സാന്നിധ്യം തെളിയിക്കാനും അതിന്റെതായ പോസിറ്റീവ് എനർജി സമ്മാനിക്കാനും കഴിയുന്നുണ്ട്.., മല്ലികാ സുകുമാരനോട് ബിയറുകുപ്പിക്കായി വിലപേശുന്ന ആ ആക്രിക്കാരനു പോലും.. പേരൊന്നുമറിയാത്ത അയാൾ സമ്മാനിക്കുന്ന ഫീൽ പോലും മുപ്പതുകൊല്ലമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ഒരാൾക്ക് സൃഷ്ടിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തൊരു ദയനീയതയാണത്.. ഒരു കണക്കിന് കാളിദാസനൊക്കെ ഭാഗ്യവാനാണ്.. മോഹൻലാലിന്റെ മകന് നേരിടേണ്ടി വരുന്ന പൂർവ്വഭാരത്തിന്റെ താരതമ്യം കാളിമോന് ബാധകമേ ആവില്ല.. പഞ്ചവർണതത്തയിലെ ജയറാമിന്റെ പ്രകടനം വച്ച് നോക്കുമ്പോൾ പൂമരത്തിലെ കാളിദാസന് ഓസ്കാർ തന്നെ കൊടുത്താലും അധികമാവില്ല..

  കലേഷ് എന്ന എംഎൽഎ (കുഞ്ചാക്കോ ബോബൻ). അദ്ദേഹത്തിന്റെ ഭാര്യ ചിത്ര (അനുശ്രീ), അമ്മ (മല്ലികാ സുകുമാരൻ) എന്നിവരാണ് പഞ്ചവർണത്തത്തയിൽ എന്തെങ്കിലും പേഴ്സണാലിറ്റി കാണിക്കുന്ന കഥാപാത്രങ്ങൾ. മൂന്നാളും വളരെ ഫ്രെഷായി തന്നെ അത് കൈകാര്യം ചെയ്യുന്നുമുണ്ട്. (ഓപ്പോസിറ്റായി ജയറാം നിൽക്കുന്നത് ഇവരുടെയെന്നല്ല എല്ലാവരുടെയും പ്രഭ കൂട്ടുന്നുണ്ട് എന്നത് തൽക്കാലം മറക്കാം) പിഎ ആയ അശോകൻ, വീട്ടുടമസ്ഥനായ ജോജു, എതിർ സ്ഥാനാർത്ഥി ആയ സലിം കുമാർ എന്നിവരെയൊക്കെ എടുത്തുതന്നെ പറയണം.. പ്രേംകുമാറിനെപ്പോലൊരു നടന് വളരെ കാലത്തിന് ശേഷം ചെറിയതെങ്കിലും നല്ലൊരു പോലീസ് വേഷം കൊടുത്തത് പിഷാരടിയോടുള്ള ഇഷ്ടമേറ്റുന്നു.. മൃഗസ്നേഹിയായ പ്രേംകുമാറിന്റെ ഇൻസ്പെക്ടർക്ക് കേവലം ഒന്നോ രണ്ടോ ചലനങ്ങൾ കൊണ്ട് തന്നെ തന്റെ ജീവജാലങ്ങളോടുള്ള സഹാനുഭൂതി പ്രേക്ഷകനുമായി കൺ_വേ ചെയ്യാനാവുന്നു.. സിനിമ മുഴുവൻ മസിലു പിടിച്ചിട്ടും കേന്ദ്രകഥാപാത്രത്തിന് സാധ്യമാവാത്തതും അതുതന്നെയാണ്..

  മുൻപ് പറഞ്ഞ പോലെ തിയേറ്ററിൽ ആളുണ്ട്.. ആളുകൾ കോമഡി നന്നായി ആസ്വദിക്കുന്നുമുണ്ട്.. വിഷു-വെക്കേഷൻ-ഫെസ്റ്റിവൽ സീസൺ എന്നൊക്കെ പറഞ്ഞു സിനിമക്ക് പോണമെന്ന് പറഞ്ഞ് വാശി പിടിക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും വേറൊരു ഓപ്ഷൻ കേരളത്തിലെ തിയേറ്ററുകളിൽ ഇല്ലല്ലോ.. ഗതികെട്ടെന്ന് കരുതി പുലി പുല്ലു തിന്നേക്കാം, പക്ഷെ ജനം 'പരോൾ' കാണുമോ.. (കാണാമെന്ന് കരുതിയാൽ തിന്നെ ഏതെങ്കിലും തിയേറ്ററിൽ അത് ബാക്കിയുണ്ടോ). അതുകൊണ്ടുതന്നെ രമേഷ് പിഷാരടിയുടെ ഈ കുസൃതി ഞാനുമങ്ങോട്ട് ആസ്വദിച്ചു.. ജയറാമിനെ ഈ കോലം കെട്ടിച്ചതിൽ പോലും പിഷാരടിയുടെ ഒരൊന്നൊന്നര കുസൃതി ഉണ്ടെന്ന് തോന്നുന്നു.. ഇത്രയും കുറഞ്ഞ നിരക്കിൽ ഷേവ് ചെയ്യൽ പഠിച്ച് വാർത്താ മൂല്യമുണ്ടാക്കാൻ വേറേത് നടനെക്കിട്ടും.. ഭേഷ് ഭേഷ്.. കോഫീണ്ട്രാൽ നറസൂ.. (ഈയാഴ്ച കൂടി വേറൊരു ഓപ്ഷൻ ഇല്ലാത്തതിനാൽ ഞാനാരെയുമൊട്ട് പഞ്ചവർണത്തത്ത കാണുന്നതിൽ നിന്ന് നിരുൽസാഹപ്പെടുത്തുന്നുമില്ല നെഗറ്റീവ് റിവ്യൂ എഴുതുന്നുമില്ല.. ചെന്നാട്ടെ.. ചെന്നാട്ടെ..)

  English summary
  Panchavarnathatha movie review by Schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X