For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇളയദളപതിയുടെ തോളിൽ ചാരി ഒരു തട്ടിക്കൂട്ട് സൈമൺ... ശൈലന്റെ പോക്കിരി സൈമണ്‍ റിവ്യൂ!!

  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  2.5/5
  Star Cast: Sunny Wayne,Prayaga Martin,Jacob Gregory
  Director: Jijo Antony

  കെ. അമ്പ‍ാടിയുടെ തിരക്കഥയിൽ ജിജോ ആന്റണി സംവിധാനം ചെയ്ത സണ്ണി വെയ്ന്‍ ചിത്രമാണ് പോക്കിരി സൈമണ്‍ - ഒരു കടുത്ത ആരാധകരന്‍റെ കഥ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ താരങ്ങളെ സൃഷ്ടിക്കുന്ന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍.

  തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ഇളയദളപതി വിജയ്ന്‍റെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. സണ്ണി വെയ്നൊപ്പം പ്രയാഗ മാര്‍ട്ടിനാണ് പ്രധാന വേഷത്തില്‍. ശൈലന്‍റെ പോക്കിരി സൈമണ്‍ റിവ്യൂ വായിക്കാം..

  വിജയ് ആരാധകരുടെ പോക്കിരി സൈമൺ

  വിജയ് ആരാധകരുടെ പോക്കിരി സൈമൺ

  കേരളാ ബോക്സോഫീസിൽ ഏറ്റവും അധികം സോളിഡ് ഫാൻബേസും മിനിമംഗ്യാരണ്ടിയും ഉള്ള നടനാണ് ഒരുപക്ഷെ ഇളയദളപതി വിജയ്.. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും ഒക്കെ ഫാൻസിൽ നിന്നും വിജയ് ഫാൻസിനുള്ള വ്യത്യാസം ആ മിനിമം ഗ്യാരണ്ടി തന്നെയാണ്. പടം ഏതെന്നോ സംവിധായകൻ ആരെന്നോ എന്നൊന്നും നോക്കാതെ അവർ തങ്ങളുടെ താരത്തിന്റെ ഏത് പടത്തിന്റെയും ആദ്യദിനം അവർ തിയേറ്ററും പരിസരവും ആൾക്കൂട്ടത്തിന്റെ ഒരു മഹാസമുദ്രം തന്നെ ആക്കിയിരിക്കും..

  പാർശ്വവൽകൃതരായ ആരാധകർ

  പാർശ്വവൽകൃതരായ ആരാധകർ

  എവിടുന്നുവരുന്നുവെന്നോ എങ്ങോട്ട് പോവുന്നു എന്നോ അറിയാത്ത പാർശ്വവൽകൃതർ ആണിവർ.. എഫ്ബിയിലെ ഫാൻഫൈറ്റുകളിലോ സോഷ്യൽമീഡിയയിലോ ഒന്നും എത്തിച്ചേരാൻ ത്രാണിയില്ലാത്തവരാണ് അവരിൽ നല്ലൊരു ശതമാനവും.. വിജയിന്റെ സിനിമ വരുമ്പോൾ മാത്രം തിയേറ്ററിൽ പോയി സിനിമകാണുകയും അല്ലാത്തപ്പോൾ സിനിമ എന്ന പ്രസ്ഥാനത്തോട് തന്നെ മുഖം തിരിഞ്ഞുനിൽക്കുകയും ചെയ്യുന്ന ഒരുപാട് പേരെ എനിക്ക് നേരിട്ട് തന്നെ അറിയാം..

  സംവിധായകന്റെ താരാഭിമുഖ്യം

  സംവിധായകന്റെ താരാഭിമുഖ്യം

  ഇത്തരക്കാരെ ലാക്കാക്കിയാണ് ജിജോ ആന്റണി എന്ന സംവിധായകൻ തന്റെ മൂന്നാമത്തെ ചിത്രമായ "പോക്കിരി സൈമൺ - ഒരു കടുത്ത ആരാധകൻ- ഒരുക്കിയിരിക്കുന്നത്. കൊന്തയും പൂണൂലും എന്ന ആദ്യചിത്രത്തിലൂടെ തന്നെ പ്രമേയപരമായ പുതുമകൊണ്ട് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജോജു ആന്റണി.. പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമമാവട്ടെ എവിടെയുമെത്താത്ത ഒരു പരീക്ഷണമായിരുന്നു.. പരിണാമത്തിൽ ഡാർവിന്റെ അനിയനായി വരുന്ന സൗബിനെ "പോക്കിരി" യിലെ വിജയ് ഇൻട്രോ കോപ്പി ചെയ്ത് അവതരിച്ചപ്പോഴേ ജിജോയുടെ താരാഭിമുഖ്യം ശ്രദ്ധിച്ചതാണ്..

  പോക്കിരി സൈമണ്‍ എന്ന ആരാധകൻ

  പോക്കിരി സൈമണ്‍ എന്ന ആരാധകൻ

  മൂന്നാമൂഴത്തിൽ എത്തുമ്പോൾ നായകനെ മാത്രമല്ല നായികയെയും വില്ലനെയും നല്ലൊരുപങ്ക് കഥാപാത്രങ്ങളെയും വിജയ് ആരാധകരാക്കി സൃഷ്ടിച്ചുകൊണ്ടാണ് ജിജോ തന്റെ സിനിമയെ കളറാക്കാൻ ശ്രമിക്കുന്നത്. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത 27കാരനാണ് പോക്കിരിസൈമൺ എന്ന ടൈറ്റിൽ റോളുകാരനായ കഥാനായകൻ.. പോലീസുകാരനായ അച്ഛനും വീട്ടിൽ തയ്യൽപ്പണിചെയ്യുന്ന അമ്മയും വിദ്യാർത്ഥിനി ആയ അനിയത്തിയും വിജയ് ഫാൻസുകാരായ കൂട്ടുകാരുമാണ് അയാൾക്ക് ചുറ്റുമുള്ള ലോകം..

  പോക്കിരി സൈമണെക്കുറിച്ച്

  പോക്കിരി സൈമണെക്കുറിച്ച്

  വിജയ് രസികർമണ്ട്രം വിജയ് നഗർ ബ്രാഞ്ച് സെക്രട്ടറി ആയ അയാൾക്ക് ജീവിതമെന്നാൽ അതിനപ്പുറമുള്ള ഒരു സംഗതിയേ അല്ല.. തുപ്പാക്കി ഇരുപത്തിരണ്ടാമത്തെ തവണ കണ്ടുകൊണ്ടിരുന്നപ്പോൾ പിന്നിലെ റോയിൽ നിന്ന് എഴുന്നേറ്റ് നിന്ന് വിസിലടിച്ച പെൺകുട്ടിയെ കണ്ടുപിടിച്ച് കല്യാണം കഴിക്കുകയെന്നതും ഭൈരവ ഇറങ്ങുമ്പോൾ തിയേറ്ററിൽ ഭീമാപ്പള്ളി നൗഷാദ് സ്ഥാപിക്കുന്ന വിജയ്ഫ്ലെക്സിനെക്കാൾ തലയെടുപ്പുള്ള കട്ടൗട്ട് സ്ഥാപിക്കുക എന്നതുമൊക്കെയാണ് അയാളുടെ ചെറിയ ആഗ്രഹങ്ങൾ

  ഇന്റർവെൽ വരെ തരക്കേടില്ല

  ഇന്റർവെൽ വരെ തരക്കേടില്ല

  ഒരു വിജയ് സിനിമ പോൽ കളർഫുള്ളായി ഒരുക്കിയിരിക്കുന്ന തുടക്കവും സൈമൺന്റെ ദൈനംദിനജീവിതവും ചുറ്റുമുള്ള ക്യാരക്റ്ററുകളുടെ സ്മാർട്ട്നെസ്സും ഒക്കെയായി "അയാം വെയ്റ്റിംഗ്.." എന്ന്പറഞ്ഞ് നിൽക്കുന്ന വിജയ്സ്റ്റൈൽ ഇന്റർവെൽപഞ്ച് വരെ ഒരു എന്റർടൈന്മെന്റ് എന്ന സ്കെയിൽ വച്ചുനോക്കുമ്പോൾ രസകരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.. നായികയുടെ ജോഗിംഗ് വേഷത്തിലുള്ള വെളിപ്പെടലും അർജുനൻ, ഇന്ദ്രൻ എന്നീ വില്ലന്മാരുടെയും ചെറുകിടമാസ് രീതിയിലുള്ള രംഗപ്രവേശവും ഒക്കെ അതിനിടെ അധികം വെറുപ്പിക്കലൊന്നും കൂടാതെ സംഭവിക്കുന്നു..

  കൈവിട്ടുപോയ രണ്ടാം പകുതി

  കൈവിട്ടുപോയ രണ്ടാം പകുതി

  എന്നാൽ രണ്ടാം പകുതിയിലെത്തുമ്പോൾ കാര്യങ്ങളാകെ കൈവിട്ടുപോവുകയാണ്. കെ അമ്പാടി ഒരുക്കിയ സ്ക്രിപ്റ്റ് ഏതുവഴിയൊക്കെ പോയി സമയം തികക്കണമെന്നറിയാതെ സ്ക്രീനിൽ നിന്ന് കിതയ്ക്കുന്നത് കാണുമ്പോൾ സഹതാപം തോന്നിപ്പോവും. വില്ലനിൽ നഷ്ടപ്പെട്ട് പോവുന്ന ഐപോഡ്, ചൈൽഡ് ട്രാഫിക്കിംഗ്, ഭിക്ഷാടനമാഫിയ, അവയവവ്യാപാരം, ഹോസ്പിറ്റൽ മാഫിയ എന്നിങ്ങനെ സാമൂഹികപ്രസ്ക്തി അണപൊട്ടിയൊഴുകുന്ന ബഹുവിധദിക്കുകളിലേക്ക് പാഞ്ഞുപോകാൻ നോക്കി അറുപഴഞ്ചനായ ഒരു ക്ലൈമാക്സിലേക്കാണ് സൈമൺ ഒടുവിൽ മൂക്കുകുത്തി വീഴുന്നത്.. വിജയിന് മാത്രമല്ല വിജയ്ഫാൻസിന് പോലും മാനക്കേടാക്കി എന്നുപറഞ്ഞാൽ മതിയല്ലോ..

  സണ്ണി വെയ്നും മറ്റുള്ളവരും

  സണ്ണി വെയ്നും മറ്റുള്ളവരും

  സണ്ണിവെയിനാണ് പോക്കിരിസൈമൺ.. സൈഡ് റോളിൽ വരുമ്പോൾ തിളങ്ങാറുള്ള സണ്ണിക്ക് നായകനാവുമ്പോൾ പാളാനാണ് യോഗം.. സണ്ണിയെക്കാൾ എനർജിലെവൽ ഉള്ള ഒരു നടനെ ചിലപ്പോഴെങ്കിലും സൈമൺ എന്ന ക്യാരക്റ്റർ ആവശ്യപ്പെടുന്നുണ്ട്.. ലവ്ടുഡേ ഗണേശൻ, ഭീമാപ്പള്ളി നൗഷാദ് തുടങ്ങിയ ഫാൻസ് നേതാക്കളെ ചെയ്ത അപ്പാനി ശരത്തും സൈജുകുറുപ്പും പൊളിച്ചു. പ്രയാഗ മാർട്ടിൻ നായികാറോളിന് അതർഹിക്കുന്ന നയനമനോഹാരിത നൽകി.. ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ബൈജു എന്നീപേരുകളും എടുത്തുപറയേണ്ടതാണ്..

  സാങ്കേതിക വിഭാഗം എന്നൊന്നുണ്ടോ

  സാങ്കേതിക വിഭാഗം എന്നൊന്നുണ്ടോ

  എടുത്തുപറയത്തക്ക ഒരു സാങ്കേതികവിഭാഗവും ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചതായി ഒരുഘട്ടത്തിലും പ്രേക്ഷകനെ അനുഭവിപ്പിക്കാൻ പോക്കിരി സൈമണ് സാധിക്കുന്നില്ല.. ഹൈവോൾട്ടേജ് ആവശ്യപ്പെടുന്ന ഗാനങ്ങളിൽ ഗോപിസുന്ദറിന്റെ ഈണങ്ങളും കോമ്പസിഷനും വലിഞ്ഞിഴയുന്ന കാഴ്ച ദയനീയമായിരുന്നു.. ബാക്ക്ഗ്രൗണ്ട് സ്കോറിംഗും തഥൈവ.‌ പപ്പിനുവിന്റെ ക്യാമറ തന്ന വർണപ്പൊലിമകൾ മാത്രമായിരുന്നു ഏക ആശ്വാസം..

  ഉപരിപ്ലവത മുഖമുദ്രയാക്കിയ സിനിമകൾ

  ഉപരിപ്ലവത മുഖമുദ്രയാക്കിയ സിനിമകൾ

  ദിലീപ് മോഹൻലാൽ ആരാധനായി വരുന്ന രസികൻ, പൃഥ്വിരാജ് മമ്മുട്ടി ഫാനായി വരുന്ന വൺ വേ ടിക്കറ്റ്, മോഹൻലാൽ എംജിയാർ ആരാധകനായി വരുന്ന വാമനപുരം ബസ് റൂട്ട്, എന്നിവയൊക്കെയാണ് താരാരാധനയെ വെളിവാക്കാൻ ശ്രമിച്ചുകൊണ്ട് മലയാളത്തിൽ ഇതിനുമുൻപെ വന്നിട്ടുള്ള സിനിമകൾ.. ഉപരിപ്ലവത തന്നെയായിരുന്നു പോക്കിരിസൈമണേപ്പോലെ ഇവ എല്ലാത്തിന്റെയും മുഖമുദ്ര.. (വാമനപുരമാകട്ടെ പരിഹാസ്യതയുടെ പരകോടിയായിരുന്നുതാനും..) ആരാധനയുടെ മന:ശാസ്ത്രത്തെക്കുറിച്ച് അപഗ്രഥിക്കാനൊന്നും തയ്യാറായില്ലെങ്കിലും ഒരു തികഞ്ഞ എന്റർടൈനർ ഒരുക്കാനെങ്കിലും ഇത്തരം സിനിമകൾ ഒരുക്കുന്നവർ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്‌.

  ചുരുക്കം: വിജയ് ആരാധകര്‍ക്ക് പോലും രസിക്കാത്ത തരത്തില്‍ തട്ടിക്കൂട്ടിയ ഒരു ചിത്രമായി പോക്കിരി സൈമണ്‍ മാറുന്നു.

  English summary
  Pokkiri Simon movie review by Shailan.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X