»   » ആധി ഇല്ലാത്ത ആദി! പ്രണവിനും ആദിയ്ക്കും വേണ്ടി ആരാധികയുടെ വക കിടിലന്‍ റിവ്യൂ!!

ആധി ഇല്ലാത്ത ആദി! പ്രണവിനും ആദിയ്ക്കും വേണ്ടി ആരാധികയുടെ വക കിടിലന്‍ റിവ്യൂ!!

Posted By: Ambili
Subscribe to Filmibeat Malayalam

അനശ്വര അരവിന്ദന്‍

സിനിമയെയും, ടെലിവിഷന്‍ ഷോകളെയും ഇഷ്ടപെടുന്ന അനശ്വര ഒരു പ്രേക്ഷക എന്ന നിലയില്‍ തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ വഴി സാധാരണപ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാന്‍ ഇഷ്ടപെടുന്ന ഒരു എഴുത്തുകാരിയാണ്.

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം തിയറ്ററുകള്‍ കൈയടക്കിയിരിക്കുകയാണ്. അച്ഛന്റെ ചിറകിലേറി വന്നതെന്ന് പഴി കേള്‍ക്കുമ്പോഴും, തന്റെ അദ്ധ്വാനം സിനിമയില്‍ കാണിക്കാന്‍ പ്രണവിന് കഴിഞ്ഞിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആദി ജനുവരി 26 നായിരുന്നു റിലീസ് ചെയ്തിരുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ അസാധ്യ മെയ്‌വഴക്കവുമായി പ്രകടനം നടത്തി പ്രണവ് കിടിലന്‍ അഭിനയം കാഴ്ച വെച്ചെന്നാണ് പ്രേക്ഷക പ്രതികരണം. മാത്രമല്ല സാധാരണക്കാര്‍ക്കും സ്വീകാര്യമായ സിനിമയാണെന്നും ആദി തെളിയിച്ചിരിക്കുകയാണ്. ആദിയ്ക്ക് വേണ്ടി സാധാരണക്കാരിയായ ഒരു പ്രേക്ഷക എന്ന നിലയില്‍ അനശ്വര അരവിന്ദന്‍ എഴുതിയ റിവ്യൂ വായിക്കാം...

ആധി ഇല്ലാത്ത ആദി

മലയാള സിനിമാ പ്രേക്ഷകരുടെ കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷമാണ് രാജാവിന്റെ മകന്റെ മലയാളികളുടെ പ്രിയപ്പെട്ട അപ്പുവിന്റെ സിനിമ റിലീസ് ആവുന്നത്. അതും തുടര്‍ച്ചയായി മലയാളത്തില്‍ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിച്ച ജിത്തു ജോസഫ് എന്ന അതുല്യ സംവിധായകന്റെ കൈകളിലൂടെ, മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിച്ച ദൃശ്യം മലയാള സിനിമയില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്തതും, അന്യഭാഷകളിലേക്കു റീമേക്ക് ചെയ്തു വിജയം കൊയ്തതും പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരുന്നു.

പ്രണവിന്റെ യാത്രകള്‍

മോഹന്‍ ലാല്‍ എന്ന മഹാനടന്റെ മകന്‍ എന്ന ലേബലില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ എളുപ്പം കഴിയുമായിരുന്നിട്ടു കൂടി, സിനിമയില്‍ നിന്നും വിട്ടു നിന്ന് വായനയിലും യാത്രയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പ്രണവ് മാന്‍ ഓഫ് സിംപ്ലിസിറ്റി എന്ന നിലയിലായിരുന്നു മലയാളികളുടെ മനസ്സില്‍ ഇടം നേടിയിരുന്നത്... ഒരു അതുല്യ താരത്തിന്റെ മകന്‍ എന്ന ബ്രാന്‍ഡ് ലേബലിലോ ആഡംബരത്തിന്റെ പിന്‍ബലത്തോടെയോ അല്ലായിരുന്നു പ്രണവിന്റെ യാത്രകള്‍.

താരപുത്രന്റെ സിംപിളിസിറ്റി

ജിത്തു ജോസഫിനൊപ്പം ലൈഫ് ഓഫ് ജോസൂട്ടിയുടെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തതോടെ ആയിരുന്നു പ്രണവ് വാര്‍ത്തകളില്‍ ഇടം പിടിച്ച് തുടങ്ങിയത്. അവിടെയും പ്രണവിന്റെ സിംപ്ലിസിറ്റിയെ കുറിച്ച് എല്ലാവര്‍ക്കും വളരെ മതിപ്പായിരുന്നു. ഹരീഷ് പേരാടി അടക്കം പലരും അത് പലപ്പോഴായി പറഞ്ഞതുമാണ്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ ഉലകനായകന്റെ പാപനാശത്തിലും പ്രണവ് അസിസ്റ്റന്റ് ആയിരുന്നു. അവിടെ സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്ന കെ ബാലാജി പ്രണവിന്റെ അമ്മാവനും ആയിരുന്നു , അതുകൊണ്ടു തന്നെ പ്രണവിന് സ്വന്തമായി ഹോട്ടലില്‍ ഒരു റൂം കൊടുക്കാന്‍ പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് തീരുമാനിച്ചെങ്കിലും അത് വേണ്ടെന്നു വച്ച് മറ്റു സഹ സംവിധായകരോടൊപ്പമായിരുന്നു പ്രണവിന്റെ താമസം.

അപ്പുവിനായുള്ള കാത്തിരിപ്പ്

ഇനി ആദിയിലേക്കു വരാം... ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍, കാളിദാസന്‍ എന്നിവരുടെ സിനിമ പ്രവേശനം കഴിഞ്ഞിട്ടും, പ്രണവിന്റെ വരവ് വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെട്ടപ്പോഴും ലാല്‍ പറഞ്ഞ മറുപടി അയാള്‍ക്ക് യാത്ര, വായന തുടങ്ങിയവയിലാണ് കമ്പം ആള്‍ക്ക് തോന്നുമ്പോ ചെയ്യട്ടെ എന്നായിരുന്നു. ഒന്നാമനിലെ ചെറിയ സീനില്‍ വന്നുപോയ പ്രണവിനെ അന്നുമുതല്‍ ഹൃദയത്തിലേറ്റി നടന്നു ലാല്‍ ആരാധകര്‍ എന്ന് വേണമെങ്കില്‍ പറയാം, അത് കൊണ്ട് തന്നെ ആദിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഒരുപാടേറെയായിരുന്നു. ജിത്തു ജോസഫിന്റെ കഥ മുതല്‍ പ്രണവിന്റെ പാര്‍ക്കൗര്‍ പരീശീലനം വരെ ആരാധകരുടെ പ്രതീക്ഷകള്‍ മലയാളം കഴിഞ്ഞു ഹോളിവുഡ് വരെ എത്തി നിന്നിരുന്നു.

പോസ്റ്ററുകളിലെ ആകര്‍ഷണം

ഈ പടം കാണണം എന്നുള്ളത് തിയേറ്ററില്‍ എത്തിയപ്പോള്‍ മാത്രം തീരുമാനിച്ചതാണ്. ഒരു സ്ഥിരം സിനിമാ പ്രേക്ഷക അല്ലാതിരുന്നിട്ടു കൂടി എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത് അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന സിനിമയുടെ പോസ്റ്റര്‍ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ഒരു ആരാധക വൃത്തത്തിലും ഞാന്‍ ഉള്‍പ്പെടുന്നുണ്ടായിരുന്നില്ല. സിനിമയുടെ കാര്യങ്ങളില്‍ മൊത്ത കച്ചവടക്കാരനായിരുന്ന കൂട്ടുകാരന്‍ വഴിയാണ് കൂടുതല്‍ സിനിമാ വാര്‍ത്തകള്‍ അറിയാന്‍ തുടങ്ങിയതും. സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രണവിന്റെ ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റാതിരിക്കാന്‍ ജിത്തു ജോസഫ് പ്രയത്‌നിച്ചിട്ടുണ്ട്.

പ്രണവിനും സ്റ്റൈയിലുണ്ട്...

തന്റെ സ്ഥിരം ശൈലിയില്‍ സിദ്ധിഖ് മികച്ച അഭിനയം കാഴ്ച്ച വച്ചപ്പോ, സെന്റി സീനുകളില്‍ ലെന നന്നായി മുഷിപ്പിച്ചു. ചില സീനുകളില്‍ പ്രണവിന്റെ ചില ഭാവങ്ങളും അച്ചടക്കത്തോടെയുള്ള അവതരണവും മോഹന്‍ലാലിനെ ഓര്‍മ്മിപ്പിച്ചോ എന്ന് തോന്നി. എന്നിരുന്നാലും പ്രണവിന് തന്റേതായ ഒരു സ്‌റ്റൈല്‍ ഉണ്ടാക്കി എടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു പുതുമുഖ താരത്തിന് വേരുറപ്പിക്കാനുള്ള ഒരു ഇന്‍ട്രോഡക്ഷന്‍ മൂവി ആണ് ആദി എന്നതില്‍ തര്‍ക്കമില്ല. ജിത്തു ജോസഫ് ട്വിസ്റ്റുകള്‍ മാത്രം പ്രതീക്ഷിച്ചു സിനിമ കാണാന്‍ ഇരിക്കുന്നവര്‍ നിരാശരാകേണ്ടി വരും. ക്ലൈമാക്‌സിലെ ചില ആക്ഷന്‍ രംഗങ്ങള്‍ ഒഴിച്ചാല്‍ ഒരു സാധാരണ സിനിമയുടെ ചേരുവകളാണ് ആദിയില്‍ ഉടനീളം കാണാന്‍ കഴിയുക.

ആദിയുടെ ചിറകിലേറി പറക്കാം..

ഒരു കാര്യം തീര്‍ച്ചയാണ്, ഞാന്‍ അഭിനയിക്കുന്നില്ല എന്ന് പ്രണവ് അങ്ങ് തീരുമാനിച്ചാലും, പ്രണവിനെ വച്ച് സിനിമ എടുക്കാന്‍ മുന്‍ നിര സംവിധായകര്‍ മത്സരിക്കും എന്നതില്‍ സംശയം ഇല്ല. കൂട്ടുകാരന്റെ വാക്കുകള്‍ കടമെടുത്തു പറയുകയാണെങ്കില്‍, 'മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ' ലാലേട്ടന്റെ ചിറകുകള്‍ക്കിടയില്‍ നിന്നും ഇനി പ്രണവിന് സ്വാതന്ത്രമായി പറക്കാം ആദിയുടെ ചിറകുമായി..

English summary
Pranav Mohanlal's Aadhi movie review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam