twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതു താന്‍ട വേറെ പടം, ജീവിച്ചഭിനയിച്ച് മമ്മൂട്ടി! പേരന്‍പ് റിവ്യൂ

    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    രണ്ടു പതിറ്റാണ്ടായി മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും മറ്റും സിനിമാസ്വാദനങ്ങളും പഠനങ്ങളും എഴുതുന്ന വ്യക്തിയാണ്. ഇദ്ദേഹം.പത്രപ്രവർത്തകൻ കൂടിയായ ഇദ്ദേഹം ഗൗരവമായി സിനിമയെ നോക്കിക്കാണുന്ന കോളമിസ്റ്റ് കൂടിയാണ്.

    Rating:
    4.0/5
    Star Cast: Mammootty, Sadhana, Anjali
    Director: Ram

    സിനിമാറ്റിക്കാകുകയെന്നാല്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടലാണെന്നാണ് പലപ്പോഴും സിനിമാലോകത്തുള്ള ഒരു തെറ്റിദ്ധാരണ. പേരന്‍പ് ഈ തെറ്റിദ്ധാരണയാണ് തിരുത്തുന്നത്. കൂടുതല്‍ കൂടുതല്‍ റിയലിസ്റ്റിക്കാകുമ്പോള്‍ സിനിമ നമ്മോട് എങ്ങനെ സംവദിക്കുന്നുവെന്നുള്ളതിന്റെ ഏറ്റവും പുതിയ പരീക്ഷണമാണ് റാമിന്റെ പേരന്‍പ്.

    സിനിമ തുടങ്ങുന്നത് മുതല്‍ ആരവങ്ങളും ബഹളങ്ങളുമൊന്നുമില്ല. മറിച്ച് ജീവിതമാണ് നമ്മുടെ മുന്നില്‍ മിന്നിമറയുന്നതെന്ന തോന്നലാണ് ആദ്യം തൊട്ട് ഈ സിനിമ ഉണ്ടാക്കുന്നത്. ഈ സിനിമ നിങ്ങളെ സ്‌ക്രീനിനുള്ളിലേക്ക് ആഴ്ന്നിറക്കുകയില്ല, മറിച്ച് തീയേറ്റററിനുള്ളില്‍ നിന്നുതന്നെ അസ്വസ്ഥരാക്കികൊണ്ടിരിക്കും. ഈ അസ്സ്ഥതയാണ് നമുടെ ചിന്തയെ പിടിച്ചുലക്കുന്നത്.

    ഓട്ടിസമടക്കമുള്ള

    ഓട്ടിസമടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത പല സിനിമകളും നമ്മെ ഓര്‍മപ്പെടുത്തുമെങ്കിലും അതിനപ്പുറം വേറൊരു തലത്തിലേക്ക് ഈ പ്രശ്‌നത്തെകൊണ്ടുപോകുവാന്‍ സാധിച്ചിട്ടുണ്ട് പേരന്‍പിന് എന്നതില്‍ ഈ സംവിധായകന് അഭിമാനിക്കാം. സ്പാസ്റ്റിക്ക് പാരാലിസിസ് എന്ന സവിശേഷ മാനസിക ശാരീരിക അവസ്ഥ ബാധിച്ച ഒരു പെണ്‍കുട്ടിയുടെയും അച്ഛന്റെയും പേരന്‍പിന്റെ കഥയാണിത്. മമ്മുട്ടിയുടെ കഥാപാത്രമായ അമുദന്‍ തന്റെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന വാര്‍ത്തയെ തുടര്‍ന്ന് ദുബൈയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഭാര്യ ഒളിച്ചോടിയെന്നതിനപ്പുറം സവിശേഷമായ മാനസിക നിലയുള്ള മകളുമായി പൊരുത്തപ്പെടുകയെന്നതായിരുന്നു അമുദന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

    റിസോര്‍ട്ട് മാഫിയക്കുവേണ്ടി

    അങ്ങനെ മകളുടെ മനസ്സിലേക്ക് ഇയാള്‍ കടന്നുവരുന്നതിന് വീട്ടില്‍ ജോലിക്കെത്തുന്ന വിജയലക്ഷ്മി (അജ്ഞലി) കാരണമാകുന്നുണ്ട്. എന്നാല്‍ ഒരു റിസോര്‍ട്ട് മാഫിയക്കുവേണ്ടി അമുദനെ അയാളുടെ വീട്ടില്‍നിന്ന് ഇറക്കുവാനുള്ള പദ്ധതിയുമായി വന്നതായിരുന്നു വിജയലക്ഷ്മി. ഇതുപോലെ ആദ്യം മകളെ പരിചരിക്കുവാനായി എത്തുന്ന വേലക്കാരിയും ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമാകുകയാണ്. ഇങ്ങനെ ഈ ലോകത്ത് ഒറ്റപ്പെട്ടവരായി മാത്രം മാറുകയാണ് അമുദന്‍ എന്ന അച്ഛനും മകളും. പിന്നീട് നിലനില്പിന്റെ ഭാഗമായുള്ള ഇവരുടെ അലച്ചിലാണ് സിനിമ. പക്ഷേ മാന്യന്മാരായ ആണും പെണ്ണുമെല്ലാം ഒരേപോലെ കൈയൊഴിയുന്ന അവസാനം ഇവര്‍ക്ക് രക്ഷകയായി മാറുന്നത് ട്രാന്‍സ്‌ജെന്‍ഡറായ മുത്തുവാണ്. ആത്മഹത്യയുടെ വക്കിലേക്ക് പോകുന്ന ഇവരെ അതില്‍ നിന്ന് കരകയറ്റി ഇവരുടെ ഗമനത്തില്‍ ഒരു സഹയാത്രികയായി മാറുകയാണ് മുത്തു. പൈങ്കിളിവല്ക്കരിക്കുവാന്‍ പോന്ന വിഷയത്തെ ഒരു രാഷ്ട്രീയവല്ക്കരണം നടത്തുകയായിരുന്നു സംവിധായകന്‍ റാം.

    വലിയ സത്യസന്ധത

    ഭാര്യമാര്‍ ഇല്ലാതാകുന്നതോടെ കുടുംബത്തില്‍ ഒറ്റപ്പെടുന്ന പുരുഷന്‍, ഇനിയും കാര്യമായ ചികിത്സകള്‍ കണ്ടെത്തിയിട്ടില്ലാത്ത മാനസിക അവസ്ഥകളിലകപ്പെടുന്ന കുട്ടികള്‍, ഇത്തരം കുട്ടികളുടെ ലൈംഗീകത എന്ന ജൈവീക വികാരം, സമൂഹം ഇത്തരംവിഷയങ്ങളോട് കാണിക്കുന്ന നിസ്സംഗ മനോഭാവം, പാര്‍ശ്വവല്ക്കരിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ മുന്‍വിധികളില്ലാത്ത സാമൂഹ്യ ഇടപെടലുകള്‍ ഇങ്ങനെ സമൂഹത്തിലെ ആനുകാലികമായ അനേകം വിഷയങ്ങളെ യാഥാര്‍ഥ്യബോധ്യത്തോടെ യാഥാര്‍ഥ്യമായിതന്നെ അവതരിപ്പിക്കുന്നുവെന്നുള്ളതാണ് ഈ സിനിമ കാട്ടുന്ന ഏറ്റവും വലിയ സത്യസന്ധത. ചില ഘട്ടങ്ങളില്‍ നമുക്ക് ഒരു ഡോക്യൂഫിക്ഷന്റെ അനുഭവത്തിലേക്കെത്തിയോ എന്ന തോന്നലുണ്ടാക്കുന്നുവെങ്കിലും കാഴ്ചയുടെ ഗൗരവത്തില്‍ നിന്ന് ഒരിക്കലും പ്രേക്ഷകനെ ഇതുപിന്നോട്ടു നടത്തുന്നില്ല.

    പേരന്‍പിന്റെ കാഴ്ചകളോട്

    പേരന്‍പിന്റെ കാഴ്ചകളോട് ഏറ്റവും അടുത്ത സമാനത തോന്നുന്ന 2017ല്‍ പുറത്തിറങ്ങിയ മറാത്തി ചലച്ചിത്രം കച്ചാച്ച ലിംമ്പു എന്ന ചലച്ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി ബോറടിപ്പിക്കുന്നതിലേക്ക് എത്താതെപോകുന്നുവെന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്. ലോകത്തിന്റെ ഏതു കോണിലുള്ള സാധാരണക്കാരനും പെട്ടെന്ന് മനസ്സിലാകുന്ന ഒരു സാര്‍വലൗകിക പരിസരം കഥ നടക്കുന്നത് തമിഴ്‌നാട്ടിലാണെങ്കിലും ഈ സിനിമക്ക് ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇതിനു ഏറ്റവും വലിയ സംഭാവന നല്കുന്നത് ഈ സിനിമയുടെ പശ്ചാത്തല സംഗീതമാണ്. നാം ഇതുവരെ കേട്ടതില്‍ നിന്ന് വ്യത്യസ്തമായി വിഷയത്തിന്റെ തീവ്രവതയിലേക്കും പല നല്ല ലോകസിനിമകളുടെ പശ്ചാത്തല സംഗീതത്തെയാണ് ഇത് ഓര്‍മപ്പെടുത്തുന്നത്. പേരന്‍പ് എന്നാല്‍ ഏറ്റവും അടുത്ത ഇഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ സിനിമയിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് സ്‌നേഹം എന്ന വികാരത്തെ നമുക്ക് തൊട്ടറിയാന്‍ സാധിക്കുമെന്നുള്ളത് കാഴ്ചയില്‍ ഈ ചലച്ചിത്രം നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. വ്യത്യസ്ത ആഗ്രഹിക്കുന്ന നടന്‍ എന്ന നിലക്ക് മമ്മുട്ടിയെ ഈ സിനിമയിലേക്ക് തെരഞ്ഞെടുത്തുവെന്നുള്ളത് ഏറ്റവും അനുയോജ്യമായ തീരുമാനമാക്കി മാറ്റുന്നത്.

    മമ്മുട്ടി എന്ന നടന്റെ സാന്നിധ്യം

    മമ്മുട്ടി എന്ന നടന്‍ തന്റെ സ്ഥിരംരീതിയില്‍ നിന്ന് അമുദന്‍ എന്ന കഥാപാത്രത്തിലേക്ക് പൂര്‍ണമായും തിരിച്ചുനടക്കുന്നുവെന്നുള്ള കാഴ്ചക്ക് കൂടി ഈ സിനിമ മികച്ച ഉദാഹരണങ്ങളിലൊന്നാണ്. സാധാരണ ഒറ്റപ്പെടുന്ന അമ്മയും മകളും എന്ന കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒറ്റപ്പെട്ടുപോകുന്ന അച്ഛനും മകളും എന്നതിനെ കരുത്തുറ്റതാക്കുന്നതില്‍ മമ്മുട്ടി എന്ന നടന്റെ സാന്നിധ്യം തന്നെയാണ് അടിവരയിടുന്നത്. മകള്‍ക്കായി പുരുഷവേശ്യയെ അന്വേഷിച്ചുപോകുന്ന അച്ഛന്‍, ആര്‍ത്തവം തുടങ്ങുന്നതോടെ നാം ഇതുവരെ കണ്ട സിനിമകള്‍ നമ്മോട് പറഞ്ഞ രീതിയില്‍ നിന്ന് വേറിട്ടമായി കഥ പറയുന്ന രീതിതന്നെ വേറൊരു മുഖമാണ് ഈ സിനിമക്ക് നല്കുന്നത്. പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ 12 അധ്യായങ്ങളിലാണ് കഥ പറയുന്നത്. ഈ ടോണ്‍ ഉണ്ടാക്കിയെടുക്കാന്‍ ക്യാമറമാന്‍ തേനി ഈശ്വര്‍ നടത്തുന്ന ശ്രമങ്ങളും യോജിച്ച സന്ദര്‍ഭത്തിനനുസരിച്ചുള്ള യുവന്‍ ശങ്കര്‍ രാജന്റെ പാട്ടുകളെക്കുറിച്ചുമെല്ലാം എടുത്തുപറയേണ്ടവ തന്നെയാണ്.

    ശക്തിയും സൗന്ദര്യവും

    സ്പാസ്റ്റിക്ക് പരാലിസിസ് ബാധിതയായ പതിമൂന്നുകാരിയെ മനോഹരമായി അവതരിപ്പിച്ച സാധന, ട്രാന്‍സ് ജെന്‍ഡറിന്റെ വേഷം അവതരിപ്പിച്ച അജ്ഞലി അമീര്‍, വീട്ടുജോലിക്കാരിയായ വിജയലക്ഷ്മിയെ അവതരിപ്പിച്ച അഞ്ജലി എന്നിവര്‍ മമ്മുട്ടിയോടൊപ്പം തികച്ചും നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള സഞ്ചാരമാണ് നടത്തുന്നത്. തമിഴ് സിനിമയിലെ ന്യൂജെന്‍ മുന്നേറ്റത്തിന്റെ ശക്തിയും സൗന്ദര്യവും വ്യതിരിക്തതയും നമുക്ക് അനുഭവിപ്പിക്കുന്നുവെന്നുള്ളതനിപ്പുറം പെണ്‍കുട്ടിയും ആര്‍ത്തവവും തുടങ്ങി സമകാലികമായി ഇന്ത്യ ചര്‍ച്ചചെയ്യുന്ന പല വിഷയങ്ങളിലേക്കും സൂചകങ്ങളിടുന്നുവെന്നുള്ളതുകൊണ്ടും തമിഴിനപ്പുറം ഇന്ത്യയുടെ വര്‍ത്തമാനകാല പരിച്ഛേദത്തിലേക്ക് കൂടിയുള്ള എത്തിനോട്ടമായി നമുക്ക് പേരന്‍പിനെ കാണാം. അതിനപ്പുറം ഒരു സാര്‍വലൗകിക സിനിമാപറച്ചിലിന്റെ വ്യാകരണമുപോയിഗിച്ചുവെന്നതിനാല്‍ ഇന്ത്യന്‍ സിനിമയുടെ പുതിയൊരു മുന്നേറ്റമായും നമുക്ക് പേരന്‍പിനെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാം.

    ചുരുക്കം: സിനിമ തുടങ്ങുന്നത് മുതല്‍ ആരവങ്ങളും ബഹളങ്ങളുമൊന്നുമില്ല. മറിച്ച് ജീവിതമാണ് നമ്മുടെ മുന്നില്‍ മിന്നിമറയുന്നതെന്ന തോന്നലാണ് ആദ്യം തൊട്ട് ഈ സിനിമ ഉണ്ടാക്കുന്നത്.

    English summary
    peranbu movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X